UPDATES

സയന്‍സ്/ടെക്നോളജി

നിങ്ങളിലെ മീന്‍

Avatar

ജിതിന്‍ ദാസ്

നാനൂറ്റമ്പതു കോടിയോളം വര്‍ഷങ്ങള്‍ക്ക് മുന്നേയാണ് ഭൂമി രൂപപ്പെട്ടത്. 350 കോടി വര്‍ഷങ്ങള്‍ക്കപ്പുറത്താണ് ആദ്യത്തെ ഏകകോശജീവികള്‍ ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. 200 കോടി വര്‍ഷം മുന്നേയാണ് കോശകേന്ദ്രവും അതില്‍ ജീനുകള്‍ സ്റ്റോര്‍ ചെയ്യാനുള്ള കഴിവുമുള്ള സൂക്ഷ്മജീവികളുണ്ടാകുന്നത്. 46 കോടി വര്‍ഷം മുന്നേയാണ് ചെടികള്‍ വെള്ളത്തില്‍നിന്നും കരയിലേക്ക് എത്തി വളരാനും പരിണമിക്കാനും തുടങ്ങിയത്. 40 കോടി വര്‍ഷം മുന്നേയാണ് സമുദ്രത്തിലെ കൊഞ്ചുവര്‍ഗ്ഗത്തില്‍ (ക്രസ്റ്റ്യേഷ്യന്‍) പെടുത്താവുന്ന പ്രാകൃതജീവികള്‍ കരയിലേക്ക് എത്തി ശിഷ്ടകാലം പരിണമിച്ച് ഷഡ്പദങ്ങളായി മാറിയത്. മനുഷ്യനടക്കം സസ്തനികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ മറ്റു ജീവികളായി പരിണമിച്ചവയുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക ഘട്ടമായിരുന്നു മീനുകള്‍ കരയിലേക്ക് കയറി ജീവിക്കാന്‍ ആരംഭിച്ചത്.

 

സീലക്കാന്തും ലങ്ങ്ഫിഷുകളും പോലെ ചെളിയിലും മണല്‍ത്തട്ടിലും കുത്തിനടക്കാവുന്നതുപോലെ മീന്‍‌ചിറകുകള്‍ക്ക് അകത്ത് അസ്ഥിയുള്ളതും പ്രാകൃത ശ്വാസഅറയിലൂടെ അന്തരീക്ഷവായു ശ്വസിക്കാനും കഴിയുന്ന മീനുകള്‍ ഉണ്ട്. ഇക്തിയോസ്റ്റീഗ പോലെ ഒട്ടുമിക്കവാറും ഉഭയജീവിയുടെ രൂപമുള്ള മത്സ്യത്തിനും ഉരഗത്തിനും ഇടയ്ക്കുള്ള ജീവിയുടെയും ലിംനോസെലിസ് പോലെ പ്രാചീന ഉരഗരൂപിയായ ഉഭയജീവികളുടെയും ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലുള്ള പരിണാമകാലത്ത് തീര്‍ച്ചയായും കുറെസമയം കാലുള്ള ജീവിയുടെയും മത്സ്യത്തിന്റെയും സവിശേഷതകളുള്ള ജീവികള്‍ ഉണ്ടായിരുന്നിരിക്കണം, എന്നാല്‍ അവയുടെ ഫോസിലുകള്‍ അടുത്തകാലംവരെ ലഭിച്ചിരുന്നില്ല. എല്ലാജീവികളുടെയും ഫോസില്‍ അവശേഷിക്കണം എന്നില്ല.   ഇത്തരം ഒരേസമയം മത്സ്യവും നാല്‍ക്കാലിയുമായ ജീവികളുടെ ഫോസില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാല്‍ അവ ഉണ്ടായിരുന്നില്ല എന്നുമല്ല; കാരണം അതില്ലാതെതന്നെ ഈ പരിണാമപാത സുവ്യക്തമാണ്. എങ്കിലും അത്തരം ജീവികളുടെ- “മല്‍ക്കാലി” (fishapod) ഫോസിലുകള്‍ ലഭിക്കുകയാണെങ്കില്‍ അത് ഇവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കും എന്നതിനാല്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 

 

കനേഡിയന്‍ മ്യൂസിയം ഓഫ് നേച്ചര്‍ ജൂണ്‍ അവസാനവാരത്തില്‍ ടിക്ടാലിക്ക് എന്ന പ്രാചീനജീവിയുടെ അറുപതോളം ഫോസിലുകള്‍ പ്രദര്‍ശനത്തിനു വച്ചു. 37 കോടി വര്‍ഷം മുന്നേ ജീവിച്ചിരുന്നതാണ് ഈ ജീവി. 2004-ല്‍ ഇവയെ കണ്ടെത്തിയത് പരിണാമത്തിന്റെ ഒരു നിര്‍ണ്ണായകഘട്ടത്തിന്റെ വിലമതിക്കാനാവാത്ത തെളിവുകളിലൊന്നാണ്. മല്‍ക്കാലികള്‍ എന്ന തെളിവ്.

 


ടിക്ടാലിക്കിന്റെ മോഡല്‍

 

ഇവയെ കണ്ടെത്തുന്ന ദൗത്യസംഘത്തിലെ പ്രധാനിയായിരുന്ന ഡോ. നീല്‍ ഷുബിന്‍ എഴുതിയ ‘യുവര്‍ ഇന്നര്‍ഫിഷ്’ എന്ന പുസ്തകത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണ് ഉള്ളത്. അദ്ദേഹം അടങ്ങുന്ന സംഘം ഇവയെ കണ്ടെത്തുന്നതിലേക്ക് നയിച്ച അഞ്ചുവര്‍ഷം നീണ്ട അന്വേഷണം, ടിക്ടാലിക്ക് എന്ന മല്‍ക്കാലിയുടെ സവിശേഷതയും പരിണാമത്തെ അറിയുന്നതില്‍ അതുനല്‍കുന്ന സംഭാവനയും, ആധുനിക മനുഷ്യന്റെ ശരീരത്തില്‍ 350 കോടി വര്‍ഷം പഴക്കമുള്ള അതിന്റെ പരിണാമത്തിന്റെ ശേഷിപ്പുകളും എന്നിങ്ങനെയാണവ.

 

ജീവന്‍ ഉരുത്തിരിഞ്ഞതില്‍പ്പിന്നെ ഭൂമിയില്‍ ജീവിച്ചിരുന്നവയില്‍ 99 ശതമാനവും അന്യം നിന്നു പോയിട്ടുണ്ട്. ഇവയില്‍ ഫോസില്‍മുദ്രകള്‍ അവശേഷിപ്പിച്ചുപോയവ തീരെക്കുറവാണ്. ഉള്ളവയെത്തന്നെ കണ്ടെത്തുക വൈക്കോല്‍‌ത്തുറുവില്‍ സൂചി തിരയും പോലെയാണ്. മല്‍ക്കാലികള്‍ ഉണ്ടായിരുന്നു എന്നതില്‍ സംശയമില്ല, പക്ഷേ അവ ഫോസിലുകള്‍ അവശേഷിപ്പിച്ചാണോ പോയത്? ഉണ്ടെങ്കില്‍ അത് എവിടെ, എങ്ങനെ കണ്ടെത്തും?

 

അവ ജീവിച്ചിരുന്ന സമയം രൂപംകൊണ്ട പാറക്കെട്ടുകള്‍ കണ്ടെത്തുക എന്നതാണ് ആദ്യദൗത്യം. അതുതന്നെ പലപ്പോഴും നിരാശാജനകമാണ്. “നിങ്ങള്‍ ആ കാലം രൂപപ്പെട്ട ഒരുപാറ അന്വേഷിച്ചു കണ്ടെത്തുന്നു, മിക്കവാറും അതിനു മുകളില്‍ ഒരു ഷോപ്പിംഗ് കോംപ്ല ക്സോ കോളേജോ ഒക്കെ പ്രതീക്ഷിക്കാം.” എന്നാണ് ഷുബിന്‍ പറയുന്നത്. ഒടുക്കം അവര്‍ അധികം ആള്‍‌വാസമില്ലാത്ത കനേഡിയന്‍ ആര്‍ട്ടിക്കിലെ പാറകളില്‍ ഉദ്ഖനനം ആരംഭിച്ചു.  അവിടത്തെ തന്റെ ഒരു സാധാരണ ദിവസത്തെ ഷുബിന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: “രാവിലെ കൊടുംമഞ്ഞില്‍ ഞാന്‍ പാറ തോണ്ടാന്‍ ആരംഭിക്കും. വൈകുന്നേരം ക്ഷതങ്ങളും തണുപ്പില്‍ മരവിച്ച ശരീരവുമായി നിറുത്തുമ്പോള്‍ മിക്കവാറും ഒന്നും കിട്ടിയിട്ടുണ്ടാവില്ല. എന്റെഭാഗ്യം തെളിഞ്ഞ ഒരപൂര്‍‌വ്വദിവസമാണെങ്കില്‍ എനിക്ക് മീന്‍മുള്ളുകള്‍ കിട്ടിയേക്കും, എന്നെ സംബന്ധിച്ചിടത്തോളം അവയ്ക്ക് സ്വര്‍ണ്ണത്തെക്കാള്‍ വിലയാണ്.”

 

ഒട്ടേറെമാസങ്ങള്‍കഴിഞ്ഞ്, സംഘം അവശരും ഫണ്ട് ഇല്ലാത്തവരുമായി മാറുന്ന സമയത്ത് അവര്‍ക്ക് ഒരുഫോസില്‍ കിട്ടി. അനക്കാന്‍ കഴിയുന്ന തലയും കാലുപോലെയുള്ള ചിറകുകള്‍ക്കുള്ളില്‍ വിരല്‍പോലെ അസ്ഥിയും ഉള്ള, അതുനാലുംകുത്തി കരയില്‍ നടക്കാന്‍ കഴിയുന്ന ഒരുമീന്‍! അതേ, അവര്‍ അന്വേഷിച്ചിരുന്ന മല്‍ക്കാലി. പ്രദേശത്തെ ഗോത്രമൂപ്പന്മാരോട് അതെന്തെന്ന് പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ചേര്‍ന്ന് അവരുടെ ഭാഷയില്‍ ടിക്‌‌ടാലിക്ക് എന്ന്‍ അതിനുപേരിട്ടു.

 


ഡോ. ഷുബിന്‍ ടിക്ടാലിക്കിന്റെ ഫോസില്‍ തലയോടൊപ്പം – ചിത്രത്തിനു കടപ്പാട് കാലിബ്ലോങ്ങ്

 

നീല്‍ ഷുബിന്റെ മകള്‍ അന്ന് കെ.ജി വിദ്യാര്‍ത്ഥിയാണ്. തന്റെ പിതാവ് എന്തോ ജന്തുവിനെ കണ്ടെത്തിയെന്ന് കുട്ടി ക്ലാസ്സില്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ എങ്കില്‍ അതിനെ തന്റെ ക്ലാസ്സില്‍ ഒന്നുകാണിക്കുമോ എന്ന് ഷുബിനു മെയില്‍ അയച്ചു. അങ്ങനെ ലോകം ഉറ്റുനോക്കിയിരുന്ന ആ ജന്തുവിന്റെ ഫോസില്‍ കാണാനുള്ള അപൂര്‍‌വ്വഭാഗ്യം ആദ്യം ലഭിച്ചത് ഒരുകൂട്ടം അഞ്ചുവയസ്സുകാര്‍ക്കായി.

 

ഷുബില്‍ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ടിക്‌ടാലിക്ക് ഫോസില്‍ അടുത്തുകാണാന്‍ അവസരം കൊടുത്തു. എന്നിട്ട് അവരോട് ഇതെന്തെന്ന് തിരക്കി.

 

“ഇതൊരു മുതലയാണ്, അതിന്റെ തലയും കാലും കണ്ടാലറിയാം.” ഒരുകുട്ടി നിരീക്ഷിച്ചു.

 

“അല്ലല്ല, ഇതൊരു മീനാണ്, ഇതിനു മീനിന്റെ ശല്‍ക്കങ്ങളും പുറവുമാണ്.” മറ്റൊരു കുട്ടി പറഞ്ഞു.

 

നിങ്ങള്‍ രണ്ടും പറഞ്ഞത് ശരിയാണ്, ഷുബിന്‍ പറഞ്ഞു. ഈ ജന്തുവിന്റെ പ്രത്യേകത അതാണ്. അഞ്ചുവയസ്സുകാര്‍ക്കുപോലും വ്യക്തമാകുന്ന പരിണാമത്തെളിവായ ടിക്‌ടാലിക്കിനെ ലോകത്തെ ഒരുപാടു രാജ്യങ്ങളിലെ പരിണാമശാസ്ത്രവിദഗ്ദ്ധന്മാര്‍ പരിശോധിച്ചു. ശേഷം ഇവയുടെ നൂറോളം ഫോസിലുകള്‍ ഷുബിനും മറ്റുപലരും കണ്ടെത്തി.

 

താഴെക്കൊടുത്തിരിക്കുന്ന ചിത്രം മത്സ്യത്തില്‍ നിന്ന് നിങ്ങളിലേക്കുള്ള വഴിയും ദൂരവും ലളിതമായി കാണിച്ചുതരുന്നു.

 

ഷുബിന്റെ പുസ്തത്തിന്റെ അവസാനഭാഗം ഈവഴികള്‍ താണ്ടിയിട്ടും നിങ്ങളില്‍ അവശേഷിക്കുന്ന മത്സ്യസവിശേഷതകളെക്കുറിച്ചാണ്.

 

കാലുകള്‍ പരിണാമത്തിലെ ഒരു നിര്‍ണ്ണായക ഘട്ടമായിരുന്നു. കാല്, കൈ, ചിറക്, ഫ്ലിപ്പര്‍ ഏതുരൂപത്തില്‍ ആയാലും കാലുകളുള്ള സകലജീവികള്‍ക്കും ഒരു വലിയ എല്ല്, അതില്‍നിന്നും രണ്ട് എല്ല്, അതിന്റെ അറ്റത്ത് കണങ്കൈ, പിന്നെ ഉപയോഗിച്ചാലും ഇല്ലെങ്കിലും വിരല്‍പോലെ ചെറിയ എല്ലുകള്‍ എന്ന ഘടനയാണ്. തിമിംഗിലത്തിന്റെ ഫ്ലിപ്പറില്‍പോലും അതിനു പ്രയോജനമില്ലാത്ത വിരലുകള്‍ കാണാം. ഒരു സാധാരണ മീനിന്റെ ചിറക് എടുത്താല്‍ ഇത്തരം ഒരു ഓര്‍ഡര്‍ ഇല്ല, ലങ്ങ്ഫിഷിന്റേതു പോലെയുള്ള മീനുകളെ എടുത്താല്‍ അവ അസ്ഥിപോലെ രൂപപ്പെട്ടത് കാണാം, ഇക്തിയോസ്റ്റീഗ പോലെയുള്ള മീനുകളില്‍ കുറച്ചുകൂടെ വ്യക്തമായികാണാം, ടിക്ടാലിക്കിന്റെ ചിറകിനുള്ളില്‍ ആകട്ടെ അത് മണിബന്ധമുള്ള നിലത്തു കുത്തിനടക്കാവുന്ന അസ്ഥിയാകുന്നു. മീന്‍ചിറക് രൂപപ്പെടുത്തുന്ന ഡി.എന്‍.എകള്‍ തന്നെയാണ് മനുഷ്യന്റെ കയ്യും രൂപപ്പെടുത്തുന്നത്, പരിണാമത്തില്‍ അതിന് കാര്യമായ വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ ഈ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്ന കൈകളും മീനിന്റെ ചിറക് രൂപപ്പെടുത്തുന്നതുമായ ഡി.എന്‍ എ- ഗവേഷകര്‍ അതിനു ഹെഡ്‌ജ്ഹോഗ് എന്നു വിളിപ്പേര്‍ ഇട്ടിരുന്നു – കാര്യമായ വ്യത്യാസമൊന്നുമില്ലാത്തതാണ്.

 

പ്രാക്തനജീവികള്‍ക്ക് പല്ലില്ലായിരുന്നു, ചര്‍മ്മത്തില്‍ നിന്നാണ് പല്ലുകളും ചെതുമ്പലുകളും രോമങ്ങളും തൂവലുകളും സ്തനങ്ങളും എല്ലാം രൂപപ്പെട്ടത്.  (അടുത്തയിടെ നടന്ന ഒരു ഗവേഷണം മനുഷ്യന്റെ പല്ലിനെ സൃഷ്ടിക്കുന്ന വസ്തുക്കള്‍ മീന്‍ചെതുമ്പലിലും കണ്ടെത്തിയിരുന്നു). ഇവയുടെ ഘടനാസാമ്യം ഷുബിന്‍ വിവരിക്കുമ്പോള്‍ ഒക്കെ പലകുപ്പിയിലെ ഒരേ വീഞ്ഞാണെന്ന് മനസ്സിലാകും.

 

തലയുടെ സാമ്യം വ്യക്തമാക്കാന്‍ ഷുബിന്‍ ഉപയോഗിക്കുന്നത് മനുഷ്യന്റെ ഭ്രൂണവും സ്രാവിന്റെ ഭ്രൂണവുമാണ്. ആദ്യത്തെ ആര്‍ക്ക് ആണ് രണ്ടിലും താടിയെല്ല് ഉണ്ടാക്കുന്നത്, എന്നാല്‍ മനുഷ്യന്റെ ഒന്നാം ആര്‍ക്ക് ചെവിയെല്ലുകളും ഉണ്ടാക്കുന്നുണ്ട്, നമുക്ക് കേള്‍‌വി‌ശക്തി തരുന്ന എല്ലുകള്‍ (മാലിയസ്ഇന്‍‌കസ്&സ്റ്റേപ്പീസ്) വെറും വിജാഗരിക്കുറ്റികള്‍ ആയി സ്രാവിന്റെ താടിയെല്ലില്‍ കാണാം. നമുക്ക് ശബ്ദമുണ്ടാക്കാനും വിഴുങ്ങാനുമായി ഉപയോഗിക്കുന്ന പേശികളും സ്രാവിന്റെ ചെകിളനിയന്ത്രണത്തിനുള്ള പേശികളും എല്ലുകളും ഭ്രൂണത്തിന്റെ രണ്ടാം ആര്‍ക്കില്‍ നിന്നുണ്ടാകുന്നതാണ്. ശാസ്ത്രജ്ഞര്‍ തവളയുടെ ഈ ആര്‍ക്കിലെ ജീനുകളില്‍ മാറ്റം വരുത്തി മറ്റുജന്തുക്കളുടേതിനോട് സാമ്യതയുണ്ടാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

 

കേള്‍‌വിശക്തിയില്‍, ഘ്രാണശക്തിയില്‍, കാഴ്ചശക്തിയില്‍ ഒക്കെ ഇതുപോലെയുള്ള ശക്തമായ സാമ്യങ്ങള്‍ ഷുബിന്‍ നമുക്കു വ്യക്തമാക്കിത്തരുന്നു. ആനയും നിങ്ങളും മീനും പരുന്തും തമ്മില്‍ ശരീരഘടന വളരെ വ്യത്യാസമാണെന്ന് തോന്നുന്നുണ്ടോ?  ഭ്രൂണം രൂപപ്പെടുമ്പോള്‍ അതിനു മൂന്നുതട്ടുകള്‍ ഉണ്ട്, ലോകത്തെ എല്ലാ ജീവികളുടെയും ഹൃദയം രൂപപ്പെടുന്നത് ഒരേ തട്ടില്‍നിന്നാണ്, ലോകത്തെ ഇമ്മാതിരി ജീവികളുയും തലച്ചോര്‍ രൂപപ്പെടുന്നത് ഒരേ തട്ടില്‍നിന്നാണ്.

 

 

മീനുകളില്‍നിന്നും മുന്നോട്ട്പോയി ഷഡ്പദങ്ങളും ജെല്ലിഫിഷും പോലെയുള്ള ജീവികള്‍ക്കുപോലും മനുഷ്യനുമായുള്ള ഘടനാപരമായ സാമ്യം കാട്ടിത്തരുന്നുണ്ട് ഷുബിന്‍. പരിണാമത്തിന്റെ മുന്നൂറ്റമ്പതു കൊല്ലംനീണ്ട ചരിത്രത്തിലൂടെയുള്ള ആ യാത്രയില്‍ ജീവി എന്നത് ഒരുകഥതന്നെ ചെറുമാറ്റങ്ങളോടെ സംഭവിക്കുന്നതാണെന്ന് നിങ്ങള്‍ അറിയുന്നു. ഈമാറ്റങ്ങള്‍ എങ്ങനെയുണ്ടായി? ആല്‍ഗേകളില്‍ ഒരു പരീക്ഷണം നടത്തി. മുന്നൂറു തലമുറ ആല്‍ഗേകള്‍ അവയെ തിന്നുന്ന ഒരുജീവിയുള്ള ടാങ്കിലും മറ്റൊരു ടാങ്കില്‍ മുന്നൂറുതലമുറ അവയ്ക്ക് ഭീഷണിയൊന്നുമില്ലാത്ത ടാങ്കിലും വളര്‍ത്തി. പ്രെഡേറ്റര്‍ ഉള്ള ടാങ്കിലെ ആല്‍ഗേകളില്‍ അവയുടെ രൂപത്തിലും കടുപ്പത്തിലും ഒക്കെ വ്യത്യാസമുണ്ടായി എന്നാല്‍ അതില്ലാത്ത ടാങ്കിലെ ആല്‍ഗേകള്‍ക്ക് മുന്നൂറുതലമുറയിലും ഒരു വ്യത്യാസവുമുണ്ടായില്ല. 

 

നൂറുകോടിവര്‍ഷം മുന്നേയെപ്പോഴോ ചില സൂക്ഷ്മജീവികള്‍ പരസ്പരം പിടിച്ചുതിന്നാന്‍ ആരംഭിച്ചു. സാഹചര്യങ്ങള്‍ക്കിണങ്ങുന്നതിനുമപ്പുറത്തേക്ക് രൂപത്തിലും സ്വഭാവത്തിലും കഴിവുകളിലും സവിശേഷതകളിലും വ്യത്യാസമുണ്ടാകുന്നതരം പരിണാമം അവിടെയാരംഭിച്ചു. ഇരയും വേട്ടക്കാരുമായതോടെ പരിണാമത്തിന്റെ ഗതിക്കും ആക്കത്തിനും വ്യതിയാനമുണ്ടായി.  മൃഗത്തിനും മത്സ്യത്തിനുമിടയ്ക്കുള്ള പരിണാമകണ്ണികളില്‍ ഒന്നായ ടിക്‌ടാലിക്ക് എന്ന മല്‍ക്കാലിയിലൂടെ ഷുബിന്‍ നടത്തുന്ന മുപ്പത്തഞ്ചുകോടിവര്‍ഷത്തെ പരിണാമത്തിന്റെ ചരിത്രം ആര്‍ക്കും മനസ്സിലാവുന്ന, ലളിതമായ രീതിയിലാണ് ഇവിടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

 

(ജിതിന്‍ ദാസ്- ദുബായ് നിവാസിയായ ഒരു നെറ്റിസണ്‍. ചരിത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, പരിസ്ഥിതി എന്നിവയില്‍ താല്പര്യം.)  

 

അഴിമുഖം പ്രസിദ്ധീകരിച്ച ജിതിന്‍ ദാസിന്റെ മറ്റൊരു ലേഖനം: വീണ്ടും ദൊരശ്ശണി: ന്യൂട്രിനോ നിരീക്ഷണാലയം- വിവരക്കേടിനും പരിധിയാവാം

  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഞങ്ങളുടെ ജാഗ്രത; നിങ്ങളുടെ വായന. 
അഴിമുഖം ഇ-മെയിലില്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍