UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രീസില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇനി തിലകരത്‌നെ ദില്‍ഷന്‍ ഇല്ല

Avatar

അഴിമുഖം പ്രതിനിധി

ദ്വീപ് രാജ്യമായ ശ്രീലങ്കയ്ക്ക് നിരവധി വിജയങ്ങള്‍ സമ്മാനിച്ച പകരം വയ്ക്കാനില്ലാത്ത പ്രതിഭയെയാണ് തിലകരത്‌നെ ദില്‍ഷന്‍ വിരമിക്കുന്നതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിന് നഷ്ടമാകുന്നത്. അര്‍ജുന രണതുംഗെ, സനത് ജയസൂര്യ, കുമാര്‍ സംഗക്കാര തുടങ്ങിയ പ്രഗത്ഭര്‍ വാണ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ തന്റേതായ സംഭാവനകള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദില്‍ഷന്‍. ആധുനിക ക്രിക്കറ്റില്‍ ഏറ്റവുമധികം പരീഷണങ്ങള്‍ നടത്തുന്ന കളിക്കാരനായാണ് ദില്‍ഷന്‍ വിലയിരുത്തപ്പെടുന്നത്. ആക്രമണകാരിയായ ഈ വലംകയ്യന്‍ ബാറ്റ്‌സ്മാന്റെ സംഭാവനയാണ് വിക്കറ്റ് കീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്ത് ഉയര്‍ത്തിയടിക്കുന്ന സ്‌കൂപ് ഷോട്ട്. ഓള്‍ റൗണ്ടര്‍, ഓഫ്-ബ്രേക്ക് ബൗളര്‍, ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ തുടങ്ങിയ റോളുകളെല്ലാം ദില്‍ഷന്റെ കയ്യില്‍ ഭദ്രം. പോയിന്റില്‍ ഫീല്‍ഡ് ചെയ്യുന്ന ദില്‍ഷന്‍ ആ പൊസിഷനിലെ ഏറ്റവും മികച്ച ഫീല്‍ഡറായി വിലയിരുത്തപ്പെടുന്നു.

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച ദില്‍ഷന്റെ ടെസ്റ്റ്, ഏകദിന അരങ്ങേറ്റം 1999 ല്‍ സിംബാബേയ്‌ക്കെതിരെയായിരുന്നു. ആദ്യ മല്‍സരത്തില്‍ ഹെന്റ്രി ഒലോങ്കയുടെ എല്‍ബിഡബ്‌ള്യുവില്‍ കുരുങ്ങി 9 റണ്‍സിന് പുറത്തായ ദില്‍ഷന്‍ രണ്ടാം മല്‍സരത്തില്‍ സെഞ്ച്വറിയടിച്ച് തന്റെ വരവറിയിച്ചു. പുറത്താകാതെ നേടിയ 163 റണ്‍സ് പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവര്‍ഡും നേടിക്കൊടുത്തു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 193 റണ്‍സാണ് ടെസ്റ്റിലെ ദില്‍ഷന്റെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിലെ ആദ്യ മല്‍സരത്തില്‍ 31 റണ്‍സെടുത്ത് പുറത്തായ ദില്‍ഷന്റെ ആദ്യ ഏകദിന സെഞ്ച്വറി ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതായി. പുറത്താകാതെ 117 റണ്‍സ് നേടിയ ദില്‍ഷന്‍ സനത് ജയസൂര്യയുമായി ചേര്‍ന്ന് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 443 എന്ന, ഏകദിനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ ശ്രീലങ്കയ്ക്ക് സമ്മാനിച്ചു.

തുടക്കത്തില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന ദില്‍ഷന്‍ 2007 ല്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായതോടെയാണ് തലവര തെളിഞ്ഞത്. ഏതൊരും ബൗളറുടെയും പേടിസ്വപ്നമായ ഇതിഹാസ താരത്തിലേക്കുള്ള വളര്‍ച്ചയായിരുന്നു അത്. ദില്‍ഷന്റെ ആക്രമണ ശൈലിയുടെ ഭാഗമായ പല സ്‌ട്രോക്കുകളും രൂപം കൊള്ളുന്നത് ഇക്കാലത്താണ്. ഓപ്പണറായതിനു ശേഷമുള്ള 21 ഏകദിന സെഞ്ച്വറികളും ടെസ്റ്റിലെയും ഏകദിനത്തിലെയും മുഴുവന്‍ സെഞ്ച്വറികളും അതിന് തെളിവ്.

2009 ലെ ഐപിഎല്ലിലാണ് ദില്‍ഷന്‍ തന്റെ മാസ്റ്റര്‍ പീസ് ഷോട്ടായ സ്‌കൂപ്പ് പരീക്ഷിച്ചത്. നിരവധി പ്രശംസ പിടിച്ചു പറ്റിയ ഈ ഷോട്ട് മറ്റ് താരങ്ങളും അനുകരിക്കാന്‍ തുടങ്ങി. ഏകദിനത്തില്‍ ദില്‍ സ്‌കൂപ്പെന്നറിയപ്പെടുന്ന ഈ ഷോട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസീലന്റ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം വിജയകരമായി പരീക്ഷിച്ചതോടെ മക് സ്‌കൂപ്പ് എന്നും അറിയപ്പെടുന്നു. ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്യുന്ന ഏത് പന്തിലും റണ്‍സ് നേടാനുള്ള കഴിവും പേസ് ബോളര്‍മാരെ അതിര്‍ത്തി കടത്തുന്ന കവര്‍ ഡ്രൈവുകളും ദില്‍ഷനിലെ പ്രതിഭയ്ക്ക് മാറ്റ് കൂട്ടുന്നു. 2009 ട്വന്റി ട്വന്റി ലോകകപ്പിലെ പ്രകടനം ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദ സീരീസ് ട്രോഫിയും ആ വര്‍ഷത്തെ മികച്ച ട്വന്റി ട്വന്റി താരത്തിനുള്ള ഐസിസി അവാര്‍ഡും ദില്‍ഷന് നേടിക്കൊടുത്തു. സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 57 പന്തില്‍ 96 റണ്‍സ് നേടിയതാണ് അവാര്‍ഡിനര്‍ഹനാക്കിയത്. ശ്രീലങ്ക ഫൈനലിലെത്തിയ 2011 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം ദില്‍ഷനായിരുന്നു. സിംബാബെയ്‌ക്കെതിരെ നേടിയ 144 റണ്‍സടക്കം ഒന്‍പത് കളികളില്‍ നിന്നായി 500 റണ്‍സാണ് ദില്‍ഷന്‍ വാരിക്കൂട്ടിയത്. ഇതില്‍ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ചറികളും ഉള്‍പ്പെടുന്നു. 87 ടെസ്റ്റുകളില്‍ നിന്ന് 16 സെഞ്ച്വറിയോടെ 5,492 റണ്‍സും 329 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ച്വറിയോടെ 10,248 റണ്‍സും 75 ട്വന്റി ട്വന്റിയില്‍ നിന്നായി 1,834 റണ്‍സുമാണ് ദില്‍ഷന്റെ സമ്പാദ്യം. ടെസ്റ്റില്‍ 39 ഉം ഏകദിനത്തില്‍ 106 ഉം വിക്കറ്റുകളും നേടി.

ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന നാലാമത്തെ ശ്രീലങ്കക്കാരനും പതിനൊന്നാമത്തെ രാജ്യാന്തര താരവുമാണ് ദില്‍ഷന്‍. ട്വന്റി ട്വന്റിയില്‍ 200 ബൗണ്ടറി നേടുന്ന ആദ്യ താരം,  ഒരോവറിലെ മുഴുവന്‍ പന്തിലും ബൗണ്ടറി നേടുന്ന ആദ്യ താരം, ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരം എന്നീ റെക്കോര്‍ഡുകളും ദില്‍ഷന് സ്വന്തം. 2012 ല്‍ 1119 റണ്‍സുമായി ആ കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി. 2014 ല്‍ 300 ാം ഏകദിന മല്‍സരത്തില്‍ 9,000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു.

കുമാര്‍ സംഗക്കാര വിരമിച്ചതോടെ ക്യാപ്റ്റന്‍ പദവിയും ദില്‍ഷനെത്തേടിയെത്തി. എന്നാല്‍ ദില്‍ഷന്റെ ക്യാപ്റ്റന്‍ പദവി ചോദ്യം ചെയ്യപ്പെട്ടു. ടെസ്റ്റില്‍ ഒരു ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 193 നേടിയും ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് വിജയം ടീമിന് സമ്മാനിച്ചുമാണ് ദില്‍ഷന്‍ ഇതിന് മറുപടി പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായുള്ള പരമ്പര നഷ്ടപ്പെട്ടത് ദില്‍ഷനിലെ ക്യാപ്റ്റനെ സമ്മര്‍ദ്ദത്തിലാക്കിയതോടെ അദ്ദേഹം പദവി ഒഴിഞ്ഞു. 2007, 2011 വര്‍ഷങ്ങളിലെ ലോകകപ്പ് റണ്ണറപ്പ്, 2009, 2012 വര്‍ഷങ്ങളിലെ ട്വന്റി ട്വന്റി ലോകപ്പ് റണ്ണറപ്പ്, 2014 ട്വന്റി ട്വന്റി ചാമ്പ്യന്‍സ് തുടങ്ങിയ അവസരങ്ങളിലെല്ലാം ദില്‍ഷന്‍ ടീമിന്റെ ഭാഗമായിരുന്നു. 2013 ല്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തോടെ ദില്‍ഷന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു. മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ എത്തുന്നതുവരെ താന്‍ ടീമിലുണ്ടാകുമെന്നായിരുന്നു വിരമിക്കലിനെക്കുറിച്ച് ദില്‍ഷന്‍ ഇതുവരെ പറഞ്ഞിരുന്നത്. പതിനേഴ് വര്‍ഷം ടീമിനെ സേവിച്ച ദില്‍ഷന്‍ അവസാന മല്‍സരത്തിനിറങ്ങുമ്പോള്‍ ഗുണതിലകെയായിരുന്നു ഓപ്പണിംഗ് ജോടി. ഗുണതിലകെയായിരിക്കുമോ അടുത്ത ദില്‍ഷന്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍