UPDATES

ട്രെന്‍ഡിങ്ങ്

ലോ അക്കാദമി സമരം തുടക്കവും ഒടുക്കവും: നാള്‍വഴികളിലൂടെ

ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ഥി സമരം അവസാനിച്ചതോടെ സമീപകാലത്ത് കേരളത്തിലുണ്ടായ ഏറ്റവും വലിയ വിദ്യാഭ്യാസ സമരത്തിനാണ് തിരശീല വീണത്

ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ഥി സമരം അവസാനിച്ചതോടെ സമീപകാലത്ത് കേരളത്തിലുണ്ടായ ഏറ്റവും വലിയ വിദ്യാഭ്യാസ സമരത്തിനാണ് തിരശീല വീണത്. പാമ്പാടി നെഹ്രു കോളേജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തോടെയാണ് സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പീഡനങ്ങള്‍ മറനീക്കി പുറത്തുവന്നത്. ആദ്യം എഐഎസ്എഫ്, കെഎസ്‌യു സംഘടനകള്‍ ആരംഭിക്കുകയും പിന്നീട് എസ്എഫ്‌ഐ കൂടി പങ്കാളിയാകുകയും ചെയ്ത സമരം ആണിത്. പിന്നീട് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റുന്നതായും അഞ്ച് വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായി പോലും കോളേജില്‍ പ്രവേശിപ്പിക്കില്ലെന്നുമുള്ള ഉറപ്പ് ലഭിച്ചതോടെ എസ്എഫ്‌ഐ സമരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ സമരത്തെ ഒറ്റിക്കൊടുക്കുകയല്ലായിരുന്നെന്നും എസ്എഫ്‌ഐ ആരുടെയും ഒപ്പം ചേര്‍ന്നല്ല സമരം നടത്തിയതെന്നുമാണ് എസ്എഫ്‌ഐ പറയുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ തങ്ങള്‍ ഒറ്റയ്ക്ക് നടത്തിയ പിന്‍വലിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. അതേസമയം ഇന്ന് മാനേജ്‌മെന്റ് ഒപ്പിട്ട കരാറില്‍ സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ച് കാലാവധിയില്ലാതെ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോ അക്കാദമി സമരത്തിന്റെ നാള്‍വഴികള്‍
2017 ജനുവരി 9: പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയിയുടെ മരണത്തിനിടയാക്കിയ സംഭവങ്ങളും സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പീഡനങ്ങളും അക്കാദമിയിലെ വിദ്യാര്‍ഥിദ്രോഹ നടപടികളും ഉയര്‍ത്തി എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അക്കാദമിയില്‍ ക്‌ളാസ് ക്യാമ്പയിന്‍ നടത്തുന്നു.

ജനുവരി 10: ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു, എഐഎസ്എഫ് സംഘടനകളുടെ വിദ്യാഭ്യാസബന്ദ്.

ജനുവരി 11: കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് സംഘടനകള്‍ പ്രകടനത്തിന് അനുമതി തേടുന്നു. നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് സമരം ആരംഭിക്കുന്നു

ജനുവരി 12: എബിവിപി സമരം പ്രഖ്യാപിച്ചു.

ജനുവരി 13: എസ്എഫ്‌ഐ നേരത്തെ ക്യാമ്പസില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ഉള്‍പ്പെടെ 17 ആവശ്യങ്ങള്‍ ഉയര്‍ത്തി ഡയറക്ടര്‍ക്ക് അവകാശപത്രിക സമര്‍പ്പിച്ചു.

ജനുവരി 14: ‘ഇന്റേണല്‍ അസസ്‌മെന്റില്‍ പക്ഷപാതനടപടി സ്വീകരിച്ച പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കുക, അല്ലെങ്കില്‍ പുറത്താക്കുക’ എന്ന ആവശ്യവുമായി എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഹരിചന്ദന്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.

ജനുവരി 15: സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ മാര്‍ച്ച്. പൊലീസ് തടയുന്നു. മാനേജ്‌മെന്റ് ഹൈക്കോടതിയില്‍നിന്ന് കോളേജിന് പൊലീസ് സംരക്ഷണം വാങ്ങുന്നു.

ജനുവരി 17, 18: എസ്എഫ്‌ഐയുടെ അനിശ്ചിതകാല നിരാഹാരത്തിന് കൂടുതല്‍ വിദ്യാര്‍ഥി പിന്തുണ ലഭിക്കുന്നു. സമരപ്പന്തലിലേക്ക് വിദ്യാര്‍ഥിപ്രവാഹം.

ജനുവരി 19: വിദ്യാര്‍ഥികളുടെ സമരകേന്ദ്രത്തിലേക്ക് അതേ ആവശ്യവുമായി യുവമോര്‍ച്ച മാര്‍ച്ച്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഉദ്ഘാടനംചെയ്യുന്നു.

ജനുവരി 21: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗംചേര്‍ന്ന് ലോ അക്കാദമി പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒമ്പതംഗ ഉപസമിതിയെ നിയോഗിച്ചു.

ജനുവരി 23: ഉപസമിതി കോളേജില്‍ സിറ്റിങ് നടത്തി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍നിന്ന് പരാതി സ്വീകരിക്കുന്നു.

ജനുവരി 25: വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്ന് മറ്റു വിദ്യാര്‍ഥിസംഘടനകളും. വിദ്യാര്‍ഥികളുടെ സമരകേന്ദ്രത്തില്‍ വി മുരളീധരന്‍ 48 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിക്കുന്നു.

ജനുവരി 27: സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കുന്നു. വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട്.

ജനുവരി 28: സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്ന് ഉപസമിതി റിപ്പോര്‍ട്ട് അംഗീകരിക്കുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു. പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാനടത്തിപ്പില്‍നിന്ന് ഡീബാര്‍ ചെയ്യുന്നു. പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍. സ്വകാര്യ കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റിനോടും സര്‍ക്കാരിനോടും ആവശ്യപ്പെടുകയേ മാര്‍ഗമുള്ളൂവെന്നും പ്രിന്‍സിപ്പലിനെതിരെ പുറത്താക്കല്‍നടപടി സിന്‍ഡിക്കറ്റിനെടുക്കാനാകില്ലെന്നും ഭൂരിപക്ഷം. കോണ്‍ഗ്രസ് ആവശ്യം വോട്ടെടുപ്പില്‍ തള്ളി, ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു. സിപിഐ പ്രതിനിധി കോണ്‍ഗ്രസിനൊപ്പം നിന്നു.

ജനുവരി 29: പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുന്നതൊഴികെയുള്ള മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് മാനേജ്‌മെന്റ്. പറ്റില്ലെന്ന് വിദ്യാര്‍ഥിസംഘടനകള്‍. യൂണിവേഴ്‌സിറ്റി നടപടി സ്വീകരിച്ച അഞ്ചുവര്‍ഷത്തേക്കെങ്കിലും മാറ്റിനിര്‍ത്തണമെന്ന് എല്ലാ വിദ്യാര്‍ഥിസംഘടനകളും.

ജനുവരി 30: വിദ്യാര്‍ഥിസംഘടനകളുമായി ചര്‍ച്ച. പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്താമെന്ന് മാനേജ്‌മെന്റ്. കുറഞ്ഞത് 5 വര്‍ഷം എന്ന ആവശ്യം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ പുറത്തേക്ക്. വീണ്ടും ചര്‍ച്ച. അഞ്ചുവര്‍ഷം എന്ന ആവശ്യം കെഎസ്‌യു, എഐഎസ്എഫ്, എബിവിപി സംഘടനകള്‍ ഉയര്‍ത്തുന്നു. എസ്എഫ്‌ഐയും ഇത് അംഗീകരിക്കുന്നു. തീരുമാനമാകാതെ പിരിയുന്നു.

ജനുവരി 31: വീണ്ടും ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് ക്ഷണിക്കുന്നു. എസ്എഫ്‌ഐ പോകുന്നു. മറ്റു വിദ്യാര്‍ഥിസംഘടനകള്‍ ബഹിഷ്‌കരിക്കുന്നു. തലേന്ന് ഉയര്‍ത്തിയ മുഴുവന്‍ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിക്കുന്നു. പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്താന്‍ സമ്മതിക്കുന്നു. അധ്യാപികയായിപോലും അഞ്ചുവര്‍ഷത്തേക്ക് ലക്ഷ്മി നായരെ കോളേജില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉറപ്പ്. എസ്എഫ്‌ഐ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിക്കുന്നു. രാജിയില്‍ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് മറ്റു സംഘടനകള്‍. വി മുരളീധരനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വി വി രാജേഷ് നിരാഹാരം ആരംഭിച്ചു.

ഫെബ്രുവരി 2: ബിജെപി ജില്ലാഹര്‍ത്താല്‍, അക്രമം, ലക്ഷ്മിനായര്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയാല്‍ അഞ്ചുവര്‍ഷപുറത്താക്കലിന് എന്തു നിയമസാധുതയെന്ന് സമരക്കാര്‍. കോടതിയില്‍പോകില്ലെന്നും മാനേജ്‌മെന്റിന്റെ നടപടി അംഗീകരിക്കുന്നുവെന്നും ലക്ഷ്മിനായര്‍. എസ്എഫ്‌ഐയ്ക്ക് നല്‍കിയ ഉറപ്പുകള്‍ ഡയറക്ടര്‍ബോര്‍ഡ് എടുത്തതിന്റെ മിനിറ്റ്‌സ് കാണണമെന്ന് സമരക്കാര്‍. കെ മുരളീധരന്‍ നിരാഹാരത്തില്‍.

ഫെബ്രുവരി 3: മിനിറ്റ്‌സ് എഡിഎമ്മില്‍ ഡയറക്ടര്‍ ബോര്‍ഡ് ഹാജരാക്കുന്നു. വിദ്യാഭ്യാസമന്ത്രിയുടെ മുന്നില്‍ വേണമെന്ന് സമരാനുകൂലികള്‍. വൈസ് പ്രിന്‍സിപ്പലിന് യോഗ്യത ഇല്ലെന്നും ആരോപണം.

ഫെബ്രുവരി 4: വിദ്യാഭ്യാസമന്ത്രിയുടെ ചേംബറില്‍ വീണ്ടും ചര്‍ച്ച. രേഖകള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ബോര്‍ഡ് കാണിക്കുന്നു. പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയ വൈസ് പ്രിന്‍സിപ്പലിന് യോഗ്യതയില്ലെന്ന് സംഘടനകള്‍. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ മന്ത്രി ആവശ്യപ്പെടുന്നു. മാനേജ്‌മെന്റും കെഎസ്‌യു, എബിവിപി, എംഎസ്എഫ് എന്നീ സംഘടനകളും അംഗീകരിക്കുന്നു. എഐഎസ്എഫ് എതിര്‍ക്കുന്നു. പരിഹാരത്തോടടുക്കുമ്പോള്‍ പുറത്താക്കപ്പെട്ട പ്രിന്‍സിപ്പലിന്റെ രാജി ആവശ്യം വീണ്ടും ഉയര്‍ത്തുന്നു. സ്വകാര്യകോളേജിന്റെ മുന്‍ പ്രിന്‍സിപ്പലിനോട് രാജി ആവശ്യപ്പെടാന്‍ സര്‍ക്കാരിന് നിയമമില്ലാത്തതിനാല്‍ മന്ത്രി ചര്‍ച്ച അവസാനിച്ചതായി അറിയിക്കുന്നു. മന്ത്രിയുടെ ഓഫീസില്‍ മന്ത്രി വിളിച്ച യോഗത്തില്‍നിന്ന് മന്ത്രി ഇറങ്ങിപ്പോയി.

ഫെബ്രുവരി 5: എ കെ ആന്റണി സമരകേന്ദ്രത്തിലെത്തുന്നു. മുഖ്യമന്ത്രി ഇടപെടണമെന്ന് പുതിയ ആവശ്യം. കോളേജ് തുറക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിടുന്നു.

ഫെബ്രുവരി 6: വീണ്ടും സിന്‍ഡിക്കറ്റ് യോഗംചേര്‍ന്നു. ലക്ഷ്മി നായരെ നീക്കിയ നടപടിക്ക് അംഗീകാരം. പുതിയ പ്രിന്‍സിപ്പലിനെ ഉടന്‍ നിയമിക്കാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം.

ഫെബ്രുവരി 7: ലോ അക്കാദമി സമരം പുതിയ രൂപത്തിലേക്ക്. സമാധാനപരമായി മുന്നേറിയ സമരം അക്രമാസക്തമാകുന്നു. എബിവിപി പ്രതിനിധി മരത്തിന് മുകളില്‍ കയറിയും രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചും ആത്മഹത്യ ഭീഷണി മുഴക്കുന്നു. അനുഭാവം പ്രകടിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് അനുഭാവി സമരപ്പന്തലില്‍ കുഴഞ്ഞുവീണ് മരിച്ചു.

ഫെബ്രുവരി 8: വിദ്യാഭ്യാസ മന്ത്രി സി രീവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത വിദ്യാര്‍ത്ഥിയുടെയും മാനേജ്‌മെന്റിന്റെയും യോഗത്തില്‍ പരസ്പര ധാരണയിലെത്തി. ലോ അക്കാദമി പ്രിന്‍സിപ്പലിനെ നീക്കം ചെയ്യാമെന്നും സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ച് കാലപരിമിതിയില്ലാതെ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പ് വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കുന്നു. സമരം അവസാനിപ്പിച്ചതായി വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രഖ്യാപനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍