UPDATES

സിബിഐ എന്നും അധികാരികളുടെ കാല്‍ച്ചുവട്ടില്‍; സ്വതന്ത്രമാക്കാന്‍ നേരമായി

സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്ക് പുറമേ മറ്റൊരു മുന്‍ ഡയറക്ടറായ മുന്‍ ഡയറക്ടറായ എ പി സിംഗും നിരീക്ഷണത്തില്‍

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സിബിഐയില്‍) ഒരു അടിയന്തിര അഴിച്ചുപണി ആവശ്യമാണ്. അത് കാലതാമസമില്ലാതെ നടത്തുകയും വേണം. അഴിമതിക്കെതിരെ അതിന്റെ രണ്ട് മുന്‍ തലവന്മാര്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍, അതിനുള്ളില്‍ നിന്നുതന്നെ ഒരു അഴിച്ചുപണി നടത്തേണ്ടതും സിബിഐയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു പുതിയ മേല്‍നോട്ട സംവിധാനം രൂപീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

കല്‍ക്കരി കുംഭകോണ ആരോപണങ്ങള്‍ നേരിടുന്നവരില്‍ ചിലരുമായി സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയുടെ പേരില്‍ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ട് ഒരു മാസത്തിനുള്ളില്‍, അതിന്റെ മറ്റൊരു മുന്‍ ഡയറക്ടറായ എപി സിംഗും നിരീക്ഷണത്തിലാണ്. 2010 ഡിസംബര്‍ മുതല്‍ 2012 ഡിസംബര്‍ വരെ സിബിഐ ഡറക്ടറായിരുന്ന സിംഗാണ് സിന്‍ഹയുടെ മുന്‍ഗാമി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ സിബിഐ ഡയറക്ടര്‍ സിംഗ്, മാംസകയറ്റുമതിക്കാരന്‍ മൊയിന്‍ ഖുറേഷി, ഖുറേഷിയുടെ വ്യാപാര പങ്കാളി പ്രദീപ് കോനേരു എന്നിവര്‍ക്കെതിരെ സിബിഐ തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വൈ എസ് ജഗമോഹന്‍ റെഡ്ഢി ഉള്‍പ്പെട്ട അനഃധികൃത സ്വത്ത് സമ്പാദന കേസിലും കോനേരുവിന്റെ പേരുണ്ട്.

സിംഗ് സിബിഐ തലവനായിരുന്ന കാലത്ത്, അഴിമതി കേസുകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും രഹസ്യാന്വേഷണ ഏജന്‍സികളെ സ്വാധീനിക്കുന്നതിനും പക്ഷഭേദങ്ങള്‍ക്കുമായി നിരവധി വ്യക്തികളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും ഖുറേഷി പണം വാങ്ങിയതായി പരാതിയില്‍ ആരോപിക്കുന്നു.

രഞ്ജിത് സിന്‍ഹ

‘ഖുറേഷി ചില പൊതുജീവനക്കാരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കുറ്റംചാര്‍ത്താവുന്ന തരത്തില്‍ കമ്മീഷന്‍ പറ്റിയതായും,’ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യം സിബിഐ ചൂണ്ടിക്കാട്ടുന്നു.

2014 വേനല്‍ക്കാലത്ത് ആരംഭിച്ച, ഖുറേഷിക്കെതിരായ ഒരു ആദായനികുതി വകുപ്പ് അന്വേഷണത്തില്‍ സിംഗും ഖുറേഷിയും തമ്മില്‍ കൈമാറിയ നിരവധി ബ്ലാക്‌ബെറി സന്ദേശങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

2012ല്‍ സിംഗ് വിരമിച്ച ശേഷവും സിംഗും ഖുറേഷിയും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തെളിയിക്കുന്ന 25 ബ്ലാക്‌ബെറി സന്ദേശങ്ങളാണ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നത്. ഈ 25 സന്ദേശങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമാണ് സിംഗ് ഡയറക്ടറായിരുന്ന കാലയളവില്‍ ഇരുവരും തമ്മില്‍ കൈമാറിയിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന സന്ദേശങ്ങളില്‍ ഒന്ന് 2012 ഒക്ടോബര്‍ മൂന്നിന് അയച്ചതാണ്. അതില്‍ സിംഗിനോട് ഖുറേഷി ഇങ്ങനെ പറയുന്നു: ‘സര്‍, കഴിഞ്ഞ രാത്രി ഞാന്‍ അങ്ങേയ്ക്ക് നല്‍കിയ പരാതി. ദയവായി സഹായിക്കുക. അതില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനെ എന്റെ കുടുംബത്തിന് 30 വര്‍ഷമായി അറിയാം. ബാക്കിയുള്ളവരെ എനിക്കറിയില്ല. നന്ദി.’

ആറ് മണിക്കൂറിന് ശേഷം സിംഗ് ഇങ്ങനെ പ്രതികരിച്ചിരിക്കുന്നു: ‘പരിശോധിച്ചു. കുറ്റപത്രം ഇതിനകം തന്നെ സമര്‍പ്പിച്ചുകഴിഞ്ഞു. ഇനി അദ്ദേഹം ആശ്വാസത്തിനായി കോടതിയെ സമീപിക്കണം.’ ഖുറേഷി അതിന് മറുപടി നല്‍കി; ‘ഒകെ സര്‍, നന്ദി.’

ED ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സന്ദേശം 2013 ജൂലൈ നാലിന് ഉള്ളതാണ്. അതില്‍ ഇങ്ങനെ പറയുന്നു: ‘സര്‍ 500 വാക്കുകള്‍ ഉള്ള ലേഖനമാണോ 1000 വാക്കുകളുള്ളതാണോ നല്ലത്. അങ്ങയുടെ ജാക്കറ്റിന്റെ ഷര്‍ട്ടിന്റെ അളവ് പെട്ടെന്ന് അയയ്ക്കുക. നന്ദി.’ അതിന് സിംഗിന്റെ മറുപടി ഇങ്ങനെ: ‘500. 40 സെന്റിമീറ്റര്‍, കോളര്‍ സൈസ് 16.’

2013 ഡിസംബര്‍ 13ന് സിംഗ് വിരമിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമുള്ള ഖുറേഷിയുടെ സന്ദേശം ഇങ്ങനെയായിരുന്നു: ‘പ്രിയപ്പെട്ട സര്‍, സ്റ്റേഷനറിക്കായുള്ള അപേക്ഷയില്‍ ഞാന്‍ അമര്‍ പ്രതാപ് സിംഗ് ഐപിഎസ് എന്നാണോ അതോ ഐപിഎസ് ഒഴിവാക്കിയാണോ എഴുതേണ്ടത്. ദയവായി വ്യക്തമാക്കുക.’ ഇതിന് സിംഗ് മറുപടി നല്‍കി: ‘വിരമിച്ച ഐപിഎസ്.’

‘ഉന്നത പദവികള്‍ വഹിക്കുന്ന പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് വേണ്ടി കണ്ണടയ്ക്കാന്‍ ഉണ്ടായിരുന്നതിനാല്‍ ഈ രീതിയിലൂടെ വലിയ തോതില്‍ പണം സമ്പാദിക്കാന്‍ ഖുറേഷിക്ക് സാധിച്ചിരുന്നു എന്ന് മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്ത് അനധികൃതമായി നിരവധി സ്ഥാവരവസ്തുക്കള്‍ സമ്പാദിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു,’ എന്നും ED  പറയുന്നു.

ലണ്ടന്‍, ദുബായ്, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍  എന്നിവിടങ്ങളില്‍ ഖറേഷി അപ്പാര്‍ട്ടുമെന്റുകള്‍ സമ്പാദിച്ചതായി അന്വേഷക സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

1974 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ സിംഗിന്റെ വീട്ടിലും ഡല്‍ഹിയിലും ഗാസിയാബാദിലുമുള്ള ഖുറേഷിയുടെ വീടുകളിലും റെയ്ഡുകള്‍ നടത്തിയതായി സിബിഐ പറയുന്നു. മാംസക്കയറ്റുമതിക്കാരന്റെ  ജീവനക്കാരില്‍ ഒരാളായ ആദിത്യ ശര്‍മയുടെ വീട്ടിലും പരിശോധനകള്‍ നടന്നു.

എ പി സിംഗ്

അഴിമതി നിരോധന ചട്ടത്തിന്റെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും നിരവധി വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സിബിഐ പറയുന്നു. ഖുറേഷിയുമായി ആരോപിക്കപ്പെടുന്ന ബന്ധത്തിന്റെ പേരില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗത്വം 2015 ജനുവരിയില്‍ ഒഴിഞ്ഞ സിംഗിനെ ചോദ്യം ചെയ്യുന്നതിനായി ഉടനടി വിളിച്ചുവരുത്തുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2013ലാണ് സിംഗിനെ അഞ്ച് വര്‍ഷ കാലാവധിയില്‍ യുപിഎസ്‌സി അംഗമായി നിയമിച്ചത്.

നികുതി വെട്ടിപ്പിനെതിരെ അന്വേഷണം നേരിടുന്ന ഖുറേഷിയും സിംഗും തമ്മില്‍ ‘ദൈനംദിന അടിസ്ഥാനത്തില്‍’ സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി പിന്നീട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയെ അറിയിച്ചു. ഏകദേശം 157 കോടി രൂപയോളം ഖുറേഷി നികുതി വെട്ടിച്ചതായാണ് ആദായ നികുതി വകുപ്പ് കണക്കാക്കുന്നത്.

2015ല്‍ ഖുറേഷിക്കെതിരെ ആദായനികുതി വകുപ്പ് ഒരു പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹത്തിന് ഇന്ത്യ വിടാന്‍ സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഖുറേഷി രാജ്യത്തേക്ക് മടങ്ങിയെത്തി അന്വേഷണത്തില്‍ സഹകരിക്കുകയാണ്.

രഞ്ജിത് സിന്‍ഹയുടെ വീട് സ്ഥിരമായി സന്ദര്‍ശിച്ചിരുന്നവരുടെ കൂട്ടത്തിലും ഖുറേഷിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ആ കേസിലും സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

ഒരു ഉന്നത വ്യവസായിയുടെ വാണിജ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറേറ്റില്‍ നിന്നും സുരക്ഷ അനുമതി ലഭിക്കുന്നതിനും ഗോള്‍ഫ് ക്ലബ് അംഗത്വം ലഭിക്കുന്നതിനും മുന്‍ കേന്ദ്ര മന്ത്രി കമല്‍ നാഥിനെ സമീപിക്കുന്നതിനും സിംഗിന്റെ സഹായം ഖുറേഷി തേടിയിരുന്നതായി ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

അഴിച്ചുപണിയ്ക്ക് സമയമായി
ഹവാല കുംഭകോണവുമായി ബന്ധപ്പെട്ട വിനീത് നരെയ്ന്‍ കേസില്‍ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിധി 1997ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. സിബിഐയെ മെച്ചപ്പെടുത്തുന്നതിനും അതിന്റെ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതിനുമുള്ള കുറെ നടപടികള്‍ അതില്‍ നിര്‍ദ്ദേശിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം, സിബിഐ അധികാരികളുടെ കാവല്‍നായായി തുടരുമ്പോള്‍ ആ നിര്‍ദ്ദേശങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതെ ആവുന്നു. മാത്രമല്ല അതിന്റെ തലവന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അവിഹിത പെരുമാറ്റങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുന്നു. ഇത്ര അധികാരങ്ങളുള്ള ഈ ഭരണഘടന സ്ഥാപനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രൊഫഷണല്‍ ആക്കേണ്ടിയിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍