UPDATES

Avatar

കാഴ്ചപ്പാട്

സ്വാതി നിബിന്‍

ന്യൂസ് അപ്ഡേറ്റ്സ്

ടിപ്പുവിന്റെ ഓര്‍മ്മകളുടെ പടയോട്ടം

ഭഗവാന്‍ ഗിഡ്വാനിയെ ഭഗവാനായി വണങ്ങാന്‍ ടിപ്പു സുല്‍ത്താനെ വെറുക്കുന്നവരാരും ഇഷ്ടപ്പെടില്ല. ടിപ്പുവിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടിയ ആളായിരുന്നു ഭഗവാന്‍ ഗിഡ്വാനി. ഈ തെന്നിന്ത്യന്‍ നരിയുടെ കഥ വടക്കു പടിഞ്ഞാറുനിന്നു വന്ന ഒരാള്‍ക്ക് എങ്ങനെ ഇഷ്ടപ്പെട്ട തിരക്കഥയായി എന്നറിയില്ല. ചരിത്രം വെറും പാഠകമല്ല, അതിന്റെ പ്രചോദനത്തിന്റയും പ്രകോപനത്തിന്റെയും വിശ്ലേഷണമാകണം എന്നത്രേ പുതിയ സമീപനം. അതു തന്നെയല്ല, ചരിത്രരചനയുടെ പ്രകോപനവും അന്വേഷിക്കണം. ‘ടിപ്പു സുല്‍ത്താന്റെ വാള്‍’ എന്ന പുസ്തകം ഗിഡ്വാനി എങ്ങനെ, എന്തിനെഴുതി?

എങ്ങനെയോ ആവട്ടെ. എന്തിനോ ആവട്ടെ. എണ്‍പതുകളുടെ ഒടുവില്‍ അതങ്ങു പ്രസിദ്ധമായി. അതിനു മുമ്പോ പിമ്പോ പേരു കേട്ട പുസ്തകമൊന്നുമെഴുതാതിരുന്ന ഭഗവാന്‍ ഗിഡ്വാനി പെട്ടെന്നൊരു ശ്രദ്ധാപുരുഷനായി. ടിപ്പുവിന്റെ ആരാധകര്‍ക്കും മതേതരത്വം മേല്‍ വിലാസമായി കൊണ്ടു നടക്കുന്നവര്‍ക്കും ആ പുസ്തകത്തിന് ഒരു അര്‍ദ്ധസുവിശേഷത്തിന്റെ ആക്കം ഉണ്ടായി. എതിരാളികളുടെ ഭാവം പറയേണ്ടല്ലോ.

സഖാക്കളുടെയൂം സ്വയം സേവകരുടെയും സഹായത്തോടെ 1989ല്‍ നിലവില്‍ വന്ന സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്ന മട്ടിലായിരുന്നു പതിനെട്ടാം നൂറ്റാണ്ടിലെ ഒരു സുല്‍ത്താന്റെ കഥയുടെ അനുസ്മരണം. ഗിഡ്വാനിയുടെ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ജയ് ഖാന്‍ ഒരു ടെലിപരമ്പര ഉണ്ടാക്കി, ‘ടിപ്പു സുല്‍ത്താന്റെ വാള്‍’ എന്ന അതേ പേരില്‍. ചാനലുകള്‍ എല്ലാം കൂടി ഒന്നേ ഉണ്ടായിരുന്നുള്ളൂ: ദൂരദര്‍ശന്‍. ദൂരദര്‍ശന്‍ എന്നുമെന്ന പോലെ അന്നും സര്‍ക്കാര്‍ ചാനല്‍ ആയിരുന്നു. ‘ബഹുജനഹിതായ, ബഹുജനസുഖായ’ എന്നു സര്‍ക്കാര്‍ കരുതാത്തതൊന്നും പ്രക്ഷേപണയോഗ്യമല്ലാത്ത കാലം.

സഞ്ജയ് ഖാന്റെ ടിപ്പു സുല്‍ത്താന്റെ വാള്‍ സം പ്രേഷണം തുടങ്ങിയപ്പോള്‍ ആദ്യമൊന്നും വെട്ടും കുത്തും ഉണ്ടായില്ല. ടെലിപരമ്പരയില്‍ സഞ്ജയ് ഖാന്റെ സൗന്ദര്യം സുല്‍ത്താനില്‍ ആരോപിക്കപ്പെട്ടു. സുല്‍ത്താന്റെ ശൗര്യം മറിച്ചുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും, പരമ്പരക്കെതിരെ അവിടവിടെ കലാപം ഉയര്‍ന്നപ്പോള്‍ പണം മുടക്കിയ സഞ്ജയ് ഖാന്‍ പതറിക്കാണും. ടിപ്പുവിന്റെ പടയോട്ടത്തില്‍ സ്ഥാനവും മാനവും മതവും മുഖവും നഷ്ടപ്പെട്ടവരുടെ പിന്മുറക്കാര്‍ ബഹളം വെച്ചപ്പോള്‍ സുല്‍ത്താന്റെ വേഷം കെട്ടിയ നടന്‍-സംവിധായകന്‍ അന്ധാളിച്ചുപോയി.

അന്നു പക്ഷേ ടിപ്പുവിരോധം പൊട്ടിയത് കര്‍ണാടകത്തില്‍ നിന്നായിരുന്നില്ല.

ഇപ്പോള്‍ അരിശം പിടിച്ചിരിക്കുന്ന കുടകുകാരും അന്ന് ആക്രോശവുമായി മുന്നിട്ടിറങ്ങിയിരുന്നില്ല. അവര്‍ക്ക് ബ്രിട്ടീഷുകാരായിരുന്നു അഭിമതരും ആരാധ്യരും. വടക്കന്‍ മലബാറിലെയും തെക്കന്‍ മലബാറിലെയും കുറെ സ്വയം സേവകസാമീപ്യമുള്ള പ്രചാരകന്മാരായിരുന്നു കലാപത്തിന്റെ പതാകവാഹകര്‍. അവരില്‍, ഒരിക്കല്‍ ബ്രിട്ടിഷ് സൈന്യത്തിന്റെ സഹായത്തോടെ ടിപ്പുവിനെ തറ പറ്റിച്ച പഴശ്ശിരാജാവിന്റെ പിന്മുറക്കാരുണ്ടായിരുന്നു. പഴശ്ശിരാജാ എന്ന സിനിമയില്‍, താന്‍ ഒരിക്കല്‍ തോല്‍പ്പിച്ചയച്ച ടിപ്പുവിനോട് അങ്ങനെ പെരുമാറിയതു തെറ്റായില്ലേ എന്ന് ആത്മഗതം ചെയ്യിക്കുന്ന ഭാഗത്തിന് ചരിത്രം മുദ്ര ചാര്‍ത്തുമോ ആവോ?

ടിപ്പു പോയി ഒന്നേകാല്‍ നൂറ്റാണ്ടിനു ശേഷം, ‘ക്രൂരമുഹമ്മദര്‍ ചിന്തിയ ഹൈന്ദവച്ചോരയാല്‍ ചോന്നെഴും’ എന്ന് കുമാരനാശാന്‍ വിശേഷിപ്പിച്ച ഏറനാടു തന്നെയായിരുന്നു സഞ്ജയ് ഖാന്റെ ടെലിഫിലിമിനെതിരെയുള്ള പ്രക്ഷോഭത്തിന്റെയും കേന്ദ്രം. അവര്‍ ആവുന്നതൊക്കെ ചെയ്തു, ടിപ്പു സുല്‍ത്താന്റെ വാള്‍ ഒടിച്ചു മടക്കി അട്ടത്തു വെക്കാന്‍. അവിടവിടെ ലേഖനങ്ങള്‍ വന്നു, പ്രസ്താവനകള്‍ ഇരമ്പി. ഒരു സമൂഹത്തിന്റെയും ഒരു പ്രദേശത്തിന്റെയും അഭിമാനം അശ്ലീലമാക്കിയ ഒരാളെ കയറ്റി എഴുന്നള്ളിക്കുന്ന പരമ്പര നിര്‍ത്തണം എന്നായിരുന്നു, ചുരുക്കത്തില്‍, അവരുടെ ആവശ്യം.

ബി ജെ പിയുടെ പിന്തുണയോടെ പിച്ച വെച്ചു നടക്കുന്ന സര്‍ക്കാരിന് പ്രക്ഷേപണസ്വാതന്ത്ര്യത്തിന്റെ പേരിലും ലിബറലിസം ഉരുക്കഴിച്ചും ഉറക്കം നടിക്കാന്‍ പറ്റുമായിരുന്നില്ല. അത്രയേറെ ആളുകളുടെ വികാരം മുറിപ്പെടുത്തുന്ന സിനിമയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയമിച്ചു. കെ ആര്‍ മള്‍കാനി ആയിരുന്നു അധ്യക്ഷന്‍. തല മൂത്ത നേതാവും ചരിത്രപണ്ഡിതനും പത്രാധിപരും നര്‍മ്മപ്രിയനുമായിരുന്നു ഗിഡ്വാനിയുടെ നാട്ടുകാരന്‍ കൂടിയായ മള്‍കാനി. ഓര്‍ഗനൈസര്‍ എന്ന സംഘവാരികയുടെയും സംഘസൗഹൃദത്തോടെ പ്രവര്‍ത്തിച്ചിരുന്ന മദര്‍ലാന്‍ഡ് എന്ന ദിനപത്രത്തിന്റെയും എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. മള്‍കാനിയുടെ സമിതി വിധിയെഴുതി: ടിപ്പു സുല്‍ത്താന്റെ വാള്‍ പ്രക്ഷേപണം ചെയ്യട്ടെ.

മുഴുവന്‍ നരച്ചതായിരുന്നു മള്‍കാനിയുടെ തല. എന്നെങ്കിലും അതങ്ങനെയല്ലാതിരുന്നോ എന്ന ചിന്ത എന്നെ പലപ്പോഴും അലട്ടിയിരുന്നു. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് ബി ജെ പിയുടെ അശോക റോഡിലെ ആപ്പീസില്‍ പലപ്പോഴും അദ്ദേഹത്തെ കാണാന്‍ ഇട വന്നു. അന്നും അദ്ദേഹത്തിന്റെ തല പഴയതുപോലെ നരച്ചതും നര്‍മ്മം നിത്യവുമായിരുന്നു. പണ്ട് വാള്‍ വീശാന്‍ സമ്മതം മൂളിയ കാലത്ത് ഞാന്‍ അദ്ദേഹത്തെ ബംഗളൂരില്‍ കണ്ട കാര്യം അദ്ദേഹം മറന്നിരുന്നു.

ആര്‍ എസ് എസിസ്സിന്റെ ശിബിരത്തിനു വന്നതായിരുന്നു മള്‍കാനി ബംഗളൂരില്‍. അദ്ദേഹത്തെ കാണാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നതല്ല. ഞാന്‍ പോയത് പി പരമേശ്വരനെ കാണാന്‍ ആയിരുന്നു. മൂളിപ്പാട്ടും പാടി മള്‍കാനി മുറിയിലേക്കു വന്നപ്പോള്‍ പരമേശ്വര്‍ജി എന്നെ പരിചയപ്പെടുത്തി. ഉപചാരം കഴിഞ്ഞതും ഞാന്‍ മള്‍കാനിയോടു പറഞ്ഞു: ‘അങ്ങ് ടിപ്പുവിനെ രക്ഷിച്ചല്ലോ.’ സത്യം അതായിരുന്നെങ്കിലും മള്‍കാനിക്ക് അത് രസിച്ചില്ല. നീരസം വിട്ടു മാറാതെ അദ്ദേഹം പറഞ്ഞു: ‘You can write whatever you like.’ 

എനിക്കൊന്നും എഴുതാനുണ്ടായിരുന്നില്ല. ഞാന്‍ വിഷണ്ണനായി. വന്ദ്യനായ മള്‍കാനിയെ മുഷിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. പലപ്പോഴും പറ്റുന്നതുപോലെ, അന്നും ഞാനറിയാതെ വിചാരം വാക്കായി പുറത്തു ചാടുകയായിരുന്നു. പരമേശ്വര്‍ജി എന്നെ സമാധാനിപ്പിച്ചു: ‘ഗോവിന്ദന്‍ കുട്ടി പറഞ്ഞതു ശരി. അദ്ദേഹം മുഷിയേണ്ട കാര്യവുമില്ല. പക്ഷേ ആദ്യം കണ്ടുമുട്ടുമ്പോള്‍ തന്നെ അതു വേണമായിരുന്നോ എന്നേ ചോദ്യമുള്ളു.’

വേണമായിരുന്നെങ്കിലും വേണ്ടായിരുന്നെങ്കിലും, ഒന്നു തെളിഞ്ഞു: മള്‍കാനിയുടെ നിഗമനം ഇഷ്ടപ്പെടാത്തവര്‍ പലരുമുണ്ടായിരുന്നു. അവര്‍ക്കൊക്കെ അദ്ദേഹത്തിന്റെ സമിതിയുടെ റിപ്പോര്‍ട് വായിക്കാന്‍ കൊടുക്കണം. സര്‍ക്കാരിന്റെ പൊടിപടലത്തില്‍ അതിനിയും കാണും. സംസാരപ്രിയനും താരതമ്യേന തിരക്കു കുറഞ്ഞ നേതാവുമായ മള്‍കാനിയെ അശോക റോഡിലെ ആപ്പീസില്‍ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്ത സ്പര്‍ശിക്കാത്ത വിഷയമില്ല എന്നോര്‍ക്കുന്നു. ടിപ്പുവിനോടു മാത്രമല്ല, ഔറംഗസേബിനോടും അദ്ദേഹം പുലര്‍ത്തിയത്, പുത്തന്‍ ശൈലിയില്‍, ‘മൃദുസമീപനം’ ആയിരുന്നു.

ടിപ്പുവിനെ പറ്റിയുള്ള തര്‍ക്കം തീരില്ല. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി മക്കളെപ്പോലും പണയം വെച്ച് പൊരുതി തോറ്റ ദേശീയ ഹീറോ ആയി ഒരു കൂട്ടര്‍ ചിത്രീകരിക്കും. മതാന്ധത തീണ്ടിയ അധികാരദുര്‍മ്മോഹിയായി മറ്റൊരു കൂട്ടരും. സത്യത്തെപ്പറ്റി നമ്മള്‍ പറയാറില്ലേ, സത്യം എന്നൊന്നില്ല, സത്യങ്ങളേ ഉള്ളു. ഇപ്പറഞ്ഞതിലെല്ലാം വസ്തുതയുടെ അംശം കാണാം. പക്ഷേ അവസാനവാചകമായി വരുന്നത് ചരിത്രകാരന്റെ വിധിപ്രസ്താവമാവില്ല. വസ്തുതയില്‍നിന്ന് വിശ്വാസവും അതില്‍നിന്ന് വികാരവും വാറ്റിയെടുത്തുണ്ടാവുന്നതത്രേ ആ വിധിപ്രസ്താവം. വസ്തുതയുടെ രൂപത്തെയും ഭാവത്തെയും പറ്റി പണ്ടു മുതലേ നിലനില്‍ക്കുന്നതാണ് സന്ദിഗ്ധത. ആളുകള്‍ക്ക് വിശ്വാസം കാണുന്നതല്ല, കേള്‍ക്കുന്നതാണ് എന്നു പറഞ്ഞത് ഹെറോഡോടസ് ആയിരുന്നു. ചിലര്‍ ചരിത്രത്തിന്റെ പിതാവ് എന്നു വിളിക്കുന്ന യവനചിന്തകനാണ് ഹെറോഡോടസ്.

ലോകവും ചരിത്രവും എന്നും ടിപ്പുവിന്റെ ആരാധകരും വിരോധികളുമായി വിഭജിക്കപ്പെട്ടിരിക്കും. നമ്മുടെയിടയില്‍ ടിപ്പുവിന്റെ ആദ്യപ്രവക്താക്കളില്‍ ഒരാളായിരുന്നു പി കെ ബാലകൃഷ്ണന്‍. തൊട്ടതൊക്കെ അസ്സലാക്കി ചെയ്തിരുന്ന ബാലകൃഷ്ണന്‍ പറഞ്ഞതോര്‍ക്കുന്നു: ടിപ്പുവിന്റെ ചരിത്രമെഴുതിയതുകൊണ്ടാവാം, അവര്‍ പിടിച്ച് എന്നെ മാധ്യമത്തിന്റെ പത്രാധിപരാക്കി. അവരറിയുമോ ബാലകൃഷ്ണനെ? നാരായണഗുരുവിന്റെ ജീവിതകഥ ഒന്നാന്തരമായെഴുതിയ അദ്ദേഹത്തെ ശ്രീനാരായണീയരുടെ പത്രങ്ങളില്‍നിന്ന് രണ്ടു വട്ടം പുറത്താക്കി. ടിപ്പുവിന്റെ ബാപ്പ ഹൈദര്‍ അലി ഡിണ്ടിഗലില്‍ താവളമടിച്ചിരിക്കുമ്പോള്‍ ആയിരുന്നു പാലക്കാട്ടെ തരൂര്‍ സ്വരൂപത്തില്‍നിന്നൊരു വിളി. സഹായവുമായെത്തിയ ഹൈദര്‍ സാമൂതിരിയുടെ നായന്മാരെ ഓടിച്ചു. അവരെ ഏറ്റവും ഹീനജാതിയായി പ്രഖ്യപിക്കുകയും, വേറെ ആരെ കണ്ടാലും നായര്‍ താണു വണങ്ങണമെന്ന് നീട്ട് കൊടുക്കുകയും ചെയ്‌തെന്ന് വില്യം ലോഗന്‍ പറയുന്നു. അതറിഞ്ഞോ അറിയാതെയോ ഹൈദര്‍ക്ക് അസാധ്യനായ ഒരു ജീവചരിത്രകാരനുണ്ടായി: ജി ശങ്കര കുറുപ്പ്. ഹൈദറിന്റെ മകന്‍ നെപ്പോളിയന്റെ ഒത്താശയോടെ ബ്രിട്ടിഷുകാരെ വീഴ്ത്തി ഉലകം വെല്ലാന്‍ നോക്കിയിരുന്ന ആളായിരുന്നു.

ആ പടയോട്ടത്തിനിടയില്‍ എതിര്‍ത്തുനിന്നവരോടും ഇഷ്ടപെടാത്തവരോടും ‘തൊപ്പി വേണോ തല വേണോ’ എന്ന ചോദ്യം ചോദിച്ചിരിക്കും. അധികാരക്രീഡയില്‍ അതൊന്നും പുത്തനടവല്ല. നിശ്ചിത അളവില്‍ അഹിതമായ ദേവാലയങ്ങള്‍ തകര്‍ക്കാനും റാണാ പ്രതാപന്മാരെ വരുതിയില്‍ നിര്‍ത്താന്‍ ഹല്‍ദിഘാട്ടി യുദ്ധങ്ങള്‍ കൊണ്ടാടാനും മഹാനായ ജലാലുദ്ദീന്‍ അക്ബര്‍ പോലും മടിച്ചിരുന്നില്ല. മലബാറിലെ രണ്ടു ക്ഷേത്രങ്ങളില്‍ ഒന്നിനെങ്കിലും ടിപ്പുവിന്റെ പട്ടാളത്തെ കുത്തിയോടിക്കാന്‍ കടന്നല്‍ക്കൂട്ടത്തെ പറത്തിവിട്ട കഥ പറയാന്‍ കാണും. വേണാട് അന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. പെരിയാറിലെ മിന്നല്‍ വെള്ളപ്പൊക്കത്തില്‍ സുല്‍ത്താന്റെ പട്ടാളം ഉറക്കത്തില്‍ ഒലിച്ചുപോയത്രേ. അങ്ങനെയൊരു വെള്ളപ്പൊക്കം ഉണ്ടായെന്നു തന്നെ വിശ്വസിക്കാത്ത ആളാണ് എഞ്ചിനീയര്‍ ചരിത്രകാരനായ കെ ശിവശങ്കരന്‍ നായര്‍. വെള്ളപ്പൊക്കമുണ്ടാക്കിയത് ഒരു അണ പൊട്ടിച്ച ചാവേര്‍കൂട്ടമായിരുന്നു പോലും. ടിപ്പുവിന്റെ തിരിഞ്ഞോട്ടത്തിനു കാരണമായ ആ സംഭവം വൈക്കം പത്മനാഭ പിള്ള എന്ന യോദ്ധാവിന്റെ പറ്റുവരവില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. കൊച്ചാശാന്‍ എന്നറിയപ്പെട്ട ആ യുവാവിനെ ചരിത്രം വൈക്കത്തെ ഒരു മൂലയില്‍ ഒതുക്കിയെന്നതാണ് വിപരീതരസം.

ജയിക്കാനും കീഴടക്കാനും ഇറങ്ങുന്നവര്‍ കളിക്കുന്ന കളിയെല്ലാം ടിപ്പുവും കളിച്ചു. രാജ്യസ്‌നേഹവും വിശ്വാസവും വിരോധവും മതസൗഹാര്‍ദ്ദവുമെല്ലാം ആവും പോലെ ജയത്തിനുള്ള വഴിയൊരുക്കാന്‍ നീളെ നിരത്തിയിട്ടു. അതിന്റെ പേരില്‍ ആരും അദ്ദേഹത്തെ ഒരു മതത്തിന്റെ അഭിഭാഷകനോ അന്തകനോ ആയി പാടിപ്പുകഴ്‌ത്തേണ്ടതില്ല. വിജയത്തിന്റെ തത്വശാസ്ത്രം അദ്ദേഹം പ്രയോഗിച്ചുനോക്കിയെന്നു കരുതിയാല്‍ മതി. ടിപ്പുവിന്റെ ആട്ടപ്രകാരം, മറ്റേതൊരു ഭൂതകാലഘട്ടത്തെയും പോലെ, മാറ്റിയെഴുതാവുന്നതല്ല. അതാണ് ചരിത്രത്തിന്റെ സ്വഭാവം. അതു പരിവര്‍ത്തനവിധേയമല്ല. ചരിത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി സ്ഥാപനം തുടങ്ങിയ പി എന്‍ ഓക് എന്ന സ്വയം ഗവേഷകനെപ്പോലുള്ളവര്‍ എത്ര ശ്രമിച്ചാലും ഭൂതകാലത്തില്‍ ശിലീഭവിച്ച വസ്തുതകള്‍ അതേ പോലെ കിടക്കും. അതിനെപ്പറ്റിയുള്ള വിശ്വാസവും വിശ്ലേഷണവും മാത്രം മാറിയും മറിഞ്ഞും തുടര്‍ന്നുകൊണ്ടിരിക്കും. അവസാനവാക്കെന്നൊന്നുണ്ടാവില്ല.

അങ്ങനെ അവസാനവാക്ക് പറയാന്‍ വയ്യാത്ത ഒരു ഭൂതകാലത്തിന്റെ പേരില്‍ റാകി ഉരുള കഴിച്ചും കഞ്ഞി കുടിച്ചും കഴിയുന്ന ഇന്നത്തെ മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ കഴുത്തു ഞെരിക്കണമെന്നില്ല. അവരെ വിരട്ടുകയും വിറളി പിടിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍, അവരുടെ അപമാനത്തിന്റെ ഓര്‍മ്മയെ ജയന്തിയായി ആഘോഷിക്കുന്നതും കൊള്ളില്ല. മാറ്റാന്‍ വയ്യാത്ത ഭൂതകാലവുമായി പൊരുത്തപ്പെടാനും മര്യാദയായി പെരുമാറാനും എല്ലാവര്‍ക്കും കഴിയണം. ടിപ്പുവിനെ എതിര്‍ത്തു വീഴ്ത്തിയവര്‍ തലമുറകളായി പറയുന്ന ഒരു വചനം കേള്‍ക്കുക: ഉറങ്ങുന്ന നായ്ക്കള്‍ കിടക്കട്ടെ. ഞെട്ടിയുണര്‍ന്നാല്‍ പൊട്ടിത്തെറിക്കാവുന്ന മനുഷ്യരും കിടക്കട്ടെ എന്ന വേദവാക്യം ടിപ്പുവിന്റെ ജയന്തിയാഘോഷത്തിനിടയിലും ഓര്‍ക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍