UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടൈറ്റാനിയം: ഉമ്മന്‍ചാണ്ടി അതിവേഗം ബഹുദൂരം നടപടികള്‍ നീക്കിയതിന്‌ പിന്നിലെ അറിയാക്കഥകള്‍

Avatar

എവിടെയാണ് ടൈറ്റാനിയം കേസ്സില്‍ ഇനിയും വിജിലന്‍സിന് കണ്ടെത്താനാകാത്ത ഗ്രിന്‍ടെക്‌സ് രാജീവന്‍? എന്തുകൊണ്ടാണ് മെക്കോണിന്റെ ജനറല്‍ മാനേജര്‍ ഡി കെ ബസുവിനെ വിജിലന്‍സ് ചോദ്യം ചെയ്യാതിരുന്നത്? ഒരു പൊതുമേഖലാ സ്ഥാപനം ദുരൂഹനായ ഒരു ഇടനിലക്കാരനുമായി ചേര്‍ന്ന് രാഷ്ട്രീയ നേതൃത്വം കൊള്ളയടിച്ചതിന്റെ അറിയാക്കഥകള്‍!

ജെ ബിന്ദുരാജ്

നാലു വര്‍ഷം മുമ്പാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി താന്‍ ചെയ്ത ക്രൂരകൃത്യങ്ങളൊക്കെ, കുഞ്ഞാലിക്കുട്ടി ഈ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായ സമയത്ത്, പഴയ ആശ്രിതനായ കെ എ റൗഫ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളമ്പുന്ന കാലം. അന്ന് ഒരു ടേപ്പ് കുഞ്ഞാലിക്കുട്ടിയുടെ ഒരു വിശ്വസ്തന്‍ വഴി ചാനലുകളിലേക്ക് എത്തിക്കപ്പെട്ടു. റൗഫും വി എസ് അച്യുതാനന്ദനും സംഘവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കാനും അതുവഴി കുഞ്ഞാലിക്കുട്ടിക്കെതിരെ നിലകൊള്ളുന്നവരെ നിലംപരിശാക്കാനും ലക്ഷ്യമിട്ടാണ് ആ ടെലിഫോണ്‍ സംഭാഷണത്തിന്റെ ശകലങ്ങളടങ്ങിയ ടേപ്പ് ചാനലുകളില്‍ എത്തിക്കപ്പെട്ടത്. ആ ടേപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പക്ഷേ ആരും അന്ന് സംപ്രേക്ഷണം ചെയ്തില്ല. റൗഫിനെ കുഞ്ഞാലിക്കുട്ടിയുമായി ഒത്തുതീര്‍പ്പിന് പ്രേരിപ്പിക്കാനെന്ന നിലയ്ക്ക് വിളിച്ച ഈ ടേപ്പില്‍ പക്ഷേ റൗഫ് ടൈറ്റാനിയം ഇടപാടിനെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ടത്രേ. പക്ഷേ 2012 മാര്‍ച്ച് 22-ന് വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ കെ എ റൗഫ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും അന്നത്തെ വ്യവസായമന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞും എങ്ങനെയാണ് ഗ്രീന്‍ടെക്‌സ് രാജീവന്‍ എന്ന ഇടനിലക്കാരനുമായി ചേര്‍ന്ന് ടൈറ്റാനിയത്തിലേക്ക് വിവാദമായ മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റ് പദ്ധതി എത്തിക്കുന്നതെന്നും അതിനു പിറകില്‍ നടന്ന ഗൂഢാലോചനയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് എങ്ങനെയാണ് സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി അധ്യക്ഷന് കത്തെഴുതിച്ചതെന്നുമൊക്കെ അതില്‍ പറയുന്നുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ 256 കോടി രൂപയുടെ മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റിന്റെ ഇടപാടിനെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളുകയും പുനരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ആഗസ്റ്റ് 28-ാം തീയതി ഉത്തരവിടുകയും ചെയ്തുവെങ്കിലും മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്‍ നല്‍കിയ അപ്പീലില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരുന്നു. എന്നാല്‍ 2016 ജനുവരി 19-ന് ഹൈക്കോടതി ഈ സ്‌റ്റേ നീക്കം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പൊതുമരാമത്തു വകുപ്പു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും മറ്റ് ഒമ്പതു പേര്‍ക്കുമെതിരെയുള്ള അന്വേഷണം തുടരാന്‍ ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവ് പറയുന്നു. 

ടൈറ്റാനിയം കേസ് പുനരന്വേഷിക്കപ്പേടണ്ടതു തന്നെ. പ്രത്യേകിച്ചും ഈ ഇടപാടുകളുടെ സൂത്രധാരനാണെന്ന ആരോപിക്കപ്പെടുന്ന രാജീവനേയും മെക്കോണിന്റെ ജനറല്‍ മാനേജര്‍ ഡി കെ ബസുവിനേയും വിജിലന്‍സ് ചോദ്യം ചെയ്യുക പോലും ചെയ്യാതെ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സിന്റേതായി കോടതി സമര്‍പ്പിച്ചത് എന്നു കൂടി വരുമ്പോള്‍. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ റൗഫിന്റെ മൊഴിയും 2014 സെപ്തംബറില്‍ ഈ ലേഖകനോട് നടത്തിയ വെളിപ്പെടുത്തലുകളും ഈ കേസിനെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഹസാഡസ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം കൊണ്ടു വന്നപ്പോള്‍ അത് നടപ്പാക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള കേസില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും വിവിധ ഫാക്ടറികളില്‍ അടിയന്തരമായി മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍ നിര്‍മ്മിക്കണമെന്ന് വിധി പ്രസ്താവിച്ചിരുന്നു. അക്കാലയളവില്‍ ഇത്തരമൊരു മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍ ഫാക്ടറികളില്‍ നിര്‍മ്മിക്കണമെന്ന അടിയന്തര സാഹചര്യം മുതലെടുത്തുകൊണ്ടാണ് 103.55 കോടി രൂപ നഷ്ടമായ (ഈ തുക ഇനിയും ഉയരും. കാരണം 2006-2007നുശേഷം സി എ ജി സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തിയിട്ടില്ല. വിജിലന്‍സ് അക്കൗണ്ട്‌സ് ഓഫീസറുടെ കണക്ക് പ്രകാരം ഇത് 165.98 കോടി രൂപയാണ്.) പദ്ധതിയുമായി ചിലര്‍ മുന്നോട്ടു പോയത്. ഇതിന്റെ ഗൂഢാലോചനകള്‍ നടന്നത് എറണാകുളം കേന്ദ്രീകരിച്ച് ലേ മെറിഡിയന്‍ ഹോട്ടലിലും മുന്‍ വ്യവസായമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വസതിയില്‍ കുഞ്ഞാലിക്കുട്ടിയുടേയും ഗ്രിന്‍ടെക്‌സ് രാജീവന്റേയും തന്റേയും സാന്നിധ്യത്തിലാണെന്ന മൊഴി കുഞ്ഞാലിക്കുട്ടിയുടെ മുന്‍ അനുചരനായ റൗഫില്‍ നിന്നും ഉണ്ടാകുകയും ചെയ്തിരിക്കുന്നു. 2005 ഏപ്രില്‍ 19 മുമ്പ് സര്‍ക്കാരില്‍ നിന്നും പ്ലാന്റിന്റെ നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് വാങ്ങിത്തരാമെന്ന് കുഞ്ഞാലിക്കുട്ടി ഗ്രിന്‍ടെക്‌സ് രാജീവന് ഉറപ്പു നല്‍കിയതായി റൗഫ് വിജിലന്‍സിനു നല്‍കിയ മൊഴിയിലുണ്ട്. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ മെക്കോണാകട്ടെ തങ്ങള്‍ ഗ്രിന്‍ടെക്‌സ് എന്റര്‍ൈപ്രസസിലെ രാജീവന്‍ എന്നൊരു വ്യക്തിയുമായി യാതൊരുവിധ ഇടപാടുകളും നടത്തിയിട്ടില്ലെന്നും പറയുന്നു. അപ്പോള്‍ പിന്നെ ഇപ്പോഴും വിജിലന്‍സിനു പോലും പിടികൊടുക്കാതെ ദുബായിലെവിടെയോ ചില ബിസിനസുകളുമായി കഴിയുന്ന രാജീവന്റെ റോള്‍ എന്തായിരുന്നു? എന്തിനായിരുന്നു ഇയാള്‍ ഭരണസിരാകേന്ദ്രങ്ങള്‍ കയറിയിറങ്ങി രാഷ്ട്രീയ നേതൃത്വവുമായി ഇഴ ചേര്‍ന്ന് പ്രവര്‍ത്തിച്ചത്? പൊതുമേഖലാ സ്ഥാപനമായ മെക്കോണുമായി ഒത്തുചേര്‍ന്ന് രാജീവന്‍ ലാഭക്കൊതിയന്മാരായ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴ നല്‍കി പൊതുമേലാസ്ഥാപനം കൊള്ളയടിക്കുകയായിരുന്നുവോ? സര്‍ക്കാരിനു മുന്നിലുള്ള ഒരു അടിയന്തര സാഹചര്യത്തെ പല ഏജന്‍സികളും യൂണിയന്‍ നേതാക്കളും രാഷ്ട്രീയ നേതൃത്വവും ഉള്‍പ്പെട്ട വിദഗ്ധമായ ഒരു ഗൂഢാലോചനയിലൂടെ മുതലെടുക്കുകയായിരുന്നുവോ ലക്ഷ്യം?

എന്തും ചുവപ്പുനാടക്കുരുക്കില്‍ കുരുങ്ങി വൈകിപ്പോകുന്ന പ്ലാന്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ തിടുക്കം വ്യക്തമാക്കാന്‍ തുടര്‍ന്നുള്ള സര്‍ക്കാര്‍ തീരുമാനങ്ങളുടെ തീയതികള്‍ പരിശോധിച്ചാല്‍ മതിയാകും. 2005 മാര്‍ച്ച് 11-ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മതിയായ പഠനങ്ങളൊന്നും നടത്താതെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിക്ക് അംഗീകാരം നല്‍കുന്നു. പദ്ധതിക്കായി മെക്കോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2005 ഏപ്രില്‍ 23-ാം തീയതി സുപ്രീം കോടതി മോണിട്ടറിങ് സമിതി അധ്യക്ഷന്‍ ഡോക്ടര്‍ ജി ത്യാഗരാജന് കത്തെഴുതുന്നു. 2005 മേയ് 13-ന് പദ്ധതി പബ്ലിക് എന്റര്‍ൈപ്രസസ് ബോര്‍ഡിനു മുന്നിലെത്തുന്നു, അഞ്ചു ദിവസത്തിനുള്ളില്‍ 2005 മേയ് 18-ന് അത് കാബിനറ്റിനു മുന്നില്‍ വയ്ക്കുകയും തൊട്ടടുത്ത ദിവസം മേയ് 19-ന് പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. മെക്കോണ്‍ സമര്‍പ്പിച്ച ഈ പദ്ധതി യാതൊരു വിദഗ്ദ്ധ പഠനവും കൂടാതെയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നത് പ്രധാനമാണ്. മാത്രവുമല്ല 2005 ഏപ്രില്‍ 23-ന് മുഖ്യമന്ത്രി സുപ്രീം കോടതി മോണിട്ടറിങ് സമിതി അധ്യക്ഷന് കത്തെഴുതിയപ്പോള്‍ എങ്ങനെയാണ് മെക്കോണിന്റെ പേര് പരാമര്‍ശവിധേയമായത്? 2005 മേയ് 13-നു മാത്രമേ പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് മെക്കോണ്‍ തയാറാക്കിയ പദ്ധതി പ്രകാരമുള്ള പദ്ധതിക്ക് അംഗീകാരം കൊടുക്കുന്നുള്ളുവെന്നിരിക്കേ? നേരത്തെ മെക്കോണുമായി ടി ടി പിക്ക് ബന്ധമുണ്ടെന്നു വന്നാലും മെക്കോണിനെ പദ്ധതി ഏല്‍പിക്കാന്‍ അതിനു മുമ്പേ തീരുമാനമായിരുന്നുവെന്ന് അതില്‍ നിന്നും വ്യക്തം.


മലിനീകരണ നിയന്ത്രണ ബോര്‍ഡ് 12 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയെ എതിര്‍ത്തെങ്കിലും 2006 ജനുവരി അഞ്ചാം തീയതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പദ്ധതിക്കുണ്ടെന്ന് കാട്ടി മുഖ്യമന്ത്രി ഡോക്ടര്‍ ജി ത്യാഗരാജന് കത്തെഴുതിയതിന് തൊട്ടടുത്ത ദിവസം പദ്ധതിയെ എതിര്‍ത്ത അന്നത്തെ ആരോഗ്യമന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയില്‍ നിന്ന് മാറ്റി വനംപരിസ്ഥിതി മന്ത്രിയായിരുന്ന എ സുജനപാലിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏല്‍പിച്ചു നല്‍കിയതിലുമില്ലേ ചില രഹസ്യങ്ങള്‍? 2011 മാര്‍ച്ച് 29-ലെ രാമചന്ദ്രന്‍ മാസ്റ്ററുടെ പഴയ ”വിങ്ങിപ്പൊട്ടല്‍” പത്രസമ്മേളനത്തില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ഈ തിടുക്കത്തിനു പിന്നില്‍ അതിവേഗം ബഹുദൂരം അഴിമതിയിലേക്ക് എത്താനുള്ള ആവേശമുണ്ടെന്നു തീര്‍ച്ച.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡില്‍ അന്ന് മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യമായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അന്ന് പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തില്ലായിരുന്നുവെങ്കില്‍ ഫാക്ടറി പൂട്ടിപ്പോകുക പോലും ചെയ്യുമായിരുന്നുവെന്നത് ഒരു വാസ്തവമാണ്. സള്‍ഫര്‍ ഉപയോഗിച്ചുള്ള മാര്‍ഗത്തിലൂടെ ടൈറ്റാനിയം ഓക്‌സൈഡ് നിര്‍മ്മിക്കുന്ന ഫാക്ടറി ലോകത്തെ തന്നെ ഏറ്റവും മലീനികരണമുണ്ടാക്കുന്ന വ്യവസായങ്ങളിലൊന്നാണെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണഗതിയില്‍ ആ പ്രക്രിയയില്‍ ഉപയോഗിക്കുന്ന സള്‍ഫ്യൂറിക് ആസിഡ് കടലിലേക്ക് തള്ളുകയായിരുന്നു പതിവെങ്കിലും 2003-ലെ നിയമത്തിന്റെ വരവോടെ അത് അസാധ്യമായി. സര്‍ക്കാര്‍ നേരത്തെ തന്നെ ഡോക്ടര്‍ എ ഡി ദാമോദരന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ച് ഈ പ്രശ്‌നത്തെപ്പറ്റി പഠിക്കുകയും ചെയ്തതാണ്. നിര്‍വീര്യമാക്കപ്പെട്ട മാലിന്യങ്ങള്‍ കടലിലേക്ക് തള്ളുന്ന യൂറോപ്യന്‍ നിലവാരമുള്ള പദ്ധതിയാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. 2000 നവംബറില്‍ ഏത് പദ്ധതി നടപ്പാക്കണമെന്ന് പരിശോധിക്കാന്‍ ഫെഡോയെ (ഫാക്ട് എഞ്ചിനീയറിങ് ആന്റ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍) പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി നിയമിക്കുകയും അവര്‍ 108.30 കോടി രൂപ ചെലവില്‍ ന്യൂട്രൈലൈസേഷന്‍ പ്ലാന്റും (എന്‍ പി) ആസിഡ് റിക്കവറി പ്ലാന്റും (എ ആര്‍ പി) കോപ്പറാസ് റിക്കവറി പ്ലാന്റും (സി ആര്‍ പി) നിര്‍മ്മിക്കാനാകുമെന്ന് 2001-ല്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന് 2001-ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും കോടതികള്‍ക്കു മുന്നിലും ലോകായുക്തയ്ക്കു മുന്നിലും ഇതു സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നു. 2003 ഒക്‌ടോബറില്‍ ഹൈക്കോടതി പദ്ധതി നടപ്പാക്കാന്‍ രണ്ടര വര്‍ഷം കൂടി സമയം അനുവദിച്ചു. ആ സമയത്താണ് പുതിയ പദ്ധതി പിന്‍വാതിലൂടെ ടൈറ്റാനിയത്തിലേക്ക് പ്രവേശിക്കുന്നത്. ”ഫെഡോയുടെ പദ്ധതി മാലിന്യനിര്‍മ്മാര്‍ജനത്തിനു മാത്രമായിരുന്നു. അതുകൊണ്ട് ആ പദ്ധതി വയബിള്‍ ആകില്ല എന്നു തീരുമാനിച്ചതും മുമ്പുള്ള സര്‍ക്കാരാണ്. അവര്‍ ആദ്യം 55 കോടി രൂപയുടെ പ്രോജക്ടായിരുന്നു. പിന്നീടത് 108.30 കോടി രൂപയുടേതാക്കി. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ 108 കോടി രൂപയുടെ പദ്ധതി മറ്റു പല കാര്യങ്ങളും കൂടി ഉള്‍പ്പെടുത്തി 129 കോടി രൂപയേ ആകുന്നുള്ളു. ആ പദ്ധതിയും പ്രായോഗികമാണോ എന്നു സംശയം വന്നപ്പോഴാണ് 127 കോടി രൂപയുടെ ആധുനീകരണ വിഭാഗീകരണ വ്യാപന പദ്ധതി കൂടി അതിനൊപ്പം ചേര്‍ത്തത്,” ഉമ്മന്‍ ചാണ്ടിയുടെ വാദമിതാണ്. പക്ഷേ മുഖ്യമന്ത്രി പറയുന്ന ആ ആധുനീകരണ പദ്ധതി പ്രായോഗികമായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു.

എന്നാല്‍ ഇതിനായി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച പ്ലാന്റ് മൊത്തം 256 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കാനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിനെ പ്രോജക്ട് കണ്‍സള്‍ട്ടന്റായി വയ്ക്കുകയും ഫിന്‍ലാന്‍ഡിലെ ചെമട്ടൂര്‍ ഇക്കോപ്ലാനിങ് പദ്ധതി നടപ്പാക്കുകയും ചെയ്യുമെന്നായിരുന്നു കരാര്‍ ഫാക്ടറിയെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്നതല്ലെന്നാണ് അന്നത്തെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മെംബര്‍ സെക്രട്ടറി (ടെക്‌നിക്കല്‍) ആയിരുന്ന ഡോക്ടര്‍ എസ് ഡി ജയപ്രസാദ് റിപ്പോര്‍ട്ട് നല്‍കിയത്. രാജ്‌മോഹനായിരുന്നു അന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷന്‍. 

”സാമ്പത്തികമായി ആ പ്രോജക്ട് ഫീസിബിള്‍ ആയിരുന്നില്ല,” ജയപ്രസാദ് ഈ ലേഖകനോട് വ്യക്തമാക്കി. ഈ പദ്ധതിക്ക് മൂന്നു ഘടകങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഫെറസ് സള്‍ഫേറ്റ് റിക്കവര്‍ ചെയ്യാനുള്ള സി ആര്‍ പി, രണ്ട്, എ ആര്‍ പി. മൂന്ന്, എന്‍ പി. അതില്‍ ആദ്യത്തേത് ഫെറസ് സള്‍ഫേറ്റ് റിക്കവറി സാധ്യമായ കാര്യമാണെന്ന് മുമ്പൊരു കമ്പനി കാണിച്ചിട്ടുള്ളതാണ്. എന്നാല്‍ ആസിഡ് റിക്കവറി ചെലവേറിയ പ്രക്രിയയായിരുന്നു. മൂന്നാമത്തെ ഘടകമായ ന്യൂട്രൈലൈസേഷനും അസാധ്യമായിരുന്നു. ”ഇത്രയും അസിഡ് ന്യൂട്രൈലൈസ് ചെയ്യണമെങ്കില്‍ വലിയ തോതില്‍ കുമ്മായം ആവശ്യമായിരുന്നു. അത്തരം കുമ്മായം ലഭ്യമല്ലെന്നു മാത്രമല്ല അങ്ങനെ ലഭ്യമാക്കിയാല്‍ തന്നെയും ആ കുമ്മായത്തില്‍ ക്രോമിയം, വനേഡിയം, ഇറിഡിയം, ലെഡ് എന്നിവയുള്ളതിനാല്‍ അവ കൃഷികള്‍ക്ക് ഉപയോഗിക്കാനാവില്ല. അവ മുഴുവനും അപകടകാരികളായ രാസപദാര്‍ത്ഥങ്ങളായി കണക്കാക്കി കെ ഇ ഐ എല്ലില്‍ കൊണ്ടു പോയി നിര്‍മ്മാര്‍ജനം ചെയ്യുകയെന്നാല്‍ അത് ചെലവേറിയ കാര്യവുമാണ്. ഇതുകൊണ്ടെല്ലാം കൊണ്ടാണ് ഞാന്‍ ഈ പദ്ധതി നടപ്പാക്കുന്നത് ശരിയാവില്ലെന്ന് വിശദമായി വ്യക്തമാക്കി കമ്പനിക്ക് റിപ്പോര്‍ട്ട് നല്‍കിയത്,” ജയപ്രസാദ് പറയുന്നു. അപ്പറഞ്ഞത് അക്ഷരംപ്രതി ശരിയാവുകയും ചെയ്തു. മൊത്തം 68.87 കോടി രൂപ ചെലവഴിക്കപ്പെട്ട എ ആര്‍ പിയോ സി ആര്‍ പിയോ 34.68 കോടി രൂപ ചെലവഴിച്ച എന്‍ പിയോ ഇന്ന് ഉപയോഗശൂന്യമായി ടൈറ്റാനിയത്തില്‍ കിടക്കുന്നു.

അപ്പോള്‍ പിന്നെ സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശം മറയാക്കിക്കൊണ്ട് മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റ് നിര്‍മ്മിക്കുകയെന്നതിനപ്പുറം കമ്പനിക്ക് ലാഭമുണ്ടാക്കി നല്‍കാനാണെന്ന വ്യാജേനെ ആധുനീകരണ-വിഭാഗീകരണ പദ്ധതികള്‍ കൂടി അതിന്റെ ഭാഗമാക്കി എഴുതിച്ചേര്‍ത്ത് ഒരു പുതിയ പ്രോജക്ടിന് സര്‍ക്കാര്‍ എന്തിനാണ് രൂപം നല്‍കിയത്? ചെലവു കുറഞ്ഞ ഒരു എന്‍ പി കൊണ്ട് മാത്രം പരിഹരിക്കപ്പെടുമായിരുന്ന പ്രശ്‌നം നവീകരണ ജോലികള്‍ ആവശ്യമാണെന്ന് വരുത്തിത്തീര്‍ത്ത് വലുതാക്കി മാറ്റുകയായിരുന്നു സര്‍ക്കാര്‍. ഡോക്ടര്‍ എസ് പുഷ്പവനം 2008 ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഒന്നാം ഭാഗം നടപ്പാക്കുന്നത് സാമ്പത്തികമായി ഗുണകരമാവില്ലെന്നും രണ്ടാം ഭാഗം നടപ്പാക്കുന്നത് സാങ്കേതികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയതും ഇതിനു തെളിവാണ്. അതിനര്‍ത്ഥം മെക്കോണിലൂടെ ടി ടി പി നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി ഒരു സമ്പൂര്‍ണ പരാജയമാണെന്നു തന്നെയാണ്. 

1998-ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഫെഡോ ന്യൂട്രൈലൈസേഷന്‍ പ്ലാന്റിലൂടെ കേവലം 10.8 കോടി രൂപ ചെലവില്‍ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് കണ്ടെത്തിയതായിരുന്നു. സി ആര്‍ പി, എ ആര്‍ പി കൂടി ഉള്‍പ്പെടുത്തിയാല്‍ തന്നെയും 72.48 കോടി രൂപയേ അതിനുള്ള ചെലവായി ആ റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരുന്നുള്ളു. അതായത് 83. 28 കോടി രൂപ ചെലവുള്ള പദ്ധതി. 2004-ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ഫെഡോയുടെ ഈ പദ്ധതിയാണ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും ആനത്തലവട്ടം പറയുന്നു. ”ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തിയപ്പോള്‍ ആ പദ്ധതിയെ അട്ടിമറിക്കുകയും മെക്കോണിന്റെ പദ്ധതി കൊണ്ടുവരികയും ചെയ്യുകയായിരുന്നു,” ടൈറ്റാനിയം ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ വിശദീകരിക്കുന്നു. 

എന്തായാലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്തു തന്നെ (2004-2005) കാലയളവില്‍ തന്നെ ലൈറ്റര്‍ ഓഫ് ക്രെഡിറ്റ് അടക്കമുള്ള പണം കൈമാറല്‍ സംവിധാനങ്ങള്‍ നിലവില്‍ വന്നിരുന്നു. അതിവേഗത്തിലായിരുന്നു പ്ലാന്റ് സംബന്ധിച്ച നടപടികള്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട് നീക്കിയത്. ടി ടി പിക്കായി മെക്കോണും ന്യൂട്രൈലൈസേഷന്‍ പ്ലാന്റിന്റെ നിര്‍മ്മാതാക്കളായ വി എ ടെക് വബാഗ് ലിമിറ്റഡും തമ്മില്‍ 2006 ഏപ്രില്‍ 25-ന് കരാറൊപ്പിട്ടെങ്കില്‍ എ ആര്‍ പിക്കും സി ആര്‍ പിക്കുമായി ചെമട്ടൂര്‍ ഇക്കോ പ്ലാനിങ്ങുമായും (സി ഇ പി) എവി ഐ യൂറോപ്പുമായും (എ വി ഐ) 2006 ഫെബ്രുവരി 10 ഒരു ത്രികക്ഷി കരാറില്‍ മെക്കോണ്‍ ഏര്‍പ്പെട്ടു. കരാര്‍ മൂല്യത്തിന്റെ 90 ശതമാനത്തിനായുള്ള ലെറ്റര്‍ ഓഫ് ക്രെഡിറ്റ് 2006 മാര്‍ച്ചില്‍ ഓപ്പണ്‍ ചെയ്യുകയും ചെയ്തു. സി ഇ പിയുമായും എ വി ഐയുമായുള്ള ടി ടി പിയുടെ കരാര്‍ പ്രകാരം കരാറിന്റെ ആരംഭത്തിനു മുമ്പായി തന്നെ കരാറിന്റെ 100 ശതമാനം എല്‍ സി ഓപ്പണ്‍ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. എല്‍ സി ഓപ്പണ്‍ ചെയ്ത മുറയ്ക്ക് എട്ടു കോടി രൂപ കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും ലഭിച്ചുവെന്നാണ് 23-ാം സാക്ഷിയായ കെ എ റൗഫ് വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അച്യുതാനന്ദന്‍ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണ് 2006 ഒക്‌ടോബര്‍ ആറിന് പദ്ധതിക്ക് തറക്കല്ലിട്ടത്. പക്ഷേ പദ്ധതിയുടെ നടത്തിപ്പ് പല കാരണങ്ങളാല്‍ വൈകിയതിനെ തുടര്‍ന്ന് 2007 ജൂണില്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ മെക്കോണ്‍ സര്‍ക്കാരിനെ സമീപിക്കുകയും പദ്ധതിയുടെ ചെലവ് നേരത്തെ പറഞ്ഞ 256 കോടി രൂപയില്‍ നിന്നും 158 കോടി രൂപ ഉയര്‍ന്ന് 414 കോടി രൂപ ആയെന്ന് അറിയിച്ചു. തുടര്‍ന്നാണ് പദ്ധതിയെപ്പറ്റി വിശദമായി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ കിറ്റ്‌കോയെ ഏല്‍പിച്ചത്. അതിനിടെ തന്നെ പദ്ധതിയുടെ കണ്‍സള്‍ട്ടേഷന്‍ വകയിലും ഉപകരണങ്ങള്‍ എത്തിച്ച വകയിലും സര്‍ക്കാര്‍ ജനാവില്‍ നിന്നുംകോടികള്‍ ചെലവഴിച്ചു കഴിഞ്ഞിരുന്നു. ഈ പദ്ധതി ഫാക്ടറിക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുമെന്ന നിലപാട് തന്നെയാണ് കിറ്റ്‌കോയും സ്വീകരിച്ചത്. പക്ഷേ കിറ്റ്‌കോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു നടപടിയെടുക്കാനാകാത്തതതിനെ തുടര്‍ന്നാണ് മദ്രാസ് ഐ ഐ ടിയിലെ കെമിക്കല്‍ എഞ്ചിനീയറിങ് വിഭാഗം മേധാവിയായ ഡോക്ടര്‍ പുഷ്പവനം അധ്യക്ഷനാക്കി പദ്ധതിയെപ്പറ്റി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിയുണ്ടാക്കി. ഈ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയ്ക്കിടയാക്കുമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അന്നത്തെ ഇടതു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ 2008 നവംബറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ”ഇതേപോലെ മറ്റൊരു മാലിന്യനിര്‍മ്മാര്‍ജ പ്ലാന്റിനു കൂടി കെ എം എം എല്ലിനായി മെക്കോണ്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഞങ്ങള്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു,” മുന്‍ വ്യവസായമന്ത്രി എളമരം കരിം പറയുന്നു. ”നിലവില്‍ ന്യൂട്രൈലൈസേഷന്‍ പ്ലാന്റ് ടൈറ്റാനിയത്തില്‍ ഉണ്ടന്നേയുള്ളു. ഫലത്തില്‍ ഇപ്പോഴും മാലിന്യത്തിന്റെ മുക്കാല്‍ ഭാഗവും കടലിലേക്ക് തന്നെയാണ് ഒഴുക്കിക്കളയുന്നത്. മാലിന്യനിര്‍മ്മാര്‍ജനമൊന്നും ഒരുവിധത്തിലും പൂര്‍ണമായും പ്രാവര്‍ത്തികമാക്കാനാവില്ല. എല്ലാം കണ്ണില്‍പൊടിയല്‍ സംവിധാനങ്ങള്‍ മാത്രം,” ഒരു ഉന്നത ടെറ്റാനിയം ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.


ഗ്രിന്‍ടെക്‌സ് എന്റര്‍ൈപ്രസസ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജീവന്‍ എന്ന വ്യക്തിയാണ് ഈ പദ്ധതി ടൈറ്റാനിയത്തിലെത്തിച്ചതെന്നാണ് ഹര്‍ജിക്കാരായ എസ് ജയനും സെബാസ്റ്റിയന്‍ ജോര്‍ജുമെല്ലാം ആരോപിക്കുന്നത്. റൗഫ് രാജീവനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ ഈ ലേഖകനോട് 2014ല്‍ വെളിപ്പെടുത്തിയിരുന്നു: ”കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരിക്കുമ്പോള്‍ ചാക്ക് രാധാകൃഷ്ണനും രാജീവനുമായാണ് കേരളത്തിലെ വ്യവസായ വകുപ്പ് വിഭജിക്കപ്പെടുന്നത്. എം ഡി നിയമനം വരെ നിയന്ത്രിക്കുന്നത് അവരാണ്. ഇവര്‍ ഇരുവരും പ്രതിമാസം 10 ലക്ഷം രൂപ വീതം നേരത്തെ കുഞ്ഞാലിക്കുട്ടിയെ ഏല്‍പിക്കുന്നുണ്ടായിരുന്നു. രാജീവനുമായുള്ള ഇടപാടുകള്‍ ഞാന്‍ മുഖേനെയും ചാക്ക് രാധാകൃഷ്ണനുമായുള്ള ഇടപാടുകള്‍ കുഞ്ഞാപ്പ എന്നു പേരുള്ള കുഞ്ഞാലിക്കുട്ടിയുടെ അയല്‍വാസി മുഖേനയുമായിരുന്നു,” റൗഫ് വെളിപ്പെടുത്തി. എറണാകുളത്ത് പയനിയര്‍ ടവേഴ്‌സ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന രാജീവന്‍ കെ എം എം എല്ലില്‍ നേരത്തേയും പല ഇടപാടുകളും നടത്തുകയും അതിന്റെ കോഴപ്പണം എത്തേണ്ടിടങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നുമാണ് റൗഫ് പറയുന്നത്. ”വെറുമൊരു കടലാസ് സ്ഥാപനമാണ് ഗ്രിന്‍ടെക്‌സ്. രാജീവന് മറ്റൊരു ചരിത്രവുമുണ്ട്. 1997-ല്‍ ഇ കെ ഭരത് ഭൂഷണ്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സമയത്ത് അന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ മറ്റൊരു കമ്പനിയുമായി മലിനീകരണ നിയന്ത്രണ സംവിധാനത്തിന്റെ പ്രൊപ്പോസലുമായി വന്നതാണ്. ഭരത് ഭൂഷണ്‍ അവിടെ ചെന്ന് ആ പദ്ധതി പരിശോധിച്ചതിനെ തുടര്‍ന്ന് അത് വിജയകരമാവില്ലെന്ന് കണ്ടെത്തിയിരുന്നു. ഗ്രിന്‍ടെക്‌സിന് അന്ന് അതുമായി ബന്ധപ്പെട്ട് പണം ചെലവാക്കേണ്ടതായി വന്നിരുന്നു. ആ തുക തിരിച്ചുപിടിക്കുന്നതിനായാണ് രാജീവന്‍ പുതിയ പ്രൊപ്പോസലുമായി വന്നത്. മെക്കോണിന്റെ ജനറല്‍ മാനേജര്‍ ഡി കെ ബസുവും രാജീവനും എറണാകുളം കേന്ദ്രീകരിച്ചു നടത്തിയ ഗൂഢാലോചനയിലൂടെയാണ് പദ്ധതി രൂപപ്പെടുന്നത്. ചെമട്ടൂര്‍ ഇക്കോപ്ലാനിങ്ങിന്റെ ഏജന്റ് ആയാണ് രാജീവന്റെ അവതാരം,” ഇതു സംബന്ധിച്ച് പരാതി നല്‍കിയ സി ഐ ടിയു സെക്രട്ടറി എസ് ജയന്‍ പറയുന്നു. പദ്ധതിയുടെ പ്രധാന സൂത്രധാരന്മാരായ ഇവരെ രണ്ടു പേരെയും കണ്ടെത്താനായില്ലെന്ന ഒഴിവുകഴിവ് നിരത്തിക്കൊണ്ടാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ 2014-ല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നതാണ് വിരോധാഭാസം. മെക്കോണ്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് ബസുവിനേയും ഇടനിലക്കാരനും ചെമട്ടൂര്‍ ഇക്കോ പ്ലാനിങ്ങിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന പറയപ്പെടുന്ന ഗ്രിന്‍ടെക്‌സിന്റെ രാജീവനേയും ചോദ്യം ചെയ്യാതെ അന്വേഷണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ചും 2006 ഫെബ്രുവരി 10-ന് മെക്കോണുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടെങ്കിലും 12 മാസത്തിനുള്ളില്‍ അവര്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ആകെ പൂര്‍ത്തീകരിച്ചത് ഉപകരണങ്ങളുടെ ഇറക്കുമതി മാത്രമായതിനാല്‍. 

നിലവില്‍ കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെ എം എം എല്‍) നടപ്പാക്കപ്പെടുന്ന പല പദ്ധതികളുമായും ഫാക്ടറിക്കായി മഗ്‌നീഷ്യം ഇറക്കുമതിയുമായും അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ശ്രുതികളുണ്ട്. ആഗോള ടെണ്ടര്‍ വിളിക്കാതെ, അന്ന് ലോക്കല്‍ ടെണ്ടറിലൂടെയാണ് മഗ്‌നീഷ്യം ഇറക്കുമതി നടന്നതെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ആഗോള ടെണ്ടര്‍ വിളിച്ചപ്പോള്‍ ടണ്ണിന് 1.83 ലക്ഷം രൂപ നിരക്കില്‍ മഗ്‌നീഷ്യം എത്തിച്ചുകൊണ്ടിരുന്ന കമ്പനിക്ക് ടണ്ണിന് 3.5 ലക്ഷം രൂപ നിരക്കില്‍ കരാര്‍ നല്‍കി. സാമഗ്രികള്‍ ലഭ്യമാക്കുന്നതിനും ഉപകരണങ്ങള്‍ എത്തിക്കുന്നതിനുമൊക്കെയുള്ള ഒരു ഇടനിലക്കാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നയാളായാണ് രാജീവന്‍ അറിയപ്പെടുന്നത്. 

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും വ്യവസായമന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പദ്ധതിക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായി രാമചന്ദ്രന്‍ മാസ്റ്റര്‍ ആരോപിച്ചിരുന്നു. ടൈറ്റാനിയം പദ്ധതിക്ക് അംഗീകാരം നല്‍കാതിരുന്നതിനാലാണ് താന്‍ പാര്‍ട്ടിക്ക് അനഭിമതനായതെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയ കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ മൊഴി രേഖപ്പെടുത്തേണ്ടതും അനിവാര്യമായ കാര്യം തന്നെ.

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി അടിയന്തര സാഹചര്യങ്ങളെ മുതലെടുക്കുകയും തങ്ങളുടെ നേട്ടങ്ങള്‍ക്കായി അവയെ വിനിയോഗിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജനാവിനുണ്ടാകുന്ന ഭീമമായ നഷ്ടം ഒരര്‍ത്ഥത്തില്‍ ഒരു പകല്‍ക്കൊള്ള തന്നെയാണ്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 60 കോടിയും ഫെഡറല്‍ ബാങ്കില്‍ നിന്ന് 20 കോടി രൂപയും 15 കോടി രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ വായ്പയെടുത്താണ് ഈ പദ്ധതി മുന്നോട്ടുപോയതെന്നത് പ്രധാനമാണ്. അതുമൂലം കമ്പനി ഇപ്പോഴും കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ ആശങ്കകളെ കരുവാക്കി പൊതുജനാവിലെ പണം നശിപ്പിക്കാന്‍ കൂട്ടുനിന്നവരെ കണ്ടെത്തുന്നതിന് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിലെത്തിക്കുകയെന്നതാകട്ടെ ജനാധിപത്യത്തില്‍ ഏറ്റവും ആശാസ്യമായ നടപടിയുമാണ്. പ്രധാന സൂത്രധാരന്മാരിലേക്ക് അന്വേഷണം തിരിയുമ്പോള്‍ ആരൊക്കെയാകും പ്രതിക്കൂട്ടിലാകുകയെന്നത് കാലം കാണാനിരിക്കുന്ന കാഴ്ച. അതിനായി കാത്തിരിക്കുക.


ടൈറ്റാനിയം അഴിമതിയിലെ നടുക്കുന്ന ഇടപാടുകള്‍

2012 മാര്‍ച്ച് 22ന് കെ എ റൗഫ് വിജിലന്‍സിന് ടൈറ്റാനിയം ഇടപാട് സംബന്ധിച്ച് നല്‍കിയ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍

ഗ്രിന്‍ടെക്‌സ് രാജീവനെ കെ എ റൗഫ് ആദ്യമായി കണ്ടത്:

”ഞാന്‍ രാജീവനെ ആദ്യമായി കാണുന്നത് 2003-ല്‍ എറണാകുളത്തെ മറൈന്‍ൈഡ്രവിലുള്ള താജ് ഹോട്ടലില്‍ വച്ചായിരുന്നു. ഹോട്ടലിന്റെ റസ്‌റ്റോറന്റില്‍ എന്നെ കാണാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിച്ച പ്രകാരം രാജീവന്‍ വരികയായിരുന്നു. ടി ടി പിയുടെ മലിനീകരണ പ്ലാന്റ് പദ്ധതിയുടെ പ്രൊപ്പോസല്‍ പാസ്സാക്കിയെടുക്കാന്‍ വേണ്ട സഹായം മന്ത്രി കുഞ്ഞാലിക്കുട്ടിയെക്കൊണ്ട് ചെയ്യിച്ച് തരണം എന്ന് അഭ്യര്‍ത്ഥിച്ചശേഷം മടങ്ങി. അതുപോലെ കൊല്ലം കെ എം എം എല്ലിലേയും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റേയും പ്രോജക്ട് അപ്രൂവ് ചെയ്യാന്‍ വേണ്ട സഹായം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.”

തുടര്‍ കൂടിക്കാഴ്ചകള്‍: ”അതിനുശേഷം രാജീവനെ ഞാന്‍ കാണുന്നത് അന്നത്തെ വ്യവസായമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വച്ചാണ്. അന്ന് കുഞ്ഞാലിക്കുട്ടിയും ടി ടി പി എം ഡിയായിരുന്ന ഈപ്പന്‍ ജോസഫും ഞാനും ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലുണ്ടായിരുന്നു. അവിടെ വച്ച് ഈ മലിനീകരണ നിവാരണ പദ്ധതി എത്രയും വേഗം നടപ്പിലാക്കാന്‍ വേണ്ടിയുള്ള കാര്യങ്ങളെപ്പറ്റിയാണ് സംസാരിച്ചത്….20042005 കാലയളവില്‍ (ഞങ്ങള്‍) ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ച് കണ്ടപ്പോള്‍ മെക്കോണ്‍ കമ്പനിയുടേയും ടൈറ്റാനിയം കമ്പനിയുടേയും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഈ കൂടിയാലോചനയുടെ ഭാഗമായി നടന്ന ഗൂഢാലോചനയിലാണ് മെക്കോണ്‍ കമ്പനിക്ക് ടി ടി പിയുടെ മലിനീകരണ പ്ലാന്റ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനം ആകുന്നത്. ”

തുടര്‍ ചര്‍ച്ചകള്‍: ”…മേല്‍പറഞ്ഞ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മെക്കോണിന് മൂന്ന് കോടി രൂപയോളം കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ നല്‍കാന്‍ തീരുമാനമായി. അവരുമായി എഗ്രിമെന്റ് 2005-ല്‍ വച്ചു. ഇതു കൂടാതെ ഒരു മാര്‍ക്കറ്റ് സര്‍വേ നടത്താന്‍ മെക്കോണിനെ ചുമതലപ്പെടുത്തുകയും അതിനായി ടി ടി പി ഒരു അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തു. ഈ രണ്ട് തുകകളിലേയും ഒരു വീതം കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും കിട്ടിയതായി എനിക്കറിയാം.”

മുഖ്യമന്ത്രിക്ക് അടുത്തേക്ക് പദ്ധതി എത്തുന്ന വഴി:

”(ലേ മെറിഡിയനില്‍ വച്ച്) കുഞ്ഞാലിക്കുട്ടി ഗ്രിന്‍ടെക്‌സ് രാജീവനോട് എന്തു തന്നെയായാലും താനും ഇബ്രാഹിം കുഞ്ഞും പദ്ധതിയുടെ അംഗീകാരം ഏപ്രില്‍ 19, 2005-നു മുമ്പായി സര്‍ക്കാരില്‍ നിന്നും ഓര്‍ഡര്‍ ഇഷ്യു ചെയ്തിരിക്കുമെന്ന് ഉറപ്പു നല്‍കി. അതുകൂടാതെ കുഞ്ഞാലിക്കുട്ടി രാജീവനോട് മുഖ്യമന്ത്രിയെക്കൊണ്ട് ഒരു ലെറ്റര്‍ സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റിക്ക് അയപ്പിക്കാമെന്നും ഉറപ്പ് നല്‍കി. അതിനൊക്കെ മുമ്പായി 17.02.2005-ല്‍ ഒരു യോഗം ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റും ടി ടി പിയുടെ എം ഡിയുമായി നടക്കുകയും ആ യോഗത്തില്‍ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനുള്ള അനുമതി നല്‍കുകയും ചെയ്തു.”

കോഴ വന്ന വഴി:

”അതിന്റെ അടിസ്ഥാനത്തില്‍ ടി ടി പി ചെമ്മട്ടൂര്‍ ഇക്കോ പ്ലാനിങ്ങിന് 61 കോടിയോളം രൂപയുടെ എല്‍ സി ഓപ്പണ്‍ ചെയ്തു. അതുപോലെ തന്നെ വി എ ടെക് വബാഗ് എന്ന കമ്പനിക്ക് ആറു കോടി രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് എല്‍ സി ഓപ്പണ്‍ ചെയ്യുകയും ചെയ്തു. ഇതു നല്‍കുന്നതോടു കൂടി കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും എട്ടു കോടി രൂപ കോഴപ്പണമായി നല്‍കിയതായാണ് എന്റെ അറിവ്. അതില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഗമായ നാലു കോടി രൂപ അദ്ദേഹത്തിന്റെ മരുമകനായ സുള്‍ഫിക്കര്‍ എന്നയാള്‍ക്ക് ഗ്രിന്‍ടെക്‌സ് രാജീവന്‍ ദുബായില്‍ വച്ച് നല്‍കുകയായിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ കാശ് നാട്ടില്‍ വച്ചു തന്നെ ഗ്രിന്‍ടെക്‌സ് രാജീവന്‍ നേരിട്ട് നല്‍കിയതായാണ് അയാള്‍ എന്നോട് പറഞ്ഞത്. ഈ പദ്ധതി ഒരു കാരണവശാലും ടി ടി പിക്ക് വയബിള്‍ അല്ല എന്ന് അറിഞ്ഞു തന്നെയാണ് കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും മേല്‍പറഞ്ഞ പദ്ധതിക്ക് തുനിഞ്ഞത്.”

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍