UPDATES

കേരളം

നാം നീതി ചെയ്യേണ്ടതുണ്ട്; ജോസഫ് മാഷിനൊപ്പം നില്‍ക്കേണ്ടതുമുണ്ട്

ജോസഫ് മാഷിന്റെ നീതിക്ക് വേണ്ടിയും ഇവിടെ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട്. ഭയപ്പെടുത്തി അനുസരിപ്പിക്കാം എന്ന ഫാസിസ്റ്റ് തിയറി പൊളിച്ചെഴുതേണ്ടതുണ്ട്

കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് പി ടി കുഞ്ഞുമുഹമ്മദിനെ ക്ഷണിക്കാൻ എത്തിയതായിരുന്നു ഞങ്ങൾ ഗുരുവായൂരിൽ. അദ്ദേഹം ഒരു പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു മനുഷ്യനും പടച്ചോനും തമ്മിലുള്ള സംഭാഷണം ഒറ്റയ്ക്ക് അവതരിപ്പിച്ചിരുന്ന ഒരു ഭ്രാന്തന്‍ പണ്ട് ആ ചുറ്റുവട്ടത്ത് ജീവിച്ചിരുന്നു… തൃശൂര്‍ പരിസരങ്ങളില്‍ പൊതുവേദികളില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴൊക്കെ അദ്ദേഹം ഈ കഥ പറയുമായിരുന്നു.

ആ കഥ അച്ചടി ഭാഷയില്‍ സംഗ്രഹിച്ച് എഴുതുമ്പോള്‍ ഇങ്ങനെ:

ഭ്രാന്തന്‍: പടച്ചോനെ, പടച്ചോനെ…
ദൈവം: എന്താടാ നായിന്‍റെ മോനെ..
ഭ്രാന്തന്‍: ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ്?
ദൈവം: മൂന്നു കഷണം ആണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ…

ഗുരുവായൂര്‍ മുൻ എം എൽ എ, പ്രവാസലോകം എന്ന പരിപാടിയിലൂടെ കാണാതായ മലയാളികളായ പ്രവാസികളെ വീടുകളില്‍ തിരികെ എത്തിക്കാന്‍ മുന്‍കൈ എടുത്ത വ്യക്തി. ഇടതു സഹയാത്രികന്‍. പരദേശി, മഗ്രിബ്, ഗര്‍ഷോം, വീരപുത്രന്‍ എന്നീ സിനിമകളുടെ സംവിധായകന്‍. കഥയിലെ കഥയും നര്‍മവും മാത്രമാണ് എല്ലാവരും കേട്ടതും ആസ്വദിച്ചതും. അതേ കഥ ഒരു കുടുംബത്തിന്റെ അടിവേര് ഇളക്കും എന്നാരും സ്വപ്നേന ചിന്തിച്ചു കാണില്ല. തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ ‘തിരക്കഥ- ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തിലാണ് ഈ ഭാഗം ഉള്ളത്.

ക്ലാസ്സ്‌ ടെസ്റ്റ് നടത്തുന്ന സമയത്ത് പരീക്ഷ പേപ്പറില്‍ കുത്തും കോമയും ചേര്‍ക്കുന്ന വിഭാഗത്തില്‍ (ചിഹ്നം ചേര്‍ക്കല്‍) ഈ ഭാഗം ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ആയിരുന്ന ജോസഫ്‌ മാഷ്‌ എടുത്ത് ചോദ്യമാക്കി ചേര്‍ത്തു. ഭ്രാന്തന്‍ എന്നതിനു പകരം മുഹമ്മദ്‌ എന്ന പേര് നല്‍കി. ചോദ്യപേപ്പര്‍ ഫോട്ടോ കോപ്പിയെടുത്ത് പ്രചരിപ്പിക്കുകയും തൊടുപുഴയില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു പോപ്പുലര്‍ ഫ്രണ്ട്. വിഷയം പ്രവാചക നിന്ദയാണെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. പള്ളിയില്‍ കുര്‍ബാന കൂടി മടങ്ങി വരുന്നതിനിടെ സ്വന്തം കുടുംബത്തിന് മുന്നിലിട്ട് മാഷുടെ കൈപ്പത്തി അവർ തന്നെ വെട്ടി മാറ്റി. പിന്നീട് നടന്നതിനെല്ലാം നാം ഏവരും സാക്ഷിയാണ്.

കഴിഞ്ഞ മാസം 30 ന് തൊടുപുഴ കൈ വെട്ടു കേസിന്റെ വിധി വന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലെയും ചാനൽ ചർച്ചകളിലെയും ചില പരാമർശങ്ങളാണ് ഈ കുറിപ്പ് എഴുതാൻ പ്രേരകമായത്.

കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തി. കേസില്‍ 18 പ്രതികളെ വെറുതെ വിട്ടു. കേസിൽ പ്രതികളായവരോട് വിഷമിക്കേണ്ട എന്നും സ്വർഗ്ഗ രാജ്യം നിങ്ങൾക്കുള്ളതാണെന്ന് ആഹ്വാനം ചെയ്യുന്ന ഒട്ടനവധി പ്രഖ്യാപനങ്ങൾ കാണുകയുണ്ടായി!

ടി.ജെ ജോസഫിന്‍റെ ഭാര്യ ആത്മഹത്യ ചെയ്ത വാർത്ത‍ ഷെയർ ചെയ്ത് ക്രിസ്ത്യൻ ഭീകരനായ ജോസഫ് കൊന്നു കെട്ടിത്തൂക്കിയതാകും എന്നും കൈവെട്ടിയതിന് പകരം തലവെട്ടാതെ വിട്ടത് പോപ്പുലര്‍ ഫ്രണ്ടുകാരുടെ ദയകൊണ്ടാണ് അതിന് അവരോട് ജോസഫ് നന്ദി പറയണം എന്നും ഒരു മനുഷ്യാവകാശ പ്രവർത്തകൻ ഫേസ്ബുകിൽ കുറിച്ചിട്ടതിന്റെ പശ്ചാത്തലം ഇനിയും മനസ്സിലായിട്ടില്ല. അത്രതന്നെ ഞെട്ടല്‍ ഉണ്ടാക്കിയത് ഓ അബ്ദുള്ള ചാനൽ ചർച്ചയിൽ പറഞ്ഞത് കേട്ടപ്പോഴാണ്. “കൊണ്ടാലും പഠിക്കൂല്ല എന്ന പോലെയാണ് ജോസഫിന്റെ വർത്തമാനം. പുള്ളിക്ക് ഇപ്പോഴും അത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടിട്ടില്ല. മുഹമ്മദ് എന്ന് പേരുകൊടുത്തപ്പോഴും മുഹമ്മദ് നബിയാണെന്ന് തനിക്ക് തോന്നിയില്ല”.

കാലുകള്‍ക്കിടയില് ചോരയൊലിപ്പിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി ദീര്‍ഘ കാലം മനസ്സിലുണ്ടായിരുന്നു. ആര്‍ത്തുവിളിക്കുന്ന ആണ്‍കുട്ടികള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുള്ള അവളുടെ നില്‍പ്പ് മറ്റു ദൃശ്യങ്ങള്‍ക്കൊണ്ടൊന്നും മായ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. നരച്ചു നാശോന്മുഖമായ കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു കിണറിന്റെ വക്കത്ത് വലിയ പുരുഷാരത്തിനു മുമ്പിലാണ് അവളങ്ങനെ നില്ക്കുന്നത്. അവളുടെ അമ്മ ഒരു ഹോസ്പിറ്റലില്‍ നെഴ്സായിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് നിരോധനമുണ്ടായി. അച്ഛനും അമ്മാവനും യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ അവര്‍ക്ക് പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു.

ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതായപ്പോഴാണ് മകളെ ആണ്‍ വേഷം കെട്ടിക്കാന്‍ അമ്മ തീരുമാനിക്കുന്നത്. അവനായ അവള്‍ ഒരു ചെറിയ കടയില്‍ സഹായിയായി നില്ക്കുന്നു. എന്നാല്‍ അവിടെയും രക്ഷയുണ്ടായിരുന്നില്ല. ഒരു ദിവസം താലിബാന്‍ സൈനികര്‍ അവളെ പിടികൂടി മതപാഠശാലയില്‍ എത്തിക്കുന്നു. എത്ര ഒളിപ്പിച്ചിട്ടും ബാക്കിയായ അവളുടെ പെണ്ണത്തം മറ്റു കുട്ടികള്‍ക്ക് അവളെ കളിയാക്കാനുള്ള കാരണമായിരുന്നു. പരിഹാസം മുറുകിയപ്പോഴാണ് തന്റെ ഉശിര് തെളിയിക്കാനായി അവള്‍ അടുത്തുള്ള മരത്തില്‍ കയറിയത്. എന്നാല്‍ കയറിയതുപോലെ അവള്‍ക്ക് ഇറങ്ങാനായില്ല. അപ്പോഴേക്കും മുഴുവന്‍ കുട്ടികളും പരിശീലകരും മരത്തിനു ചുറ്റും കൂടിയിരുന്നു. മരത്തില്‍ നിന്ന് ഇറക്കിയ അവന്/ അവള്‍ക്ക് ശിക്ഷയായി ഒരു കിണറിനു മുകളില്‍ അല്പ്പനേരം കെട്ടിത്തൂക്കിയിടുന്നു. അവിടെ തൂങ്ങിക്കിടന്നു അവള്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു. പിന്നീട് കെട്ടഴിച്ചു ശിക്ഷയില്‍ നിന്ന് മോചിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കാണുന്നത്. കഠിന ശിക്ഷക്കിടയില്‍ അവള്‍ എപ്പൊഴോ ഋതുമതിയായിരിക്കുന്നു. കാലുകള്‍ക്കിടയിലൂടെ ചോരയുടെ അരുവികള്‍.

പെണ്‍കുട്ടി ആണ്‍ വേഷം കെട്ടിയതിനുള്ള വിചാരണയാണ് അടുത്തത്. അപ്പോഴാണ് ഒരാള്‍ നിയമപാലകനായ ഖാസിയെ സമീപിക്കുന്നത്. മൂന്നു ഭാര്യമാരുള്ള ആ വൃദ്ധന് അവളെ വിവാഹം കഴിപ്പിച്ചു കൊടുത്തുകൊണ്ട് കഠിനമായ ശിക്ഷയില്‍ നിന്ന് ഖാസി അവളെ രക്ഷപ്പെടുത്തുന്നു.

സിദ്ധിക്ക് ബര്‍മാക് സംവിധാനം ചെയ്ത ഒസാമ എന്ന അഫ്ഘാന്‍ സിനിമയെക്കുറിച്ചാണ് മുകളിലെഴുതിയത്. താലിബാന്‍ സൈനികന്‍ പേര് ചോദിച്ചപ്പോള് അവളുടെ നാവില്‍ വന്നത് ഒസാമ എന്ന പേരായിരുന്നു. സിനിമയ്ക്ക് പലരുടേയും ആരാധ്യപുരുഷനായ ഒസാമയുമായി മറ്റു ബന്ധങ്ങളോന്നുമില്ല. എന്നാല്‍ അയാള്‍ വിഭാവനം ചെയ്ത ലോകം എങ്ങനെ ഉള്ളതായിരിക്കും എന്ന് ഈ സിനിമ നമ്മളോടു പറഞ്ഞു തരുന്നുണ്ട്. ഒസാമയ്ക്ക് രക്തസാക്ഷി പരിവേഷം നൽകിയവർ തന്നെ ജോസഫ് മാഷിന്റെ പ്രതിസ്ഥാനത്ത് വരുമ്പോൾ വരും കാലത്തെ നാം കൂടുതൽ ഭയക്കണം.

മത തീവ്രവാദികൾക്ക് സ്റ്റേറ്റിന്റെ മേൽ ആധിപത്യം ഉള്ള രാജ്യങ്ങളിൽ സിസ്റ്റം എങ്ങനെ ചലിക്കും എന്നതിന് ഉത്തമ ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഏറെയുണ്ട്.യുസഫ് സായ് മലാല, പെഷവാർ സ്കൂൾ ആക്രമണം, സിറിയയിൽ നടക്കുന്ന കലാപങ്ങൾ, ഒടുവിൽ ബംഗ്ലാ അക്കാദമി പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അമേരിക്കൻ പൗരത്വമുള്ള ബംഗ്ലാദേശി എഴുത്തുകാരൻ അവിജിത് റോയി, പാകിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകയായ സബീന്‍ മഹ്മൂദ്, ഇങ്ങനെ ഈ കൊലപാതക/ആക്രമ പരമ്പര മാറ്റമില്ലാതെ തുടരുന്നു.

ടി ഡി രാമകൃഷ്ണൻ തന്റെ നോവലിൽ ചോദിച്ചതുപോലെ “ബലാല്‍സംഘത്തിന്റെയും കൊലപാതകത്തിന്റെയും ഈ കഥ ചരിത്രത്തിനു മടുക്കുന്നില്ലേ?”

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് നബിയെ പ്രമേയമാക്കി ഇനി വരക്കില്ല, തനിക്ക് മടുത്തെന്ന് ഷാര്‍ലി എബ്ദോ മാസികയുടെ കാര്‍ട്ടൂണിസ്റ്റ് ലുസ് എന്ന റെനാള്‍ഡ് ലുസിയര്‍ ഇസ്ലാമിന്‍െറ പ്രവാചകനെ പ്രമേയമാക്കുന്നത് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഷാര്‍ലി എബ്ദോയുടെ വിവാദ ലക്കത്തിന്‍െറ മുഖപ്പേജ് ഡിസൈന്‍ ചെയ്തത് ലുസ് ആയിരുന്നു. ഇത് വിപണിയിലത്തെിയതിന് പിന്നാലെയാണ് ജനുവരി ഏഴിന് പാരിസിലെ മാസികയുടെ ആസ്ഥാനത്ത് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.

ഈ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ ജോസഫ് മാഷിന്റെ കൈ വെട്ടു കേസ് വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ നോക്കിക്കാണേണ്ടതുണ്ട്. ഇവിടെ ജോസഫ് മാഷ്‌ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ പിന്തുണ നൽകാൻ ഉള്ള ബാധ്യത മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളുടെ ചുമതലയാണ്. ചോദ്യ പേപ്പറിൽ താൻ ഉദ്ദേശിച്ചത് പ്രവാചകൻ മുഹമ്മദ്‌ അല്ല എന്ന് ജോസഫ് മാഷ്‌ ആവര്‍ത്തിക്കുന്നു. പ്രസ്തുത സംഭാഷണ ശകലം മുഹമ്മദിന്റെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്തത് കൂടിയാണ് എന്നോര്‍ക്കുക? എന്നിട്ടും ഇതിലേക്ക് പ്രവാചകനെ വലിച്ചിഴക്കാൻ ശ്രമിക്കുന്നത് ആരുടെ അജണ്ടയാണ്? സത്യത്തിൽ ഈ അജണ്ട മെനഞ്ഞെടുത്തവരല്ലേ ലോകം മുഴുവൻ ബഹുമാനിക്കുന്നു എന്ന് അവർ തന്നെ അവകാശപ്പെടുന്ന വ്യക്തിയെ വിവാദങ്ങളിൽ കൊണ്ടുപോയി കെട്ടുന്നത്?

ഇനി അഥവാ ആരെങ്കിലും നബിയെത്തന്നെ ഉദ്ദേശിച്ചു എഴുതിയാല്‍ പോലും ഈ ക്രൂരതയ്ക്ക് ന്യായീകരണമാവുമോ? പ്രവാചക സ്നേഹം കാണിക്കേണ്ടത് മറ്റുള്ളവരുടെ ജീവിതം തകർത്തിട്ടാണോ? മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും.

പീഡനങ്ങളുടെ നൈരന്തര്യത്തിനിടയില്‍ തനിക്ക് ആകെ ആശ്വാസം ഭാര്യ സലോമി ആണെന്ന് പറഞ്ഞ മാഷിനോട് അയാള്‍ തന്നെ ഭാര്യയെ തൂക്കിക്കൊന്നതാകം എന്ന് ഒരു മനുഷ്യാവകാശ പ്രവർത്തകനെ കൊണ്ട് ചിന്തിപ്പിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

മറ്റൊരു ദൗർഭാഗ്യകരമായ സംഭവം ഈ കേസിലെ കോളേജ് മാനേജ്മെന്റിന്റെയും അന്നത്തെ ഇടതു സര്‍ക്കാരിന്റെയും സമീപനങ്ങളാണ്. ഇരയെ വീണ്ടും വേട്ടയാടുകയും നീതി നടപ്പാക്കുന്നതിൽ സർക്കാരിന് സംഭവിച്ച വീഴ്ചയും ചെറുതാക്കി കാണുക പാതകമാണ്.

ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുന്നത് സര്‍ക്കാരായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരു ദിവസം പോലും ജോലിചെയ്യാന്‍ ജോസഫ് മാഷിനെ കോളേജ് അധികൃതരും സഭയും അനുവദിച്ചില്ല. മാഷിന്‍റെ ഭാര്യ സലോമി ദിവസവും പള്ളിയില്‍ വന്നിട്ടും അവരുടെ മനസ്സ് അലിഞ്ഞില്ല. ഇത്തരത്തില്‍ കൊടിയ വിഷം മനസ്സില്‍ ചുമന്നുകൊണ്ടു നടക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു സമൂഹത്തെ നേരായ രീതിയില്‍ നയിക്കാന്‍ കഴിയുക. ഒറ്റുകാരന്‍ യൂദാസിനെ കുറ്റം പറയാന്‍ ഇവര്‍ക്കൊക്കെ എന്തധികാരം?

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരുപക്ഷേ ആഗോള തലത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് മനുഷ്യാവകാശം. സായുധരായ മനുഷ്യര്‍ക്കെതിരെ നിരായുധരായി പോരാടാൻ വിധിക്കപ്പെട്ടവരാണ് മനുഷ്യാവകാശ പ്രവർത്തകർ. ഭരണകൂടത്തിന്റെ പരമാധികാരത്തില്‍നിന്ന് ആരും മുക്തരല്ലെന്ന തിരിച്ചറിവാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച പുതിയ സംവാദങ്ങളെ സാധ്യമാക്കുന്നത്. ജോസഫ് മാഷിന്റെ വിഷയം പ്രസക്തമാകുന്നതും ഇവിടെയാണ്. ഒരു മനുഷ്യൻ എന്നനിലയില്‍ അദ്ദേഹത്തിന്റെ പല അവകാശങ്ങളും ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇതൊരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ്.

പാരീസ് ആക്രമണത്തിന് ശേഷം ഏതാണ്ട് മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഫ്രാൻസിലെ തെരുവുകളിൽ മൃഗീയതയെ അപലപിക്കാൻ ഒറ്റരാത്രിയിൽ ഒത്തുകൂടിയത് എന്നതോർക്കുക. മൂന്ന് പേരുടെ തോക്കിന് ഞങ്ങളുടെ സ്വാതന്ത്ര്യ ബോധത്തെ തകർക്കാൻ കഴിയില്ല എന്നാണ് അവർ പ്രഖ്യാപിച്ചത്. ഞങ്ങൾ ഭയപ്പെടുന്നില്ല (NOT AFRAID) എന്നാണ് അവർ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്. ആരും ശ്രദ്ധിക്കാതിരുന്ന ആ വാരികക്ക് വേണ്ടി I am Charlie എന്ന പ്ലക്കാർഡുമായാണ് (Je suis Charlie) അവരോരുത്തരും രംഗത്ത് വന്നത്. അവിജിത് റോയിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ധാക്കയിലെ തെരുവിലൂടെ ആയിരങ്ങൾ അണിനിരന്ന പ്രകടനം നീങ്ങുമ്പോൾ ലോകം മുഴുവൻ അത് ശ്രദ്ധിക്കുകയായിരുന്നു. തീവ്രവാദികളുടെ ഭീഷണി അവഗണിച്ചിരുന്ന റോയിയുടെ വധത്തിൽ പ്രതിഷേധിക്കാൻ എല്ലാ നിരക്കാരുമെത്തി. എഴുത്തുകാർ, അധ്യാപകർ പിന്നെ സാധാരണക്കാരും. നീതി വേണം,തീവ്രവാദം ഇല്ലാതാക്കുകയെന്ന മുദ്രാവാക്യങ്ങൾ പ്ലക്കാർഡുകളായി അവർ ഉയർത്തിപ്പിടിച്ചിരുന്നു.

ജോസഫ് മാഷിന്റെ നീതിക്ക് വേണ്ടിയും ഇവിടെ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട്. ഭയപ്പെടുത്തി അനുസരിപ്പിക്കാം എന്ന ഫാസിസ്റ്റ് തിയറി പൊളിച്ചെഴുതേണ്ടതുണ്ട്. കൈ വെട്ടു കേസിനെ കുറിച്ച് പരാമര്‍ശിക്കുന്നവരെ മുഴുവൻ ഇസ്ലാമോഫോബിയ ബാധിച്ചവർ എന്ന് മുദ്ര കുത്തുന്ന ദുഷ്ടലാക്കിനെ കൂടി ഇവിടെ എതിർത്ത് തോൽപ്പിക്കണം. Justice delayed is justice denied എന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഒറ്റക്ക് പൊരുതുന്ന ആ മനുഷ്യന് പിന്നിൽ നിന്നുള്ള കുത്തുകളെ പ്രതിരോധിക്കാൻ സാഹചര്യം ഒരുക്കേണ്ടത് കാലം നമ്മോടു ആവശ്യപ്പെടുന്ന നീതി ആണ്. അദ്ദേഹം അതർഹിക്കുന്നും ഉണ്ട്.

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍