UPDATES

ട്രെന്‍ഡിങ്ങ്

എന്നെ ശശീന്ദ്രനാക്കാന്‍ നോക്കേണ്ട; അഭിമുഖം ചോദിച്ചെത്തിയ വനിത റിപ്പോര്‍ട്ടറോട് ടി കെ ഹംസ

ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം മംഗളം ചനല്‍ പുറത്തു വിട്ട സാഹചര്യത്തിലാണ് മറുപടി

മലപ്പുറം ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് ടി കെ ഹംസ വനിതാ റിപ്പോര്‍ട്ടര്‍ക്ക് അഭിമുഖം നിരസിച്ചു. മംഗളം ചാനല്‍ എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം ചോര്‍ത്തിയതും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതും മാധ്യമധാര്‍മ്മികത ചോദ്യം ചെയ്തുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയുമാണ് ഇത്. ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥനാണ് ദുരനുഭവം നേരിട്ടത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുവി അഭിമുഖത്തിനായി ഹംസയെ സമീപിച്ചത്. അതേസമയം തന്നെ എകെ ശശീന്ദ്രനാക്കാനാണോ ഉദ്ദേശമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെണ്‍കുട്ടികള്‍ക്ക് അഭിമുഖം തരില്ലെന്നും ആണ്‍കുട്ടിയാണെങ്കില്‍ വന്നോളൂവെന്നും അദ്ദേഹം അറിയിച്ചു. മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയെന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവല്ലേ താങ്കള്‍ എന്ന് ചോദിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായതിനാലാണ് മുന്‍കരുതലെന്ന് ഹംസ അറിയിച്ചതായും സുവി വ്യക്തമാക്കി.

അതേസമയം പുരോഗമനം പ്രസംഗിക്കുന്ന സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിമുഖം നിഷേധിച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സദാചാര പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയുടെ നേതാവ് ഇത്തരമൊരു നിലപാടെടുത്തതിലെ വൈരുദ്ധ്യവും സുവി ചൂണ്ടിക്കാട്ടുന്നു.

ഗതാഗത മന്ത്രിയായിരിക്കെ എ കെ ശശീന്ദ്രനുമായുള്ള സ്വകാര്യ സംഭാഷണം പകര്‍ത്തിയത് വനിത മാധ്യമപ്രവര്‍ത്തകയാണ് ഇത് മന്ത്രിയ്‌ക്കെതിരെ ആസൂത്രിതമായി നടത്തിയ കെണിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയും വിശ്വാസ്യതയും തകര്‍ക്കുന്ന ഇത്തരം ആരോപണങ്ങള്‍ പ്രധാനമായും വനിത മാധ്യമ പ്രവര്‍ത്തകരെയാണ് ബാധിക്കുന്നെതെന്ന് അനുഭവങ്ങളെ മുന്‍നിര്‍ത്തി പല മാധ്യമപ്രവര്‍ത്തകരും ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍