UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ വാതിലുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്; ടി.എം കൃഷ്ണയുടെ മാഗ്സസെ പ്രഭാഷണം

Avatar

ആധിപത്യം പുലര്‍ത്തുന്ന ഒരു സംസ്‌കാരം സംസ്‌കാരമേ അല്ല: മാഗ്‌സെസെ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ടി.എം കൃഷ്ണ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.

 

ഞാനൊരു സംഗീതജ്ഞനാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്ലാസിക്കല്‍ സംഗീത രൂപങ്ങളിലൊന്നായ കര്‍ണാടക സംഗീതം ഉപാസിക്കുന്നയാള്‍. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഞാന്‍ ഈ സംഗീത ലോകത്തിന്റെ ഒരു ഭാഗമാണ്. പല ബ്രാഹ്മണരും ചെയ്യുന്ന പോലെ കുട്ടിക്കാലത്താണ് ഈ കലാപഠനം തുടങ്ങുന്നത്. 22 വയസ്സായപ്പോഴേക്കും വിജയം മാത്രം മുന്നില്‍ കാണുന്ന ഒരു മുഴുസമയ സംഗീതജ്ഞനായി ഞാന്‍ മാറിയിരുന്നു.

 

ചില അസാധാരണ സാഹചര്യങ്ങളാണ് പഠനത്തിനും അഭ്യാസത്തിനുമപ്പുറം സംഗീതത്തിന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്താണ് ഈ സംഗീതം? അതിന്റെ ചരിത്രവും ലക്ഷ്യവുമെന്താണ്?

 

ഈ ചോദ്യങ്ങളുമായി കുറെ നാള്‍ പിന്നിട്ടപ്പോള്‍ അതൊരു സ്വയം ചോദ്യം ചെയ്യലായി മാറി. ഞാന്‍ ആരാണ്, എന്റെ സാമൂഹിക മേല്‍വിലാസം എന്താണ്, എന്റെ സംഗീതത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് ആരാണ്? അങ്ങനെയാണ് സംഗീതം സ്വരമാധുര്യവും ലയതാളവും മാത്രമല്ലെന്ന് എനിക്കു വ്യക്തമായത്. അത് ഉപാസിക്കുകയും അഭ്യസിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്ന രൂപത്തില്‍ സംഗീതം കയ്യടക്കി വച്ചിരിക്കുന്ന സമുദായം, എന്റെ സമുദായം, ബാക്കി എല്ലാവരേയും മാറ്റി നിര്‍ത്തിക്കൊണ്ട്, അതിനെ തങ്ങളുടെ മതവും ആചാരങ്ങളും പാരമ്പര്യങ്ങളുമായി ചേര്‍ത്തു വച്ച് ആന്തരികവത്ക്കരിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ ജാതി അടിസ്ഥാനമാക്കിയുള്ള സാമുഹിക ക്രമത്തിലെ ആദ്യ പടിയില്‍ വരുന്നവര്‍.

 

വിലപ്പെട്ടതും കലാപരവുമായ ഒരു അനുഭവത്തിന് ഒരു രാഷ്ട്രീയ സാമൂഹിക വിമര്‍ശനത്തിന്റെ ഭാഗമാകാന്‍ കഴിയും. എന്നെ സംബന്ധിച്ചിടത്തോളം ഇത് തെറ്റാണെന്നും അനീതിയാണെന്നും-സമൂഹത്തോടും കലയോടുമുള്ള അനീതിയാണെന്നും വ്യക്തമായിരുന്നു. ഈ ആധിപത്യ മനോഭാവത്തെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് എനിക്ക് ബോധ്യം വന്നു.

 

ഈ സംഗീതത്തെ കയ്യടക്കി വച്ചിരിക്കുന്ന സമുദായത്തിലുള്‍പ്പെട്ടുവെന്നത് കാര്യങ്ങളെ എളുപ്പമാക്കുകയായിരുന്നു. ഈ കല – എന്റെ ജീവിതം തന്നെയായ ഈ കല – പൊതുവെ കണക്കാക്കപ്പെട്ടിരുന്നത് ഇന്ത്യയിലെ ആധിപത്യ അല്ലെങ്കില്‍ ‘പ്രബല’ സംസ്‌കാരത്തിന്റെ ഭാഗമായിട്ടായിരുന്നു. ആധിപത്യം പുലര്‍ത്തുന്ന ഒരു സംസ്‌കാരത്തിന് തങ്ങള്‍ ശക്തരാണെന്ന് സ്വയം വിശേഷിപ്പിക്കാം, എന്നാല്‍ അതിനെ ഒരു സംസ്‌കാരം എന്നു  വിളിക്കാന്‍ കഴിയില്ല. ശക്തിയും സംസ്‌കാരവും രണ്ടാണ്. ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അടക്കം എല്ലാ സമുദായങ്ങള്‍ക്കും സ്വന്തമായി ഉത്കൃഷ്ടമായ കലയുണ്ട്. അവര്‍ സംസ്‌കാരങ്ങളുടെ ബാഹുല്യത്തെ സ്വീകരിക്കുകയും ചെയ്യുന്നു. അധികാരത്തിന് ആകാശം മുട്ടെ ഉയര്‍ന്ന കോട്ടകളുണ്ട്. സംസ്‌കാരം നിരപ്പായ പ്രതലത്തിലും. ഈ കോട്ടകളെ തകര്‍ക്കേണ്ടത് ആവശ്യമാണ്. അവഗണിക്കപ്പെട്ട കലാപാരമ്പര്യങ്ങളെ രംഗവേദിയിലേക്ക് കൊണ്ടുവരികയും വേണം.

 

ജനാധിപത്യം ആവശ്യപ്പെടുന്നത് സമൂഹത്തിന്റെ ഭൗതികവും സാംസ്‌കാരികവുമായ സമ്പത്തിന്റെ, തുറന്ന മനസ്സോടെയും ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമുള്ള പങ്കുവയ്പ്പാണ്. സഹിഷ്ണുത മാത്രമല്ല ഇത് ആവശ്യപ്പെടുന്നത്, സഹാനുഭൂതി കൂടിയാണ്; ഒത്തുപോകുക എന്നതിലുപരി പരസ്പരം പുണരുക എന്നു തന്നെ.

 

 

മാപ്പില്‍ നാം വരയ്ക്കുന്ന അതിരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താവുന്ന ഒന്നല്ല സംസ്‌കാരങ്ങള്‍. നമ്മുടെയെല്ലാം സമരങ്ങളും ആഘോഷങ്ങളും സമാനമാണെന്ന് സങ്കീര്‍ണവും എന്നാല്‍ മനോഹരവുമായ ഈ ലോകത്തെ സകല മനുഷ്യര്‍ക്കു മുമ്പിലും വെളിപ്പെടുത്തി കൊടുക്കുന്നത് വാസ്തവത്തില്‍ കലയാണ്. എന്നാല്‍ ഈ ഏകത്വം ശരിക്കും അനുഭവിക്കണമെങ്കില്‍ കലാ പാരമ്പര്യങ്ങളെ സാമൂഹിക – രാഷ്ട്രീയ നിര്‍മ്മിതകളില്‍ നിന്ന് നമുക്ക് വേര്‍പ്പെടുത്തേണ്ടതുണ്ട്.

 

ഈ വഴിക്കുള്ള എന്റെ യാത്രകള്‍ തുടങ്ങിയിട്ടെ ഉള്ളൂ. അവബോധത്താലും നിരന്തര പഠനത്തിലൂടെയും അത് തുടരുകയും ചെയ്യും. കലാ അനുഭവം ജീവിതവുമായി വേര്‍തിരിവില്ലാതെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പുരസ്‌കാരത്തിലൂടെ എനിക്ക് ഒരിക്കല്‍ കൂടി ഉറപ്പായിരിക്കുന്നു. എന്റെ സഹയാത്രികരുടെ മാര്‍ഗദര്‍ശനങ്ങളും സഹായങ്ങളുമില്ലാതെ ഞാന്‍ ഇവിടെ എത്തുമായിരുന്നില്ല. പേരില്‍ മാത്രമാണ് ഈ അവാര്‍ഡ് എന്റേതാകുന്നത്. മറ്റുള്ളവരെ പോലെ എന്നേയും പരിപോഷിപ്പിക്കുകയും അതിന്റെ മഹിമ അനുഭവിക്കുന്നതിലേക്ക് നയിക്കുകയും ജീവിതമെന്ന നിഗൂഢതയിലേക്ക് അനന്തമായ ജാലകങ്ങള്‍ തുറന്നിടുകയും ചെയ്ത മഹത്തായ ഈ സംഗീത പാരമ്പര്യത്തിനാണ് ഇത് അര്‍ഹതപ്പെട്ടിരിക്കുന്നത്.

 

കര്‍ണാട്ടിക്ക് സംഗീതത്തിലെ ഒരു പാട്ടില്‍ നിന്നുള്ള ഏതാനും വരികളോടെ ഞാന്‍ അവസാനിപ്പിക്കാം. അതിനെ കുറിച്ച് അല്‍പ്പം. തമിഴ് കവി ഗോപാല്‍കൃഷ്ണ ഭാരതി 19-ാം നൂറ്റാണ്ടില്‍ ദളിത് ഹിന്ദു സന്യാസിയായ നന്ദനാരുടെ (6-7 നൂറ്റാണ്ട്) പോരാട്ടങ്ങളെ കുറിച്ച് ഒരു സംഗീതനാടകം രചിക്കുകയുണ്ടായി. ഈ നാടകത്തില്‍ നന്ദനാര്‍ ഒരു ശിവക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രതിഷ്ഠയ്ക്കു മുമ്പില്‍ ഗാനാര്‍ച്ചന നടത്താന്‍ അവസരം തേടുന്ന ഒരു രംഗമുണ്ട്. 20-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ  ഹിന്ദു ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നുവെന്ന കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്.

 

ഇന്ന്, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലും ദളിതര്‍ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു, അവര്‍ക്കു മുമ്പില്‍ തുറന്നിട്ട ക്ഷേത്രങ്ങളിലേക്കല്ല. മറിച്ച് അവസരങ്ങളുടേയും അവകാശങ്ങളുടേയും അധികാരം പങ്കിടലിന്റേയും ഘടനയിലേക്കാണ് അവര്‍ പ്രവേശനം ആവശ്യപ്പെടുന്നത്. ഇന്നത്തെ നന്ദനാര്‍മാര്‍ കൂടുതര്‍ ശക്തരും സംഘടിതരും അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരും സ്വാധീനശക്തിയുള്ളവരുമാണ്. രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും ആദരവും സമത്വവും തേടിക്കൊണ്ടുള്ള ലോകത്തൊട്ടാകെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്കു മുമ്പില്‍, ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും വാതിലുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍