UPDATES

മമതയുടെ ഫ്ലൈറ്റ് ഇറങ്ങാന്‍ വൈകി; ഗൂഢാലോചനയെന്ന് ആരോപണം

അഴിമുഖം പ്രതിനിധി

ഇന്ധനം കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ചിരുന്ന വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പെട്ടെന്നിറങ്ങാന്‍ അനുവദിക്കാതിരുന്നത് പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, മമതയുടെ ജീവന്‍ അപകടത്തിലാണെന്ന് ആരോപിച്ചു. ഇന്ധനം തീരാറായതായി അവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടും വിമാനം നിലത്തിറക്കാന്‍ അനുമതി ലഭിച്ചില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. വിമാനം അരമണിക്കൂറോളം വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നതിന് ശേഷമാണ് നിലത്തിറക്കാന്‍ സാധിച്ചതെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും തൃണമൂല്‍ അംഗങ്ങള്‍ ആരോപിച്ചു.

എന്നാല്‍ ഗൂഢാലോചന വാദം ശക്തമായി തള്ളിയ സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെയും സ്‌പൈസ് ജറ്റിന്റെയും രണ്ട് വിമാനങ്ങളും സമാന സാഹചര്യത്തില്‍ അവിടെയുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടി. മമതയുടെ വിമാനം 13 മിനിട്ട് മാത്രമാണ് നിലത്തിറങ്ങാന്‍ താമസിച്ചതെന്ന് വ്യോമയാന മന്ത്രി അശോക് ഗണപതി രാജു ലോക്‌സഭയെയും സഹമന്ത്രി ജയന്ത് സിംഗ് രാജ്യസഭയെയും അറിയിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. വിമാനത്താവളത്തിന് മുകളില്‍ 30-40 മിനിട്ടുകള്‍ ചുറ്റിത്തിരിയാനും അടിയന്തിര സാഹചര്യത്തില്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് ഗതിമാറ്റിവിടാനും മതിയാകുന്നത്ര ഇന്ധനം വിമാനത്തില്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടമെന്നിരിക്കെ എങ്ങനെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒരേസമയം മൂന്ന് വിമാനങ്ങള്‍ ഇന്ധനക്കുറവുമായി പറന്നെത്തിയതെന്ന് അന്വേഷിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ ഇരുസഭകളെയും അറിയിച്ചു.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ലോക്‌സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബ്‌ന്ദോപാദ്ധ്യായ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നോട്ട് നിരോധന നയം പൊതുജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ മമത രാജ്യവ്യാപക പ്രക്ഷോഭണം നയിക്കുന്നതിനിടയിലാണ് ഇത്തരം സംഭവം നടന്നതെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ നയത്തിനെതിരെ ഡല്‍ഹിയിലും യുപിലും പ്രക്ഷോഭങ്ങള്‍ നയിച്ച മമത, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദേശീയ നേതാവായി മാറുകയാണ് അവരുടെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍