UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണത്തിന് മേല്‍ മമതയും പറക്കില്ല

അഴിമുഖം പ്രതിനിധി

ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിലേയും പാര്‍ട്ടിയിലേയും പല പ്രമുഖരും പണത്തിനു മുകളില്‍ കമിഴ്ന്നു വീഴുന്നവരാണെന്നതിനു തെളിവുകള്‍ പുറത്ത്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ നാരദ ന്യൂസ് ആണ് തൃണമൂല്‍ അഴിമതിയുടെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. രണ്ടു വര്‍ഷം നീണ്ട സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് നാരദ ടീം തൃണമൂല്‍ നേതാക്കളുടെ യഥാര്‍ത്ഥമുഖം വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുതാര്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായി അവതരിപ്പിക്കപ്പെട്ട മമത ബാനര്‍ജി സര്‍ക്കാരിന്റെ പ്രതിഛായ ആദ്യമായി തകരുന്ന ശാരദ ചിട്ടി തട്ടിപ്പ് കേസ് വെളിയില്‍ വന്നതിനോടനുബന്ധിച്ചാണ് ബംഗാളിലെ യാഥാര്‍ത്ഥ്യങ്ങളന്വേഷിച്ച് തങ്ങളിറങ്ങുന്നതെന്ന് നാരദ ന്യൂസ് പറയുന്നു. രണ്ടുവര്‍ഷം നീണ്ടു നിന്ന അന്വേഷണത്തില്‍ നിന്നും മനസിലായത് അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞു നില്‍ക്കുന്ന ഒരു ഭരണസംവിധാനത്തെയാണ് മമത ബാനര്‍ജി നിലനിര്‍ത്തി പോരുന്നതെന്നായിരുന്നു. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ തൃണമൂല്‍ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭരണ സംവിധാനത്തെയാണ് മമത നയിക്കുന്നത്. പണം നല്‍കിയാല്‍ നിയമവും ചട്ടങ്ങളും മറികടക്കാന്‍ തയ്യാറായി നില്‍ക്കുന്ന നേതാക്കളും മന്ത്രിമാരുമാണ് ബംഗാളില്‍ ഉള്ളതെന്നും നാരദ ന്യൂസ് പറയുന്നു.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പായി ഇംപക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ഒരു വ്യാജ കമ്പനി ഉണ്ടാക്കിയാണ് നാരദ ന്യൂസ് തൃണമൂലിനെതിരെയുള്ള വിവരങ്ങളന്വേഷിച്ചു തുടങ്ങുന്നത്. ഇംപക്‌സിന്റെ പേരില്‍ സംസ്ഥാനത്തെ മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയും ഉദ്യോഗസ്ഥരെയും കണ്ട് അവരുടെ സുതാര്യത എത്രത്തോളമുണ്ടെന്നു മനസിലാക്കുകയായിരുന്നു ലക്ഷ്യം. കരുതിയതിനേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു ഈ അന്വേഷണത്തില്‍ നിന്നും കിട്ടിയത്. 

ശാരദ ചിട്ടി തട്ടിപ്പു കേസ് അന്വേഷിച്ച പൊലീസ് ഉദ്യോസ്ഥന്‍ സയിദ് മിര്‍സയില്‍ നിന്നു തുടങ്ങി മമതയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ മുകള്‍ റോയിയിലൂടെയും മറ്റു പ്രമുഖ നേതാക്കന്മാരുടെയും കാബിനറ്റ് മന്ത്രിമാരുടെയും എല്ലാം നിജസ്വഭാവം വെളിച്ചത്തുകൊണ്ടുവരാന്‍ ഈ അന്വേഷണത്തില്‍ സാധിച്ചിട്ടുണ്ട്. പണം വാങ്ങി കാര്യം സാധിച്ചു കൊടുക്കുന്നതില്‍ ഇവരെല്ലാവരും തമ്മില്‍ തമ്മില്‍ മത്സരമാണെന്നു നാരദയുടെ അന്വേഷണത്തില്‍ തെളിയുന്നു. പുറമെ മാന്യതയുടെയും സുതാര്യതയുടെയും രാഷ്ട്രീയകുപ്പായമിട്ടു നടക്കുന്നവര്‍ കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിക്കുന്നവരാണത്രേ.

ഇംപക്‌സിന്റെ പേരില്‍ പണം വാങ്ങിയ 12 മമത വിശ്വസ്തരുടെ പേരുവിവരങ്ങളും അവര്‍ വാങ്ങിയ തുകയുടെ കണക്കും പുറത്തുവന്നിട്ടുണ്ട്. അവ ഇപ്രകാരമാണ്;

സയിദ് അഹമദ് മിര്‍സ( സീനിയര്‍ പൊലീസ് ഓഫിസര്‍)- 5 ലക്ഷം
മുകുള്‍ റോയി( മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി)-20 ലക്ഷം
സുബത്ര മുഖര്‍ജി( സംസ്ഥാന പഞ്ചായത്ത്. ഗ്രാമവികസന മന്ത്രി)-5 ലക്ഷം
സുല്‍ത്താന്‍ അഹമ്മദ്( എം പിയും മുന്‍ കേന്ദ്ര മന്ത്രിയും)-5 ലക്ഷം
സുഗത റോയി( മുന്‍ കേന്ദ്ര മന്ത്രി)- 5 ലക്ഷം
സുവേന്ദു അധികാരി( തൃണമൂല്‍ യൂത്ത് വിംഗ് പ്രസിഡന്റ്)-5 ലക്ഷം
കകോലി ഘോഷ് ദസ്തികര്‍- 4 ലക്ഷം
പ്രസൂണ്‍ ബാനര്‍ജി( എം പി)- 4 ലക്ഷം
സുവോന്‍ ചാറ്റര്‍ജി( കൊല്‍ക്കത്ത മേയര്‍)- 5 ലക്ഷം
മദന്‍ മിത്ര( മുന്‍ സംസ്ഥാന മന്ത്രി)- 5 ലക്ഷം
ഇക്ബാല്‍ അഹമ്മദ്( എം എല്‍എ) 5 ലക്ഷം

മമത ബാനര്‍ജിയുടെ വിശ്വസ്തരും ഉപദേശകരും പാര്‍ട്ടിയിലെ ഉന്നതസ്ഥാനീയരുമൊക്കെയാണ് പണം വാങ്ങാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നതിനാല്‍ ഇതൊന്നും മമത അറിയാതെ നടക്കുന്ന ഏര്‍പ്പാടുകളായി കാണാനും കഴിയില്ല. പുറത്ത് അഴിമതി രഹിത മുഖങ്ങളായി നടക്കുന്നവരുടെ യഥാര്‍ത്ഥ മുഖങ്ങളാണ് തങ്ങള്‍ പുറത്തു കാണിക്കുന്നതെന്ന് നാരദ ന്യൂസ് അവകാശപ്പെടുന്നു. നേതാക്കളെല്ലാം പണം വാങ്ങുന്നതിന്റെയും സംസാരിക്കുന്നതിന്റെയും വിഡിയോ ക്ലിപ്പിങ്ങളും നാരദ ന്യൂസ് ശേഖരിച്ചിട്ടുണ്ട്.

സംസ്ഥാനം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുമ്പോള്‍ പ്രവചനങ്ങളെല്ലാം മമത അധികാരം നിലനിര്‍ത്തുമെന്നാണ് പറയുന്നത്. ബംഗാളിലെ പൊതുവിലെ സ്ഥിതിവച്ച് ഇതു തന്നെ യാഥാര്‍ത്ഥ്യമാകാനുമാണ് സാധ്യത. പക്ഷേ തൃണമൂല്‍ വീണ്ടും അധികാരത്തില്‍ വരുമ്പോഴും ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനേക്കാള്‍ വേഗത്തില്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതികള്‍ കൂടുതല്‍ വേഗത്തില്‍ വളരുമെന്നാണ് നാരദ പുറത്തുകൊണ്ടുവന്നിരിക്കുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍