തങ്ങളുടെ ദുരവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഏതറ്റംവരെയും പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിനിടെ വസ്ത്രമുരിഞ്ഞ് പ്രതിഷേധം. സമരം ഒരുമാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ വസ്ത്രമുരിഞ്ഞത്.
പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കിന് സമീപം നഗ്നരായി പ്രദക്ഷിണം ചെയ്യാനൊരുങ്ങിയ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി ജന്ദര്‍മന്ദറില്‍ ആരംഭിച്ച തമിഴ്‌നാട്ടിലെ കര്‍ഷക സമരം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ കര്‍ഷകര്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്ക് സന്ദര്‍ശനാനുമതി ലഭിച്ചില്ല.
ഏഴ് പേരടങ്ങിയ കര്‍ഷക സംഘം സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് ഉടന്‍ അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉള്ള നിവേദനം സമര്‍പ്പിക്കാനാണ് എത്തിയത്. അതേസമയം പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിക്കാമെന്ന് പറഞ്ഞ് പോലീസുകാര്‍ തന്നെയാണ് ഇവരെ ഇവിടെയെത്തിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ കര്‍ഷകര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇവരെ ഉടന്‍ പരിസരത്തു നീക്കാന്‍ ശ്രമിച്ചെങ്കിലും ചാടിയോടിയ ചില കര്‍ഷകര്‍ വസ്ത്രങ്ങള്‍ ഊരിയെറിയുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പ്രതിഷേധക്കാര്‍ കൈമുറിച്ച് സമരം നടത്തിയിരുന്നു. തങ്ങളുടെ ദുരവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഏതറ്റംവരെയും പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കടുത്ത വരള്‍ച്ചയും വിളനാശവും കാരണം 2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 140 കര്‍ഷകര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്.