UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി എന്‍ ജി എന്ന നല്ല ഒരാള്‍

Avatar

പി ആര്‍ വന്ദന

മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാ‍ർ, വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ, മാധ്യമസ്ഥാപനങ്ങളുടെ മേധാവികൾ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ, മാധ്യമപ്രവത്തകർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ….ഒപ്പം ഉറ്റവരും ഉടയവരും. ടിഎൻജിക്ക് ആദരാഞ്ജലി അ‍ർപ്പിക്കാൻ എത്തിയ നീണ്ടനിരക്കിടയിൽ അവരുമുണ്ടായിരുന്നു. പേരറിയാത്ത ഒരു മീൻവിൽപ്പനക്കാരി. മരണവാർത്ത കണ്ട് ശംഖുമുഖത്തേക്ക് പോകുന്ന ബസ്സിൽനിന്നിറങ്ങി പാറ്റൂർ നാലുംമുക്കിലെ ഫ്ലാററിലേക്ക് വന്നതാണവർ. ഒരു നമസ്കാരം സമ്മാനിക്കാൻ. ആരും കാണാതെ പോകുന്ന കാഴ്ചകളും കേൾക്കാതെ പോകുന്ന ശബ്ദവും അറിയാതെ പോകുന്ന വേദനകളും നേർമുന്നിലെത്തിച്ച കണ്ണാടി പിടിച്ച കൈകൾക്ക് മുന്നിൽ അന്ത്യനമസ്കാരം നൽകാൻ വന്ന ആ മീൻകാരിയുടെ രണ്ടുതുള്ളി കണ്ണുനീരാണ് ടി എൻ ഗോപകുമാർ എന്ന മാധ്യമപ്രവർത്തകന് കിട്ടിയ ഏറ്റവും വലിയ യാത്രാമൊഴി.

ടിഎൻജിയുടെ മാധ്യമലോകവും മാധ്യമജീവിതവും മാധ്യമസങ്കൽപവും വളരെ വലുതാണ്. ദില്ലിയിലെ വിശാലസാധ്യതകളിൽനിന്ന് കേരളത്തിലേക്ക് മാറ്റിനട്ട വേരുകൾ അത്രയും ആഴമേറിയതാണ്. ശുചീന്ദ്രത്തിൽനിന്ന് തുടങ്ങി നാഗ‍ർകോവിലും തിരുവനന്തപുരവും വഴി ദില്ലിയിലെത്തി തിരിച്ച് വീണ്ടും തിരുവനന്തപുരത്ത് എത്തിയ അക്ഷരങ്ങളുടെ യാത്രാവഴി, ആ പയനത്തിനിടെ കിട്ടിയ അംഗീകാരങ്ങൾ, എഴുതിത്തീർ‍ത്ത കൃതികൾ ഇതെല്ലാം ടി എൻ ഗോപകുമാർ എന്ന മുതിർന്ന മാധ്യമപ്രവർത്തകന്റെ മരണക്കുറിപ്പിലെ വ്യക്തിഗതവിവരങ്ങളായി എല്ലാ മലയാളികളും ഞായറാഴ്ച രാവിലെ വായിച്ചു. കറതീർന്ന ജനാധിപത്യവാദിയും മതേതരമൂല്യങ്ങളുടെ ശക്തനായ വക്താവുമായ ആ കാരണവരുടെ വിടവ് മാധ്യമലോകത്ത് നികത്തപ്പെടാനാകാത്ത ശൂന്യതയായി തുടരുകയും ചെയ്യും.

ടിഎൻജിയുടെ മരണത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ എല്ലാ ജീവനക്കാരും വലിപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരുടേയും വ്യക്തിപരമായ നഷ്ടം എന്ന നിലക്ക് വിതുമ്പിയതും സ്ഥാപനം വിട്ട് മറ്റിടങ്ങളിൽ ചേക്കേറിയവ‍ർ ഓടിയെത്തിയതും ആ നേട്ടങ്ങളുടെ അനന്യത കൊണ്ടു മാത്രമായിരുന്നില്ല. ടിഎൻജി എന്ന മൂന്നക്ഷരം എല്ലാവർക്കും കാണിച്ചുതന്ന പാഠങ്ങൾ വേറെ ചിലതായിരുന്നതുകൊണ്ടാണ്.

അദ്ദേഹം ഒട്ടും petty ആയിരുന്നില്ല, വ്യക്തിപരമായി ആളുകളോടുള്ള ഇഷ്ടാനിഷ്ടങ്ങൾ തീരുമാനങ്ങളെ ബാധിക്കാത്ത വിധം professional. മാധ്യമപ്രവർത്തനവും വിപണിയുടെ താത്പര്യങ്ങളും കൊമ്പുകോർക്കാതിരിക്കാൻ ശ്രദ്ധിച്ച അതേസമയം വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്ത ജാഗരൂകൻ. പദവിയുടെ മൂപ്പിളമകൾ പെരുമാറ്റത്തെ ബാധിക്കാതിരിക്കാനും ഔപചാരികതകൾ ബന്ധങ്ങൾക്കും വാക്കുകൾക്കും വിലങ്ങാവാതിരിക്കാനും സദാ ശ്രദ്ധിച്ച വഴികാട്ടി. ടിഎൻജി എല്ലാവർക്കും ഒരേ സമയം മേലധികാരിയായിരുന്നു, സുഹൃത്തായിരുന്നു,  ഗുരുവായിരുന്നു, സഹോദരനായിരുന്നു.

തന്റെ കഴിവുകൾ എന്തെന്നും എന്തല്ല എന്നും തികഞ്ഞ ബോധ്യമുണ്ടായിരുന്ന ടിഎൻജിക്ക് മത്സരബുദ്ധി ആരേയും തോൽപ്പിക്കാനായിരുന്നില്ല, ആരെയെങ്കിലും ഒഴിവാക്കാനോ എന്തെങ്കിലും തെളിയിക്കാനോ ആയിരുന്നില്ല, മറിച്ച് സ്വയം ഊതിത്തെളിയുന്നതിനായിരുന്നു. സ്വന്തം ഇടം എന്തെന്ന് കൃത്യമായി അറിയുന്നവന്റെ ആത്മവിശ്വാസം. ആരു വന്നാലും പോയാലും തെളിഞ്ഞ മനസ്സോടെ സ്വീകരിക്കാനായതും അതുകൊണ്ടുതന്നെ.

പലർക്കും കേൾക്കുമ്പോൾ തന്നെ ഭയം ജനിപ്പിച്ചിരുന്ന ഞണ്ടിന്റെ കാലുകൾ തന്നെയും വരിഞ്ഞുമുറുക്കാനെത്തി എന്നറിഞ്ഞപ്പോൾ ചിരിച്ചുകൊണ്ടുനേരിട്ട ടിഎൻജി. ജീവിതത്തോടുള്ള സ്നേഹം കൊണ്ട്, ധൈര്യം കൊണ്ട്, തമാശ കൊണ്ട്, യുക്തി കൊണ്ട് ഞണ്ടുകളെ വലിച്ചെറിഞ്ഞ് തിരിച്ചെത്തിയ ടിഎൻജി. ഒന്നിലധികം തവണ മരണത്തിന്‍റെ കരിനീഴൽ മേലുവീണിട്ടും തിരിച്ചുവന്ന ടിഎൻജി. ഒടുവിൽ ഓർമ്മനക്ഷത്രങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോകാനുറച്ചെത്തിയ മരണത്തിന്റെ കൈ പിടിച്ചതും മന്ദഹാസത്തോടെ.

ഫലപ്രാപ്തിയുടെ വലിപ്പച്ചെറുപ്പം ലക്ഷ്യം വെക്കാതെ അവനവന്റെ ജോലി നന്നായി ചെയ്ത, മറ്റുള്ളവരെ വേദനിപ്പിക്കാതെ നല്ല മനുഷ്യനായി ജീവിച്ച, പറ്റുംപോലെയെല്ലാം മറ്റുള്ളവരെ സഹായിച്ച, പ്രണയവും സൗഹൃദവും പിതൃത്വവും മുത്തച്ഛനായതും എല്ലാം ആസ്വദിച്ച, സ്വന്തം ജീവിതത്തെ സ്നേഹിച്ച ടിഎൻജി അസുഖത്തേയും മരണത്തേയും മുഖാമുഖം കണ്ടതും നേരിട്ടതും പോയതും അന്തസ്സോടെ.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുലർത്തിയ അന്തസ്സാണ് ടിഎൻജിയെ എല്ലാവർക്കും പ്രിയങ്കരനാക്കിയത്. വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും കാണിച്ച സ്നേഹമാണ്, അന്യജീവി കരുതലാണ് അദ്ദേഹത്തെ മാതൃകയാക്കിയത്. കൈപിടിച്ചുനടന്നവരും കൈപിടിച്ചുനടത്തിയവരും ഒപ്പം നടന്നവരും എല്ലാം മൂന്നക്ഷരത്തിന്റെ വലിയ വിടവിൽ നോക്കി നെടുവീ‍ർപ്പിടുന്നതും അതുകൊണ്ടുതന്നെ.

പ്രസരിപ്പും ഊർജ്ജവും സൗന്ദര്യവും അന്തസ്സും എല്ലാമുള്ള ഫോട്ടോ തന്നെ നൽകണം തന്നെക്കുറിച്ചുള്ള അവസാനവാർത്തക്ക് എന്ന അച്ഛന്റെ വാക്കുകൾ കേട്ടു, ഗായത്രിയും കാവേരിയും . ടിഎൻജിയുടെ മനോഹമായ ഫോട്ടോക്കൊപ്പമാണ് ആ വിയോഗവാർത്ത മുഖ്യധാരാമാധ്യമങ്ങളെല്ലാം നൽകിയത്. പോയത് ഒരു ഭർത്താവും ഒരച്ഛനും സഹോദരനും മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനും ഒന്നുമല്ല. നല്ലയൊരാളാണ്. നല്ല ഒരാൾ. 

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍