UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് സ്റ്റാലിന്‍

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരല്ല ഇപ്പോള്‍ ഭരിക്കുന്നതെന്നും സ്റ്റാലിന്‍

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല ഉടന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍. 2016 മെയില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ജയലളിതയ്ക്ക് വോട്ട് ചെയ്തത് അവരുടെ വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാന്‍ അല്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത് അല്ലാതെ പനീര്‍സെല്‍വത്തിനോ അവരുടെ വീട്ടുവേലക്കാരായ ആര്‍ക്കെങ്കിലും വേണ്ടിയോ ആയിരുന്നില്ലെന്നാണ് സ്റ്റാലിന്‍ പിടിഐയോട് പറഞ്ഞത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരല്ല ഇപ്പോള്‍ ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് നടക്കുന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സംസ്ഥാനത്തെ മൂന്ന് പ്രമുഖ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും രണ്ട് ദിവസം മുമ്പ് പുറത്താക്കിയിരുന്നു. ജയലളിത നിയമിച്ച മൂന്ന് പേരെയാണ് പുറത്താക്കിയത്. ഷീല ബാലകൃഷ്ണന്‍, കെ എന്‍ വെങ്കട്ടരമണന്‍, രാമലിംഗം എന്നിവരെയാണ് പുറത്താക്കിയത്.

ജയലളിതയുടെ വിശ്വസ്തരായിരുന്ന ഇവര്‍ അവരുടെ ഉപദേശകരായാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പനീര്‍സെല്‍വം മുഖ്യമന്ത്രിയായപ്പോഴും ഇവരുടെ സേവനം തേടി. എന്നാല്‍ ശശികലയുടെ മന്നാര്‍ഗുഡി കുടുംബത്തിന് ഇവരോട് താല്‍പര്യമുണ്ടായിരുന്നില്ല. ജയലളിത മരിച്ച ദിവസം മുതല്‍ ശശികല മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹം പരന്നിരുന്നു.

പുരട്ചി തലൈവിയായ അമ്മയ്ക്ക് ഉണ്ടായിരുന്നത് പോലെ ചിന്നമ്മയ്ക്കും(ശശികല) ബുദ്ധിയും ഭരിക്കാനുള്ള ശേഷിയും ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സ്‌നേഹവും കരുതലുമുണ്ടെന്ന് ജനുവരി ആദ്യം ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറും എഐഎഡിഎംകെ പ്രൊപ്പഗാന്‍ഡ സെക്രട്ടറിയുമായ എം തമ്പിദുരൈ പറഞ്ഞിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം ചിന്നമ്മ ഏറ്റെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് താന്‍ വിശ്വസിക്കുന്നതായും അന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ് ജനതയുടെ വികസനത്തിന് അത് അനിവാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം നിലവിലെ മുഖ്യമന്ത്രി പനീര്‍സെല്‍വം സ്ഥാനമൊഴിയേണ്ട കാര്യമില്ലെന്നാണ് ജനുവരിയില്‍ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ പറഞ്ഞത്. പനീര്‍സെല്‍വത്തിന്റെ കീഴിലുള്ള എഐഎഡിഎംകെ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പാര്‍ട്ടിക്ക് ഇപ്പോള്‍ നേതൃത്വ മാറ്റത്തിന്റെ ആവശ്യമോ തിടുക്കമോ ഇല്ല. പാര്‍ട്ടി ഹൈക്കമാന്‍ഡ് മാത്രമാണ് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത്. ഒരു രാഷ്ട്രീയ നിരീക്ഷകനെന്ന നിലയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് താന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍