UPDATES

പ്രവാസം

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യമേഖലയില്‍ എമിറേറ്റി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കലില്‍ പുതിയ ഇളവുകളുമായി യുഎഇ സര്‍ക്കാര്‍

യുഎഇ പൗരന്മാര്‍ക്ക് വേണ്ടത്ര പ്രാവീണ്യമില്ലാത്ത ആരോഗ്യ ശുശ്രൂഷ പോലുള്ള മേഖലകളില്‍ എമിറൈറ്റൈസേഷന്‍ അത്ര എളുപ്പമാവില്ല എന്നത് പ്രവാസികള്‍ക്ക് ആശ്വാസമാവും

സ്വകാര്യമേഖലയില്‍ എമിറൈറ്റിസേഷന്‍ പദ്ധതി വേഗത്തിലാക്കാന്‍ കമ്പനികള്‍ക്ക് പുതിയ ഇളവുകളുമായി യുഎഇ സര്‍ക്കാര്‍. 75 ദിവസത്തിനുള്ളില്‍ 1,000 എമിറേറ്റി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന് മാനവവിഭവ, എമിറൈറ്റിസേഷന്‍ മന്ത്രി സാഖര്‍ ബിന്‍ ഗോബാഷ് സായീദ് ഗോബാഷ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. യുഎഇ പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ഇളവുകള്‍ പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷത്തെ നടപടികളുടെ തുടര്‍ച്ചാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയില്‍ തൊഴിലന്വേഷിക്കുന്ന പ്രവാസികള്‍ക്ക് തീരുമാനം തിരിച്ചടിയായേക്കും.

14-ാം വകുപ്പില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യോഗ്യതയുള്ള ഒരു യുഎഇ പൗരനും തൊഴില്‍ നല്‍കാതിരുന്നിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ വിദേശ പൗരന്മാര്‍ക്ക് തൊഴില്‍ മന്ത്രാലയം അംഗീകാരം നല്‍കൂ എന്ന് നിര്‍ഷ്‌കര്‍ഷിക്കുന്നതാണ് 14-ാം വകുപ്പ്. പദ്ധതിയുടെ തുടക്കത്തില്‍ 250 സ്വകാര്യ കമ്പനികളെയാണ് ലക്ഷ്യമിടുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ദ്ദിഷ്ട തൊഴിലുകളില്‍ യോഗ്യരായ എമിറേറ്റി പൗരന്മാര്‍ നിയമിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നത് വഴി അവരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക എന്നതാണ് ലക്ഷ്യം.

ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി സ്വകാര്യ ഉടമകള്‍ക്ക് പ്രയോജനകരമായ നിരവധി നയങ്ങളും പരിപാടികളും സ്വകാര്യമേഖലയില്‍ നടപ്പിലാക്കും. പല സ്വകാര്യ സംരംഭകരും എമിറേറ്റി പൗരന്മാരെ നിയമിക്കുന്നതില്‍ വര്‍ദ്ധിച്ച താല്‍പര്യം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നോക്ക പ്രദേശങ്ങളിലും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നയങ്ങള്‍ കൂടുതല്‍ ഗുണകരമാവുക എന്നും വിലയിരുത്തപ്പെടുന്നു. സര്‍ക്കാര്‍ കോട്ട സമ്പ്രദായം പിന്തുടരുകയോ അല്ലെങ്കില്‍ സ്വന്തമായ കോട്ട സമ്പ്രദായം ഏര്‍പ്പെടുത്തുകയോ ചെയ്തുകൊണ്ട് പ്രാദേശിക സ്വകാര്യ കമ്പനികള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും യുഎഇ പൗരന്മാര്‍ നിയമിക്കാന്‍ സാധിച്ചാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് റോബര്‍ട്ട് മുറെ ആന്റ് അസോസിയേറ്റ്‌സിലെ കണ്‍സള്‍ട്ടന്റ് സോണിയ വെല്‍സ് പറഞ്ഞു. നവബിരുദധാരികളെ നിയമിക്കാനും പരിശീലിപ്പിക്കാനും സ്‌കാര്യ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്ന എമിറേറ്റി പൗരന്മാര്‍ പെട്ടെന്നു തന്നെ സര്‍ക്കാര്‍ ജോലികളിലേക്ക് തിരിയുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ യുഎഇ പൗരന്മാര്‍ക്ക് വേണ്ടത്ര പ്രാവീണ്യമില്ലാത്ത ആരോഗ്യ ശുശ്രൂഷ പോലുള്ള മേഖലകളില്‍ എമിറൈറ്റൈസേഷന്‍ അത്ര എളുപ്പമാവില്ല എന്നത് പ്രവാസികള്‍ക്ക് ആശ്വാസമാവും. 2015ലെ കണക്കുകള്‍ പ്രകാരം 48 ശതമാനം പ്രാദേശിക തൊഴിലന്വേഷകരും വൈദഗ്ധ്യം കുറഞ്ഞവരാണ്. പത്ത് ശതമാനത്തില്‍ താഴെ മാത്രമേ വെള്ളക്കോളര്‍ തൊഴിലുകള്‍ക്ക് യോഗ്യത നേടിയിട്ടുള്ളു. സാങ്കേതിക വൈദഗ്ധ്യമുള്ളവരാകട്ടെ വെറും മൂന്ന് ശതമാനവും. ഇത്തരം കണക്കുകള്‍ താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന ഉദാരമായ ഇളവുകള്‍ സ്ഥിതിഗതികളെ പെട്ടെന്ന് തന്നെ മാറ്റി മറിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍