UPDATES

വിദേശം

ഭയം വിതയ്ക്കുക, ഭിന്നത രൂക്ഷമാക്കുക; ഐഎസ് നടപ്പാക്കുന്ന ലക്ഷ്യങ്ങള്‍

വിശ്വാസികളായ മുസ്ലീങ്ങള്‍ക്ക് യൂറോപ്പ് സഹിക്കാന്‍ പറ്റാത്ത ഇടമാക്കുക എന്നതാണു ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കിയിട്ടുണ്ട്

ജോബി വാറിക്

ഔദ്യോഗിക അമാക് മാധ്യമ ചാനലിലെ അവകാശവാദം ചെറുതും അസുഖകരമാം വിധം പരിചിതവുമായിരുന്നു; ഇത്തവണ ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ നടത്തിയ ആക്രമണത്തിന് പിറകില്‍ ഒരു ‘ഇസ്ലാമിക് സ്റ്റേറ്റ് സൈനികനാണ്’.

ആക്രമണം ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് നേടിയിരിക്കുന്നു: പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മുസ്ലീങ്ങളും മറ്റെല്ലാവരും തമ്മില്‍ ഭിന്നത രൂക്ഷമാക്കുക.

അയല്‍രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ നടന്നപ്പോഴും താരതമ്യേന ശാന്തമായിരുന്ന ഒരു രാജ്യത്തു നടന്ന ആക്രമണത്തെ തുറന്ന യുദ്ധപ്രഖ്യാപനമായാണ് ഭീകരവാദ വിദഗ്ധര്‍ കാണുന്നത്. വലിയ മുസ്ലീം സമുദായവും ഈയിടെ മുസ്ലീം കുടിയേറ്റത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും ഉള്ള ജര്‍മ്മനി ഏറെക്കാലമായി തീവ്രവാദി സംഘത്തിന്റെ ലക്ഷ്യമാണ്.

ഏത് മാര്‍ഗം ഉപയോഗിച്ചും –ട്രക്കുകളടക്കം-ജര്‍മ്മനിയില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ അനുയായികളെ ഈയടുത്ത മാസങ്ങളില്‍ ആഹ്വാനം ചെയ്യുകയായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ചടി ഉണ്ടാക്കലായിരുന്നു ലക്ഷ്യം. തുടര്‍ന്നുള്ള അടിച്ചമര്‍ത്തല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കും എന്നാണവരുടെ കണക്കുകൂട്ടല്‍. കൂടുതല്‍ മുസ്ലീങ്ങള്‍ ജിഹാദിപ്പടയിലേക്ക് നീങ്ങും.

“ഐ എസ് വിരുദ്ധ നീക്കങ്ങളില്‍ ജര്‍മ്മനി വളരെ കുറച്ചു പങ്കെ വഹിച്ചിട്ടുള്ളൂ-പക്ഷേ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും പ്രധാന രാജ്യമാണത്- എന്നത് പടിഞ്ഞാറന്‍ സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ അതിനെ പറ്റിയ സ്ഥലമാക്കുന്നു,” മുന്‍ സി ഐ എ ഭീകരവാദവിരുദ്ധ ഉദ്യോഗസ്ഥന്‍ പോള്‍ പില്ലാര്‍ പറഞ്ഞു. “വലിയ തോതില്‍ മുസ്ലീം കുടിയേറ്റക്കാരെ സ്വീകരിച്ച ഒരു രാജ്യത്ത് മുസ്ലീം അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും അന്നാട്ടുകാര്‍ക്കെതിരായി തിരിയുന്നത് ജര്‍മ്മനിയില്‍ മാത്രമല്ല യൂറോപ്പിലാകെ കുടിയേറ്റ വിരുദ്ധ വികാരം തീക്ഷ്ണമാക്കും.”

പിന്നീട് ഇറ്റലിയില്‍ വെച്ചു കൊല്ലപ്പെട്ട അക്രമി, അനീസ് അംറി, ബെര്‍ലിനിലെ തിരക്കുപിടിച്ച ഒരു ക്രിസ്മസ് ചന്തയിലേക്ക് ട്രാക് ഓടിച്ചുകയറ്റി 12 പേരെയാണ് കൊന്നത്. 50-ഓളം പേര്‍ക്കു പരിക്കേറ്റു.

ആക്രമിയെക്കുറിച്ച് ഒരു സൈനികന്‍ എന്നല്ലാതെ ഇസ്ലാമിക് സ്റ്റേറ്റ് മറ്റ് വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ല. മുമ്പ് പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ തങ്ങളുടെ അംഗങ്ങളല്ലാത്ത എന്നാല്‍ പ്രചാരണത്തില്‍ ആകൃഷ്ടരായ അനുയായികളാണ് എന്നു ഐ എസ് പറഞ്ഞിരുന്നു.

എന്നാല്‍ ബെര്‍ലിന്‍ സംഭവത്തില്‍ ‘രക്തസാക്ഷിയാവുന്ന’ പതിവിന് പകരം അക്രമി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഭീകരവാദവിരുദ്ധ വിദഗ്ദരെ സംശയത്തിലാക്കുന്നു.

ആക്രമം ജിഹാദി ആശയങ്ങളാല്‍ പ്രചോദിതമായേക്കാമെങ്കിലും ഡ്രൈവറുടെ രക്ഷപ്പെടാനുള്ള ശ്രമം കാണിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുണ്ടാകാന്‍ ഇടയില്ല എന്നാണെന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ തീവ്രവാദവിഭാഗം ഡയറക്ടര്‍ പോരെന്‍സൊ വിഡിനോ പറയുന്നു.

ജര്‍മ്മനിയെ ഉന്നം വെച്ചത് ഒരു അവസരം ഉപയോഗപ്പെടുത്തിയതോ, ഇസ്ലാമിക് സ്റ്റേറ്റ് തന്ത്രപരമായി ഒരു പ്രധാന ലക്ഷ്യം തെരഞ്ഞെടുത്തതോ ആകാം.

“പല കാരണങ്ങളാലും ജര്‍മ്മനി ഒരു ലക്ഷ്യസ്ഥാനമാകാം,” വിഡിനോ പറഞ്ഞു. “ഒന്ന്, വൈരുദ്ധ്യമെന്നോണം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയതാണ്. ഐ എസിന്റെ കാഴ്ച്ചപ്പാടില്‍ ഖിലാഫത്തിന്റെ സ്വാഭാവിക പൌരന്മാരെ അത് കൊണ്ടുപോവുകയാണ്. ജര്‍മ്മനിയില്‍ സ്വീകരിക്കപ്പെടുന്ന ഓരോ അഭയാര്‍ത്ഥിയും മിക്ക മുസ്ലീങ്ങളും എങ്ങനെ ഐഎസിനെ വെറുക്കുന്നു എന്നതിന്റെ തെളിവാണ്.”

ഐ എസിനെ സംബന്ധിച്ച് തന്ത്രപരമായ തലത്തില്‍ മുസ്ലീങ്ങളും അമുസ്ലീങ്ങളും തമ്മിലുള്ള അകലം കൂട്ടാന്‍ ഇത് സഹായിക്കും.

“ഏത് പടിഞ്ഞാറന്‍ രാജ്യത്തെ ആക്രമണത്തിലും ജിഹാദികള്‍ ആഗ്രഹിക്കുന്നത് മുസ്ലീങ്ങളും ബാക്കി ജനതയും തമ്മിലുള്ള ധ്രുവീകരണമാണ്,” വിഡിനോ പറഞ്ഞു. “വളരെ ജനകീയമായ ഒരു ക്രിസ്ത്യന്‍ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണം ആ ദിശയിലാണ്.”

കൃത്യമായ നിര്‍ദേശങ്ങള്‍ക്കൊ ആസൂത്രണത്തിനോ കാത്തു നില്‍ക്കാതെ വിദേശത്തു ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് അതിന്റെ നൂറുകണക്കിനു സന്ദേശങ്ങളിലൂടെ അനുയായികളോട് ഈയടുത്ത് ആവശ്യപ്പെട്ടിരുന്നു. ഇറാഖിലും സിറിയയിലുമുള്ള സ്വയം പ്രഖ്യാപിത ഖിലാഫത്തില്‍ തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയതോടെ ഈ ആഹ്വാനങ്ങള്‍ അടുത്തിടെ വര്‍ധിച്ചിരുന്നു.

നവംബറില്‍ ഐ എസിന്റെ ഫ്രഞ്ച് ഭാഷയിലെ മാധ്യമ വിഭാഗം യൂറോപ്യന്‍ മുസ്ലീങ്ങളോട് ഫ്രാന്‍സിലെ നീസില്‍ ജൂലായ് 14-നു നടന്ന ഭീകരാക്രമണം പകര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ഒരു ഫ്രഞ്ച്-ടുണീഷ്യന്‍ തിരക്കിനിടയിലേക്ക് വണ്ടിയിടിച്ചുകയറ്റി 86 പേരെയാണ് കൊന്നത്.  “എന്റെ ട്രക് എന്റെ ശത്രുക്കളുടെ മേല്‍ ഓടിച്ചുകയറ്റി അവര്‍ ദു:ഖിക്കും വരെ അവര്‍ക്ക് ശരിക്കുള്ള ശിക്ഷ നല്കുമെന്ന്” ഒരു മുസ്ലീം പുരുഷന്‍ പ്രതിജ്ഞ ചെയ്യുന്നത് ഈ ആഹ്വാന പോസ്റ്റുകളില്‍ ‍ കാണിക്കുന്നു.

വിശ്വാസികളായ മുസ്ലീങ്ങള്‍ക്ക് യൂറോപ്പ് സഹിക്കാന്‍ പറ്റാത്ത ഇടമാക്കുക എന്നതാണു ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ജീവിക്കുന്ന മുസ്ലീങ്ങള്‍ തിരിച്ചടി നേരിടുന്ന തരത്തില്‍ പടിഞ്ഞാറിനെ ഭീകരവാദികള്‍ ആക്രമിക്കുമെന്ന് 2015-ലെ ഐ എസിന്റെ ഇംഗ്ലീഷ് മാസിക ദാബികില്‍ വന്ന ഒരു ലേഖനത്തില്‍ മുന്നറിയിപ്പ് നല്കുന്നു.

“പടിഞ്ഞാറുള്ള മുസ്ലീങ്ങള്‍,” ലേഖനം പറയുന്നു. “വളരെ വേഗം തങ്ങള്‍ക്കുള്ള രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കിടയ്ക്ക് വരും; ഒന്നുകില്‍ പടിഞ്ഞാറന്‍ മതം സ്വീകരിക്കുക…അല്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കുടിയേറി പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുക.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍