UPDATES

സയന്‍സ്/ടെക്നോളജി

ആണ്‍കുട്ടികള്‍ ഉണ്ടാവുന്നതിന്‍റെ ശാസ്ത്രം; സാക്ഷര കേരളം എന്തുകൊണ്ട് ലജ്ജിക്കണം

ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങളിൽ വശംവദരാവുന്ന മലയാളി

‘ആൺ കുട്ട്യോളുണ്ടാവാൻ
പൂവാം കുറുന്തില ചൂടേണം’

പഴയ ഒരു ഈരടിയാണ്. കാരണവന്മാർ പറഞ്ഞുവെച്ചത്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, പെണ്ണിന്‍റെ കർമ്മഫലമാണ് ആല്ലെങ്കിൽ കഴിവാണ് പുത്രൻമാർ ഉണ്ടാകുന്നതിന്‍റെ അടിസ്ഥാനം എന്നത് ഒരു ശരാശരി മലയാളിയുടെ മനസ്സിൽ നിന്ന് മാറ്റാൻ നമ്മള്‍ ഉദ്ഘോഷിക്കുന്ന സമ്പൂർണ്ണ സാക്ഷരതയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്നും മലയാളികൾ ആൺകുഞ്ഞുണ്ടാകാൻ വേണ്ടി വ്രതം നോക്കുകയും പൂവാം കുറുന്തില ചൂടുകയും വടക്കോട്ട് നോക്കി കിടക്കുകയും  മാട്ടിറച്ചി കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടോ?

ഇനിയൊരല്‍പ്പം ശാസ്ത്രം.

23 ജോഡി ക്രോമസോമുകളാണ് മനുഷ്യ ശരീരത്തിലെ കോശങ്ങളിൽ കാണപ്പെടുന്നത്. ലിംഗം നിർണ്ണയിക്കുന്നത് ഇതിൽ ഒരു ജോഡി ക്രോമസോമുകളും. പെൺകുട്ടികളിൽ രണ്ട് X ക്രോമസോമുകളും (XX) ആൺ കുട്ടികളിൽ  ഒരു X ക്രോമസോമും ഒരു Y ക്രോമസോമും (XY) ആണ് കാണപ്പെടുന്നത്. സ്ത്രീ ശരീരത്തിൽ അണ്ഡാശയത്തിൽ നിന്ന് ഓരോ മാസവും ഒരു അണ്ഡം വീതം വിസര്‍ജ്ജിക്കപ്പെടുന്നു. ഈ അണ്ഡവും പുരുഷ ശരീരത്തിൽ നിന്നു വരുന്ന ബീജവും ബീജസങ്കലനം എന്ന പ്രക്രിയ വഴി ചേർന്നാണ് ഭ്രൂണം രൂപം കൊള്ളുന്നത്. അണ്ഡത്തിന്‍റെ ക്രോമസോം ഘടന എപ്പോഴും X തന്നെ ആയിരിക്കും. പുരുഷനിൽ ഒരു സ്ഖലനത്തിലൂടെ പുറത്തു വരുന്ന ശുക്ലത്തിൽ ദശലക്ഷക്കണക്കിന് ബീജം ഉണ്ടാകാറുണ്ട്. ഇതിൽ പകുതി ബീജങ്ങളുടെ ക്രോമസോം ഘടന X ഉം മറ്റേ പകുതി ബീജങ്ങളുടെ ക്രോമസോം ഘടന  Y ഉം ആണ്. X ബീജമാണ് അണ്ഡവുമായി സംയോജിക്കുന്നതെങ്കിൽ ഭ്രൂണത്തിന്‍റെ ക്രോമസോം XX ആയിരിക്കും. കുഞ്ഞ് പെൺകുട്ടിയും. അതേസമയം Y ബീജമാണ് അണ്ഡവുമായി സംയോജിക്കുന്നതെങ്കിൽ ഭ്രൂണത്തിൻറെ ക്രോമസോം ഘടന XY ആയിരിക്കും. കുഞ്ഞ് ആൺകുട്ടിയും.

പ്രകൃതിനിയമം അനുസരിച്ച് X ബീജവും Y ബീജവും 1:1 എന്ന അനുപാതത്തിലാണ്  കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ആൺ പെൺ അനുപാതവും 1:1 തന്നെയായിരിക്കേണ്ടതാണ്.

ഈ അനുപാതത്തിൽ മാറ്റം വരുത്താനുതകുന്ന ഭക്ഷണ പദാർത്ഥങ്ങളോ മറ്റ് സ്വാഭാവിക ഘടകങ്ങളോ ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. അത്തരം മിഥ്യാ ധാരണകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ഒറ്റ അക്ക ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു കൊണ്ടോ, കട്ടിയുള്ള ആഹാരം കഴിക്കുന്നതു കൊണ്ടോ,  വടക്കു വശത്തേക്ക് നോക്കി കിടന്നുറങ്ങുന്നതു കൊണ്ടോ ഒക്കെ ആൺ കുട്ടികളുണ്ടാകും എന്ന്  പ്രസിദ്ധീകരിക്കുന്നതു കൊണ്ട് മലയാളികൾ ലോക ജനതക്കു മുന്നിൽ  അപഹാസ്യരായിത്തീരുകയേയുള്ളൂ. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കാര്യങ്ങൾ  പൊതു സമൂഹത്തിലെത്തിക്കുക വഴി  മനസ്സിന്‍റെ ജീർണ്ണത മറ്റുള്ളവരിലേക്കും എത്തപ്പെടുന്നു. ഈയിടെയായി മലയാളി സമൂഹത്തിൽ കാണപ്പെടുന്ന ഒരു ദുഷ്പ്രവണതയാണ് ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങളിൽ വശംവദരാവുക എന്നത്. വാക്സിൻ വിരുദ്ധതയും കാൻസറിന് ഒറ്റമൂലി ചികിൽസയുമൊക്കെ ഉദാഹരണങ്ങൾ. സാക്ഷരത കൊണ്ട് ബുദ്ധിയോ സംസ്കാരമോ വർദ്ധിക്കുന്നില്ലെന്ന് സാക്ഷര കേരളം തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

ആണ്‍കുട്ടിയുണ്ടാകാനുള്ള വിദ്യകളുമായി മംഗളം; കോമണ്‍സെന്‍സ് വേണമെന്ന പരിഹാസവുമായി ബിബിസിയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍

ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോൾ മാതൃ മരണ നിരക്ക്, ശിശു മരണ നിരക്ക് തുടങ്ങിയ ആരോഗ്യ സൂചകങ്ങളിലെല്ലാം കേരളത്തിന്‍റേത് വളരെ മെച്ചപ്പെട്ട നിലവാരത്തിലാണ്. സ്ത്രീ പുരുഷ അനുപാതത്തിലും കേരളം വളരെ മുന്നിലാണ്. 1000 പുരുഷൻമാർക്ക് 1084 സ്ത്രീകൾ എന്നതാണ് കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം. എന്നാൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത കേരളത്തിൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ ഈ അനുപാതം 964 ആയി കുറഞ്ഞു എന്നതാണ്.

xy

അവസാനമായി ഒരു കാര്യം കൂടി.

X ക്രോമസോമുമായി ബന്ധപ്പെട്ട (X linked) രോഗങ്ങൾ പൊതുവെ ആൺ കുട്ടികളിൽ പ്രകടമാവുകയും പെൺകുട്ടികൾ ഈ രോഗത്തിൻറെ വാഹകരായിരിക്കുകയും ചെയ്യുന്നു. മാതാപിതാക്കളിൽ ഒരാൾ X linked രോഗങ്ങളുടെ വാഹകരാണെങ്കിൽ ലിംഗ നിർണ്ണയം ചെയ്ത്  പെൺകുട്ടിയാണെങ്കിൽ ഗർഭം തുടരാനും ആൺകുട്ടി ആണെങ്കിൽ ഗർഭം അലസിപ്പിച്ചു കളയാനുമാണ് വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്നത്. ഇത്തരം ചില അപൂർവ അവസരങ്ങളിലൊഴികെ ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണയം ചെയ്യുന്നത് ഇന്ത്യയിൽ കുറ്റകരമാണ്.

കഴിഞ്ഞ ദശാബ്ദത്തിൽ പുതുതായി വന്ന പരിശോധനാ രീതിയാണ് pre implantation genetic diagnosis (PGD). ടെസ്റ്റ്യൂബ് ബേബി ക്ലിനിക്കുകളിലാണ്( IVF Clinic) ഈ പരിശോധന സാധ്യമാകുന്നത്. IVF ക്ലിനിക്കുകളില്‍ സ്ത്രീ ശരീരത്തിൽ നിന്ന്  അണ്ഡവും പുരുഷ ശരീരത്തിൽ നിന്ന് ബീജവും എടുത്ത് ശരീരത്തിന് പുറത്തു വച്ച് ബീജസങ്കലനം നടത്തുന്നു. ബീജസങ്കലനം നടന്നുണ്ടായ ഭ്രൂണം കോശവിഘടനം നടന്ന് നാലു മുതൽ എട്ടുവരെ കോശങ്ങളായതിനു ശേഷമാണ് തിരികെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്. ഗർഭപാത്രത്തിലേക്ക് ഭ്രൂണത്തെ നിക്ഷേപിക്കുന്നതിന് മുമ്പ് അതിൽ നിന്ന് ഒരു കോശം എടുത്ത് പരിശോധന ചെയ്താൽ ക്രോമസോം ഘടന  100 ശതമാനം കൃത്യതയോടെ അറിയാൻ കഴിയും. Pre implantation genetic diagnosis എന്ന ഈ പരിശോധന ചെയ്യേണ്ട സാഹചര്യങ്ങൾ എന്തെല്ലാമെന്ന്  PC PNDT ACT (Pre Conception and Prenatal Diagnostic Technique Act) വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ജനിതക വൈകല്യങ്ങൾ, metabolic disorders, ക്രോമസോം വൈകല്യങ്ങൾ, X linked വൈകല്യങ്ങൾ തുടങ്ങിയവ കണ്ടെത്താനായി മാത്രം ഈ പരിശോധന നിജപ്പെടത്തിയിരിക്കുന്നു. പെൺഭ്രൂണഹത്യക്കു വേണ്ടി ലിംഗ നിർണയം ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.

(ഗൈനക്കോളജിസ്റ്റാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഡോ. റീന എന്‍ ആര്‍

ഡോ. റീന എന്‍ ആര്‍

കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ. റീന എന്‍ ആര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍