UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതൃമലയാളം എന്നൊക്കെ പറയാന്‍ കൊള്ളാം; എന്നാല്‍ ഉത്തരവു കൊണ്ട് ഭാഷ രക്ഷപെടില്ല

Avatar

എഎം യാസര്‍

മലയാളഭാഷയുടെ സൗന്ദര്യവും കേള്‍വി സുഖവും അതുല്യമാണെന്നതില്‍ തര്‍ക്കമില്ല. ദുഷ്‌കരമായും ലളിതമായും ബൗദ്ധിക ആവിഷ്‌കാരം നടത്താനും മലയാള ഭാഷക്ക് സാധിക്കും. ഒന്നും അറിയാതെ തന്നെ പല വിഷയത്തെ കുറിച്ചും ‘ആധികാരികമായി’ (തോന്നിപ്പിക്കുന്ന) എഴുതാനും പറയാനും മലായാളത്തില്‍ സാധ്യമാണ്. നമ്മുടെ ഭാഷാ മാഹാത്മ്യം അങ്ങനെയൊക്കയാണെങ്കിലും അത് സംരക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും ആനമണ്ടത്തരമാണെന്നതിലും തര്‍ക്കമില്ല.

ഭാഷ ഫ്രീസറില്‍ സുക്ഷിക്കാവുന്ന ഒന്നല്ല. അതിനെ ഓര്‍മ്മയിലും സുക്ഷിക്കാനാവില്ല. അതിനെ വ്യക്തിഗതമായും സൂക്ഷിക്കാനാവില്ല. അത് സംസാരിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് മാത്രമേ നിലനിര്‍ത്താനാവു. ഒരാള്‍ നിക്കര്‍ ധരിക്കുന്ന പോലയല്ല ഭാഷയുടെ ഉപയോഗം. അതിന് സംസാരിക്കാനും കേള്‍ക്കാനുമായി ചുരുങ്ങിയത് രണ്ടുപേര്‍ വേണം. ചുണ്ടിലെ സരസ്വതി വിളയാട്ട് കാതിലെത്തിയാലേ സംവദിക്കുകയുളളൂ. പണത്തിന്‍റെ മൂല്യം പോലെ തന്നെയാണ് ഭാഷാ മൂല്യവും. ക്രയവിക്രയമില്ലെങ്കില്‍ പണത്തിനെന്ത് മൂല്യമാണുളളത്? അതുപോലെതന്നെയാണ് ഭാഷയും. അതും വ്യവഹാരത്തിലുണ്ടാവണം.. 

എന്തുകൊണ്ടാണ് മലയാളം വ്യവഹാരത്തില്‍ നിന്നും അതിവേഗം മാഞ്ഞുപോവുന്നത്? അതാണ് മുഖ്യചോദ്യം? മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാത്തതുകൊണ്ടാണോ? കോടതിയില്‍ ഉപയോഗിക്കാത്തതുകൊണ്ടാണോ? നിരന്തര ഗവേഷണം കൊണ്ട് അതിനെ സംരക്ഷിക്കാനാവുമോ? ഒരു സര്‍വ്വകലാശാല ഉണ്ടായതുകൊണ്ട് അത് സംരക്ഷിക്കാനാവുമോ? 100 കോടി രൂപമുടക്കി നാം മലായാളത്തിന് വേണ്ടി മാത്രം തിരൂരില്‍ ഒരു സര്‍വ്വകലാശാല ഉണ്ടാക്കി. 2013-ല്‍ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചപ്പോള്‍ മറ്റൊരു 100 കോടി ലഭിച്ചു. കോടികള്‍ ചിലവഴിച്ചാല്‍ ഭാഷ ചുണ്ടുകളില്‍ തങ്ങി നില്‍ക്കുമോ?

ഇതുപോലെ നിരവധി ചോദ്യങ്ങളാണ് മലയാളഭാഷയെ സംരക്ഷിക്കണമെന്ന വാദം കേള്‍ക്കുമ്പോള്‍ മനസില്‍ വരിക. കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുമ്പോള്‍ മുഖ്യമന്ത്രിയും മലയാളത്തിന്‍റെ സംരക്ഷണത്തെകുറിച്ച് വേവലാതിപ്പെട്ടു. മലയാള ഭാഷയില്‍ മാനവിക ദര്‍ശനം പകര്‍ത്തിയ എഴുത്തുകാരന്‍ സി രാധാകൃഷ്ണനും ഇക്കാര്യത്തില്‍ തന്‍റെ ദണ്ണം മനോഹരമായി കുറിക്കുകയുണ്ടായി. സാസ്‌കാരികമായ വളര്‍ച്ചയാണ് പരിഹാരമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ഭാഷയും സംസ്‌കാരവും കേവലം ഐച്ഛികമായ ഒന്നാണോ? സംസ്‌കാരം കൊല്ലക്കുടിയില്‍ തല്ലിയും നനച്ചും ഉണ്ടാക്കാവുന്ന ഒന്നാണോ? ഒരു സമൂഹത്തില്‍ ഉത്പാദനം നടക്കുമ്പോഴാണ് സംസ്‌കാരം ഉണ്ടാവുകയെന്ന് സാമൂഹ്യശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. സംസ്‌കാരിക നരവംശ ശാസ്ത്രവും അങ്ങനെയാണ് തീര്‍പ്പ് കല്‍പിച്ചിരിക്കുന്നത്. നമ്മുടെ സംസ്‌കാരത്തില്‍ ആയുധപൂജ അര്‍ത്ഥവത്തായിരുന്നത് നമ്മള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിച്ചെടുത്തപ്പോഴായിരുന്നു. എഴുത്തിനിരുത്ത്, ആശാന്മാര്‍ കളരി നടത്തിയിരുന്നപ്പോഴും. വിപണിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാന്‍ തുടങ്ങുന്നതോടെ വാങ്ങല്‍ സംസ്കാരമാണ് രൂപപ്പെടുന്നത്. അതിന്‍റെ കേന്ദ്രബിന്ദു പണത്തിന്‍റെ മൂല്യമാണ്.

അതിനാല്‍ അത് ഉളളവനും ഇല്ലാത്തവനും രണ്ട് അല്ലെങ്കില്‍ പല സംസ്‌കാരത്തിലേക്ക് നയിച്ചു. ഉത്പാദനവും ഭാഷയും തമ്മിലെ ബന്ധവും അങ്ങനെതന്നെയാണ്. നമുക്ക് മലയാളത്തില്‍ ഗൂഗിള്‍ എന്നു പറയാനാവില്ല. കാരണം ആ സംവിധാനം നമ്മുടെ ഉത്പന്നമല്ല. എന്നാല്‍ നമ്മുടെ പൂര്‍വ്വ ഭാഷകളിലെ (തമിഴ്, സംസ്‌കൃതം) തമിഴില്‍ മെതിയടി എന്ന വാക്കുണ്ട്. കാരണം അക്കാലത്തെ ചെരിപ്പായ മെതിയടി നമ്മളുണ്ടാക്കിയതായിരുന്നു. എഴുത്താണി നമ്മുടെ വാക്കാണ്, കാരണം അത് നമ്മള്‍ ഉണ്ടാക്കിയതാണ്. അതേ സമയം പെന്‍ നമ്മളുണ്ടാക്കിയില്ല; പകരം പേനയെന്ന്‍ നമ്മള്‍ നീട്ടി ഉപയോഗിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ആഗോളവിതരണത്തിനെത്തുന്നത് ലോകഭാഷ ഉപയോഗിച്ചുകൊണ്ടാണ്. അതുകൊണ്ട് നമ്മള്‍ അതിനെ ലോകഭാഷയില്‍ ഉപയോഗിക്കുന്നു. കൊറിയക്കാരോ ചൈനക്കാരോ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ ആഗോള വിപണിയില്‍ വില്‍ക്കാന്‍ അവര്‍ വാണിജ്യ ഭാഷയായി ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നു. അതുകൊണ്ട് തന്നെ മാലോകര്‍ അവയ്ക്ക് ഇംഗ്ലീഷ് പേരുതന്നെ വിളിക്കുന്നു. കമ്പ്യൂട്ടറിന് ചില തമിഴ് വാദികള്‍ കണിനിയെന്ന തമിഴ് വാക്കുപയോഗിക്കുന്നുണ്ട്. അത്തരം മൊഴിമാറ്റം തമിഴ്നാട്ടില്‍ പൂര്‍ണമായും വിജയിച്ചില്ല.

ഒരു സമൂഹത്തെ നിവര്‍ത്തി നിര്‍ത്തുന്നതിനും ഉപഭോഗത്തേക്കാള്‍ ഉത്പാദനം സഹായിക്കുന്നു. അങ്ങനെ നിവര്‍ന്നു നിന്നാല്‍ നമുക്ക് നമ്മുടെ സംസ്‌കാരത്തെയും ഭാഷയേയും നിലനിര്‍ത്താം. ആദ്യമായി കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഐബിഎം കമ്പ്യൂട്ടര്‍ ഉത്പാദിപ്പിച്ചപ്പോള്‍ യൂറോപ്പിലെ ചിലര്‍ വിശ്വസിച്ചത് ഐബിഎമ്മിന് ബഹിരാകാശത്തുനിന്നും ലഭിച്ച വിദ്യയാണ് അതിനു പിന്നിലെന്നായിരുന്നു. അതായത് നമ്മുടെ ഉത്പാദനം ജന്മവാസനയായ അന്ധവിശ്വാസങ്ങളെ പോലും പുതുക്കിപ്പണിയുന്നുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. വ്യാളിയെന്ന മൃഗസങ്കല്‍പം പോലെ തന്നെ സ്പൈഡര്‍മാന്‍ ഉണ്ടാവുന്നതും അതിന്‍റെ തുര്‍ച്ചയാണ്. ഭാവനയുടെ കാലാന്തര സഞ്ചാരമാണത്. എന്നാല്‍ അത്തരം തുടര്‍ച്ചയുണ്ടാവുന്നതില്‍ മലയാളം പരാജയപെട്ടത് ഉത്പാദനം പാടെ നിലച്ചുപോയതുകൊണ്ടാണെന്ന് ബ്രാക്കറ്റില്‍ മാര്‍ക്‌സ് എന്നു രേഖപെടുത്തിയ സിപിഐ(എം) മുഖ്യമന്ത്രിയെങ്കിലും മനസിലാക്കിയാല്‍ നല്ലതായിരുന്നു.

മറ്റൊന്ന് മലയാളിയുടെ മാതൃഭൂമി കേരളമാണെങ്കിലും തൊഴില്‍ മേഖല പുറത്താണ്. ഉപജീവനമാര്‍ഗ്ഗത്തിനായി മലയാളിക്ക് മറ്റു ഭാഷകളെ ആശ്രയിക്കേണ്ടി വരുന്നു. അതോടെ ഭാഷയുടെ ജൈവികമായ നിലനില്‍പ്പിന്‍റെ രണ്ട് മുഖ്യ സ്രോതസുകളായ ഉത്പാദന സംസ്‌കാരവും തൊഴില്‍ സാധ്യതയും തിരിച്ചെടുത്താല്‍ മാത്രമേ മലയാളത്തെ സംരക്ഷിക്കാനാവൂ. സര്‍വ്വകാലശാലയും മറ്റും ചിലരുടെ വ്യക്തിപരമായ ആനന്ദമാര്‍ഗ്ഗം മാത്രമായി നിലകൊളളുകയുളളൂ.

പഴയ ഉത്പാദന സംസ്‌കാരത്തിലെ മേല്‍ത്തട്ടിന്‍റെ സ്വാഭാവിക പ്രതിരോധമാണ് നമുക്ക് ഉത്പാദന സംസ്‌കാരം തിരിച്ചെടുക്കാന്‍ പ്രയാസമുണ്ടാക്കുന്നത്. അത് പുതിയ മേല്‍ത്തട്ടിനെ സൃഷ്ടിക്കുമെന്ന പഴയ മേല്‍ത്തട്ടിന്‍റെ അനാവശ്യമായ ആശങ്ക. അതിനെ മറികടന്ന് ഉത്പാദന സംസ്‌കാരം തിരിച്ചെടുക്കണം. അതിന് വിദേശ സങ്കല്‍പ്പങ്ങളെ ഉപയോഗിച്ചാല്‍ വീണ്ടും നമ്മുടെ മലയാളം തലകുത്തിമറിയും. അതുകൊണ്ട് ലോകത്തേക്കു വേണ്ടിവരാവുന്ന ഉത്പന്നങ്ങള്‍ ഉണ്ടാക്കി നമ്മള്‍ ഉപയോഗിച്ചതില്‍ നിന്നും ശേഷിക്കുന്നവ കയറ്റി അയക്കണം. അപ്പോള്‍ മലയാളത്തില്‍ ചരക്കുകളുണ്ടാവും. അത് മലയാളമായി ലോക കമ്പോളത്തിലെത്തും. മുന്‍സിഫ്, ഖലാസി തുടങ്ങിയ അറബി വാക്കുകള്‍ മലയാളമായതുപോലെ നമുക്കും നമ്മുടെ മാതൃമലയാളത്തെ ആഗോളഭാഷയാക്കാം. അല്ലാതെ ഗവണ്‍മെന്‍റ് ഓര്‍ഡറുകള്‍ മലയാളത്തില്‍ സര്‍ക്കാര്‍ ഉത്തരവുകളാക്കി മാറ്റി വായിക്കുന്നത് ആനമണ്ടത്തരമല്ലാതെ മറ്റെന്താണ്?

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍