UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീളം കുറച്ച് സിഗരറ്റ് കമ്പനികള്‍; ബീഡി വലിച്ച് പുകവലിക്കാര്‍

Avatar

ആദി നാരായണ്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ഇന്ത്യയിലെ പുകവലിക്കാര്‍ സിഗരറ്റിനെ ഉപേക്ഷിച്ച് ബീഡിയിലേക്കും പാന്‍ പരാഗിലേക്കും തിരിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും പുതിയത്. സിഗരിറ്റിനു മേല്‍ ദിനം പ്രതി കൂടി വരുന്ന നികുതിയാവാം ഇതിനു കാരണമെന്നു മനസ്സിലാക്കി ബ്രിട്ടീഷ് അമേരിക്കന്‍ പുകയില കമ്പനികള്‍ കുറഞ്ഞ നിരക്കിലുള്ള ചെറിയതരം സിഗരറ്റ് വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. 

മുന്‍കാലങ്ങളില്‍ നികുതി വര്‍ദ്ധിച്ചിരുന്നെങ്കിലും സിഗരറ്റ് വ്യവസായത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ അത് പൊടുന്നനെ താഴേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പുകയില വില്‍പ്പന കമ്പനിയായ ഐടിസി ലിമിറ്റഡിന്റെ ചെയര്‍മാനായ യോഗേഷ് ദേവേശ്വര്‍ ബ്ലൂംബര്‍ഗ് ടി വി ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു, ‘പുകയില ഉത്പന്ന-ഉത്പാദന വിപണി കുതിച്ചുയരുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴും സിഗരറ്റ് ഉത്പാദനവും ഉപഭോഗവും കുത്തനെ താഴേക്കാണ് പോകുന്നത്’.

പുകയില ഉപയോഗം കുറയ്ക്കാനും അതുമൂലം വരുന്ന രോഗങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനും പുകയില ഉപയോഗം കൊണ്ടുള്ള മരണങ്ങള്‍ ഒഴിവാക്കാനും വേണ്ടി ഗവണ്‍മെന്റ് പുകയിലയുടെ നികുതി കൂട്ടുകയും ആവശ്യമായ താക്കീതുകള്‍ പുകയില ഉത്പന്ന പാക്കറ്റുകളില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം സിനിമകളില്‍ പുകവലിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ താക്കീതോടെ കാണിക്കുകയോ ചെയ്യുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പുകയിലയുടെ നികുതി ഇരട്ടിയായിട്ടുണ്ടെന്നും പുകവലിക്കാര്‍ വിലയെക്കുറിച്ച് ബോധവാന്മാരാണ് എന്നുമാണ് ഐ ഐ എഫ് എല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് അഭിപ്രായപ്പെടുന്നത്.

പുകയില ഉത്പന്നങ്ങള്‍ക്കു മേലുള്ള നികുതി ഈ വര്‍ഷവും 15 ശതമാനം ഉയര്‍ത്തണമെന്ന നിര്‍ദേശം ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി ഫെബ്രുവരി 28 ന് മുന്നോട്ടു വച്ചതോടെ ഇന്ത്യയുടെ സെന്‍സക്‌സിന്റെ പ്രധാന ഘടകമായിരുന്ന ഐ ടി സി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. 

ഇന്ത്യന്‍ നികുതി സംവിധാനത്തിലെ പഴുതുകള്‍ മനസിലാക്കി ഐടിസി തങ്ങളുടെ ചില ഉത്പന്നങ്ങളുടെ വലിപ്പം കുറക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ നികുതി കുറഞ്ഞ ഉത്പന്നമായി അത് മാറി. അപ്പോള്‍ വലിയ സിഗരറ്റിന് കൂടുതല്‍ വില എന്നതിലേക്കു വന്നു എന്നത് മാത്രമായി ബാക്കി. 

കഴിഞ്ഞ മാസം കമ്പനി കുറച്ചു ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന കിഴിവ് വെട്ടിക്കുറച്ചു എന്ന് മാത്രമല്ല ബ്രിസ്‌റ്റോള്‍ എന്ന ബ്രാന്‍ഡ് സിഗരറ്റിന്റെ വലിപ്പം 69 മില്ലി മീറ്ററില്‍ നിന്നും 64 മില്ലി മീറ്ററിലേക്ക് കുറച്ചു. ഇതിലൂടെ വിലയില്‍ കുറവു വരുത്താതെ തന്നെ നികുതി കുറയ്ക്കാന്‍ ഇവര്‍ക്കായി എന്ന് ഐ ഐ എഫ് എല്‍ അനലിസ്റ്റ് പേഴ്‌സി പതങ്കിയും അവി മേത്തയും മാര്‍ച്ച് 26 ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ മാതൃക വിജയിച്ചാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ പല കമ്പനികളും ഈ പാത പിന്തുടരും എന്ന് കൂടി അവര്‍ ഈ റിപ്പോര്‍ട്ടില്‍ എഴുതി. 

65 മില്ലി മീറ്ററോ അതില്‍ കുറവോ നീളം ഉള്ള ഓരോ സിഗരറ്റിനു മേലും 1.44 രൂപയാണ് കമ്പനികള്‍ ഇപ്പോള്‍ നികുതിയായി നല്‍കുന്നത്. എന്നാല്‍ സിഗരറ്റിന്റെ നീളം 65 മുതല്‍ 70 മില്ലി മീറ്റര്‍ ആണെങ്കില്‍ തുക 1.9 രൂപയാണ്. മറ്റേ സിഗരിറ്റിനു നല്‍കുന്ന നികുതിയെക്കാള്‍ 32 ശതമാനം കൂടുതല്‍ ആണിത്. 

ഇന്ത്യയില്‍ സിഗരറ്റിന്റെ ഉപഭോഗം മൊത്തം പുകയില ഉത്പന്നങ്ങളുടെ ഉപഭോഗത്തിന്റെ വെറും 12 ശതമാനം മാത്രമാണ് എന്ന് ഐ ടി സിയില്‍ 1968 മുതല്‍ ജോലി ചെയ്യുന്ന ദേവേശ്വര്‍ പറയുന്നു. 1991 മുതല്‍ 1994 വരെ ഇദ്ദേഹം എയര്‍ ഇന്ത്യയുടെ ചെയര്‍മാനായും ജോലി നോക്കിയിരുന്നു. 

രാജ്യം ഇപ്പോള്‍ സിഗരറ്റിനെക്കാള്‍ പത്തിരട്ടിയില്‍ കൂടുതല്‍ ബീഡിയും മറ്റു പുകയില ഉത്പന്നങ്ങളുമാണ് ഉപയോഗിക്കുന്നത് എന്ന് ആഗസ്തില്‍ വന്ന റിപ്പോര്‍ട്ടില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെടുന്നു. പുകയില നികുതിയുടെ 85 ശതമാനം സിഗരറ്റില്‍ നിന്നാണ് ലഭിക്കുന്നതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സ്സൈസ്, കസ്റ്റംസ് എന്നിവരുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

വിലകുറഞ്ഞ ബജറ്റ് സിഗരറ്റിന്റെ 10 എണ്ണമുള്ള ഒരു സിഗരറ്റ് പാക്കറ്റിന് മുംബൈയില്‍ 55 രൂപയാണ് വില. എന്നാല്‍ ഇതേ സിഗരറ്റുകളുടെ പ്രീമിയം ബ്രാന്‍ഡ് ആയ ഫിലിപ്പ് മോറിസ്, മാല്‍ബോറോ തുടങ്ങിയവയ്ക്ക് 100 രൂപ കൊടുക്കേണ്ടിവരും. എന്നാല്‍ ഇതേ അളവിലുള്ള സാധാരണ ബീഡിക്കു വില 6 മുതല്‍ 10 രൂപ വരെ മാത്രം.

ബ്ലൂംബര്‍ഗ് ന്യൂസ്, ബ്ലൂംബര്‍ഗ് എല്‍ പി എന്നിവയുടെ സ്ഥാപകനായ മൈക്കില്‍ ബ്ലൂംബര്‍ഗിന്റെ ബ്ലൂംബര്‍ഗ് ഫിലാന്ത്രോപിയും ദി ബില്ലു & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ചേര്‍ന്ന് 2010ല്‍ നടത്തിയ പഠനത്തില്‍ സിഗരറ്റിനെ അപേക്ഷിച്ച് ബീഡി വില്‍പ്പന വിലയുടെ 9 ശതമാനം നികുതി കൊടുക്കുമ്പോള്‍ സിഗരറ്റ് വില്‍പ്പന വിലയുടെ 38 ശതമാനത്തോളം നികുതി നല്‍കുന്നുവെന്ന് തെളിയിക്കുന്നു. 

ഐ ടിസി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഉത്പന്ന നിര്‍മാതാക്കളാണ്. അവര്‍ക്ക് പലവിധമുള്ള ഭക്ഷണ ശൃംഖലകള്‍, സോപ്പ്, പാത്രങ്ങള്‍ മുതലായവയുടെ നിര്‍മാണവും വിതരണവും ഉണ്ടെങ്കിലും ഇപ്പോഴും അവര്‍ ലാഭത്തിനായി സിഗരറ്റിനെയും മറ്റു പുകയില്‍ ഉത്പന്ന ഉത്പാദന വിതരണത്തെയാണ് ആശ്രയിക്കുന്നത്. കമ്പനിയുടെ മൊത്ത ലാഭത്തിന്റെ 84 ശതമാനവും വരുന്നത് സിഗരറ്റില്‍ നിന്ന് തന്നെ. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയും വലിയ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരുമായ കൊല്‍ക്കത്ത ആസ്ഥാനമാക്കിയ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ 60% വില്‍പ്പനയും നടക്കുന്നത് സിഗരറ്റ് ഒഴിച്ചുള്ള മറ്റു വ്യാപാരങ്ങളില്‍ (എക്‌സൈസ് നികുതി ഉള്‍പ്പെടുത്താതെ) നിന്നാണ് എന്ന് കമ്പനി വക്താവ് നന്ദിനി ബസു പറഞ്ഞു.

ഗവണ്‍മെന്റിനു ലഭിക്കുന്ന സിഗരറ്റിന്റെ നികുതിയിലും കുറവ് വന്നിട്ടുണ്ട്. നവംബര്‍ മാസം ആയപ്പോള്‍ തന്നെ സിഗരറ്റിന്റെ പിരിച്ചെടുത്ത നികുതിയില്‍ 0.02 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് എക്‌സൈസ് ബോര്‍ഡിന്റെ കണക്കുകള്‍ വെളിവാക്കുന്നു.

ഇത്തരത്തില്‍ നികുതിയില്‍ വരുന്ന കുറവ് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ദോഷമായി വരും എന്നാണു ദേവേശ്വറിന്റെ അഭിപ്രായം. കാരണം പൊതുമേഖലാ നിക്ഷേപങ്ങള്‍ എല്ലാം നികുതി വരുമാനത്തിന്റ ഒഴുക്കിനെ ആശ്രയിച്ചാണല്ലോ മുന്നോട്ടു പോകുന്നത്. 

ജൂലൈമാസത്തില്‍ അന്നത്തെ ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ധനകാര്യ മന്ത്രാലയത്തിലേക്ക് അയച്ച കത്തില്‍ ഓരോ സിഗരറ്റിന്മേലും 2രൂപ വച്ച് നികുതി കൂട്ടിയാല്‍ ഇന്ത്യയിലെ കാന്‍സര്‍, ഹൃദ്രോഗം എന്നിവ ഒരു പരിധിവരെ കുറക്കാന്‍ സാധിക്കുമെന്നു പറയുന്നു. 

ഓരോ കൊല്ലവും ഏകദേശം 1.05 ട്രില്ല്യന്‍ രൂപ പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നു എന്നാണ് 2011 ലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകയില ഉത്പന്നങ്ങളുടെ നികുതിയിലൂടെ ലഭിക്കുന്ന 178 ബില്ല്യന്‍ രൂപയെക്കാള്‍ എത്രയോ അധികമാണ് ഈ ചിലവുകള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍