UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ ഫാനും എസിയുമില്ലാതെ സാമാജികര്‍ ഇന്ന് പഴയ നിയമസഭയില്‍

ആദ്യ നിയമസഭാംഗങ്ങള്‍ ഇരുന്നതുപോലെ അവര്‍ അനുഭവിച്ച സൗകര്യങ്ങള്‍ മാത്രം ഉപയോഗിച്ച് നമുക്കും ഇരിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്

ഐക്യകേരളത്തിന്റെ ആദ്യ നിയമസഭാ സമ്മേളനം ചേര്‍ന്നതിന്റെ അറുപതാം വാര്‍ഷികമായ ഇന്ന് കേരള നിയമസഭ പഴയ നിയമസഭാ ഹാളില്‍ ചേരും. സംസ്ഥാന സെക്രട്ടേറിയറ്റിനോട് ചേര്‍ന്നുള്ള നിയമസഭ ഹാളില്‍ ഇന്നത്തേക്കായി പുതിയ ഫാനുകളോ എസിയോ വേണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ആദ്യ നിയമസഭാംഗങ്ങള്‍ ഇരുന്നതുപോലെ അവര്‍ അനുഭവിച്ച സൗകര്യങ്ങള്‍ മാത്രം ഉപയോഗിച്ച് നമുക്കും ഇരിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നത്തെ സഭാ സമ്മേളനത്തിനായി പഴയ ഹാള്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏതാനും ദിവസമായി ആരംഭിച്ചിരുന്നു. ഇതിനിടെ എസിയും പുതിയ ഫാനുകളും സ്ഥാപിക്കനുള്ള നീക്കമാണ് സ്പീക്കര്‍ എതിര്‍ത്തത്. ഇന്ന് ഒരു ദിവസത്തേക്കാണ് പതിനാലാം നിയമസഭാംഗങ്ങള്‍ പഴയ ഹാളില്‍ ഒത്തുചേരുന്നത്. 1957 ഏപ്രില്‍ 27നാണ് ഈ ഹാളില്‍ കേരള നിയമസഭയുടെ ആദ്യ നിയമസഭാ സമ്മേളനം നടന്നത്. ഒടുവിലത്തെ സമ്മേളനം നടന്നത് 1998 ജൂണ്‍ 29നും. 8.30ന് ചോദ്യോത്തരത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ശൂന്യവേള ഉണ്ടായിരിക്കില്ല.

തുടര്‍ന്ന് സ്പീക്കറും കക്ഷിനേതാക്കളും അനുസ്മരണ പ്രസംഗം നടത്തും. അതിനുശേഷം മലയാളം(നിര്‍ബന്ധ) ബില്‍ അതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പകരമുള്ള ബില്‍ ആണ് ഇന്ന് അവതരിപ്പിക്കുക.

അതേസമയം രണ്ട് ദിവസമായി സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷം ഇന്ന് സഭാനടപടികളുമായി സഹകരിക്കും. ചരിത്രത്തിന്റെ ഭാഗമാകുന്ന സമ്മേളനം എന്ന നിലയ്ക്കാണ് ഇത്. എന്നാല്‍ വരുംദിവസങ്ങളില്‍ മന്ത്രി എംഎം മണിയെ ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ തുടരും.

60 വര്‍ഷം മുമ്പ് പഴയ ഹാളില്‍ ആദ്യ നിയമസഭ സമ്മേളനം നടന്നപ്പോള്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും മാത്രമാണ് നടന്നത്. പ്രോടൈം സ്പീക്കറായിരുന്ന റോസമ്മ പുന്നൂസാണ് അന്ന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പിന്നാലെ ആര്‍ ശങ്കരനാരായണന്‍ തമ്പി സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍