UPDATES

ചരിത്രത്തില്‍ ഇന്ന്

1990 ഫെബ്രുവരി11; 27 വര്‍ഷത്തിനുശേഷം നെല്‍സണ്‍ മണ്ഡേല ജയില്‍ മോചിതനായി

വര്‍ണവിവേചനത്തിനെതിരേ നടത്തിയ പോരാട്ടങ്ങളാണു മണ്ഡേലയെ ജയിലറയ്ക്കുള്ളിലാക്കിയത്

ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന നെല്‍സണ്‍ മണ്ഡേലയെ 27 വര്‍ഷത്തെ തടവിന് ശേഷം 1990 ഫെബ്രുവരി 11ന് മോചിപ്പിച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം, തല ഉയര്‍ത്തിപ്പിടിച്ച്, പ്രഥമ വനിതയോടും തന്നെ സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സുരക്ഷ ഭടന്മാര്‍ക്കൊപ്പവും നടന്നുവരുന്ന ഒരു രാഷ്ട്രത്തലവനെ പോലെ വിക്ടര്‍ വെര്‍സ്റ്റര്‍ തടവറയില്‍ നിന്നും തല ഉയര്‍ത്തി, മുഷ്ടി ചുരുട്ടിപ്പിടിച്ച് മണ്ഡേല പുറത്തേക്ക് വന്നു. ആഫ്രിക്കയിലെ തെരുവുകളില്‍ കൂടി നിന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് നെല്‍സണ്‍ മണ്ഡേല നടന്നു നീങ്ങിയപ്പോള്‍, ഒരിക്കല്‍ ആഫ്രിക്കയില്‍ ഏറ്റവും വലിയ കുറ്റവാളിക്ക് ദക്ഷിണാഫ്രിക്കന്‍ പോലീസ് സുരക്ഷയൊരുക്കി. അദ്ദേഹത്തിന്റെ മോചനത്തിന് പത്ത് ദിവസം മുമ്പ് വരെ നിയമവിരുദ്ധമായിരുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക ആരാധകര്‍ വീശിക്കൊണ്ടിരുന്നു. തെരുവുകളിലൂടെ പ്രദക്ഷിണം വച്ചു നീങ്ങിയ അദ്ദേഹം പിന്നീട്, കേപ് ടൗണിലെ സിറ്റി ഹോളില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്തു. ‘എല്ലാവര്‍ക്കും സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഞാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു,’ എന്ന് മണ്ഡേല പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന കറുത്തവര്‍ഗക്കാരുടെ രാഷ്ട്രീയ സംഘടനയായ എഎന്‍സിയില്‍ 1944ലാണ് ഒരു അഭിഭാഷകനായ മണ്ഡേല അംഗമായത്. എഎന്‍സിയുടെ യുവജനവിഭാഗത്തിന്റെ ജോഹന്നാസ്ബര്‍ഗിലെ നേതാക്കളില്‍ ഒരാളായി അദ്ദേഹം മാറി. വെള്ളക്കാരുടെ ആധിപത്യത്തിന്റെ വര്‍ണ വിഭാഗീയതയുടെയും ദക്ഷിണാഫ്രിക്കയിലെ സാമ്പ്രദായിക സ്ഥാപനമായി മാറിയ വര്‍ണവിവേചനത്തിനെതിരെ അഹിംസാത്മക പ്രതിരോധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് 1952ല്‍ അദ്ദേഹം എഎന്‍സിയുടെ ദേശീയ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1960ല്‍, സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന കറുത്ത പ്രകടനക്കാരെ ഷാര്‍പെവില്ലെയില്‍ വച്ച് കൂട്ടക്കൊല ചെയ്തതിന് ശേഷം, വെള്ളക്കാരുടെ ന്യുനപക്ഷ സര്‍ക്കാരിനെതിരെ ഒളിപ്പോര്‍ നടത്തുന്നതിനായി എഎന്‍സിയുടെ ഒരു അര്‍ദ്ധ സൈനീക വിഭാഗത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു.

1961ല്‍ രാജ്യദ്രോഹ കുറ്റത്തിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും കുറ്റവിമുക്തനായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, അനധികൃതമായി രാജ്യം വിട്ടതിന്റെ പേരില്‍ 1962ല്‍ അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ റോബന്‍ ദ്വീപുകളില്‍ തടവിലാക്കി. എന്നാല്‍, വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1964ല്‍ അദ്ദേഹം വീണ്ടും വിചാരണയ്ക്ക് വിധേയനായി. 1964 ജൂണില്‍, മറ്റ് നിരവധി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി. നിഷ്ഠൂരതയുടെ പര്യായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബന്‍ ദ്വീപ് തടവറയിലാണ് തന്റെ 27 വര്‍ഷത്തെ ജയില്‍ വാസത്തിന്റെ ആദ്യത്തെ 17 വര്‍ഷവും അദ്ദേഹം ചിലവഴിച്ചത്. കിടക്കയോ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോ ഇല്ലാത്ത ഒരു കുടുസ് മുറിയില്‍ അടയ്ക്കപ്പെട്ട അദ്ദേഹത്തെ കൊണ്ട് കരിങ്കല്‍ കോറിയില്‍ അതികഠിനമായ ജോലികള്‍ ചെയ്യിച്ചു. ആറ് മാസത്തില്‍ ഒരിക്കല്‍ മാത്രം കത്തെഴുതാനും സ്വീകരിക്കാനും അനുവാദമുണ്ടായിരുന്ന അദ്ദേഹത്തിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സന്ദര്‍ശകരെ അനുവദിച്ചിരുന്നുള്ളു. അതും വെറും 30 മിനിട്ട് നേരത്തേക്ക് മാത്രം. എന്നാല്‍ ഇതിനൊന്നും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ സാധിച്ചില്ല. വര്‍ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രതീകാത്മക നേതാവായി തുടരുമ്പോഴും, അദ്ദേഹം തടവറയില്‍ നയിച്ച നിയമലംഘന പ്രസ്ഥാനത്തെ തുടര്‍ന്ന് റോബന്‍ ദ്വീപിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. പിന്നീട് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ സൂക്ഷിച്ചു.

അന്താരാഷ്ട്ര ഉപരോധങ്ങളെ തുടര്‍ന്ന് വര്‍ണവിവേചനം നീക്കം ചെയ്യാന്‍ 1989ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എഫ് ഡബ്ലിയു ഡി ക്ലാര്‍ക്ക് നടപടികള്‍ ആരംഭിച്ചു. എഎന്‍സിയുടെ നിരോധനം പിന്‍വലിക്കുകയും വധശിക്ഷകള്‍ ഒഴിവാക്കുകയും ചെയ്ത അദ്ദേഹം, നെല്‍സണ്‍ മണ്ഡേലയെ മോചിപ്പിക്കാന്‍ 1990 ഫെബ്രുവരിയില്‍ ഉത്തരവിട്ടു. തുടര്‍ന്ന്, വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിനും ബഹുവര്‍ണ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുമായി ന്യൂനപക്ഷ സര്‍ക്കാരുമായി എഎന്‍സി നടത്തിയ ചര്‍ച്ചകള്‍ക്ക് മണ്ഡേല നേതൃത്വം നല്‍കി. 1993ല്‍ മണ്ഡേലയ്ക്കും ഡി ക്ലാര്‍ക്കിനും സംയുക്തമായി സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സമ്മാനിക്കപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം, രാജ്യത്ത് ആദ്യമായി നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ എഎന്‍സി ഭൂരിപക്ഷം നേടുകയും മണ്ഡേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1999ല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച മണ്ഡേല പക്ഷെ, 2013 ഡിസംബറില്‍ അന്തരിക്കുന്നത് വരെ ലോക സമാധാനത്തിന്റെ സാമൂഹിക നീതിയുടെയും വക്താവായി നിലകൊണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍