UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരുടെ സന്തോഷ ദിനങ്ങളെക്കുറിച്ചാണ് നമ്മള്‍ പറയേണ്ടത്?

Avatar

ടീം അഴിമുഖം

ഝാര്‍ഖണ്ഡിലെ ലതിഹാര്‍ ജില്ലയില്‍ രണ്ടു മുസ്ലിം കുടുംബങ്ങള്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് മനംനൊന്ത് കഴിയുകയാണ്. നിയമം അനുവദിക്കുന്ന ബിസിനസായ കാലി വില്‍പ്പന നടത്തിയതിനാണ് അവര്‍ കൊല ചെയ്യപ്പെട്ടത്. ലോക സന്തോഷ ദിനത്തെ കുറിച്ച് ആ കുടുംബങ്ങള്‍ അറിയാനുമിടയില്ല. 

ദേശരാഷ്ട്രത്തെക്കുറിച്ചും ഉപദേശീയതകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനു പകരം സങ്കുചിത ദേശീയത വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന രാജ്യത്തെ ക്യാമ്പസുകളില്‍ സന്തോഷം ഉണ്ടാക്കാന്‍ നമുക്കു കഴിയുമോ? ഭാരത് മാതാ കീ ജയ് വിളികള്‍ ഉച്ചത്തില്‍ മുഴക്കാനും ദേശീയ പതാക വീശാനുമാണ് അവരോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അവരില്‍ പലരും അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സൂര്യനു താഴെയുള്ള എന്തിനെ കുറിച്ചും സ്വതന്ത്രമായി ചര്‍ച്ച ചെയ്യാനാണ് അവര്‍ക്കു താല്‍പര്യം. ഈ ലോക സന്തോഷ ദിനത്തിലും തങ്ങള്‍ക്കിടയില്‍ അല്‍പ്പം സന്തോഷമുണ്ടായിരിക്കുന്നതിനെ അവര്‍ കാര്യമാക്കുന്നില്ല. ഹൈദരാബാദില്‍, രോഹിത് വെമുലയുടെ കുടുംബം യൂണിവേഴ്‌സിറ്റിയിലെ അവന്റെ പഠനകാലത്തെ ആ സന്തോഷ നാളുകളിലേക്ക് തിരിച്ചു കൊണ്ടെത്തിക്കാനുള്ള ഒരു സമയയന്ത്രത്തിനായി അതിയായി ആഗ്രഹിക്കുകയാകും. ദരിദ്ര, ദളിത് വീട്ടില്‍ നിന്നുള്ള രോഹിതിന്റെ പ്രയാണം ആ ഗ്രാമത്തിന്റെ തന്നെ അഭിമാനമായിരുന്നു.

കശ്മീരില്‍, വര്‍ഷങ്ങള്‍ നീണ്ട സമാധാന അന്തരീക്ഷത്തിനു ശേഷം ഡസന്‍ കണക്കിന് ചെറുപ്പക്കാര്‍ തോക്ക് കയ്യിലെടുക്കുന്നു. ഇവരില്‍ പലരും ഇതിനകം മരിച്ചു കഴിഞ്ഞു. അവരുടെ കുടുംബങ്ങളും സന്തോഷം നിറഞ്ഞ ഇന്നലെകള്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ്. സായുധ പോരും സൈനിക നീക്കങ്ങളും കൂടിച്ചേര്‍ന്ന് വിധവകളേയും അനാഥരേയും തിങ്ങിനിറഞ്ഞ ശ്മശാനങ്ങളേയും സൃഷ്ടിച്ച കശ്മീരിലേയും വടക്കുകിഴക്കന്‍ ഇന്ത്യയിലേയും തദ്ധേശവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷം എന്നത് ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതും എന്നാല്‍ സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാത്തതുമായ ഒന്നാണ്. അവിടെ അല്‍പ്പമെങ്കിലും സന്തോഷമെത്തിക്കാന്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

ആധിപത്യ രാഷ്ട്രീയം അലിഖിത സെന്‍സര്‍ഷിപ്പുകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇന്ത്യയിലെ ന്യൂസ് റൂമുകളിലും മാധ്യമപ്രവര്‍ത്തകരിലും അസ്വസ്ഥത വളര്‍ന്നു വരികയാണ്. വിശുദ്ധ പശുക്കളുടെ എണ്ണം കൂടിവരുമ്പോള്‍ എഡിറ്റര്‍മാര്‍ ജാഗ്രതയുള്ളവരായി മാറുകയും റിപ്പോര്‍ട്ടര്‍മാര്‍ അമര്‍ച്ച ചെയ്യപ്പെടുകയുമാണ്. ജനാധിപത്യത്തിന്റെ നന്മയ്ക്കായി അല്‍പ്പം സന്തോഷം ഈ ന്യൂസ് റൂമുകളില്‍ നമുക്ക് അനുവദിച്ചു കൂടെ?

സന്തോഷമാണ് ലോകം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഓരോരുത്തരും ന്യായമായും അതിന് അര്‍ഹരുമാണ്. മാര്‍ച്ച് 20-നെ ലോക സന്തോഷ ദിനമായി പ്രഖ്യാപിച്ച് യുഎന്‍ പാസാക്കിയ പ്രമേയത്തില്‍ ഇങ്ങനെ പറുന്നു: ‘സന്തോഷത്തിനായുള്ള അന്വേഷണം ഒരു മൗലികമായ മാനവ ലക്ഷ്യമാണെന്ന് ഈ പൊതുസഭയ്ക്ക് ബോധ്യമുണ്ട്. സുസ്ഥിര വികസനം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സന്തോഷം, ജനങ്ങളുടെ നന്മ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതും തുല്യതയും സന്തുലിതവുമായ സമീപനത്തിന്റെ ആവശ്യം തിരിച്ചറിയുകയും ചെയ്യുന്നു.’

യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയ ഒരു ലക്ഷ്യം കൂടിയാണ് സന്തോഷത്തിനുള്ള അവകാശം. പല ആധുനിക പ്രമാണങ്ങളിലും പല രൂപത്തിലും ഇതു കാണാവുന്നതാണ്. നമ്മുടെ രാജ്യം ഭരിക്കുന്ന മഹാന്‍മാര്‍ക്ക് ഈ പ്രമാണങ്ങളൊന്ന് എത്തിച്ചു കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ദേശീയത, രാജ്യസ്‌നേഹം, അക്കാദമികം, മാധ്യമങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വക്രീകരിക്കപ്പെട്ട ചര്‍ച്ചകള്‍ ജനങ്ങളെ അലട്ടുന്നില്ലെന്നും അവര്‍ക്ക് വേണ്ടത് സന്തോഷമാണെന്നും നമ്മുടെ നേതാക്കന്മാരെ ഓര്‍മ്മപ്പെടുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

കോടിക്കണക്കിനു വരുന്ന സാധാരണ ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ ദിനം വേണം, ചിരിക്കാന്‍ ഒത്തിരി കാരണങ്ങളും വേണം. പുതിയ ഭരണകൂടത്തിന്റെ പാദസേവകര്‍ മനോഹരമായ ഒരു നാഗരികതയ്ക്കു മേല്‍ മൊത്തമായി വിതരണം ചെയ്യപ്പെടുന്ന ഈ കൃത്രിമ വിദ്വേഷം അവര്‍ക്കു വേണ്ട. അല്‍പ്പം സന്തോഷം നമുക്ക് ലഭിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍