UPDATES

നുരഞ്ഞുപൊങ്ങുന്ന സ്റ്റിഫ് ആന്‍ഡ് ഷൈന്‍; മലയാളി കുടിക്കുന്ന കള്ള് മൊത്തം വ്യാജന്‍

വ്യാജക്കള്ള് വില്‍പ്പന വ്യാപകമാവുന്നതായും ഇത് മദ്യദുരന്തത്തിന് വഴിവച്ചേക്കുമെന്നും എക്‌സൈസ്/ഇന്റലിജന്‍സ് വിഭാഗം പല തവണ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടാവുന്നില്ല

ഷാപ്പിലെ കറിയും കൂട്ടി കള്ള് നുണഞ്ഞിറക്കുമ്പോള്‍ സ്റ്റിഫ് ആന്‍ഡ് ഷൈന്‍ മണത്താല്‍ അത്ഭുതപ്പെടേണ്ടതില്ല. നല്ല കള്ള് കിട്ടാനില്ലാതായതോടെ കള്ള് കലക്കാന്‍ പല മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് കേരളത്തിലെ ഷാപ്പുകള്‍. തുണികള്‍ക്ക് പശ മുക്കാന്‍ ഉപയോഗിക്കുന്ന സ്റ്റിഫ് ആന്‍ഡ് ഷൈന്‍ മുതലുള്ള കെമിക്കലുകളാണ് ചില ഷാപ്പുകളിലെ കള്ളിന്റെ പ്രധാന ചേരുവ. കഴിഞ്ഞയാഴ്ച ഇടുക്കി തൊടപുഴ റേഞ്ചിലെ രണ്ടു ഷാപ്പുകളില്‍ നിന്ന് സ്റ്റിഫ് ആന്‍ഡ് ഷൈന്‍ കലര്‍ത്തിയ കള്ള് എക്‌സൈസുകാര്‍ കയ്യോടെ പൊക്കി. രണ്ട് ഷാപ്പുകളും ഇക്കാരണത്താല്‍ എക്‌സൈസ് വകുപ്പ് പൂട്ടിച്ചു. ഇത് സംസ്ഥാനത്തെ ഒട്ടുമിക്ക ഷാപ്പുകളിലും തുടരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ കള്ള് കൃത്രിമമാണെന്ന് തെളിഞ്ഞാലും കള്ള് കലക്കാന്‍ എന്തെല്ലാമാണ് ഉപയോഗിക്കുന്നതെന്ന് നിലവിലെ സാഹചര്യത്തില്‍ മനസ്സിലാക്കുക എളുപ്പമല്ലെന്നും ഇവര്‍ പറയുന്നു. പണ്ട് ഡയസപാമും സിലോണ്‍ പേസ്റ്റുമാണ് കള്ള് കൃത്രിമമായി ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഓരോ ഷാപ്പുകാരും അവരവര്‍ക്ക് തോന്നുംപടിയുള്ള കലക്കാണ്. നിറവും പതയും കിട്ടാനാണ് സ്റ്റിഫ് ആന്‍ഡ് ഷൈന്‍ അടക്കമുള്ളവ ചേര്‍ക്കുന്നത്. 35 ലിറ്റര്‍ വരുന്ന ഒരു കാന്‍ സ്പിരിറ്റ്, 400 ലിറ്റര്‍ വെള്ളം, അല്‍പ്പം പഴയകള്ള്, കുമ്പളങ്ങ, പാളയംകോടന്‍ പഴം, ഈസ്റ്റ്, പഞ്ചസാര എന്നിവ ചേരുംപടി ചേര്‍ത്ത് ഇളക്കിയാല്‍ നുരഞ്ഞുപൊങ്ങുന്ന, നിറവും വീര്യവുമുള്ള നല്ല ഒന്നാന്തരം കള്ള് റെഡി.

പാലക്കാടന്‍ കള്ള് എന്ന വ്യാജ സങ്കല്‍പ്പം
നാടന്‍ കള്ള് ഇല്ലാതായ സംസ്ഥാനത്തെ ഷാപ്പുകളിലേക്ക് പാലക്കാടന്‍ കള്ളാണ് വര്‍ഷങ്ങളായി എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഷാപ്പുകളില്‍ ദിവസേന പതിനായിരക്കണക്കിന് ലിറ്റര്‍ കള്ളാണ് വിറ്റു പോവുന്നത്. വേനല്‍ കടുത്ത് വരള്‍ച്ച രൂക്ഷമായതോടെ പാലക്കാട് നിന്നുള്ള കള്ളില്‍ വലിയതോതില്‍ കുറവ് വന്നു. അറുപത് ശതമാനത്തിലധികം കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വേനല്‍ കടുത്തതോടെ തോപ്പുകളില്‍ വെള്ളം നനച്ച് കള്ള് ചെത്താന്‍ കൊടുക്കുന്നതിലും തോപ്പുടമകള്‍ താത്പര്യപ്പെടുന്നത് കരിക്ക് വെട്ടി വില്‍ക്കുന്നതിനാണ്. തെങ്ങൊന്നിന് 350 മുതല്‍ നാനൂറ് രൂപ വരെയാണ് കള്ള് ചെത്തുന്നതിന് ഒരു മാസം തോപ്പുടമകള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഏക്കറു കണക്കിനുള്ള തെങ്ങിന്‍ തോപ്പില്‍ വെള്ളം നനയ്ക്കാന്‍ ഇതിലുമേറെ ചെലവ് വരുമെന്ന കാരണത്താലാണ് തോപ്പുടമകള്‍ തെങ്ങു ചെത്തില്‍ നിന്ന പിന്‍മാറുന്നത്. കരിക്ക് വെട്ടി നല്‍കിയാല്‍ കള്ള് ചെത്തിലുമിരട്ടി ലാഭം ലഭിക്കുകയും ചെയ്യും. സ്ഥിതി ഇങ്ങനെയായിരിക്കെ, പാലക്കാട് നിന്ന് കള്ള് ലഭിക്കാതിരിക്കെ കൃത്രിമമായി കള്ളുണ്ടാക്കുക എന്ന പോംവഴിയിലേക്ക് ഷാപ്പുടമകള്‍ എത്തിച്ചേരുകയാണ്. കേരളത്തിലെ ഭൂരിഭാഗം ഷാപ്പുകള്‍ക്കും ഒരു ദിവസം 250 ലിറ്റര്‍ പാലക്കാടന്‍ കള്ളിനുള്ള പെര്‍മിറ്റാണ് ലഭിക്കുക. എന്നാല്‍ ആയിരക്കണക്കിന് ലിറ്റര്‍ കള്ളാണ് ഒരു ദിവസം ഓരോ ഗ്രൂപ്പുകളും ചെക്ക്‌പോസ്റ്റ് വഴി കടത്തുന്നതന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.


തോപ്പുകള്‍ സ്വന്തമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍
തോപ്പുകള്‍ ഓരോ തൊഴിലാളി യൂണിയനുകളുടേയും പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ലേലത്തില്‍ പിടിക്കുകയാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പുതിയ വിവരം. ഓരോ തോപ്പുകള്‍ക്കും ഒരു ചെത്തുകാരന്‍ മാത്രമാണ് പലപ്പോഴുമുണ്ടാവുക. കള്ള് ലഭ്യത കുറഞ്ഞതോടെ അതത് തോപ്പുകളില്‍ തന്നെ കള്ള് കലക്കി ചെക്ക് പോസ്റ്റുകള്‍ കടത്തുന്നതായും ആരോപണമുണ്ട്. എന്നാല്‍ ഈ തോപ്പുകളിലെ പരിശോധനകള്‍ക്ക് രാഷ്ട്രീയ ഇടപെടലിലൂടെ കര്‍ശന നിയന്ത്രണവും സാധ്യമാക്കിയതായാണ് വിവരം. എക്‌സൈസ് കമ്മിഷ്ണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ തോപ്പുകള്‍ പരിശോധിച്ചെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിനടിപ്പെട്ട് നടപടികളുണ്ടായില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തോപ്പുകളില്‍ പരിശോധന വേണ്ടെന്ന വാക്കാലുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതായും ഇവര്‍ വെളിപ്പെടുത്തുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള സ്പിരിറ്റ് ഇപ്പോള്‍ അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രം
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടിയതായാണ് നിയമസഭയില്‍ എക്‌സൈസ് വകുപ്പ് മേധാവികള്‍ നല്‍കിയ കണക്ക്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് നാലായിരം ലിറ്ററിലധികം വരില്ലെന്ന വിവരമാണ് എക്‌സൈസിലെ ചില പ്രധാന ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം. രണ്ട് കാരണങ്ങളാണ് ഇതിന് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബില്‍ നിന്ന് തമിഴ്‌നാട്ടിലെ കോവില്‍പെട്ടി, ട്രിച്ചി, നാഗര്‍കോവില്‍, നാമയ്ക്കല്‍ എന്നിവിടങ്ങളിലെ ഗോഡൗണുകളിലേക്കെത്തിക്കുന്ന സ്പിരിറ്റാണ് കേരളത്തിലെ അബ്കാരികള്‍ക്ക് വീതംവച്ച് നല്‍കുന്നത്. മുമ്പ് ഈ മേഖലയുമായി പരിചയമുള്ള എല്ലാവര്‍ക്കും സ്പിരിറ്റ് നല്‍കിവരാറായിരുന്നു പതിവ്. ഒറ്റുകാര്‍ സ്ഥിരമായതോടെ സ്പിരിറ്റ് റെയ്ഡും വ്യാപകമായി. ഇതിനെ മറികടക്കാന്‍ സ്പിരിറ്റ് മൊത്തക്കച്ചവടക്കാര്‍ ഒരു മാര്‍ഗം തെരഞ്ഞെടുത്തു. വിശ്വാസ്യതയും അടുത്ത ബന്ധവുമുള്ള രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമായി സ്പിരിറ്റ് കച്ചവടം ചുരുക്കി. കിട്ടുന്നവരും കൊടുക്കുന്നവരും ഇക്കാര്യം പുറത്തുപറയാതായതോടെ സ്പിരിറ്റ് ഒഴുക്ക് തടസ്സങ്ങളില്ലാതെ തുടരുകയാണ്. മാര്‍ച്ച് ഒമ്പതിന് ട്രിച്ചിയില്‍ നിന്ന് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്ത 560 കാന്‍ സ്പിരിറ്റ് കേരളത്തിലേക്കുള്ളത് തന്നെയായിരുന്നു എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ എന്ന രൂപത്തില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റ് ദിവസങ്ങളുടെ പ്രയത്‌നത്തിനൊടുവിലാണ് പിടിച്ചെടുത്തത്. കേരളത്തിലേക്കുള്ള സ്പിരിറ്റ് കൊണ്ടുവരവില്‍ കുറവു വന്നെന്ന എക്‌സൈസ് തലവന്‍മാരുടെ വിശദീകരണമാണ് ഇതോടെ പൊളിയുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാവേലിക്കരയിലും ഇടുക്കിയിലും ഈയടുത്ത് സ്പിരിറ്റ് പിടികൂടിയത് ഈ വാദത്തിന് ബലം നല്‍കുന്നു.

ഋഷിരാജ് സിങ് കമ്മീഷ്ണറായി വന്നതിന് ശേഷം ലഹരി ഉപയോഗം വില്‍പ്പന എന്നീ വകുപ്പുകളില്‍ ദിവസവും ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ വന്നിട്ടുണ്ട്. അതിനാല്‍ ടാര്‍ജറ്റ് ഒപ്പിക്കാനായി ഇത്തരം കേസുകളുടെ പിറകെ പോവാനാണ് എക്‌സൈസ് ജീവനക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സ്പിരിറ്റ് റെയ്ഡിനോ, ഷാപ്പുകലിലെ വ്യാജക്കള്ള് പരിശോധനയ്‌ക്കോ, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കോ പോവാന്‍ എക്‌സൈസ് ജീവനക്കാര്‍ മിനക്കെടുന്നില്ലെന്നതാണ് രണ്ടാമത്തെ കാരണമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നിര്‍ജ്ജീവമായി മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍
കള്ള് പരിശോധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം വരുന്ന മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഭൂരിഭാഗം ലാബുകളും പ്രവര്‍ത്തന രഹിതമായിട്ട് കാലങ്ങളായി. ലാബില്‍ പരിശോധിക്കുമ്പോള്‍ കൃത്രിമക്കള്ളാണെന്ന് ബോധ്യപ്പെട്ടവ പോലും എക്‌സൈസിന്റെ പ്രധാന പരിശോധനാ ലാബിലെത്തുമ്പോള്‍ നല്ല കള്ളാവും. മാസപ്പടി നല്‍കുന്ന ഷാപ്പുകളെ രക്ഷിക്കാനുള്ള വഴികള്‍ ലാബ് ജീവനക്കാര്‍ക്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൊബൈല്‍ ടെസ്റ്റിങ് ലാബിന്റെ പരിശോധനാ ഫലത്തിന്‍മേല്‍ നടപടിയെടുക്കാനാവില്ല എന്നതും വിഷയമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. കഴിഞ്ഞിടെ കോട്ടയം ജില്ലയില്‍ നിന്ന് നാല് സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി മൊബൈല്‍ ലാബ് ജീവനക്കാര്‍ അയച്ചിരുന്നു. ഇത് നല്ല കള്ളാണെന്ന് വിധിയെഴുതാന്‍ നാല് ലക്ഷം രൂപയാണ് എക്‌സൈസിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ ഷാപ്പുടമകളോട് ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ തയ്യാറാവാതിരുന്ന ഒരു സ്ത്രീ നടത്തുന്ന ഷാപ്പില്‍ നിന്നെടുത്ത് സാമ്പിള്‍ മാത്രം കൃത്രിമമാണെന്ന് വിധിയെഴുതി ലാബുകാരും വിശ്വാസ്യത തെളിയിച്ചു. ആ ഷാപ്പില്‍ നിന്നെടുത്ത സാമ്പിള്‍ മാത്രമായിരുന്നു നല്ല കള്ള് എന്ന് പരിശോധനയ്ക്കു നേതൃത്വം നല്‍കിയ ഒരു ജീവനക്കാരന്‍ പറയുന്നു.

തെക്കന്‍ ജില്ലകളിലേക്ക് കള്ള് കൊണ്ട് പോവുന്ന ആലത്തൂര്‍ ചെക്ക് പോസ്റ്റിലും വടക്കന്‍ ജില്ലകളിലേക്കുള്ള കള്ള് വണ്ടികള്‍ കടന്നു പോവുന്ന പറളി ചെക്ക് പോസ്റ്റിലും മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിക്കണമെന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യം ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പരിശോധനാ ഫലം വരാനെടുക്കുന്ന മൂന്ന് മണിക്കൂര്‍ കള്ള് വണ്ടികള്‍ ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയിടേണ്ടി വരുന്നത് കള്ള് കേടാവാനിടയാക്കുമെന്ന ന്യായീകരണം കണ്ടെത്തിയാണ് സര്‍ക്കാരും എക്‌സൈസ് അധികാരികളും ഈ നീക്കം തടയുന്നത്. പാലക്കാട് ഗോവിന്ദാപുരം, ചിറ്റൂര്‍ മേഖലകളിലെ പെട്ടിക്കടകളില്‍ വരെ കള്ള് കലക്കാനുള്ള പേസ്റ്റ് വില്‍പ്പനയ്ക്കുണ്ട്. എന്നാല്‍ ഇത് കള്ളില്‍ കലക്കുന്നതിനായി തന്നെ വച്ചിരിക്കുകയാണെന്ന് ഉറപ്പില്ലാതെ റെയ്ഡ് നടത്തരുതെന്നാണ് ജീവനക്കാര്‍ക്ക് അധികൃതരില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്ന് ഈ മേഖലയിലെ ഒരു എക്‌സൈസ് ജീവനക്കാരന്‍ പറയുന്നു.

കള്ള് കലക്കാന്‍ റേഞ്ച് ഓഫീസും വിട്ടുനല്‍കും
ഏറ്റവും കൂടുതല്‍ വ്യാജക്കള്ള് വില്‍ക്കുന്നത് കള്ളിന് ഏറെ ആവശ്യക്കാരുള്ള തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ രണ്ടിടങ്ങളിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൃത്രിമക്കള്ള്ുണ്ടാക്കുന്നതിന് മൗനാനുവാദം നല്‍കുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കൂറ് ഏറിയ ഉദ്യോഗസ്ഥര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് പോലും കള്ള് കലക്ക് കേന്ദ്രമാക്കി മാറ്റുന്നത് പലപ്പോഴും വെളിപ്പെട്ടിട്ടുള്ള കാര്യമാണെന്നും ഇവര്‍ പറയുന്നു. മുമ്പ് തൃശൂര്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ അനുവാദത്തോടെ റേഞ്ച് ഓഫീസില്‍ കള്ള് കലക്കുന്നത് വിജിലന്‍സ് റെയ്ഡ് ചെയ്ത് പിടിച്ചിരുന്നു. ഇതേ കാര്യങ്ങള്‍ ഇപ്പോള്‍ പല ജില്ലകളിലും ആവര്‍ത്തിക്കപ്പെടുകയാണെന്നാണ് ജീവനക്കാരുടെ ഭാഷ്യം. മുമ്പ് വിജിലന്‍സ് റെയ്ഡില്‍ പിടിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ വ്യാജക്കള്ളിന് പേരുകേട്ട ആലപ്പുഴയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കുന്നത് ഭീഷണിയുയര്‍ത്തുന്ന കാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യവസ്ഥകള്‍ ഒന്ന്, നടക്കുന്നത് മറ്റൊന്ന്
ഒരു ഷാപ്പിന് അഞ്ച് ചെത്തുകാരും അമ്പത് തെങ്ങും വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഭൂരിഭാഗം വരുന്ന ഷാപ്പുകള്‍ക്കും സ്വന്തമായി തെങ്ങും, ചെത്ത് തൊഴിലാളികളുമില്ല എന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ നിര്‍ദ്ദേശം അതേപടി നടപ്പാക്കിയത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. അതിനാല്‍ അഞ്ചില്‍ താഴെ ഷാപ്പുകള്‍ മാത്രമാണ് തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് ലഭിച്ച ചെത്തുതൊഴിലാളികളുടെ എണ്ണം നോക്കിയാല്‍ അത് നാല് ലക്ഷത്തോളം വരും. എന്നാല്‍ ഇതിന്റെ നാലില്‍ ഒന്ന് പോലും തൊഴിലാളികള്‍ ഇപ്പോഴില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അങ്ങനെ നോക്കിയാല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക ഷാപ്പുകളും അടച്ചുപൂട്ടേണ്ടവയാണ്.

കണ്ണൂര്‍ ജില്ലയിലെ ഷാപ്പുകളില്‍ മാത്രമാണ് യഥാര്‍ഥ ചെത്തുകള്ള് വിതരണം ചെയ്യുന്നതെന്ന് പലപ്പോഴായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ബോധ്യപ്പെട്ടതാണ്. മറ്റിടങ്ങളില്‍ കള്ള് കിട്ടാനില്ലാതായിട്ടും വില്‍പ്പനയില്‍ ഒരു ശതമാനം പോലും കുറവ് വന്നിട്ടില്ല. ഷാപ്പുകളില്‍ വില്‍ക്കുന്നത് കുടിക്കുന്നവരുടെ ആരോഗ്യത്തിന് ഏറെ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ന്ന കള്ളാണെന്നറിഞ്ഞിട്ടും നടപടിയെടുക്കാതെ എക്‌സൈസ് വകുപ്പ് ഒഴിയുകയാണ്. വ്യാജക്കള്ള് വില്‍പ്പന വ്യാപകമാവുന്നതായും ഇത് മദ്യദുരന്തത്തിന് വഴിവച്ചേക്കുമെന്നും എക്‌സൈസ്/ഇന്റലിജന്‍സ് വിഭാഗം പല തവണ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇപ്പോഴും ഇന്റലിജന്‍സ് വിഭാഗം ഈ മുന്നറിയിപ്പുകള്‍ തുടരുന്നു. എന്നിട്ടും നടപടികളുണ്ടാവാത്തത് മദ്യദുരന്തത്തിലേ അവസാനിക്കൂ എന്നാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍