UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പന്ത് പിളരുന്ന ആ സ്മാഷ് കണ്ടില്ലെന്നു നടിക്കാന്‍ ഇനി അവര്‍ക്കാവുമായിരുന്നില്ല

Avatar

കെ.പി.എസ്.കല്ലേരി

ഒടുക്കം വോളിബോള്‍ കോര്‍ട്ടുകളില്‍ പന്തു പിളര്‍ക്കും സ്മാഷ് ഉതിര്‍ത്ത ടോമിന്റെ ശബ്ദം കേന്ദ്ര കായിക മന്ത്രാലയം കേട്ടിരിക്കുന്നു. ഒമ്പതു തവണ വഴുതിപ്പോയ അര്‍ജുന അവാര്‍ഡ് ടോംജോസഫ് എന്ന വോളിബോള്‍ താരത്തെ തേടിയെത്തുമ്പോള്‍ ഇക്കാലമത്രയും നിരവധിയായ താരങ്ങള്‍ക്ക് ലഭിച്ച അര്‍ജുനയേക്കാള്‍ തിളക്കമുണ്ട് അതിന്. കാരണം ടോമിന് നിഷേധിക്കപ്പെട്ട അര്‍ജുന അദ്ദേഹത്തിന്റെ ശിരസ്സിലേക്കെത്താന്‍ ഒരു നാട് മുഴുവനുമാണ് ആ താരത്തിന്റെ പിന്നിലണിനിരന്നത്.

കോഴിക്കോട്ടെ പൂതംപാറ എന്ന ചെറിയ ഗ്രാമത്തില്‍ നിന്നും രാജ്യത്തിന്റെ നെറുകയിലേക്കും അവിടുന്ന് ലോകമറിയുന്ന വോളിബോള്‍ താരമായും വളര്‍ന്നു പന്തലിച്ച ടോം ജോസഫിന് വൈകിയാണെങ്കിലും അര്‍ജുന അവാര്‍ഡ് ലഭിക്കുമ്പോള്‍ ജയിച്ചിരിക്കുന്നത് കേരളത്തിലേയും രാജ്യത്തെങ്ങുമുള്ള കായിക പ്രേമികളാണ്. പ്രത്യേകിച്ച് വോളിബോളിനെ നെഞ്ചിലേറ്റുന്നവര്‍. കാരണം കഴിഞ്ഞ തവണ അര്‍ജുന അവാര്‍ഡിന്റെ പട്ടികയില്‍ നിന്നും അവസാന നിമിഷം ടോമിന്റെ പേര് വഴുതിവീണപ്പോള്‍ കേരളത്തിനകത്തും പുറത്തുമെല്ലാം അണപൊട്ടിയൊഴുകിയ കായികപ്രേമികളുടെ രോഷം നമ്മള്‍ കണ്ടതാണ്. ജനമിളകി, കായിക പ്രേമികള്‍ ഉണര്‍ന്നു, വിവിധ കായിക മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുകയും മുന്‍കാലങ്ങളില്‍ അര്‍ജുനയും ദ്രോണയും ചൂടിയവരുമെല്ലാം ഒറ്റക്കെട്ടായി ടോമിനുവേണ്ടി രംഗത്തെത്തി, ന്യായമായ ആവശ്യമെന്ന നിലയില്‍ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ അവഗണനയുടെ കഥയെഴുതി. പ്രതിഷേധ കൊടുങ്കാറ്റില്‍ നിന്നും സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്കും സ്‌പോര്‍ട്‌സ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കുമൊന്നും മാറി നില്‍ക്കാനായില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും  കേരളത്തില്‍ നിന്നുള്ള എംപിമാരും കേന്ദ്രമന്തിമാരും ടോമിനായുള്ള ആവശ്യം ഉന്നയിച്ചു…ഒടുക്കം എല്ലാറ്റിന്റേയും പ്രതിഫലമെന്ന നിലയില്‍ ടോം ജോസഫിന് അര്‍ജുന ലഭിച്ചിരിക്കുന്നു. ഒമ്പതാം തവണയും നിഷേധിക്കപ്പെട്ട അര്‍ജുന.

വിവരമറിഞ്ഞ് കൊച്ചിയിലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വളരെ ആവേശത്തോടെയാണ് ടോം സംസാരിച്ചത്. ‘നന്ദിയുണ്ട്, നിങ്ങള്‍ കേരളത്തിലെ മാധ്യമങ്ങളോട്, ജനങ്ങളോട്, ഇവിടുത്തെ രാഷ്ട്രീയക്കാരോട്, ഭരണ നേതൃത്വത്തോട്, വോളിബോളിനായി ദാഹിക്കുന്ന ഓരോ പുല്‍ത്തരിയോടുപോലും നന്ദി.  കാരണം നിങ്ങളെല്ലാം കാണിച്ച സ്‌നേഹത്തിനു പുറത്താണിപ്പോള്‍ എനിക്ക് അര്‍ജുന കിട്ടിയിരിക്കുന്നത്. ഒമ്പതാം തവണയും അവഗണന നേരിട്ടപ്പോള്‍ നിങ്ങളോടെല്ലാം ഞാന്‍ പറഞ്ഞത് ഇനി അപേക്ഷിക്കില്ലെന്നാണ്. അത്രമാത്രം മടുത്തിരുന്നു. പക്ഷെ അതിനുശേഷം രാജ്യവ്യാപകമായി എനിക്കുവേണ്ടി ഉയര്‍ന്ന ശബ്ദങ്ങള്‍ അങ്ങേയറ്റം ആവേശം പകരുന്നതായിരുന്നു. ഇത്രമാത്രം ജനം എന്നെ സ്‌നേഹിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഒരു നൂറ്  അര്‍ജുന കിട്ടിയതിലധികം ഞാന്‍ സന്തോഷിച്ചു. എന്നെ സ്‌നേഹിക്കുന്നവരെല്ലാം നിര്‍ബന്ധിച്ചപ്പോളാണ് പത്താംവട്ടവും അപേക്ഷിച്ചത്. വൈകിയാണെങ്കിലും അര്‍ജുന അവാര്‍ഡ് ലഭിച്ച വിവരമറിയുമ്പോള്‍ ഒന്നുറപ്പായിരിക്കുന്നു. ഇന്ത്യന്‍ വോളിബോളിനെ അത്ര പെട്ടെന്നൊന്നും ആര്‍ക്കും അവഗണിക്കാനാവില്ല. കാരണം വോളിബോള്‍ അത്രമാത്രം ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കളിയാണ്. എനിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ക്കെല്ലാം ഒരിക്കല്‍ക്കൂടി നന്ദി..’

ബെസ്റ്റ് ഓഫ് അഴിമുഖം 

ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു

ബോള്‍ട്ടിന്റെ ജമൈക്കയില്‍ നിന്നു കേരളം പഠിക്കേണ്ടത്

രാഷ്ട്രീയക്കാരെ, നിങ്ങള്‍ക്കെന്താ ഇവിടെ കാര്യം?

സച്ചിന് ഭാരതരത്ന: ഉഷയ്ക്കും ധ്യാന്‍ചന്ദിനും എന്തു നല്കും?

ഒരു സര്‍ക്കാര്‍ സ്കൂളിന്റെ (ജി വി രാജയെ തോല്‍പ്പിച്ച) കഥ

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13നാണ് രാജ്യം കായികരംഗത്തെ മികവിന് നല്‍കുന്ന രണ്ടാമത്തെ ഏറ്റവും വലിയ പുരസ്‌കാരമായ അര്‍ജുന അവാര്‍ഡിന് 15 താരങ്ങളെ തെരഞ്ഞെടുത്തത്. അവസാന നിമിഷം വരെ ടോമിന്റെ പേരുണ്ടായിരുന്നെന്നും ബോധപൂര്‍വമോ അല്ലാതെയോ പിന്നീടത് വെട്ടിമാറ്റപ്പെടുകയായിരുന്നെന്നുമാണ് പുറത്തുവന്ന വാര്‍ത്ത.

ജിമ്മി ജോര്‍ജിനുശേഷം രാജ്യം കണ്ട എക്കാലത്തേയും മികച്ച വോളിബോള്‍താരമെന്ന് ഖ്യാതി തേടിയ  ടോം ജോസഫ് ഒമ്പതാം തവണയാണ് അര്‍ജുന അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ നിന്ന് തള്ളപ്പെട്ടത്. ഒളിംമ്പിക്‌സില്‍ മത്സരിക്കാന്‍ പോയിട്ട് ഫൗള്‍ചെയ്ത് പുറത്തായവരടക്കം അര്‍ജുനയുടെ പട്ടികയിലെത്തിയപ്പോള്‍ അര്‍ജുന അവാര്‍ഡിന് ഏറ്റവും കൂടുതല്‍ തവണ പരിഗണിച്ച് തഴയപ്പെട്ട  താരമെന്ന’ബഹുമതി’യായിരുന്നു അന്ന് ടോമിന് കിട്ടിയത്.

കഴിഞ്ഞ പതിനാറു വര്‍ഷമായി ടോം ജോസഫ് അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ തുടങ്ങിയിട്ട്. ഇത്രയും വര്‍ഷം തുടര്‍ച്ചയായി വോളിബോളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച മറ്റൊരു താരവുമില്ലെന്ന് വോളിബോള്‍ ലോകം തന്നെ സാക്ഷ്യപ്പെടുത്തുന്നു. 1999ല്‍ നേപ്പാളിലും 2004ല്‍ പാക്കിസ്ഥാനിലും, 2006ല്‍ കൊളംബോയിലും നടന്ന സാഫ് ഗെയിംസ്, 2002ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസ്, 2009ലെ ദോഹ ഏഷ്യന്‍ ഗെയിംസ്, രണ്ടുതവണ ഇറാനിലും ഒരോതവണ കൊറിയയിലും ചൈനയിലും നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകള്‍, 2002ലെ റഷ്യന്‍ ഇന്റര്‍നാഷണലിലടക്കം എട്ടുതവണ ബെസ്റ്റ് പ്ലയര്‍, കൂടാതെ അമ്പതോളം അന്താരാഷ്ട്രാ ടൂര്‍ണമെന്റുകള്‍… 1998 മുതലിങ്ങോട്ടുള്ള ടോം ജോസഫ് എന്ന താരത്തിന്റെ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ ഏതൊരു ജഡ്ജിംങ് കമ്മറ്റിയുടേയും കണ്ണു തളള്ളിപ്പോവും. 

കേരളത്തിന്റേയും ഇന്ത്യയുടേയും ഓരോ വിജയത്തിന് പിന്നിലും കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്തുള്ള പൂതംപാറയെന്ന തനി മലയോരഗ്രാമത്തില്‍ നിന്ന് രാജ്യത്തിനും മീതെ പടര്‍ന്നു പന്തലിച്ച ടോമിന്റെ പന്തുപിളര്‍ക്കുന്ന തകര്‍പ്പന്‍ സ്മാഷുകളുണ്ടായിരുന്നു. അറ്റാക്കെന്ന വോളിബോളിന്റെ ശക്തി സൗന്ദര്യം മുഴുവന്‍ ആവാഹിച്ചുകൊണ്ടുള്ള ടോമിന്റെ ഓരോ സ്മാഷുകളും ആരാധനയോടെ കാണുന്നവര്‍  ലോകത്തിന്റെ നാലതിരുകളിലും നിരവധിയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പത്തനംതിട്ടയില്‍നടന്ന ഫെഡറേഷന്‍ കപ്പില്‍ മികച്ച താരമായതും ജനുവരിയില്‍ ജയ്പൂരില്‍ നടന്ന ദേശീയ വോളിയില്‍ കേരളത്തിന്റെ വിജയ ശില്‍പിയായതുമാണ് ഭാരത് പെട്രൊളിയത്തില്‍ ഉദ്യോഗസ്ഥനും അവരുടെ കൊച്ചിന്‍ റിഫൈനറിയുടെ താരവുമായ ടോമിന്റെ കരിയറിലെ അവസാന നേട്ടം. ഇപ്പോഴും കേരള ടീമിന്റെ നട്ടെല്ല് ടോം ജോസഫ് തന്നെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍