UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു കമ്യൂണിസ്റ്റുകാരന്‍ ആപ്പായ കഥ; കേരളത്തില്‍ ആപ്പിന് ആദ്യ ജയം സമ്മാനിച്ച ടോമി ഏലശ്ശേരി സംസാരിക്കുന്നു

Avatar

നാളിതുവരെ കേരളത്തില്‍ നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയം സംസ്ഥാനത്ത് ആഘോഷിക്കുകയാണ്. ആലപ്പുഴ അര്‍ത്തുങ്കല്‍ പഞ്ചായത്തിലെ ഇരുപത്തിയേഴാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആപ്പ് തങ്ങളുടെ പ്രയാണത്തിന്റെ ആദ്യഫലസൂചന കാണിച്ചിരിക്കുന്നത്. രാഷ്ട്രീയ കേരളത്തില്‍ വലിയൊരു മാറ്റത്തിന് തന്നെ കാരണമായേക്കാവുന്ന ഈ വിജയം പാര്‍ട്ടിക്ക് നേടിക്കൊടുത്തത് മുന്‍ പ്രവാസികൂടിയായ ടോമി ഏലശ്ശേരിയാണ്. ഇടതുമുന്നണിയിലൂടെ രാഷ്ട്രീയത്തിലെത്തി, ഇടതിന്റെ ഭാഗമായി  തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തി വിജയം നേടുകയും പിന്നീട് തന്റെ നിലപാടുകളോട് യോജിക്കുന്ന തട്ടകം ആം ആദ്മിയാണെന്ന് തിരിച്ചറിഞ്ഞ ടോമി ഒരു ചരിത്രനേട്ടം തന്നെ പാര്‍ട്ടിക്കു നേടിക്കൊടുക്കുകയായിരുന്നു. തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ടോമി ഏലശ്ശേരി സംസാരിക്കുന്നു. (തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി.)

സാധാരണ പൊതുപ്രവര്‍ത്തകര്‍ക്കുള്ളത് പോലെ വര്‍ണ്ണശബളമായ, അല്ലെങ്കില്‍ സംഘര്‍ഷഭരിതമായ ഒരു രാഷ്ട്രീയ-കലാലയ ജീവിതമൊന്നും എനിക്ക് പറയാനില്ല. പഠിക്കുന്ന കാലത്ത് ഒരു സാധാരണ വിദ്യാര്‍ഥി മാത്രമായിരുന്നു. രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് നിലപാടുകളൊന്നും ഇല്ലായിരുന്നു. പക്ഷെ പിന്നീടു സിപിഐ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടാവുകയായിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തു. എങ്കിലും സജീവമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇറങ്ങിയിരുന്നില്ല. പിന്നിടാണ് ഞാന്‍ ജീവിതമാര്‍ഗമെന്ന നിലയില്‍ ഗള്‍ഫിലേക്ക് പോകുന്നത്. അവിടെയൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാന്‍ ആയിട്ട് കുറച്ചു വര്‍ഷങ്ങള്‍. 2005ല്‍ നാട്ടില്‍ വന്നതിനു ശേഷമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായത്. എങ്കിലും രാഷ്ട്രീയം ഞാനൊരു തൊഴിലാക്കിയില്ല. അപ്പ കച്ചവടമായിരുന്നു നാട്ടിലെ എന്റെ വരുമാനമാര്‍ഗം. ഓര്‍ഡര്‍ അനുസരിച്ച് അപ്പം കല്യാണ പാര്‍ട്ടികള്‍ക്കും മറ്റും സപ്ലൈ ചെയ്യും. 500 അപ്പങ്ങള്‍ വരെ ഒരു ദിവസം ചെലവുണ്ടായിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള എനിക്ക് അതുകൊണ്ട് സുഖമായിട്ട് ജീവിച്ചു പോകാം.

എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടി 
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇലക്ഷനില്‍ നിന്നു വിജയിച്ചു. സിപിഐ-സിപിഎം ധാരണ പ്രകാരം ചേര്‍ത്തല സൗത്ത് പഞ്ചായത്ത് പ്രസിഡന്റ്‌റ് ആവുകയും ഒന്നര വര്‍ഷത്തോളം ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

ചേര്‍ത്തല സൗത്ത് പഞ്ചായത്ത് വിഭജിച്ച് അര്‍ത്തുങ്കല്‍ പഞ്ചായത്താക്കണം എന്ന അഭിപ്രായം ഒരു പ്രശ്‌നമായി രൂപപ്പെട്ടു വന്നപ്പോള്‍ ഞാന്‍ വിശ്വസിച്ച എല്‍ഡിഎഫ് ഇതിനെ എതിര്‍ക്കുകയായിരുന്നു. നിര്‍ണായകമായ ഒരു സാഹചര്യം ഉരുത്തിരിഞ്ഞപ്പോള്‍ ഞാന്‍ ജനപക്ഷത്തു നില്‍ക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് വിഭജനം പ്രാവര്‍ത്തികമാക്കുകയെന്ന ആവശ്യവുമായി ഞങ്ങള്‍ ഒരു സമിതി രൂപീകരിച്ചു. ഞാനായിരുന്നു ചെയര്‍മാന്‍. തുടര്‍ച്ചയായ 76ദിവസം ഞങ്ങള്‍ സമരം ചെയ്യുകയുണ്ടായി. തുടര്‍ന്ന് പഞ്ചായത്ത് വേണമോ വേണ്ടയോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഒരു പ്രമേയം പാസ്സാക്കി . അതില്‍ പഞ്ചായത്ത് വേണമെന്ന് യുഡിഎഫും വേണ്ടായെന്നു എല്‍ഡിഎഫും നിലപാടെടുത്തു. ആ പ്രമേയത്തില്‍ വേണം എന്ന ഭാഗത്തു നിന്നുകൊണ്ട് ഞാന്‍ എല്‍ഡിഎഫിനെതിരെ വോട്ട്‌ചെയ്തു.

തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങള്‍ എന്റെ പാര്‍ട്ടി വിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആയിരുന്നു. ജനങ്ങളുടെ ഭാഗത്തു നിന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് സമ്പാദിച്ചു. രാഷ്ട്രീയ ശത്രുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടി എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചു . അടുത്ത നടപടി എനിക്കെതിരായുള്ള അവിശ്വാസ പ്രമേയം ആയിരുന്നു. എല്‍ഡിഎഫിനോട് കൂടെ നിന്നാല്‍, അത്രകാലം വിഭജനത്തെ അനുകൂലിച്ചു നിന്ന ജനങ്ങളെ എനിക്ക് ചതിക്കേണ്ടി വരും. ഞാനത് തയ്യാറല്ലായിരുന്നു.  ഇരുപത്തി രണ്ടു മെമ്പര്‍മാരാണ് ചേര്‍ത്തല സൌത്ത് പഞ്ചായത്തില്‍ ഉള്ളത്. അതില്‍ പത്തു യുഡിഫിനും പന്ത്രണ്ട് എല്‍ഡിഎഫിനും. പഞ്ചായത്ത് നിയമം പ്രകാരം 51 ശതമാനം വോട്ടു വേണം അവിശ്വായപ്രമേയം പാസാവാന്‍. ഞാനടക്കം വോട്ടു ചെയ്താലും പ്രമേയം പാസാവില്ല എന്ന് ഇടതുപക്ഷത്തിന് അറിയാവുന്നതുകൊണ്ടാണ് യുഡിഎഫുമായി യോജിച്ചൊരു നീക്കം അവര്‍ നടത്തിയത്. അങ്ങനെ ഒരു അവസ്ഥയിലാണ് ഞാന്‍ പ്രസിഡന്റ് സ്ഥാനം രാജി വച്ചത്.

എന്നെ താഴെയിറക്കാന്‍ അവര്‍ക്കായെങ്കിലും ഞങ്ങള്‍ നടത്തിയ സമരം വിജയിക്കുകയും പഞ്ചായത്ത് വിഭജിച്ച് അര്‍ത്തുങ്കല്‍ തീരദേശ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ഇരു മുന്നണികളിലും വിശ്വസിച്ചിട്ടു കാര്യമില്ല, സമരം കൊണ്ടുള്ള വിജയമാണ് നേടിയത് അല്ലാതെ പാര്‍ട്ടിയുടെ പിന്‍ബലമല്ല ഈ വിജയത്തിന് കാരണമെന്നും ഞങ്ങള്‍ മനസ്സിലാക്കി. ഈ സംഭവത്തെ തുടര്‍ന്ന് രണ്ടു മുന്നണിയിലും വിശ്വാസം നഷ്ടപ്പെടുകയായിരുന്നു എനിക്ക്. അങ്ങനെയാണ് ഞാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ആകൃഷ്ടനാവുന്നത്. സുഹൃത്തുക്കളുടെയും ജനങ്ങളുടെയും ശക്തമായ ഒരു പിന്തുണ എനിക്കുണ്ടായിരുന്നു; അന്നും ഇന്നും. അവരും ഈ മാറ്റത്തിനു കാരണക്കാരാണ്.

ഇലക്ഷന്‍ തയ്യാറെടുപ്പുകള്‍
സാധാരണ തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികള്‍ ചെയ്യാറുള്ളത് പോലെ കൊട്ടിഘോഷിച്ചുള്ള ഒരു പ്രചാരണമൊന്നും ഞങ്ങള്‍ നടത്തിയില്ല. കുറച്ചു സുഹൃത്തുക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജനങ്ങളെ നേരിട്ട് കണ്ടു സംസാരിച്ചു. ഇതുവരെ ചെയ്ത കാര്യങ്ങള്‍ അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ഇനി ചെയ്യാനുള്ള കാര്യങ്ങളും ഇതുവരെ ചെയ്ത കാര്യങ്ങളില്‍ പോരായ്മകള്‍ വന്നിട്ടുണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്താനുള്ള നടപടികളുമാണ് ജനങ്ങള്‍ക്ക് ഞങ്ങള്‍ വിശദീകരിച്ചു കൊടുത്തത്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ട പ്രധാന കര്‍മ്മം. അത് ഞങ്ങള്‍ ചെയ്തു. പബ്ലിസിറ്റിയെക്കാള്‍ ഉപരി ജനങ്ങളുമായി സംവദിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. രണ്ടാഴ്ച കൊണ്ട് തന്നെ വാര്‍ഡിലെ 392 വീടുകള്‍ മുഴുവന്‍ ഞങ്ങള്‍ കവര്‍ ചെയ്തു.

വ്യക്തിപ്രഭാവമോ ആം ആദ്മിയോ
ആദ്യ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിനേക്കാള്‍ പ്രയാസമാണ് രണ്ടാമൂഴം. കാരണം ആദ്യത്തെ ഭരണകാലയളവില്‍ ആ വ്യക്തി എന്തൊക്കെ ജനങ്ങള്‍ക്കുവേണ്ടി ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും രണ്ടാമത്തെ തെരഞ്ഞെടുപ്പ് വിധി. തുടക്കം മുതല്‍ തന്നെ ജനങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാളായി പ്രവര്‍ത്തിച്ചതുകൊണ്ട് വോട്ടര്‍മാര്‍ക്കിടയില്‍ പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടായിരുന്നില്ല എനിക്ക്.

വ്യക്തിപരമായും പാര്‍ട്ടിയുടെ പിന്തുണയിലും എനിക്ക് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായി അവര്‍ക്കെന്നെ അറിയാവുന്നതുകൊണ്ട് പലരും പാര്‍ട്ടി എന്നൊരു ഘടകം നോക്കാതെ തന്നെ വോട്ടു ചെയ്തു എന്നത് സത്യമാണ്. പക്ഷേ വേറൊരു കാരണം, ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള ജനത്തിന്റെ വിശ്വാസമാണ്. പതുക്കെയാണെങ്കിലും അത് വേരുപിടിക്കുന്നുണ്ട് കേരളത്തില്‍. ഇരു മുന്നണികളുടെയും ഉള്ളുകളികള്‍ ജനം മനസ്സിലാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും എല്‍ഡിഎഫിലെ അന്തര്‍ നാടകങ്ങളും ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കയാണ്. പണ്ടത്തെ പോയെല്ല, വാര്‍ത്താ മാധ്യമങ്ങള്‍ എല്ലാ കാര്യങ്ങളും അപ്പപ്പോള്‍ ജനങ്ങളില്‍ എത്തിക്കുന്നുണ്ട്. ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുന്ന ജനം സ്വാഭാവികമായും ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങള്‍ സ്വീകരിക്കുന്നു എന്നതിന് കൂടി തെളിവ് നല്‍കുകയാണ് ഈ വിജയം. ഒരു മാറ്റം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളോടൊപ്പം നില്‍ക്കുക, അവര്‍ക്ക് വേണ്ടത് ചെയ്യുക എന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുക. ജനവിശ്വാസം ആര്‍ജിച്ചാല്‍ ആ പിന്തുണ എന്നുമുണ്ടാകും. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇടതും ആപ്പും തമ്മിലുള്ള വ്യത്യാസം
ആം ആദ്മി പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെങ്കിലും അതിനുള്ളിലുവരുടെ മനോഭാവങ്ങളില്‍ വലിയ അന്തരമുണ്ട്. ഇടതായാലും വലതായാലും ആ പാര്‍ട്ടികളുടെ ആശയങ്ങളെയല്ല വിമര്‍ശിക്കുന്നത്, ആ പാര്‍ട്ടികളെ നയിക്കുന്നവരുടെയും അവിടുത്തെ നേതാക്കന്മാരുടെയും പ്രവര്‍ത്തികളാണ് ദോഷം. ആശയങ്ങള്‍ പാര്‍ട്ടി തലത്തില്‍ നിന്നും മാറി വ്യക്തി കേന്ദ്രീകൃതമാകുമ്പോഴാണ് വികൃതമാവുന്നത്. അതിന്റെ പരിണിത ഫലമാണ് ഈ തിരഞ്ഞെടുപ്പ് വിജയമായി ആം ആദ്മി കാണുന്നത്. ഈ വിജയം കേരളത്തിലങ്ങോളമിങ്ങോളം ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല.

എനിക്ക് ലഭിച്ച ഈ ജനപിന്തുണ ഇനി വരുന്നവര്‍ക്കും ലഭിക്കും എന്നുള്ളത് വ്യക്തമാണ്. കേരളത്തിലെ ഇരു മുന്നണികളുടെയും പൊള്ളത്തരത്തിനെതിരേയുള്ള ജനകീയ പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പ് വിജയം. ഒരു മുന്നറിയിപ്പു കൂടിയാണ്, ഇനിവരുന്ന തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി കേരളത്തില്‍ ഒരു നിര്‍ണായക ഘടകമായിരിക്കുമെന്ന ജനകീയ മുന്നറിയിപ്പ്.

(അഴിമുഖം ട്രെയിനി റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍