UPDATES

ട്രെന്‍ഡിങ്ങ്

തച്ചങ്കരിയുടെ നിയമനം; സെന്‍കുമാറിനുമേലുള്ള സര്‍ക്കാരിന്റെ ‘കരുതല്‍’

കോടതി ഉത്തരവുമായി ഡിജിപി കസേരയിലേക്കു വരുന്ന സെന്‍കുമാറിന് ഇനിയുള്ള കാലം പ്രതിസന്ധികളുടെതായിരിക്കും

സുപ്രിം കോടതി ഉത്തരവ് സെന്‍കുമാറിന് അനുകൂലമായി വന്നതിനു പിന്നാലെ എങ്ങനെ ഡിജിപി കസേരയില്‍ അദ്ദേഹത്തെ ഇരുത്താതിരിക്കാം എന്നല്ല, സെന്‍കുമാര്‍ ഇരുന്നശേഷം അദ്ദേഹത്തെ എങ്ങനെ ബന്ധനസ്ഥനാക്കാം എന്നതിനെക്കുറിച്ചായിരുന്നു സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയതെന്നു തോന്നിപ്പിക്കുന്നതാണ് പൊലീസ് ആസ്ഥാനത്ത് ഇന്നലെ നടത്തിയ അഴിച്ചു പണി.

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയേയും ഐജിയായി ബല്‍റാം കുമാര്‍ ഉപാധ്യയെയും നിയമിച്ചതിനു പിന്നില്‍ സര്‍ക്കാരിന് വ്യക്തമായ താത്പര്യങ്ങള്‍ ഉണ്ടെന്നാണു കേള്‍ക്കുന്നത്. സുപ്രിം കോടതിവിധിയെ ഏതുതരത്തില്‍ നോക്കിയാലും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുക്കാന്‍ സാധ്യമല്ലെന്ന നിയമോപദേശങ്ങള്‍ സര്‍ക്കാരിനു കിട്ടാതിരുന്നതല്ല. അവിടെ ആദ്യം സര്‍ക്കാര്‍ ശ്രമിച്ചത് ഉത്തരവ് നടപ്പാക്കുന്നത് പരമാവധി നീട്ടിക്കൊണ്ടുപോവുകയെന്നതാണ്. ഈ മാസം 21 ഓടുകൂടി സെന്‍കുമാറിന് ഡിജിപി സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാകുമെന്നതായിരുന്നു അത്തരമൊരു കണക്കുകൂട്ടലിനു പിന്നില്‍. ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ മുന്നോട്ടുപോയതോടെ റിസ്‌ക് സര്‍ക്കാരിനു മനസിലായി. ഇന്നതു നേരിട്ടറിയുകയും ചെയ്തു. എന്തായാലും ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമെന്നും സെന്‍കുമാര്‍ ഡിജിപിയായി തിരിച്ചുവരുന്നതു തടയാനാകില്ലെന്നു മുന്‍കൂട്ടി ബോധ്യമായതിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് പൊലീസ് ആസ്ഥാനത്ത് നടന്ന അഴിച്ചു പണികളെന്നാണ് പറയുന്നത്.

സെന്‍കുമാറിനെതിരേയുള്ള മുന്‍കരുതല്‍ തന്നെയാണ് അദ്ദേഹത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന ടോമിന്‍ തച്ചങ്കരിയേയും ബല്‍റാം കുമാര്‍ ഉപാധ്യായയേയും ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുവന്നതിനു പിന്നിലെന്നു ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. സംസ്ഥാന പൊലീസ് മേധാവിയെന്ന സ്ഥാനം സെന്‍കുമാര്‍ വഹിക്കുമെങ്കിലും പൊലീസിനുമേല്‍ കാര്യമായ നിയന്ത്രണം എടുക്കുന്നത് ആസ്ഥാനം ഭരിക്കുന്ന എഡിജിപിയും ഐജിയും ആയിരിക്കുമത്രേ. സര്‍ക്കാരിന്റെ ‘പൊളിറ്റിക്കല്‍ നോമിനി’കളായി നിയമിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ആരോടായിരിക്കും താത്പര്യമെന്നതിലും സംശയംവേണ്ട. സെന്‍കുമാര്‍ വരികയാണെങ്കില്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരടക്കം പോലീസിലെ വലിയൊരു പൊലീസ് വിഭാഗം അദ്ദേഹത്തെ പരോക്ഷമായി ബഹിഷ്‌കരിക്കാന്‍ സാധ്യതയുണ്ടെന്നും ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. തത്വത്തില്‍ പൊലീസിനെ നിയന്ത്രിക്കുന്നതു പരിമിതികളുള്ള പൊലീസ് മേധാവി ആയിരിക്കില്ലെന്നും പകരം ആ ജോലി ഭംഗിയായി നിര്‍വഹിക്കുന്നത് പുതിയതായി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നവരായിരിക്കും.

തച്ചങ്കരിയും ഉപാധ്യായയുമെല്ലാം സെന്‍കുമാര്‍ വിരുദ്ധ ക്യാമ്പില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കിടയിലെ ശീതസമരം നാളുകള്‍ക്കു മുന്നേ തുടങ്ങിയതുമാണ്. ഇരുവര്‍ക്കുമെതിരേ ചില നടപടികള്‍ സെന്‍കുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമുണ്ട്. പക്ഷേ നിലവില്‍ ശക്തര്‍ ഈ കൂട്ടര്‍ തന്നെയാണ്. സര്‍ക്കാര്‍ പിന്തുണയുണ്ടെന്നതു തന്നെയാണ് അതിന്റെ കാരണവും; ഒരു മുന്‍ ഉദ്യോസ്ഥന്‍ പറയുന്നു. ഡിവൈഎസ്പി മുതല്‍ മേലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരിനോട് നടപടിക്കു ശിപാര്‍ശ ചെയ്യാനേ പൊലീസ് മേധാവിക്കാണെങ്കിലും കഴിയൂ. അവിടെ ഡിജിപിയുടെ ആവശ്യത്തിനാണോ സര്‍ക്കാരിന്റെ താത്പര്യത്തിനാണോ പ്രധാന്യം കിട്ടുക എന്നത് ആര്‍ക്കും ഊഹിക്കാവുന്നതല്ലേയെന്നും ആ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു. കോടതിയില്‍ നിന്നടക്കം ഏറെ വിമര്‍ശനം കേട്ടിട്ടുള്ളതും നിരവധി ആരോപണങ്ങളുമുള്ളതുമായ ഒരു ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിക്കുന്നത് ധാര്‍മികതയായി ശരിയല്ലായെന്നിരുന്നിട്ടും അതിനു സര്‍ക്കാര്‍ തയ്യാറായതിനു കാരണം മറ്റൊന്നല്ലെന്നും അദ്ദേഹം പറയുന്നു. പുതിയ ഐജിയും ആരോപണങ്ങളും വിമര്‍ശനങ്ങളും പേറുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ്. ഇതില്‍ തച്ചങ്കരി സിപിഎമ്മിന്റെ ഇഷ്ടക്കാരനാണ്. ഉപാധ്യായ സര്‍ക്കാര്‍ അനുകൂലിയായ ഉദ്യോഗസ്ഥനുമാണ്. കണ്ണൂര്‍ നേതാക്കളുമായുള്ള അടുപ്പവും തച്ചങ്കരിയെ ഉന്നതസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനു കാരണമായിട്ടുണ്ടാകാം. എന്തായാലും കോടതി ഉത്തരവുമായി ഡിജിപി കസേരയിലേക്കു വരുന്ന സെന്‍കുമാറിന് അവിടെയുള്ള കാലം പ്രതിസന്ധികളുടെതായിരിക്കുമെന്ന് ഊഹിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍