UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോബനും മോളിയും; മനോരമയും ടോംസും തമ്മിലുള്ള ഉടക്കിന് പിന്നില്‍

അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസിനെ അനുസ്മരിച്ച് സുഹൃത്തും കാര്‍ട്ടൂണിസ്റ്റുമായ സുകുമാര്‍ അഴിമുഖവുമായി സംസാരിക്കുന്നു.

ഞങ്ങള്‍ എതാണ്ട് ഒരേ പ്രായക്കാരാണ്. ടോംസ് 1929 ലും ഞാന്‍ 32 ലുമാണ് ജനിച്ചത്. ഒരേ കാലത്താണ് കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങുന്നതും. പ്രിഡിഗ്രിക്കു ശേഷം മാവേലിക്കരയിലെ രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും ചിത്രകലയില്‍ പ്രാവിണ്യം നേടിയതിനുശേഷമാണ് ടോംസ് കാര്‍ട്ടൂണ്‍ രംഗത്തേക്കു വരുന്നത്. ഞാനും ഗ്രാജ്വേഷന്‍ കഴിഞ്ഞ് ചിത്രകലയില്‍ ബിരുദം നേടിയശേഷമാണ് ഈ രംഗത്തുവരുന്നത്. അതുകൊണ്ട് കാര്‍ട്ടൂണ്‍ കലയില്‍ കൃതഹസ്തരായവരാണ് ഞങ്ങളിരുവരുമെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. പഠിച്ചിട്ടു വരവയ്ക്കുന്നവരും അല്ലാതെ വരയ്ക്കുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. ഒരാളെ എങ്ങനെ വരയ്ക്കണമെന്നതില്‍ ശാസ്ത്രീയമായ ചില തിരിച്ചറിവുകള്‍ വേണം. വാസന ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല, അടിസ്ഥാനം കൂടി വേണം. ടോംസിന് അതുണ്ടായിരുന്നു. 

മനോരമ വീക്കിലിയിലൂടെയാണ് ടോംസ് അറിയപ്പെട്ടു തുടങ്ങുന്നത്. ബോബനും മോളിയിലൂടെ. ഏതാണ്ട് അതേ കാലത്തു തന്നെ പോസുകള്‍ (ഭാവങ്ങള്‍) എന്ന പേരില്‍ ഞാനും മനോരമയില്‍ വരയ്ക്കുന്നുണ്ടായിരുന്നു. പോസുകള്‍ അകത്തും ബോബനും മോളിയും അവസാന പേജിലും. 1950-60 കളിലെ കാര്യമാണ്. ഈയവസരത്തിലാണ് പരസ്പരം പരിചയപ്പെടുന്നത്. അതിനു മുമ്പ് തന്നെ എനിക്കറിയാമായിരുന്നു. എഴുത്തുകാരനും ദീപികയിലെ സഹപത്രാധിപരുമായിരുന്ന വേളൂര്‍ കൃഷ്ണന്‍കുട്ടിയാണ് ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്തുന്നത്. ആ പരിചയം നല്ലൊരു സ്‌നേഹബന്ധമായി വളര്‍ന്നു. വളരെ മികച്ച ഹ്യൂമര്‍ സെന്‍സുള്ള രണ്ടുപേരായിരുന്നു കൃഷ്ണന്‍ കുട്ടിയും ടോംസും. ഒരാള്‍ എഴുതും മറ്റെയാള്‍ വരയ്ക്കും. യൗവ്വനത്തില്‍ തുടങ്ങിയ ആ ബന്ധം അദ്ദേഹത്തിന്റെ മരണം വരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞമാസവും വീട്ടില്‍ പോയി കണ്ടിരുന്നു. അപ്പോള്‍ തീര്‍ത്തും അവശനിലയിലായിരുന്നു. ഒടുവില്‍  അദ്ദേഹം യാത്ര പറയുകയും ചെയ്തു.

മനോരമയുമായിട്ടുള്ള പിണക്കം
മനോരമയില്‍ നിന്നാണ് ടോംസ് പേരെടുക്കുന്നത്. പക്ഷേ എന്തോ സമയദോഷം എന്നുവേണമെങ്കില്‍ പറയാം, മനോരമയുമായി പിണങ്ങി. മനോരമക്കാരെ അറിയിക്കാതെ ബോബനും മോളിയും സിനിമയാക്കാന്‍ ടോംസ് സമ്മതിച്ചു. ഇതാണ് പിണക്കത്തിനു തുടക്കമിട്ടത്. സിനിമയാക്കാന്‍ സമ്മതിക്കുമ്പോള്‍ മനോരമയോട് ഇതേക്കുറിച്ച് സംസാരിക്കാന്‍ ടോംസ് തയ്യാറായില്ലെന്നാണ് പറഞ്ഞുകേട്ടത്. അന്തരിച്ച കെ എം മാത്യു ഇതേക്കുറിച്ച് എന്നോട്ടു സംസാരിച്ചപ്പോഴും ടോംസ് ഒരു വാക്കുപോലും തങ്ങളോട് സൂചിപ്പിച്ചില്ല എന്ന വിഷമം പ്രകടിപ്പിച്ചിരുന്നു. ഒരു വാക്കു പറഞ്ഞിട്ടെങ്കിലുമാകാമായിരുന്നു, ഒന്നുമല്ലെങ്കില്‍ ഇവിടുത്തെ ജോലിക്കാരനല്ലേ; മാത്യു എന്നോടു പറഞ്ഞകാര്യമാണ്. പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള് സമ്മതിക്കുമായിരുന്നുവെന്നും കെ എം മാത്യു വ്യക്തമാക്കി. ഇതു കഴിഞ്ഞ് പിന്നെയും ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി. മനോരമയില്‍ ജോലി ചെയ്തുകൊണ്ട് മറ്റു പ്രസിദ്ധീകരണങ്ങള്‍ക്ക് വരയ്ക്കരുതെന്നുണ്ട്. അതെല്ലായിടിത്തും അങ്ങനെ തന്നെയാണ്, വരയായാലും എഴുത്തായാലും. പക്ഷേ ടോംസ് വരച്ചു. ഒരു തരത്തില്‍ അവിടെ ന്യായം മനോരമയ്‌ക്കൊപ്പമാണ്. ഒരു സ്ഥാപനത്തിന്റെ ജീവനക്കാരനായി നിന്നുകൊണ്ട് മറ്റൊന്നിനു വേണ്ടിക്കൂടി ജോലി ചെയ്തുകൊടുക്കുന്നതില്‍ നീതികേടുണ്ട്. അല്ലെങ്കില്‍ ഫ്രീലാന്‍സര്‍ ആയിരിക്കണം. എന്റെ ഗുരുനാഥന്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ള അതിനൊരുദാഹരണമാണ്. ദേശബന്ധുവിലും മനോരമയിലും അദ്ദേഹം ഒരേസമയം വരയ്ക്കുമായിരുന്നു. ക്രിസ്ത്യന്‍ പത്രമായ മനോരമയും ഹിന്ദു ചായ്‌വുള്ള ദേശബന്ധുവും രണ്ടു ധ്രുവങ്ങളില്‍ ആയിരുന്നെങ്കിലും കെ എസ് പിള്ളയെ രണ്ടു പേര്‍ക്കും വേണമായിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പക്ഷേ ടോംസ് മനോരമയുടെ ജീവനക്കാരനായിരുന്നു. ഇതേ തുടര്‍ന്നു ചില കര്‍ശനോപാധികള്‍ അദ്ദേഹത്തിനു മുന്നില്‍ വയ്ക്കുകയുണ്ടായി. എന്നിട്ടും ബോബനും മോളിയും പുസ്തകരൂപത്തില്‍ പുറത്തിറക്കാന്‍ ടോംസ് തയ്യാറായി. ഇതു മനോരമയ്ക്കു വലിയ ക്ഷീണമായി.

ബോബനും മോളിയും ടോംസിന്റെ മാത്രം ആശയമായിരുന്നില്ലെന്നു മനോരമ പറഞ്ഞു. പല കൂടിയാലോചനകള്‍ക്കും ശേഷമാണ് ഒരു വിഷയം കാര്‍ട്ടൂണ്‍ വരയ്ക്കാനായി എടുക്കുന്നത്. അവിടെ ടോംസിന്റെ മാത്രം ഐഡിയയല്ല ഉണ്ടാകുന്നതെന്ന് മനോരമ വാദിച്ചു. അതു സത്യവുമാണ്. ഇന്നത്തെ സ്റ്റാഫ് കാര്‍ട്ടുണിസ്റ്റുകളോടെല്ലാം തിരക്കിയാല്‍ അതു ബോധ്യമാകും. എഡിറ്റോറിയല്‍ ബോര്‍ഡ് കൂടിയാലോചിച്ച് എടുക്കുന്ന വിഷയമാണ് കാര്‍ട്ടൂണ്‍ ആകുന്നത്. മാധ്യമത്തിന്റെ പോളിസി അതില്‍ പ്രകടമാക്കപ്പെടാറുമുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ ടോംസ് നിബന്ധനകള്‍ ലംഘിക്കുകയായിരുന്നു. ഇതു പ്രശ്‌നം രൂക്ഷമാക്കുകയും ടോംസ് മനോരമയയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. അവിടെ നിന്നിറങ്ങിയശേഷം കലാകൗമുദിയില്‍ ഉള്‍പ്പെടെ ബോബനും മോളിയും വരയ്ക്കാന്‍ തുടങ്ങി. ഇതിനെതിരെ മനോരമ കേസു കൊടുത്തു. തിരിച്ചു ടോംസും കൊടുത്തു. അങ്ങനെയാ കേസും കൂട്ടവും സുപ്രീം കോടതിവരെ എത്തുകയും മനോരമയ്ക്ക് അനുകൂലമായി വിധി വരികയും ചെയ്തു. വിധി വന്ന പിറ്റേദിവസം തന്നെ ടോംസിന് അദ്ദേഹത്തിന്റെ കുട്ടികളെ വിട്ടുകൊടുക്കുകയാണെന്നു മനോരമ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ബോബന്റെയും മോളിയുടെയും മേലുള്ള പൂര്‍ണാവകാശം ടോംസിനു ലഭിച്ചു.

ടോംസ് എന്നെ രാമനും ബ്രൂട്ടസുമാക്കി
മനോരമയും ടോംസുമായുള്ള പ്രശ്‌നത്തില്‍ എനിക്കും ഇടപെടേണ്ടി വന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എന്ന നിലയിലായിരുന്നു ആ ഇടപെടല്‍. മനോരമയില്‍ നിന്നും പുറത്തുവന്നശേഷം ടോംസ് എന്നെ സമീപിച്ചു. എന്റെ പ്രശ്‌നത്തില്‍ അക്കാദമി ഇടപെടണമെന്നായിരുന്നു ആവശ്യം. ഇതേസമയം തന്നെ മനോരമയിലേക്ക് തിരിച്ചുപോകാന്‍ ചില ചര്‍ച്ചകള്‍ ടോംസ് നടത്തുന്നുണ്ടെന്ന് ഞാനറിഞ്ഞിരുന്നു. തിരിച്ചെടുക്കാന്‍ മനോരമയ്ക്കും പ്രയാസമില്ലായിരുന്നു. അതുകൊണ്ട് ഔദ്യോഗികമായി അക്കാദമിക്ക് തന്റെ പ്രശ്‌നങ്ങള്‍ കാണിച്ച് ഒരു കത്ത് നല്‍കാന്‍ ടോംസിനോട് ഞാനാവശ്യപ്പെട്ടു. അതു ടോംസിന് സമ്മതമല്ലായിരുന്നു. ഞാനദ്ദേഹത്തിനുവേണ്ടി നിലപാടെടുത്തില്ല എന്നൊരു പരിഭവം വന്നു. ബാലി-സുഗ്രീവന്മാരുടെ പോരില്‍ രാമന്‍ ഒളിച്ചിരുന്ന് ബാലിയെ അമ്പെയ്യുന്നതുപോലെ ടോംസ്-മനോരമ വിഷയത്തില്‍ ഞാന്‍ ഒളിച്ചിരുന്ന് ടോംസിനെതിരെ അമ്പയയ്ക്കുന്ന തരത്തില്‍ ടോംസ് ഒരു കാര്‍ട്ടൂണ്‍ വരച്ചു. സീസറെ ചതിച്ചു കുത്തുന്ന ബ്രൂട്ടസാക്കിയും മാതൃഭൂമിയില്‍ എന്നെ വരയ്ക്കുകയുണ്ടായി. ആ കാര്‍ട്ടൂണിലെ നര്‍മം ആസ്വദിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. പിന്നീട് മനോരമയുമായുള്ള പ്രശ്‌നങ്ങളെല്ലാം അവസാനിച്ചപ്പോള്‍ ടോംസ് എന്നോടുള്ള പരിഭവവും മറന്നു. ടോംസിന് എന്നോടെ പരിഭവമുണ്ടായിരുന്നുള്ളൂ, മറിച്ചില്ലായിരുന്നു. ഞാനത് പറഞ്ഞിട്ടുണ്ട്. എന്റെ സ്ഥാനത്ത് ടോംസായിരുന്നെങ്കില്‍ ഞാന്‍ കാണിച്ചത്ര സഹിഷ്ണുതപോലും ഉണ്ടാകില്ലായിരുന്നു.

ചിരി തേടിയുള്ള യാത്രകള്‍; കോട്ടയം ടു എറണാകുളം
വരയുടെ കാര്യത്തില്‍ അനുഗൃഹീതനും രസികനുമായിരുന്നു ടോംസ്. ബോബനും മോളിയും എന്തുകൊണ്ട് ഇത്രമേല്‍ സ്വീകാര്യത നേടിയെന്ന് അന്വേഷിച്ചാല്‍ അതിലൂടെ ടോംസ് പറഞ്ഞുവച്ചത് ആനുകാലിക രാഷ്ട്രീയ-സാമൂഹിക-ജീവിത വിഷയങ്ങളായിരുന്നു. നര്‍മം ഒരു വിഷയത്തെ വളരെ വ്യക്തതയോടെ നമ്മളിലേക്ക് എത്തിക്കും. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ടോംസിന്റെ വിജയവുമതായിരുന്നു. ബോബനും മോളിയുമെന്ന ആ കുട്ടികള്‍ നമ്മുടെയെല്ലാം വീടുകളിലുള്ളവരാണ്. അവരോട് നമ്മുടെ കുട്ടികളോ പേരക്കുട്ടികളോ എന്നപോലെ വാത്സല്യവും സ്‌നേഹവുമാണ്. അതിലെ ഉപകഥാപാത്രങ്ങളും അത്തരത്തിലുള്ളതാണ്. എല്ലാ കഥാപാത്രങ്ങളും നിത്യജീവിതത്തില്‍ നിന്നുള്ളവരാണ്. വിഷയം കിട്ടാതെ വരുമ്പോള്‍ ടോംസ് കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് ട്രെയിന്‍ കയറും. നല്ല തിരിക്കുള്ള വണ്ടിയായിരിക്കും. അവിടെ ആള്‍ക്കൂട്ടത്തിനിടയില്‍ കയറിയിരിക്കും. തനിക്കാവശ്യമുള്ളതൊന്നും കിട്ടുന്നില്ലെങ്കില്‍ ടോംസ് തന്നെ എന്തെങ്കിലും വിഷയമുണ്ടാക്കും. എന്ത് രാഷ്ട്രീയം എന്ന് മുഖം ചുളിച്ച് അടുത്തിരിക്കുന്നവനോട് പറയും. ഉടനെ അവനില്‍ നിന്നും പ്രതികരണമുണ്ടാകും. പിന്നെയത് ആള്‍ക്കൂട്ടത്തിന്റെ ചര്‍ച്ചയാകും. ഇതിനിടയിലൂടെ തനിക്കാവശ്യമുള്ളത് ടോംസ് വലിച്ചൂരിയെടുത്ത് അടുത്ത ട്രെയിന്‍ കയറി കോട്ടയത്തിറങ്ങും. അതേപോലെ ആശുപത്രികളിലെ സന്ദര്‍ശകനുമായിരുന്നു. ഇത്തരത്തിലെല്ലാം ജനക്കൂട്ടത്തിനിടയില്‍ നിന്നായിരുന്നു കഥാപാത്രങ്ങളെയും വിഷയങ്ങളെയും ടോംസ് കണ്ടെത്തിയിരുന്നത്.

ഒരുപാട് ചിരിപ്പിച്ചു, ചിലപ്പോള്‍ വേദനിപ്പിച്ചു
ടോംസ് ഒരു നല്ല കാര്‍ട്ടൂണിസ്റ്റ് ആയിരിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങളില്‍ വിയോജിപ്പും എനിക്കുണ്ടായിരുന്നു. കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍ ചില മര്യാദകള്‍ പാലിക്കണം. വിമര്‍ശിക്കാം, എന്നാല്‍ ആരെയും അപമാനിക്കരുത്. ഒരാളെ വരച്ചാല്‍ അവനും അതു കണ്ട് ചിരിക്കാന്‍ കഴിയണം, വേദനിക്കാന്‍ പാടില്ല. ചിലപ്പോഴെല്ലാം ടോംസ് ഈ നിയമം തെറ്റിക്കുന്നതായി കാണാം. ടോംസ് മാത്രമല്ല, യേശുദാസനെപോലുള്ളവരും മറ്റുള്ളവരെ വേദനിപ്പിച്ചു കണ്ടിട്ടുണ്ട്. ഒരാളെ കുത്തിനോവിച്ചിട്ട് ഫലിതം പറയുന്നത് ഒരു മിടുക്കായി എനിക്ക് തോന്നിയിട്ടില്ല. ആയൊരു വിയോജിപ്പ് എനിക്ക് ഇടയ്‌ക്കെങ്കിലും ടോംസിനോട് തോന്നിയിട്ടുണ്ട്.

വരയും എഴുത്തും
ഒന്നും പറയാതെ തന്നെ ചിരിപ്പിക്കുന്നതാണ് ഏറ്റവും നല്ല കാര്‍ട്ടൂണ്‍. വര അടിസ്ഥാനപരമായി പഠിക്കേണ്ട ഒന്നാണ്. ഒ വി വിജയന്‍ ചിത്രകലയില്‍ പ്രാവിണ്യം നേടാത്തൊരാളാണ്. ആ പ്രയാസം അദ്ദേഹത്തിന്റെ വരകളില്‍ കാണാം, നല്ല വരയല്ല. അതേസമയം ആര്‍ കെ ലക്ഷ്ണന്‍, ശങ്കര്‍ എന്നിവരൊക്കെ ചിത്രകല പ്രവീണരായിരുന്നു. നന്നായി വരയ്ക്കാന്‍ അറിയാവുന്ന ആള്‍ തന്നെയായിരുന്നു ടോംസും. പക്ഷേ അലസനായിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ പേജ് കോളം തിരിച്ചു വരയ്‌ക്കേണ്ടി വരുമായിരുന്നു അദ്ദേഹത്തിന്. അമിതഭാരമാണത്. ജോലിയാകുമ്പോള്‍ അതിനൊരു സമയക്ലിപ്തതയുണ്ടാകും. സമയം പാലിക്കണമെങ്കില്‍ ചെയ്യുന്നത് വേഗത്തിലാകണം. അങ്ങനെവരുമ്പോഴാണ് പൂര്‍ണതൃപ്തിയില്ലെങ്കില്‍ പോലും വരച്ചു തീര്‍ക്കേണ്ടി വരുന്നത്. ടോംസിനു പറ്റിയത് അതാണ്. ഇന്നത്തെ എല്ലാ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുകളും ഇതേ പ്രയാസം നേരിടുന്നുണ്ട്. പുരയിടം കിളയ്ക്കുന്നതുപോലെയല്ല കാര്‍ട്ടൂണ്‍ വരയ്‌ക്കേണ്ടത്.

ഇത്തരം ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ടോംസിന്റെ കാര്‍ട്ടൂണുകള്‍ മറ്റുള്ളവര്‍ക്കെന്നപോലെ എനിക്കും ഏറെ പ്രിയപ്പെട്ടതാണ്. ആസ്വാദകനെന്ന നിലയിലും കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലും ഞാനത് ഇഷ്ടപ്പെടുന്നു. ബോബനും മോളിയും വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന രണ്ടു ഘടകം; കലയുടെ അംശം അതില്‍ ഉണ്ടെന്നുള്ളതും സമകാലികകാര്യങ്ങള്‍ ഹാസ്യാത്മകമായി അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നൂവെന്നതുമാണ്. ഒരു സാധാരണ വായനക്കാരനെന്നതിനെക്കാള്‍ എന്നെ രസിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ബോബനും മോളിയും വായിക്കുമ്പോള്‍ ടോംസിന്റെ മുഖം പെട്ടെന്നോര്‍മ്മ വരും. ഇതില്‍ പറഞ്ഞിരിക്കുന്ന പലതിന്റെയും യഥാര്‍ത്ഥ അനുഭവം എന്നോട് അദ്ദേഹം പങ്കുവച്ചിട്ടുണ്ടാകും. വരയ്ക്കാത്തതും പറയാത്തതുമായ ഫലിതങ്ങള്‍. അതോര്‍മവരും. അത്തരത്തില്‍ കൂടുതല്‍ രസിക്കാന്‍ കഴിയും. മറ്റൊന്ന്‌ ടോംസിന്റെ വരകളിലെ ചലനാത്മകതയാണ്. ഒരുപാട് കഥാപാത്രങ്ങളുണ്ടാകും. ആകെ കൂടിയൊരു ബഹളം. ആ ബഹളം രസമാണ്. ആനിമേഷനൊക്കെ വരുന്നതിനു മുന്നേ തന്നെ ടോംസിന്റെ കാര്‍ട്ടൂണുകള്‍ ആനിമേഷന്‍ സ്വഭാവത്തിലുള്ളതായിരുന്നു. ആ പിള്ളേരും പൂച്ചയുമെല്ലാം നമ്മുക്കിടയിലൂടെ ഓടിച്ചാടി നടക്കുകയാണ്. ആ വരയാണ് ടോംസിന്റെ പ്രത്യേകത, അതോടൊപ്പം നര്‍മം കലര്‍ന്ന എഴുത്തും.

( തയ്യാറാക്കിയത് രാകേഷ് സനല്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍