UPDATES

ലഷ്‌കര്‍ കമാന്‍ഡറെ കശ്മീരില്‍ വധിച്ചു

അഴിമുഖം പ്രതിനിധി

ഉദ്ദംപൂര്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ ലഷ്‌കര്‍-ഇ-തെയ്ബ കമാന്‍ഡര്‍ അബു കാസിമിനെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാം ജില്ലയില്‍ രാത്രിയില്‍ നടന്ന ഏറ്റമുട്ടലിലാണ് ഇയാളെ വധിച്ചത്. 30-കാരനായ കാസിം പാകിസ്താനിലെ ബഹവല്‍പൂര്‍ സ്വദേശിയാണ്. ഓഗസ്ത് അഞ്ചിനാണ് ബിഎസ്എഫിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഉദ്ദംപൂരില്‍ ഭീകരാക്രമണം നടന്നത്. രണ്ട് ബിഎസ്എഫുകാര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് നോമന്‍ എന്ന ഭീകരന്‍ സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ കൊല്ലപ്പെടുകയും മുഹമ്മദ് നവീദ് എന്ന ഭീകരനെ ഗ്രാമവാസികള്‍ പിടികൂടുകയും ചെയ്തിരുന്നു. 

കുല്‍ഗാമിലെ ഖന്ധിപോറാ ഗ്രാമത്തില്‍ കാസിം ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും തിരച്ചില്‍ നടത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സുരക്ഷാ സേനയുടെ നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ കാസിം ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. 2013 ജൂണില്‍ ശ്രീനഗറിന്റെ പ്രാന്ത പ്രദേശത്തെ ഹൈദര്‍പോറയില്‍ സൈനിക വ്യൂഹത്തിന് നേരെ ഇയാള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജമ്മുവിലെ ഭീകരവിരുദ്ധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അല്‍ത്താഫ് അഹമ്മദിനെ ഈ മാസം ആദ്യം കൊലപ്പെടുത്തിയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപയാണ് കാസിമിന്റെ തലയ്ക്ക് വിലയിട്ടിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍