UPDATES

വിദേശം

ട്രംപ് വെളുത്ത ദേശീയതയുടെ നേരവകാശി; പിന്തുണയുമായി അമേരിക്കന്‍ നാസി നേതാവ്

Avatar

പീറ്റര്‍ ഹോളി
(വാഷിങ്ടണ്‍ പോസ്റ്റ്)

അമേരിക്കന്‍ നാസി പാര്‍ട്ടി നേതാവിന്റെ അഭിപ്രായത്തില്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ വെളുത്ത വര്‍ഗക്കാരോട് ആഭിമുഖ്യമുള്ള രാഷ്ട്രീയസഖ്യങ്ങളായി വളരുകയും വെളുത്ത വര്‍ഗക്കാരെ ആകര്‍ഷിക്കുകയും ചെയ്യാന്‍ പാകത്തില്‍ ‘വെളുത്ത ദേശീയത’യുടെ വിത്തുകള്‍ വിതയ്ക്കുന്നത് എളുപ്പമാകില്ല. എന്നാല്‍ അതിനു പറ്റിയൊരു രാഷ്ട്രീയ നേതാവ് ഇപ്പോള്‍ രംഗത്തുണ്ട്. വെളുത്ത രാഷ്ട്രീയത്തിന് ‘യഥാര്‍ത്ഥ അവസരം’ നല്‍കാന്‍ കഴിയുന്ന ഒരാള്‍. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.

‘ട്രംപ് വിജയിക്കുകയാണെങ്കില്‍ അത് വെളുത്ത ദേശീയതയ്ക്ക് യഥാര്‍ത്ഥ അവസരമായിരിക്കും. അതില്‍ത്തുടങ്ങി ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിലെ കറുത്ത കോക്കസ് പോലുള്ള പലതും പടുത്തുയര്‍ത്താനാകും,’  കഴിഞ്ഞ മാസം തന്റെ റേഡിയോ പരിപാടിയില്‍ റോക്കി സുഹായ്ദ പറഞ്ഞു.

‘ദശകങ്ങളോളം അത് ആയിരുന്നതുപോലെ ആര്‍ക്കും എതിരായുള്ള പ്രസ്ഥാനമാകണമെന്നില്ല. വെളുത്തവര്‍ക്കു വേണ്ടിയുള്ളതാകണം എന്നുമാത്രം. ഞാന്‍ പറയുന്നതു മനസിലായോ? നാം ആശയഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നില്ലെങ്കില്‍ നമ്മെ അങ്ങനെ വിളിക്കുന്നതും ബുദ്ധിമുട്ടാകും. അതാണ് പ്രസ്ഥാനം പരിഗണിക്കേണ്ടത്.’

റേഡിയോ പരിപാടിയുടെ ഓഡിയോ ശനിയാഴ്ച ബസ്ഫീഡിന്റെ ആന്‍ഡ്രൂ കാക്‌സിന്‍സ്‌കിയാണ് പോസ്റ്റ് ചെയ്തത്. ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പോറലേല്‍ക്കരുതെന്നു കരുതിയാണ് സുഹായ്ദ ഇതുവരെ ഇതേപ്പറ്റി പരാമര്‍ശിക്കാതിരുന്നതെന്ന് കാക്‌സിന്‍സ്‌കി പറയുന്നു. സെപ്റ്റംബറിലെ അമേരിക്കന്‍ നാസി പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ക്കുള്ള രഹസ്യ ജനപ്രിയതയാണ് ട്രംപിന്റെ വാചാടോപം തെളിയിക്കുന്നതെന്ന് ചെയര്‍മാന്‍ വാദിക്കുന്നുവെന്നും കാക്‌സിന്‍സ്‌കി പറയുന്നു.

‘തക്ക സമയത്ത് നമുക്ക് മനോഹരമായൊരു അവസരമാണ് കൈവന്നിരിക്കുന്നത്. അത് വീണ്ടും വരണമെന്നില്ല. ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ പ്രസ്താവനകള്‍ കാണിക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകള്‍ കരുതപ്പെട്ടിരുന്നതുപോലെ ജനപ്രീതിയില്ലാത്തവയല്ല എന്നാണ്.’ സുഹായ്ദ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെളുത്തവരുടെ മേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്നവരില്‍നിന്ന് ട്രംപിനെ പിന്തുണയ്ക്കുന്ന ആദ്യത്തെയാളല്ല സുഹായ്ദ. ഈ വര്‍ഷം ആദ്യം കു ക്ലക്‌സ് ക്ലാനിനു സമാനമായ നൈറ്റ്‌സ് പാര്‍ട്ടിയുടെ ദേശീയ സംഘാടക റേച്ചല്‍ പെന്‍ഡര്‍ഗ്രാഫ്റ്റ് കു ക്ലക്‌സ് ക്ലാന്‍ ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം പുതിയ അനുയായികളെ റിക്രൂട്ട് ചെയ്യാനുള്ള മാര്‍ഗമായി  ഉപയോഗിച്ചുതുടങ്ങിയതായി വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു.

അംഗങ്ങള്‍ മാത്രമടങ്ങിയ സ്വകാര്യ വെബ്‌സൈറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും അവര്‍ അറിയിച്ചു. ‘സംഭാഷണത്തിനുള്ള വാതിലായി’ ഉപയോഗിക്കുന്നതിനു പുറമെ ചില അംഗങ്ങളെ ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം ഉല്‍സാഹഭരിതരാക്കിയതായും അവര്‍ പറഞ്ഞു. ‘ട്രംപിന്റെ റാലികളിലെ പൊതുഗതി അവരെ ആവേശം കൊള്ളിക്കുന്നു. ട്രംപ് പിന്നോട്ടുപോകാന്‍ തയാറാകാത്തത് അവര്‍ ഇഷ്ടപ്പെടുന്നു. ട്രംപ് താന്‍ വിശ്വസിക്കുന്നത് പറയുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.’

ലൂസിയാനയില്‍നിന്നുള്ള സെനറ്റ് സ്ഥാനാര്‍ത്ഥിയും കു ക്ലക്‌സ് ക്ലാന്‍ മുന്‍ അംഗവുമായ ഡേവിഡ് ഡ്യൂക്ക് ഫെബ്രുവരിയില്‍ തന്റെ റേഡിയോ പരിപാടിയില്‍ ട്രംപിന് വോട്ട് അഭ്യര്‍ത്ഥിച്ചു. ‘ഈ അവസരത്തില്‍ ട്രംപിനെതിരെ വോട്ട് ചെയ്യുന്നത് നിങ്ങളുടെ പാരമ്പര്യത്തോടുള്ള വഞ്ചനയാണ്’ എന്നായിരുന്നു ഡ്യൂക്കിന്റെ നിലപാട്.

താന്‍ നൂറുശതമാനവും ട്രംപിന്റെ രാഷ്ട്രീയ കാര്യപരിപാടിക്കു പിന്തുണ നല്‍കുമെന്ന് ഈയിടെ ഡ്യൂക്ക് എന്‍പിആറിനോടു പറഞ്ഞു. ‘യുഎസ് സെനറ്ററെന്ന നിലയില്‍ ട്രംപിന്റെ ലെജിസ്ലേറ്റിവ് അജന്‍ഡയെയും സുപ്രിം കോടതി അജന്‍ഡയെയും എന്നെക്കാള്‍ പിന്തുണയ്ക്കുന്ന ആരുമുണ്ടാകില്ല.’

‘ഡൊണാള്‍ഡ് ട്രംപ് വംശവിദ്വേഷിയല്ല. ഈ രാജ്യത്ത് യൂറോപ്യന്‍ അമേരിക്കന്‍ ആളുകളുടെ പാരമ്പര്യത്തെ സംരക്ഷിക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ വംശവിദ്വേഷിയെന്നു മുദ്ര കുത്തപ്പെടുന്നു എന്നതാണു സത്യം’.

ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ 70-80 ശതമാനം തനിക്ക് വോട്ട് ചെയ്യുമെന്ന് അവര്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പുകള്‍ കാണിച്ചതായും ഡ്യൂക്ക് പറഞ്ഞു.

‘ട്രംപിന്റെ വോട്ടര്‍മാര്‍ നിങ്ങളുടെ വോട്ടര്‍മാരാണെന്ന് കരുതുന്നുണ്ടോ’ എന്ന ചോദ്യത്തിന് ‘ തീര്‍ച്ചയായും’ എന്നായിരുന്നു ഡ്യൂക്കിന്റെ മറുപടി. ‘കാരണം ഞാന്‍ പ്രതിനിധാനം ചെയ്യുന്നത് ഈ രാജ്യത്തെയും അതിന്റെ പാരമ്പര്യത്തെയും നിലനിര്‍ത്തുന്ന ആശയങ്ങളെയാണ്. ട്രംപും അതുതന്നെയാണ് പ്രതിനിധീകരിക്കുന്നത്.’

തന്റെ അടിസ്ഥാന പിന്തുണ എവിടെനിന്നാണെന്നുള്ളത് ട്രംപ് നിഷേധിക്കുമെന്ന് വടക്കന്‍ വിര്‍ജീനിയയിലെ വെളുത്ത ദേശീയതക്കാരുടെ മാസികയും വെബ്‌സൈറ്റുമായ അമേരിക്കന്‍ റിനൈസാന്‍സിന്റെ എഡിറ്റര്‍ ജേറെഡ് ടെയ്‌ലര്‍ പറയുന്നു. ‘എന്നെപ്പോലുള്ള ആളുകളുമായുള്ള ഒരു ബന്ധവും ട്രംപ് സമ്മതിക്കില്ല. പക്ഷേ അദ്ദേഹത്തിനുള്ള പിന്തുണ എന്നെപ്പോലുള്ള ആളുകളില്‍നിന്നാണ്.’

ജനുവരിയില്‍ അയോവയിലെ വോട്ടര്‍മാരെ ട്രംപിനു വേണ്ടി അണിനിരത്താന്‍ സഹായിച്ച ശബ്ദം ടെയ്‌ലറുടേതായിരുന്നു. ‘നിങ്ങള്‍ ട്രംപിന് വോട്ടുചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. കാരണം അമേരിക്കയ്ക്കു ഗുണം ചെയ്യുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നു പറയുന്ന ഏക സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.’ അമേരിക്കന്‍ നാഷനല്‍ സൂപ്പര്‍ പിഎസി പണം നല്‍കിയ പരസ്യത്തില്‍ ടെയ്‌ലര്‍ ഇങ്ങനെ പറയുന്നു. ‘നമുക്ക് മുസ്ലിങ്ങളെ ആവശ്യമില്ല. നമുക്കാവശ്യം നമ്മുടെ സംസ്‌ക്കാരവുമായി ചേര്‍ന്നു പോകുന്ന മിടുക്കരും വിദ്യാസമ്പന്നരുമായ വെളുത്ത വര്‍ഗക്കാരെയാണ്. ട്രംപിന് വോട്ട് ചെയ്യുക’.

കുടിയേറ്റത്തെപ്പറ്റിയുള്ള ട്രംപിന്റെ പ്രസംഗം തനിക്കിഷ്ടമാണെന്ന് ഫെബ്രുവരിയില്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോടു പറഞ്ഞ ടെയ്‌ലര്‍ എന്നാല്‍ ട്രംപിന്റെ ധിക്കാരപരമായ സമീപനത്തോടു യോജിപ്പില്ലെന്നും പറഞ്ഞു.

‘അദ്ദേഹം ചെയ്തത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ദശകങ്ങള്‍ക്കുള്ളില്‍ ട്രംപാണ് കുടിയേറ്റം കുടിയേറ്റക്കാരുടെ മാത്രമല്ല, അമേരിക്കയുടെ കൂടി താല്‍പര്യങ്ങള്‍ക്കു യോജിച്ച വിധമാകണം എന്നു പറഞ്ഞ ഏക നേതാവ്. അവരുടെ രാജ്യം വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്നതു കാണുന്ന അനവധി അമേരിക്കക്കാര്‍ക്ക് ട്രംപ് ആകര്‍ഷണീയനായ വ്യക്തിത്വമാണ്. ഗ്വാട്ടിമാലയിലെയോ ഹെയ്തിയിലെയോ ഔട്ട്‌പോസ്റ്റില്‍ ജീവിച്ചുമരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഉണ്ടോ?’ ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

നവംബറിലെ തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കുമെന്ന് സുഹായ്ദ തന്റെ റേഡിയോ പരിപാടിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിസ്മരിക്കപ്പെട്ടിരുന്ന വലിയൊരു വിഭാഗം വെളുത്ത വര്‍ഗക്കാരായ വോട്ടര്‍മാരുടെ നിരാശ ട്രംപിനു തുണയാകുമെന്നാണ് സുഹായ്ദയുടെ പ്രതീക്ഷ.

‘അത് എതിരാളിയെ അത്ഭുതപ്പെടുത്തുമെന്നാണു ഞാന്‍ കരുതുന്നത്. കാരണം അവര്‍ കരുതുന്നത് വര്‍ക്കിങ് ക്ലാസ് ആളുകളിലെ വെളുത്തവര്‍ പരാജയം സമ്മതിച്ചുകഴിഞ്ഞെന്നാണ്. അവരുടെ താല്‍പര്യങ്ങള്‍ക്കായി ഒരു രാഷ്ട്രീയക്കാരനും ഉണ്ടാകില്ലെന്ന് അവര്‍ കരുതുന്നുവെന്നും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍