UPDATES

തമിഴ്‌നാട്ടില്‍ ദുരിത പെയ്ത്ത് രണ്ട് നാള്‍ കൂടി

അഴിമുഖം പ്രതിനിധി

തമിഴ്‌നാട്ടില്‍ കനത്തമഴ രണ്ട് നാള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കുപടിഞ്ഞാറന്‍ ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമര്‍ദ്ദം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശ് കിഴക്കന്‍ തീരത്തും റായലസീമയിലും കര്‍ണാടകയിലും കനത്ത മഴയ്ക്ക് കാരണമാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയില്‍ ഇതുവരെ തമിഴ്‌നാട്ടില്‍ 95 പേരാണ് മരിച്ചത്. പാമ്പലേരു നദി കരകവിഞ്ഞൊഴുകി ദേശീയ പാത അഞ്ച് തകര്‍ന്നതിനാല്‍ ചെന്നൈയ്ക്കും നെല്ലൂരിനും ഇടയില്‍ ഗതാഗതം സ്തംഭിച്ചു. തമിഴ്‌നാട്ടിലേയും ആന്ധ്രാപ്രദേശിലേയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. സേന 1000-ത്തില്‍ അധികം ആളുകളെ വിവിധ ഇടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. കാഞ്ചീപുരം ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയ ആളുകളെ രക്ഷിക്കുന്നതിനായി സൈന്യത്തേയും വ്യോമസേനയേയും വിന്യസിച്ചിട്ടുണ്ട്.

ടാക്‌സി സേവന ദാതാക്കളായ ഓലയും രക്ഷാദൗത്യങ്ങളില്‍ പങ്കാളികളായി. വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് ഓലയുടെ ബോട്ടുകള്‍ രംഗത്തിറങ്ങി. പ്രൊഫഷണല്‍ തുഴച്ചില്‍കാരും മത്സ്യത്തൊഴിലാളികളും ആണ് ഓലയുടെ ബോട്ടുകള്‍ ഓടിച്ചത്. കൂടാതെ സൗജന്യമായി ആഹാരവും വെള്ളവും വിതരണം ചെയ്യുകയും ചെയ്തു. അഞ്ച് മുതല്‍ ഒമ്പത് പേരെ വരെ കയറ്റാവുന്ന ബോട്ടുകളാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായത്. അടുത്ത മൂന്ന് ദിവസത്തേക്ക് സേവനം തുടരുമെന്നും വെള്ളപ്പൊക്കം തുടരുകയാണെങ്കില്‍ സേവനം തുടരുമെന്നും ഓലയുടെ തമിഴ്‌നാട് ബിസിനസ് ഹെഡ് രവി തേജ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍