UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതൊരു പ്രണയലേഖനമല്ല; മന:സാക്ഷിയെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യമാണ്

Avatar

ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരില്‍ സൈന്യത്തിനു നല്‍കിയിരിക്കുന്ന പ്രത്യേകാധികാരങ്ങള്‍ (AFSPA) പിന്‍വലിക്കാനായി പ്രദേശവാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തി വരുന്ന വര്‍ഷങ്ങളായുള്ള പോരാട്ടങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. കൂട്ടബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍, നരനായാട്ടുകള്‍ തുടങ്ങി സവിശേഷാധികാരത്തിന്റെ മറവില്‍ അവിടുത്തെ അതിര്‍ത്തി രക്ഷാസേന നടത്തി വരുന്ന ക്രൂരമായ മനുഷ്യാവകാശധ്വംസനങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഒട്ടേറെ തെളിവുകളാണ് ഇക്കാലയളവില്‍ പുറത്തു വന്നത്.

ലോക മനസ്സാക്ഷിയെ തന്നെ അസ്വസ്ഥമാക്കിക്കൊണ്ട് ഈ വിഷയത്തില്‍ ഇറോം ശര്‍മ്മിളയുടെ നിരാഹാര സമരം 15 വര്‍ഷത്തിലേറെയായി പരിഹാരമില്ലാതെ തുടരുകയാണ്. പക്ഷേ തീര്‍ത്തും കല്ലായി മാറിയ ഭരണകുടം അതുകൊണ്ടൊന്നും അലിയുമെന്ന പ്രതീക്ഷയില്ല. പക്ഷേ മനുഷ്യത്വം വറ്റിയിട്ടില്ലാത്തവരുടെ മനസ്സിനെ വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുകയാണ് പുറത്തുവരുന്ന കൊടുംക്രൂരതയുടെ തെളിവുകള്‍. മണിപ്പൂരിലെ ഉഖ്‌റല്‍ ജില്ലയിലെ ചെറിയൊരു ഗ്രാമത്തില്‍ താമസിച്ചിരുന്ന റോസ് എന്ന യുവതിയെ 1974 മാര്‍ച്ച് നാലിന് ബിഎസ്എഫ് 95 ബാച്ചിലെ സൈനികര്‍ മണിക്കൂറുകള്‍ നീണ്ട ക്രൂരപീഡനങ്ങള്‍ക്കിരയാക്കി. റോസ് പിന്നീട് 48 മണിക്കൂറുകള്‍ മാത്രമേ ജീവിച്ചിരുന്നുള്ളു. പീഡനത്തിന്റെ ക്രൂരമായ ഓര്‍മ്മകള്‍ അനുനിമിഷം വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനു മുമ്പായി  അവര്‍ തന്റെ കാമുകനെഴുതി വച്ച കത്തിലെ വാക്കുകള്‍ മന:സാക്ഷിയെ പൊള്ളിക്കുന്നതാണ്. വര്‍ഷങ്ങളായി സൈന്യത്തിന്റെ പീഡനങ്ങള്‍ക്കു വിധേയരായി ജീവിതം കൈവിട്ടു പോയ എണ്ണമറ്റ സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് റോസ്. പ്രദേശിക ഭാഷയായ ടാന്‍ഗുലിലായിരുന്ന അവരുടെ കത്ത്; മണിപ്പൂരിയിലേക്കു പരിഭാഷപ്പെടുത്തിയ കത്ത് പിന്നീട് 1993-ല്‍ പാന്‍ മണിപ്പൂര്‍ യൂത്ത് ലീഗ് എന്ന സംഘടന അവരുടെ മുഖപ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ചു. അതേ വര്‍ഷം തന്നെ ടൈംലെസ് ലൗ ലെറ്റര്‍ (കാലാതീതമായ പ്രേമലേഖനം) എന്ന പേരില്‍ ശ്രീമതി സ്മിജിത തയ്യാറാക്കിയ കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും സംഘടന പുറത്തു വിട്ടു.

എന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍ക്ക്,

അസൂയയുടെയും ചതിയുടേയും വിളനിലമായ ഈ ലോകത്ത് ഒരിക്കലും നമ്മുടെ പ്രേമം ഒരുമിച്ചൊരു തണ്ടില്‍ വിടരുകയില്ല. പക്ഷേ നമ്മള്‍ വിഭാവനം ചെയ്ത യഥാര്‍ത്ഥ സ്‌നേഹത്തിന്റെതായ ഒരിക്കലും നശിക്കാത്ത ആ ലോകത്ത് നമ്മള്‍ പ്രശോഭിതരായി പൂത്തു നില്‍ക്കുക തന്നെ ചെയ്യും. ഞാനീ ലോകത്തു നിന്നും പോകുന്നതു കൊണ്ട് നീയൊരിക്കലും ആശ്രയമില്ലാത്തവനായി തീര്‍ന്നെന്നു കരുതുകയോ തളര്‍ന്നു പോവുകയോ ചെയ്യരുത്. വാക്കുകള്‍ കൊണ്ടു പറയാനോ വാക്കുകള്‍ കൊണ്ട് പകരം വയ്ക്കാനോ കഴിയാത്ത എന്റെയീ വിഷമാവസ്ഥയില്‍ തനിച്ചിങ്ങനെയെയൊരു തീരുമാനമെടുക്കുകയല്ലാതെ എന്റെ മുമ്പില്‍ വേറെ വഴികളില്ല. ഈ അവസ്ഥ എന്റെ ആത്മാവിനെ അനുനിമിഷം ക്ലേശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജീവിത യാത്രയില്‍ മുഴുവന്‍ ഒരുമിച്ചൊന്നായി കൂടെയുണ്ടാകുമെന്ന് ഉറപ്പുകള്‍ നല്‍കിയവരാണ് നമ്മള്‍. പക്ഷേ എന്റെ പ്രിയനേ, എനിക്കിപ്പോഴതിനു കഴിയില്ല. നിന്റെ ജീവിതതത്തിന്റെ ഭാഗമാകാന്‍, നിന്റെ ഭാഗ്യങ്ങളെ സ്വീകരിക്കാന്‍ എനിക്കങ്ങനെയൊരു ജീവിതം ഇനി ബാക്കിയില്ല. 

മനസ്സും ഹൃദയവും ആത്മാവും ഒരു പോലെ സംഘര്‍ഷഭരിതമാണ്. ഓരോ ഞൊടിയിലും വലിയ ആഘാതങ്ങള്‍ ഏറ്റുകൊണ്ടിരിക്കുന്നു; എനിക്കിനിയിതൊട്ടും സഹിക്കാന്‍ കഴിയില്ല. വേദന കരഞ്ഞു തീര്‍ക്കാന്‍ ബാക്കിയില്ലാത്ത വിധം കണ്ണുനീരും വറ്റിയിരിക്കുന്നു. എന്റെയീ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിനക്കെത്ര മാത്രം അസഹനീയമായിരിക്കുമെന്നെനിക്കറിയാം. അവസാനമായി, നിന്റെ കണ്ണുകളിലൂടെ എന്നെയൊരു തവണ കാണുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. പക്ഷേ വിധി ഈ അവസാന മണിക്കൂറുകളില്‍ എന്നെ ചതിക്കുകയാണ്. ഏറെ അപമാനകരമായ എന്റെയീ മരണം ഞാന്‍ തന്നെ തിരഞ്ഞെടുത്തതാണ്. എന്നെ നീ ഓര്‍ക്കുകയാണെങ്കില്‍ ചക്രവാളത്തിന്റെ ഇരുളടഞ്ഞ കോണിലേക്ക് നോക്കണം. ആ ഇരുളില്‍ കുറ്റബോധത്തിന്റെ വലിയ ഭാരവും പേറി ഞാന്‍ നടന്നു നീങ്ങുന്നുണ്ടാവും. 

പ്രണയത്തെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍, ഹൃദയത്തില്‍ നിന്നുണ്ടായ ചിരികള്‍, പരസ്പരം പങ്കുവച്ച വേദനകള്‍, എല്ലാമങ്ങനെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അവസാനമായി നിന്നെയൊന്നു കാണണമെന്ന ആഗ്രഹം മാത്രം സഫലമാകാതെ നിലനില്‍ക്കും. നീ എന്നില്‍ നിന്നും വളരെ അകലെയാണല്ലോ, അങ്ങകലെ, ഈ മലനിരകള്‍ക്കെല്ലാമപ്പുറത്ത് .

എന്റെ പ്രിയപ്പെട്ട എല്ലാ ചങ്ങാതിമാരോടും, അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി കത്തെഴുതാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ അവരെല്ലാവരോടും ഞാന്‍ അവസാന യാത്ര ചോദിച്ചതായി നീ പറയണം. ഇന്നീ അതിരാവിലെ ഇവിടെയിരുന്നു കൊണ്ട് അങ്ങു ദൂരെയുള്ള നിന്റെ മനോഹരമായ നാട്ടിലേക്ക് – ബാങ്പായിലേക്ക് വെറുതെയാന്നു കണ്ണയയ്ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ . നിന്നോടുള്ള എന്റെ സ്‌നേഹം എങ്ങനെയെയൊക്കെയോ പ്രകടിപ്പിക്കണമന്നുണ്ടായിരുന്നു. നീയാകുന്ന സ്‌നേഹസമുദ്രത്തിലേക്ക് ഒരരുവിയായി വന്നു ചേരണമെന്നൊക്കെ ഞാന്‍ ആഗ്രഹിച്ചു. 6-2-1973നു ഞാനയച്ച കത്ത് നീയെപ്പോഴെങ്കിലും കണ്ടിരുന്നോ? നിന്റെ ഭാഗത്തു നിന്നും ഒരു മറുപടിയും വരാതിരുന്നത് എന്തുകൊണ്ടായിരുന്നു? ഞാന്‍ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴും കാത്തിരിക്കുകയാണ്. പക്ഷേ ഈ നിമിഷം കാത്തിരുപ്പിന്റെ അവസാനമാണ്. വിധി ജീവിതം കവര്‍ന്നെടുത്തു കഴിഞ്ഞു. നമ്മളെന്തുകെണ്ടാവും ഇങ്ങനെ, ഇത്രയുംകാലം തമ്മില്‍ വേര്‍പ്പെട്ടു പോയത്? നീ ഈ ലോകത്തു നിന്നു രക്ഷപ്പെട്ടു വരുമ്പോള്‍ മാത്രമേ എനിക്കിനിയതു അറിയാന്‍ കഴിയൂ. നരകം,, ഇരുളടഞ്ഞ പടുകുഴി, മനം മടുപ്പിക്കുന്ന ഇരുണ്ട പാതകള്‍. ഇതെല്ലാം മാത്രമാണ് ഇപ്പോഴെന്റെ മുന്നിലുള്ളത്. ആര് ആരെയാണ് വഞ്ചിച്ചതെന്ന സത്യം, അതിനി എന്നെന്നേയ്ക്കുമായി മണ്ണില്‍ മൂടപ്പെട്ടെന്നു വരാം; ആരും അറിയണമെന്നില്ല.

പൂവായി പുഷ്പ്പിക്കേണ്ടൊരു കന്യകയിവിടെ അതിനെല്ലാം മുമ്പേ പുറന്തള്ളപ്പെടുകയാണ്-അലങ്കരിക്കപ്പെടാതെ, സ്വീകരിക്കപ്പെടാതെ, തൊടാതെ… ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുഴുവനായി നിന്നോട് ഇപ്പോള്‍ പറയാനാവുന്നില്ല എന്നതില്‍ മാത്രമാണ് വിഷമം. വല്ലാത്ത വീര്‍പ്പു മുട്ടലില്‍ വാക്കുകള്‍ ഞെരിഞ്ഞമരുന്നു. പറയാന്‍ ബാക്കിയായ കാര്യങ്ങള്‍, മറ്റൊരു ജന്മത്തില്‍ മറ്റൊരു ജീവിത തുടര്‍ച്ചയില്‍ പറയാം. ഈ കുറിപ്പോടെ ഞാന്‍ അവസാനിക്കുകയാണ്…

നിന്റെ റോസ്‌

(www.morung.comല്‍ നിന്നുള്ള സ്വതന്ത്ര പരിഭാഷ) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍