UPDATES

യാത്ര

പാലിലല്ല, ബംഗീ ജംപിങ്ങില്‍ കണ്ണും നട്ട് ന്യൂസിലാന്‍ഡ്

Avatar

ട്രേസി വിതെര്‍സ്, മാത്യു ബ്രോക്കെറ്റ്
(ബ്ലൂംബര്‍ഗ്)

മനുഷ്യരെക്കാള്‍ പശുക്കളുള്ള ന്യൂസിലാന്‍ഡില്‍ ഒരു റബര്‍ ബാന്‍ഡില്‍ത്തൂങ്ങി പാലത്തില്‍നിന്നു താഴേക്കു ചാടുന്നതാണ് പാല്‍ വില്‍പനയെക്കാള്‍ ലാഭകരം.

ബംഗീ ജംപിങ്ങിനെ കച്ചവടവല്‍ക്കരിച്ച ആദ്യ രാജ്യമാണ് ന്യൂസിലാന്‍ഡ്. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ബംഗീ ജംപിങ്ങിനെ ആശ്രയിക്കുകയാണ് ഈ രാജ്യം. രാജ്യത്തെ സാമ്പത്തികവികസനത്തില്‍ പകുതിയും ഇപ്പോള്‍ വിനോദസഞ്ചാരമേഖലയില്‍നിന്നാണെന്ന് ഓക്‌ലാന്‍ഡിലെ സാമ്പത്തികവിദഗ്ധനായ ഷാമുബീല്‍ ഇക്വുബ് ചൂണ്ടിക്കാട്ടുന്നു.

‘വിനോദസഞ്ചാരം കൊണ്ട് സമ്പദ് വ്യവസ്ഥയെ കരകയറ്റാനാണ് ഞങ്ങളുടെ ശ്രമം’, ഇക്വുബ് പറയുന്നു. ‘അതു വിജയിക്കുന്നില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇപ്പോഴത്തേതിലും വളരെ കുറവായിരിക്കും’.

ഇടിയുന്ന പാല്‍വില കാര്‍ഷികവരുമാനത്തെ ബാധിച്ചതിനാല്‍ വളര്‍ച്ചാനിരക്ക് പകുതിയോളം കുറഞ്ഞ് 1.8ശതമാനമാകുമെന്നായിരുന്നു സെപ്റ്റംബറില്‍ ന്യൂ സീലാന്‍ഡ് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. എന്നാല്‍ ന്യൂസീലാന്‍ഡ് ഡോളര്‍ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിനടുത്തുനില്‍ക്കുമ്പോള്‍ വിനോദസഞ്ചാരികള്‍ ഒഴുകുകയാണ്. ഇവരില്‍നിന്നുള്ള വരുമാനത്തില്‍  38 ശതമാനം വര്‍ധനയുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സെപ്റ്റംബറില്‍ 6.3 ബില്യണ്‍ യുഎസ് ഡോളറിലെത്തിയ ഈ വര്‍ധന സര്‍വകാല റെക്കോഡാണ്.

സര്‍ക്കാരിന്റെ പ്രതീക്ഷകളെയെല്ലാം മറികടന്ന വിനോദസഞ്ചാരത്തില്‍നിന്നു നേട്ടമുണ്ടാക്കാന്‍ വിമാനക്കമ്പനികള്‍ യുഎസില്‍നിന്നും ഏഷ്യയില്‍നിന്നും പുതിയ സര്‍വീസുകള്‍ തുടങ്ങിക്കഴിഞ്ഞു. പാല്‍ ഉത്പന്നങ്ങളെ പിന്തള്ളി രാജ്യത്തിന്റെ വിദേശനാണ്യസമ്പാദ്യത്തില്‍ ടൂറിസം മുന്നിലെത്തുന്നതിന്റെ സൂചനകള്‍ പ്രകടമാണ്.

2014ല്‍ രാജ്യാന്തര സഞ്ചാരികളും വിദേശവിദ്യാര്‍ത്ഥികളും കൂടി ന്യൂസീലാന്‍ഡിനു നല്‍കിയത് 11.8 ബില്യണ്‍ ന്യൂസീലാന്‍ഡ് ഡോളറാണ്. പാല്‍ ഉത്പാദനത്തില്‍ നിന്നു ലഭിച്ചതാകട്ടെ 14.2 ബില്യണ്‍ ന്യൂസീലാന്‍ഡ് ഡോളറും.

പാല്‍പ്പൊടിക്ക് ചൈനയില്‍ ആവശ്യക്കാര്‍  കുറഞ്ഞത് ന്യൂസിലാന്‍ഡില്‍ പാല്‍ ഉത്പന്നകയറ്റുമതിക്ക് തിരിച്ചടിയായി. അതേ സമയം ചൈനയില്‍നിന്നുള്ള സഞ്ചാരികളുടെ വരവ് ഈ നഷ്ടം നികത്തുന്നു. സെപ്റ്റംബര്‍ 30ന് അവസാനിച്ച 12 മാസത്തില്‍ ചൈനയില്‍നിന്നുള്ള സഞ്ചാരികള്‍ 1.55 ബില്യണ്‍ ന്യൂസീലാന്‍ഡ് ഡോളറാണ് രാജ്യത്ത് ചെലവിട്ടത്. മുന്‍വര്‍ഷത്തേതില്‍നിന്ന് 78ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം 265000 പേരാണ് ചൈനയില്‍നിന്ന് ഇവിടെയെത്തിയത്. 2021ല്‍ ഇത് ആറു ലക്ഷമാകുമെന്നാണ് കണക്ക്.

സാഹസിക സഞ്ചാരികളുടെ സ്വര്‍ഗമെന്ന നിലയില്‍ രാജ്യത്തെ മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചതാണ് ന്യൂസീലാന്‍ഡിനു കരുത്തായതെന്ന് ടൂറിസം ഇന്‍ഡസ്ട്രി അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ക്രിസ് റോബര്‍ട്‌സ് പറയുന്നു. ‘ലോഡ് ഓഫ് ദ് റിങ്‌സ് ‘, ‘ദ് ഹോബിറ്റ്’ സിനിമകളിലൂടെ ലോകം കണ്ട ആല്‍പ്‌സ് മലനിരകളുടെ മനോഹാരിതയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

1988ലാണ് ലോകത്തിലെ ആദ്യ കമേഴ്‌സ്യല്‍ ബംഗീ ജംപിങ് ഇവിടെ ആരംഭിക്കുന്നത്. ക്വീന്‍സ് ടൗണിനടുത്തുള്ള കവാരൗ പാലത്തില്‍നിന്നായിരുന്നു ഇത്. ഇന്ന് രാജ്യത്തെ വിവിധ പാലങ്ങളും പ്രത്യേക പ്ലാറ്റ്‌ഫോമുകളും ലോകമെങ്ങും നിന്നുള്ള സാഹസിക സഞ്ചാരികളെ കാത്തിരിക്കുന്നു. ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറില്‍നിന്നുള്ള 192 മീറ്റര്‍ (630 അടി) ചാട്ടവും ഇതില്‍ ഉള്‍പ്പെടും.

ജെറ്റ് ബോട്ട് യാത്രകള്‍ വ്യവസായവല്‍ക്കരിച്ചതും ന്യൂസീലാന്‍ഡിന്റെ ടൂറിസം നേട്ടങ്ങളില്‍പ്പെടും. 1960ല്‍ കവാരൗ നദിയിലായിരുന്നു തുടക്കം. ക്വീന്‍സ് ടൗണ്‍ നദികള്‍ മുതല്‍ ഓക്‌ലാന്‍ഡ് തുറമുഖം വരെ രാജ്യത്തുടനീളം എവിടെയും ഇന്ന് ജെറ്റ് ബോട്ട് യാത്രകള്‍ നടത്താം.

‘നിങ്ങള്‍ ന്യൂസീലാന്‍ഡ് സന്ദര്‍ശിക്കുകയാണെങ്കില്‍ ബംഗീ ജംപിങ്, ജറ്റ് ബോട്ട് റേസ്, സിപ് ലൈന്‍ ഇവയൊക്കെ ചെയ്തിരിക്കണം. ഇവയൊന്നും ചെയ്യാതെ ന്യൂസീലാന്‍ഡ് സന്ദര്‍ശിക്കുകയെന്നാല്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുകയും ബാഗെല്‍ കഴിക്കാതിരിക്കുകയും ചെയ്യുന്നതിനു തുല്യമാണ് ‘, റോബര്‍ട്‌സ് ചൂണ്ടിക്കാട്ടുന്നു.

ന്യൂസീലാന്‍ഡിലെത്തുന്ന സന്ദര്‍ശകരില്‍ പകുതിയിലേറെപ്പേര്‍ ഒരു സാഹസിക വിനോദത്തിലെങ്കിലും ഏര്‍പ്പെടുന്നുണ്ടെന്നാണു കണക്ക്. സാഹസം ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ മറ്റുള്ളവരെക്കാള്‍ 17 ശതമാനം അധികം സമയം രാജ്യത്ത് തങ്ങുന്നുവെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദശകത്തില്‍ കീവി ഡോളറിനുണ്ടായ കുതിപ്പ് സഞ്ചാരികളെ ന്യൂസീലാന്‍ഡില്‍നിന്ന് അകറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ കറന്‍സിക്കുണ്ടായ 15 ശതമാനം ഇടിവും സഞ്ചാരികളുടെ ഒഴുക്കില്‍ രണ്ടാംസ്ഥാനത്തേക്കുള്ള ചൈനയുടെ വളര്‍ച്ചയും ഈ ഇടിവിനു കടിഞ്ഞാണിട്ടു. ജനുവരി അവസാനമാകുമ്പോഴേക്ക് ചൈനയില്‍നിന്നു ന്യൂസീലാന്‍ഡ്‌ലേക്ക് നേരിട്ടുള്ള അഞ്ചുറൂട്ടുകള്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോടെ പ്രതിവാരം ഇവിടേക്കുള്ള വിമാനസീറ്റുകളുടെ എണ്ണം 10,699 ആയി ഉയരും.

‘ചൈനയില്‍നിന്നുള്ള പുതിയ യാത്രക്കാര്‍ സംഘമായി വരുന്നവരല്ല. അവര്‍ ഒറ്റയ്ക്കു വരുന്നവരും ചെറുപ്പക്കാരുമാണ്. അതിനാല്‍ അവര്‍ക്ക് സാഹസികവിനോദങ്ങളില്‍ താല്‍പര്യമേറും’, റോബര്‍ട്‌സ് പറയുന്നു.

സഞ്ചാരികളെ സുരക്ഷയെപ്പറ്റി ബോധവത്ക്കരിക്കുക എന്നതാണ് വെല്ലുവിളി.  കഴിഞ്ഞ മാസം ഫോക്‌സ് പര്‍വതശിഖരത്തിലുണ്ടായ ഹെലിക്കോപ്ടര്‍ അപകടം സാഹസിക സഞ്ചാരത്തിലെ അപകടങ്ങള്‍ക്ക് ഉദാഹരണമാണ്.

‘പ്രകൃതിവിസ്മയങ്ങളും മനുഷ്യന്റെ അടിസ്ഥാന സാഹസികതയും അനുഭവിക്കാനാണ് ആളുകള്‍ ഇവിടെയെത്തുന്നത് ‘, ക്രൈസ്റ്റ്ചര്‍ച്ച് ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയില്‍ പാര്‍ക്കുകള്‍, വനങ്ങള്‍, വിനോദസഞ്ചാരം വിഭാഗങ്ങളിലെ അധ്യാപകന്‍ സ്റ്റീഫന്‍ എസ്‌പൈനര്‍ പറയുന്നു. ‘പക്ഷേ ഹെലി ഹൈക്കിങ്ങിനു പോകുന്നവരാരും അവര്‍ ഒരുപക്ഷേ തിരിച്ചെത്തിയേക്കില്ല എന്നതു മനസിലാക്കാറില്ല’.

2008ല്‍ ക്വീന്‍സ്ടൗണില്‍ ഒരു ബ്രിട്ടീഷ് സഞ്ചാരിയുടെ മരണത്തിനിടയാക്കിയ ബോഡി ബോര്‍ഡ് അപകടമാണ് സുരക്ഷാക്രമങ്ങള്‍ കര്‍ശനമാക്കാന്‍ ടൂറിസം മേഖലയ്ക്കു പ്രേരണയായത്.

‘അപകടസാധ്യതയും സുരക്ഷയും തമ്മില്‍ ശരിയായ തുലനമുണ്ടാകുക എന്നതാണ് പ്രധാനം’, ഓക് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ പ്രഫസറും ന്യൂസീലാന്‍ഡ് ടൂറിസം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സൈമണ്‍ മില്‍നെ ചൂണ്ടിക്കാട്ടുന്നു. ‘ അപകടസാധ്യത തീരെയില്ലാത്ത ഒന്നിനെ സാഹസികവിനോദമെന്നു പറയാനാകില്ല’.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍