UPDATES

സിനിമ

മൊയ്തീനിലെ പെരുംപറമ്പില്‍ അപ്പു; എന്നിലെ നടനെ തേടിവന്ന വേഷം- ടോവിനോ തോമസ്

ടോവിനോ തോമസ്/രാകേഷ് നായര്‍

കാഞ്ചനമാലയുടെയും ബി പി മൊയ്തീന്റെയും പ്രണയം തീരാത്തൊരു നൊമ്പരമായി പെയ്തിറങ്ങുകയാണ്. ആ നൊമ്പര മഴയില്‍ നനഞ്ഞുനില്‍ക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്; പെരുംപറമ്പില്‍ അപ്പു. മദംപൊട്ടിയൊഴുകിയ ഇരവഴിഞ്ഞിയുടെ ആഴത്തിനും പെരുമഴയ്ക്കും ഇല്ലാതാക്കാന്‍ കഴിയാതെപോയ പ്രണയത്തിന്റെ പ്രതീകങ്ങളാണ് മൊയ്തീനും കാഞ്ചനമാലയുമെങ്കില്‍ അപ്പു മറ്റൊരു മുഖമാണ്; തന്നോളം, അല്ല, അതിലുമേറേ പ്രണയിച്ചൊരുവള്‍ ആയിരമടങ്ങ് മറ്റൊരാളെ പ്രണയിക്കുന്നുണ്ടെന്നും അയാള്‍ തിരിച്ച് അവളെ പതിനായിരം മടങ്ങ് സ്‌നേഹിക്കുന്നുണ്ടെന്നും കേള്‍ക്കുമ്പോള്‍ ഉള്ളില്‍ പെയ്തിറങ്ങിയ മഴ മറച്ചു നില്‍ക്കുകയാണ് അപ്പു. കാഞ്ചന നിന്റേതുമാത്രമാണെന്നു മൊയ്തീനോട് പറയാതെ പറഞ്ഞുപോകുമ്പോള്‍ കാഞ്ചനയ്ക്കും മൊയ്തീനുമപ്പുറം അയാളും മറ്റൊരു പ്രതീകമാകുന്നു; ത്യാഗത്തിന്റെ. യഥാര്‍ത്ഥ പ്രണയം ത്യാഗത്തിന്റെ വഴിയിലൂടെ അനശ്വരമാകുന്നുവെന്നു പറയുമ്പോള്‍, പെരുംപറമ്പില്‍ അപ്പുവും അനശ്വരനാവുകയാണ്.

മഴ നനഞ്ഞൊരു മയില്‍പ്പീലിപ്പോലെ ആര്‍ദ്രമായി അപ്പു എന്ന കഥാപാത്രം പ്രേക്ഷകന്റെ മനസ്സില്‍ നനവിറ്റു നില്‍ക്കുമ്പോള്‍, ടോവിനോ തോമസ് എന്ന അഭിനേതാവ് സന്തോഷിക്കുകയാണ്. പെരുംപറമ്പില്‍ അപ്പുവിനെ കാഴ്ച്ചക്കാരന് ഇത്രമേല്‍ പ്രിയപ്പെട്ടതാക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയോടെ...മോഡലിംഗ് രംഗത്ത് നിന്ന് പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ ടോവിനോ, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലെ യുവ രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തോടെ ശ്രദ്ധേയനായി. പൃഥ്വിരാജ് നായകനായ സെവന്‍ത് ഡേയിലൂടെ പ്രക്ഷകസ്വീകാര്യത നേടിയ ഈ യുവനടന്‍ എന്ന് നിന്റെ മൊയ്തീനിലൂടെ തന്റെ സ്ഥാനം മലയാളസിനിമയില്‍ കൃത്യമായി അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു…ടോവിനോയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്

പെരുംപറമ്പില്‍ അപ്പു; ഒരു എപിക് പ്രണയകഥയിലെ മികച്ചൊരു കഥാപാത്രത്തെ സിനിമയിലൂടെ പുനരാവിഷ്‌കരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. എങ്ങനെയുണ്ട് ഈ അനുഭവം?
ഒരു നടനെന്ന നിലയിലുള്ള എന്റെ കരിയറിലെ പുതിയൊരു അനുഭവമാണ് ഈ സിനിമയും അപ്പു എന്ന കഥാപാത്രവും. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് അപ്പു എന്തുകൊണ്ടും മുകളില്‍ നില്‍ക്കുകയാണ്. എന്നിലെ നടനെ തേടിവന്നൊരു വേഷമായിരുന്നു. ആ ഭാഗ്യത്തിലും സിനിമയുടെയും കഥാപാത്രത്തിന്റെയും വിജയത്തിലും ഏറെ ആഹ്ലാദിക്കുന്നു, ഒപ്പം ഇനിയങ്ങോട്ടുള്ള യാത്രയില്‍ അപ്പു വലിയൊരു ഉത്തരവാദിത്വം ആയിരിക്കുമെന്ന തിരിച്ചറിവും.

അപ്പു സാങ്കല്‍പ്പിക കഥാപാത്രമല്ല, യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നൊരാളാണ്. അങ്ങനെയുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. കാരണം, അയാളെ അറിയാവുന്നവര്‍ ഉണ്ടാവും. അവരുടെ മനസിലുള്ള അപ്പുവുമായി താദാത്മ്യം പ്രാപിക്കാന്‍ ആയില്ലെങ്കില്‍ ഒരു നടനെന്ന നിലയിലെ പരാജയമാകുമായിരുന്നില്ലേ അത്?
തീര്‍ച്ചയായും, അതൊരു വെല്ലുവിളി തന്നെയായിരുന്നു. എനിക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്നതാണ് ഇപ്പോള്‍ കിട്ടുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പെരുംപറമ്പില്‍ അച്ചു (സിനിമയില്‍ അപ്പു) എന്നയാളുടെ ഒരു ഫോട്ടോയും അദ്ദേഹത്തെക്കുറിച്ചുള്ള ചില ലേഖനങ്ങളിലൂടെയുമാണ് അച്ചുവിനെ ഞാന്‍ പരിചയപ്പെടുന്നത്. സംവിധായകന്‍ ആര്‍ എസ് വിമല്‍ അപ്പു എന്ന കഥാപാത്രത്തെ വിവരിച്ചു തന്നപ്പോള്‍ സ്വയം ആ കഥാപാത്രമായി മാറാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. അച്ചു എന്ന റിയല്‍ കാര്യക്ടറോട് എനിക്ക് വല്ലാത്ത ഇഷ്ടവും ബഹുമാനവും ആണ്.

എങ്ങനെയായിരുന്നു ആ കഥാപാത്രത്തിലേക്ക് സ്വയം സന്നിവേശിപ്പിക്കപ്പെട്ടത്?
എന്റെ വലിയ ഭാഗ്യമായി ഞാന്‍ പറയുന്നത്, ഈ കഥാപാത്രം ടോവിനോ തോമസ് എന്ന നടനെ തേടിയെത്തുകയായിരുന്നു എന്നതാണ്. ആര്‍ എസ് വിമല്‍ എന്ന സംവിധായകന്‍ ഈ കഥയും എന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റ്ഡ് ആയി. ഈ കഥാപാത്രത്തിനുവേണ്ടി എന്തൊക്കെ ചെയ്യണോ അതൊക്കെ ഞാന്‍ ചെയ്യാമെന്നു പറഞ്ഞത് മനസ്സില്‍ നിന്നായിരുന്നു. കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ നേരത്തെ തന്നെ വായിച്ചിട്ടുള്ളതാണ്. അന്നുതൊട്ടെ മനസ്സില്‍ കേറിയതാണ് അവരുടെ പ്രണയം. ആ പ്രണയത്തിനിടയില്‍ ത്യാഗത്തിന്റെ പരിവേഷവുമായി അപ്പുവെന്നൊരാള്‍ കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍, ആ അപ്പുവിനെ എനിക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്ന് അറിഞ്ഞപ്പോള്‍, എനിക്കറിയില്ല ആ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു തരണമെന്ന്.

അപ്പു നല്ലൊരു കളരി അഭ്യാസിയും മികച്ച ഫുട്‌ബോളറുമായിരുന്നു. മോഹന്‍ ബഗാന്‍ ക്ലബിനുവേണ്ടി കളിച്ചിട്ടുള്ളയാളാണ്. ശാരീരികമായി കഥാപാത്രത്തിന് വലിയ മസിലുകളൊന്നും വേണ്ട. ഒരു അത്‌ലറ്റിക്കിന്റെ ഫിസിക്കാണ് ആവശ്യം. അതിനുവേണ്ടി രണ്ടാഴ്ച്ചയോളം വര്‍ക് ഔട്ട് ചെയ്തു. മുടി വളര്‍ത്തി. പ്രധാനപ്പെട്ടൊരു സംഗതി അപ്പുവിന്റെ മീശയാണ്. ആ രീതിയില്‍ മീശ വടിച്ചിരിക്കുന്ന സമയത്താണ് എന്റെ കല്യാണം ഫിക്‌സ് ചെയ്യുന്നത്. കല്യാണത്തിനു വേണ്ടി ക്ലീന്‍ ഷേവ് ചെയ്താല്‍ പിന്നെ മീശ ഒട്ടിച്ചുവേണം അഭിനയിക്കാന്‍. അതിലൊരു അഭംഗിയുണ്ട്. എന്തായാലും വേണ്ടീല മീശ വടിക്കുന്നില്ലെന്ന് തീരുമാനിച്ചു. അപ്പുവിന്റെ അതേ മീശയോടെയാണ് ഞാന്‍ ലിഡിയയുടെ കഴുത്തില്‍ മിന്നു കെട്ടുന്നത്.

രൂപമാറ്റത്തേക്കാള്‍ മാനസികമായാണ് ഞാന്‍ അപ്പുവിനോട് കൂടുതല്‍ ചേര്‍ന്നു നിന്നത്. കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയമാണ് ഈ കഥയെങ്കിലും അതില്‍ അപ്പുവിന്റെ പ്രണയത്തിനും വലിയൊരു ഇടമുണ്ട്. തീവ്രവവും വിശുദ്ധവുമാണ് അപ്പുവിന് കാഞ്ചനയോടുള്ള പ്രണയം. കാഞ്ചന മൊയ്തീനെ സ്‌നേഹിക്കുന്നു, മൊയ്തീന്‍ കഞ്ചനയെ അതിലേറെ സ്‌നേഹിക്കുന്നു. അതേസമയം അപ്പുവും തന്റെ ജീവനോളം കാഞ്ചനയെ സ്‌നേഹിക്കുന്നു, പക്ഷെ അവള്‍ അവനെ ഒരിക്കലും സ്‌നേഹിക്കുന്നില്ല. ആ സത്യം തിരിച്ചറിയുമ്പോള്‍ അപ്പുവില്‍ പ്രതികാരമല്ല, ത്യാഗമാണ് സ്ഫുരിക്കുന്നത്. തന്റെ പ്രണയം ഉപേക്ഷിച്ച് കാഞ്ചന മൊയ്തീന്റെ മാത്രം പെണ്ണാണെന്നു പറയുന്ന അപ്പുവിനോട് ആര്‍ക്കാണ് ബഹുമാനം തോന്നാത്തത്. ഇഷ്ടം നിരസിക്കുന്ന പെണ്ണിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും അവളെ കൊന്നുകളയുകയും ചെയ്യുന്ന പുതിയൊരു തലമുറ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സമയത്താണ് അപ്പുവിന്റെ മനസ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്. ഇങ്ങനെയും ഒരാള്‍ക്ക് തന്റെ പ്രണയത്തോട് സത്യസന്ധത പുലര്‍ത്താമല്ലോയെന്ന് നമുക്ക് മനസ്സിലാകുന്നു. കാലഘട്ടത്തിനിപ്പുറവും അപ്പു പ്രണയത്തിന്റെ മറ്റൊരു മാതൃകയാണ്.

കാഞ്ചന മൊയ്തീന്റെ മാത്രമാണെന്ന് അപ്പു പറയാതെ പറയുന്നൊരു രംഗമുണ്ട് ചിത്രത്തില്‍. സംഭാഷണങ്ങളില്ല, ഭാവങ്ങളാലാണ് അവിടെ അപ്പുവെന്ന കഥാപാത്രം വാചാലനാകുന്നത്. സിനിമയിലെ തന്നെ ഏറ്റവും ഹൃദ്യമായ രംഗം. ഒരു നടനെന്ന നിലയില്‍ ടോവിനെയോ അളക്കാന്‍ ആ ഒറ്റ രംഗത്തിലൂടെ സാധിക്കുന്നുണ്ട്.
ആ രംഗത്തിന് കൈയടി കൊടുക്കേണ്ടത് സംവിധായകന്‍ ആര്‍ എസ് വിമലിനാണ്. ഒരു സംവിധായകന്റെ ബ്രില്യന്‍സാണ് അവിടെ കാണുന്നത്. ഡയലോഗുകള്‍ പറഞ്ഞ് ഓവറാക്കേണ്ടെന്ന തീരുമാനം വിമലിന്റെതായിരുന്നു. ഡയലോഗ് വേണ്ട ടോവിനോ, നിന്റെ അഭിനയത്തിലൂടെ നമുക്കത് പിടിക്കാം എന്ന ആത്മവിശ്വസമായിരുന്നു വിമലിന്. ഒരു നടനെന്ന നിലയില്‍ എന്നിലര്‍പ്പിച്ച വിശ്വാസം. എനിക്കതുമത് നല്‍കിയ സന്തോഷം വലുതായിരുന്നു. ഞാനൊരു വലിയ നടനൊന്നുമല്ല, എന്നിരിക്കിലും സംവിധായകന്‍ എന്നിലെ നടനെ വിശ്വസിക്കുകയാണ്.

ഞാന്‍ ഈ സിനിമ തിയേറ്ററില്‍ കാണുന്ന സമയത്ത്, തുടക്കം മുതല്‍ കമന്റടിച്ചും ചിരിച്ചുമൊക്കെ സ്വയം എന്റര്‍ടെയ്ന്‍ ചെയ്തിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ പതിയെ സിനിമയുടെ ഫീലിലേക്ക് വീഴുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഈ പറഞ്ഞ സീന്‍ എത്തിയപ്പോള്‍ അവര്‍ തീര്‍ത്തും നിശബ്ദരായി മാറി. അവരുടെ കണ്ണുനിറഞ്ഞിരുന്നു. ഇതെനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞതെങ്കില്‍ ഇത്തരം ഉദാഹരണങ്ങള്‍ വേറെയുമുണ്ടായതായി പലരും പറഞ്ഞു.

നല്ലൊരു താരനിരയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്ന സന്തോഷവുമില്ലേ?
തീര്‍ച്ചയായും. ഓരോ സിനിമയും എന്നെ സംബന്ധിച്ച് ഓരോന്നു പഠിക്കാനുള്ള അവസരങ്ങള്‍ കൂടിയായിരുന്നു. ഈ സിനിമയും എനിക്ക് നല്ലൊരു സ്‌കൂള്‍ ആയിരുന്നു. പൃഥ്വിരാജ്, പാര്‍വതി, സായ്കുമാര്‍, ബാല, ശശികുമാര്‍, ഇന്ദ്രന്‍സ്, ലെന, ശിവജി ഗുരുവായൂര്‍, കലാരഞ്ജനി എന്നിങ്ങനെ മികച്ച അഭിനേതാക്കള്‍ക്കൊപ്പമാണ് എനിക്ക് വര്‍ക് ചെയ്യാന്‍ കഴിഞ്ഞത്. അതിനെല്ലാമൊപ്പം ഈ സിനിമ എന്തായിരിക്കണമെന്ന് പൂര്‍ണബോധ്യമുണ്ടായിരുന്ന ആര്‍ എസ് വിമല്‍ എന്ന സംവിധായകന്റെ പിന്തുണയും. പൃഥ്വിരാജ് ആണ് ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. ഞാനും പാര്‍വതിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ മനോഹരമായി എന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍, ഞാന്‍ പാര്‍വതിക്കാണ് അതിന്റെ ക്രെഡിറ്റ് കൊടുക്കുന്നത്. ഒരുപക്ഷേ പാര്‍വതിയെപ്പോലൊരു ആര്‍ട്ടിസ്റ്റ് ആയിരുന്നില്ലെങ്കില്‍ ഈ മനോഹാരിത കിട്ടണമെന്നില്ല. പേരെടുത്തു പറയേണ്ട മറ്റൊരാള്‍ കാമറാമാന്‍ ജോമോന്‍ ടി ജോണാണ്. ജോമോന്‍ കാമറയ്ക്ക് പിറകില്‍ നില്‍ക്കുന്നത് എനിക്ക് ധൈര്യമാണ്. അപ്പു എന്ന കഥാപാത്രം നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഇവര്‍ക്കെല്ലാമാണ്. ഞാനൊരിക്കലുമത് എടുക്കില്ല.

അപ്പു എന്ന കഥാപാത്രം ടോവിനോയ്ക്ക് നല്‍കുന്ന ഉത്തരവാദിത്വം വലുതാണ്
എനിക്കതറിയാം. ഇനി ഞാന്‍ ചെയ്യുന്ന ഓരോ കഥാപാത്രവും അപ്പുവിന്റെ പേര് കളയാത്തതാവണം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പടമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ കിട്ടുന്ന കഥാപാത്രത്തോട് മാക്‌സിമം നീതി പുലര്‍ത്താന്‍ സാധിക്കുന്നുണ്ട്. നാളെയെനിക്ക് തിരക്ക് കൂടിയാലും കഥാപാത്രാവിഷ്‌കരണത്തില്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യരുതെന്ന് നിര്‍ബന്ധമുണ്ട്. എന്ന് നിന്റെ മൊയ്തീനില്‍ എന്റെ രൂപം കണ്ടിട്ട് ഒരു ഫേസ്ബുക്ക് കമന്റ് വന്നത്. ചേട്ടന്‍ ഓരോ സിനിമയ്ക്കും വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്യാറുണ്ടോയെന്നായിരുന്നു. അതൊരു തമാശ മാത്രമല്ല, അവര്‍ എന്നെ ഓരോ സിനിമയിലും വ്യത്യസ്തനായി കാണുന്നുവെന്ന് അംഗീകരിക്കുക കൂടിയാണ്.

ഇതിലെല്ലാമുപരി മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്. അപ്പുവിനെപ്പോലുള്ള കഥാപാത്രങ്ങള്‍, എന്ന് നിന്റെ മൊയ്തീന്‍ പോലുള്ള സിനിമകള്‍ നമുക്ക് അധികം ഉണ്ടാവാറില്ല. വര്‍ഷത്തില്‍ ഇതുപോലൊരു കഥാപാത്രം കിട്ടിയാല്‍ മതി, ഞാന്‍ സംതൃപ്തനാണ്. ഒരു സൂപ്പര്‍ സ്റ്റാര്‍ ആകണമെന്ന മോഹവുമായല്ല ഞാന്‍ സിനിമയിലെത്തിയത്. നല്ലൊരു നടന്‍ എന്ന മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കണമെന്നെയുള്ളൂ. പെരുംപറമ്പില്‍ അപ്പു അതിനുള്ള ഒരു കാരണമായി… ഇനിയും അപ്പുവിനെ പോലെ സ്‌നേഹവും ബഹുമാനവുമൊക്കെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടണമെന്ന് പ്രാര്‍ത്ഥിക്കുകയാണ്. അതുവഴി എനിക്ക് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരിടം സ്വന്തമാക്കണം…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍