UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി പി വധം: സിബിഐ അന്വേഷണം ബിജെപിയും സിപിഐഎമ്മും അട്ടിമറിച്ചുവെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സിബിഐ അന്വേഷണം ശുപാര്‍ശയുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷമായി അടയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇത് ബിജെപിയും സിപിഐഎമ്മും തമ്മിലെ ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ടിപി വധത്തെ കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തു വിടുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗൂഢാലോചന സിബിഐ അന്വേഷിച്ചാല്‍ സിപിഐഎമ്മിലെ ഉന്നതര്‍ കുടുങ്ങുമെന്നും പാര്‍ട്ടിയുടെ അടിവേരിളകുമെന്നും ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യശത്രുവായ ബിജെപിക്ക് സിപിഐഎം ക്ഷയിക്കുന്നതിനോട് താല്‍പര്യമില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കത്തെഴുതാന്‍ തയ്യാറാണെന്നും ഇക്കാര്യം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണെന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ നേതാവിന്റെ കത്ത് കൂടി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് വിഎസിന്റെ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയം വിഷയമായി ഉയര്‍ത്താനുള്ള യുഡിഎഫിന്റെ ശ്രമമാണ് മുഖ്യമന്ത്രിയുടെ പുതിയ ആരോപണത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കൂടാതെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ടു ധാരണയെന്ന സിപിഐഎം പ്രചാരണത്തില്‍ പ്രതിരോധത്തിലായതിനെ മറികടക്കുകയും വേണ്ടതുണ്ട്. അതിനാലാണ് സിബിഐ അന്വേഷണം അട്ടിമറിച്ചത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്നത്.

ടിപി വധക്കേസില്‍ ശക്തമായ പാര്‍ട്ടി വിരുദ്ധ നിലപാട് എടുത്തിരുന്ന വിഎസിനെ കൊണ്ട് പ്രതികരിപ്പിക്കുകയെന്ന ലക്ഷ്യവും ഉമ്മന്‍ചാണ്ടിയുടെ ഇന്നത്തെ പുതിയ കത്ത് ആവശ്യത്തിന് പിന്നിലുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍