UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാറില്ലാക്കാലത്തെ കുടിയന്മാരുടെ ജീവിതം; ടി പി രാജീവന്‍ എക്‌സൈസ് മന്ത്രിയെ ബോധിപ്പിക്കുന്നതെന്തെന്നാല്‍…

അഴിമുഖം പ്രതിനിധി

ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് മദ്യപാനികള്‍ക്കുണ്ടായിരിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‌ എഴുത്തുകാരന്‍ ടി പി രാജിവന്റെ തുറന്ന കത്ത്. കുടിയന്മാര്‍ മനോരോഗികളോ കുറ്റവാളികളോ അല്ലെന്നാണ് രാജീവന്‍ മന്ത്രിയെ ഓര്‍മിപ്പിക്കുന്നത്. ക്ലബ്ബോ പഞ്ചനക്ഷത്ര ഹോട്ടലോസ്വപ്‌നം കാണാന്‍ പോലും കഴിയാത്ത തന്നെപോലുള്ളവരുടെ ഏക പോംവഴി ബിവറേജ് കോര്‍പ്പറേഷന്‍ ആണെന്നും എന്നാല്‍ മഴയും വയിലുംകൊണ്ട് അതിനു മുന്നില്‍ നില്‍ക്കുന്ന അശരണരുടെ നീണ്ട ക്യൂവിന് പരിഹാരം ഉണ്ടാക്കണമെന്നും വ്യത്തിയും സൗകര്യമുള്ളിടങ്ങളായി ബിവറേജ് ഔട്‌ലെറ്റുകള്‍ മാറ്റണമെന്നുമാണ് രാജീവന്‍ ആവശ്യപ്പെടുന്നത്. ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തുറന്ന കത്തിന്റെ പൂര്‍ണരൂപം :

എക്‌സൈസ് മന്ത്രിയായി സത്യപ്രതിജ്ഞചെയ്തതു മുതല്‍ വളരെ പ്രതീക്ഷയോടെയാണ് എന്നെപ്പോലുള്ളവര്‍ താങ്കളെ കാണുന്നത് അഞ്ചു നക്ഷത്രങ്ങളില്ലാത്ത ബാറുകളെല്ലാം ബിയര്‍വൈന്‍ പാര്‍ലറുകളാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനം ഏതെങ്കിലും നയത്തിന്റെയോ ചിന്തയുടെയോ ഭാഗമായിരുന്നില്ല എന്നു കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പുപോരുകളുടെ ഫലമായി അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസ്സിലെ ഈ ഗ്രൂപ്പുകളിയുടെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത ഈ നാട്ടിലെ എന്നെപ്പോലുള്ള പൗരന്മാരാണ് ഏതെങ്കിലും ഒരു ബാറില്‍ച്ചെന്ന് സുഹൃത്തുക്കളോടൊപ്പം ഒന്നോ രണ്ടോ ഏറിയാല്‍ മൂന്നോ, പെഗ്ഗു കഴിച്ച് കുറച്ച് സാഹിത്യവും സംസ്‌കാരവും രാഷ്ട്രീയവും ചര്‍ച്ചചെയ്യുകയോ പഴയ കെ.പി.എ.സി. ഗാനങ്ങള്‍ പാടുകയോ ചെയ്താല്‍ തീരുമായിരുന്നു പണ്ടൊക്കെ ഞങ്ങളുടെ മദ്യാസക്തി. ദുര്‍ബലരായ ഞങ്ങള്‍ക്ക് രണ്ടെണ്ണം അകത്തുചെന്നാല്‍ സ്‌നേഹവും സങ്കടവും വര്‍ധിക്കും എന്നുള്ളതുകൊണ്ട കുറച്ച് മീനോ പച്ചക്കറിയോ പഴങ്ങളോ വാങ്ങിയിട്ടേ ഞങ്ങള്‍ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ.

ബാറുകള്‍ അടച്ചതോടെ ഞങ്ങളുടെ ഈ ദിനചര്യ തകിടംമറിഞ്ഞു. ക്ലബ്ബോ പഞ്ചനക്ഷത്ര ഹോട്ടലോ സ്വപ്നം കാണാന്‍കൂടി കഴിയാത്ത ഞങ്ങള്‍ക്ക് ബിവറേജ് വില്പനശാലകളില്‍ ക്യൂ നില്‍ക്കല്‍ മാത്രമായി പോംവഴി. യാത്ര ചെയ്യുമ്പോള്‍ താങ്കള്‍തന്നെ കണ്ടിട്ടുണ്ടാവും അശരണരുടെ നീണ്ടനിര. ഒരിക്കല്‍ ഇറങ്ങി നോക്കിയാല്‍ അറിയാം എത്ര വൃത്തിഹീനമായ ചുറ്റുപാടിലാണ് ഈ വില്പനശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സ്വന്തം കാശുമുടക്കി മദ്യം വാങ്ങാന്‍ ചെല്ലുന്ന ഞങ്ങള്‍ കുറ്റവാളികളോ മനോരോഗികളോ ആണെന്നപോലെയാണ് അവിടെയുള്ളവര്‍ പെരുമാറുക. സര്‍, മദ്യം വാങ്ങാന്‍ വരുന്നവരും ഉപഭോക്താക്കളല്ലോ? അവര്‍ക്കുമില്ലേ അവകാശങ്ങള്‍? കുറച്ചുകൂടി വൃത്തിയുള്ള ഇടങ്ങളില്‍ അത് വിറ്റുകൂടെ? വില്‍ക്കുന്നവര്‍ക്ക് കുറച്ചുകൂടി മാന്യമായി പെരുമാറിക്കൂടേ? ഭ്രാന്തും സംസ്‌കാരവും (Madness and Civilization) എന്ന കൃതിയില്‍ മിഷേല്‍ ഫൂക്കോ പറയുന്നുണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭംവരെ ബ്രിട്ടനില്‍ ഭ്രാന്തന്മാരെ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയുണ്ടായിരുന്നെന്ന്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മദ്യപിക്കുന്നവരെ വഴിയരികില്‍ വെയിലത്തും മഴയത്തും ക്യൂ നിര്‍ത്തി ഇങ്ങനെ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ?

സര്‍, ബാറുകള്‍ അടച്ചതുകൊണ്ട് മറ്റൊരുമാറ്റം കൂടി ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചു. ജോലിചെയ്യാനുള്ള ഞങ്ങളുടെ ശ്രദ്ധ കുറഞ്ഞു. ഞങ്ങളുടെ മനസ്സ് ഞങ്ങളറിയാതെത്തന്നെ വൈകുന്നേരത്തെ ബിവറേജ് ക്യൂവിലേക്ക് നീണ്ടുചെല്ലുന്നു. എല്ലാ ദിവസവും ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഒരാഴ്ചയ്ക്കുള്ളത് ഞങ്ങള്‍ ഒരുമിച്ചു വാങ്ങുന്നു. പക്ഷേ, അവ എവിടെവെച്ചു കുടിക്കും? വഴിവക്കില്‍ വെച്ചു കുടിച്ചാല്‍ പോലീസു പിടിക്കും. വീട്ടില്‍ കൊണ്ടുപോയാല്‍ ഭാര്യയും മക്കളും പിടിക്കും. ഗത്യന്തരമില്ലാതെ വീട്ടില്‍ത്തന്നെ രഹസ്യബാറുകള്‍ തുടങ്ങേണ്ടിവന്നു. വൈകുന്നേരംമാത്രം കുറച്ചു കഴിച്ചിരുന്ന ഞങ്ങള്‍ കാലത്തുമുതല്‍ കുറച്ചുകുറച്ചു കഴിച്ചു തുടങ്ങി.ഇതിനും പറ്റാത്തവര്‍ ഇപ്പോള്‍ വിവിധ രഹസ്യ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത് കൂടുതല്‍ വില ഈടാക്കി ബ്രാന്‍ഡുകള്‍ എത്തിക്കുന്നവര്‍ മുതല്‍ വ്യാജമദ്യലോബിവരെ ഇതില്‍പ്പെടും. പാട്ടാളക്കാരുടെ ക്വാട്ട മറിച്ചു വില്‍ക്കുന്നവരെപ്പറ്റി പറയേണ്ടതില്ലല്ലോ. അങ്ങനെ മദ്യത്തിന്റെ കാര്യത്തില്‍ ഒരു അധോലോകം നമ്മുടെ നാട്ടില്‍ വളര്‍ന്നുവരികയാണ്.

സര്‍, ഇതുതന്നെയാണ് 1920 മുതല്‍ 1933 വരെ മദ്യം നിരോധിച്ചപ്പോള്‍ അമേരിക്കയിലും സംഭവിച്ചത് മാര്‍ക്ക് തോണ്‍ടണ്‍ എന്ന ചരിത്രകാരന്‍ അതിനെപ്പറ്റി പറയുന്നതിങ്ങനെ: ജനങ്ങളുടെ ആരോഗ്യം സംരംക്ഷിക്കാനും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനും ഒരു ആദര്‍ശസമൂഹം സൃഷ്ടിക്കാനുമാണ് അമേരിക്കയില്‍ മദ്യനിരോധനം നടപ്പാക്കിയത്. പക്ഷേ, സംഭവിച്ചതോ? മദ്യത്തിന്റെ കരിഞ്ചന്തയും അതുമായി ബന്ധപ്പെട്ട അധോലോകവും ഒരു സമാന്തര ക്രിമിനല്‍ സമ്പദ്‌വ്യവസ്ഥയും സമൂഹ്യവിപത്തായി നിയന്ത്രണാതീതമായി വളര്‍ന്നു. നിരോധനം നീക്കിയതിനെപ്പറ്റി ഹരോള്‍ ലാസ്‌കി പറഞ്ഞത് പൊതുജന സമ്മതിയില്ലാത്ത നിയമം തകരുകതന്നെ ചെയ്യും എന്നാണ് മദ്യനിരോധനത്തെപ്പറ്റി ഏറ്റവും സാര്‍ഥകമായ ചര്‍ച്ച നടന്നത് നമ്മുടെ ഭരണഘടനാ നിര്‍മാണസഭയിലാണ് സഭയിലുണ്ടായിരുന്ന ഗാന്ധിയന്മാര്‍ മദ്യനിരോധനം നിര്‍ദേശകതത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നു വാദിച്ചു. ഇതിനു മറുപടിയായി, 1944 നവംബര്‍ 24ന് നടന്ന ചര്‍ച്ചയില്‍ ആദിവാസി അംഗം ജയ്പാല്‍ സിങ ഇങ്ങനെ പറഞ്ഞു: ദുഷ്ടലാക്കോടെയുള്ളതാണ് ഇത് എന്റെ മതപരമായ അവകാശങ്ങളില്‍ കൈകടത്തലാണ് ഭരണഘടനയില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തിയാലും ഇല്ലെങ്കിലും ഞാനെന്റെ മതപരവും ഗോത്രപരവുമായ അവകാശം ഉപേക്ഷിക്കാന്‍ തയ്യാറാല്ല. സര്‍, മുക്കാല്‍ നൂറ്റാണ്ടുമുമ്പ് ജയ്പാല്‍ സിങ് പറഞ്ഞതുതന്നെയാണ് ഇപ്പോള്‍ എനിക്കും പറയാനുള്ളത് മദ്യനിരോധനം എന്റെ വിശ്വാസപരമായ അവകാശങ്ങളിലുള്ള ഇടപെടലായിരിക്കും. എന്റെ പിതൃക്കളും പരദേവതകളും മദ്യം കഴിക്കുന്നവരായിരുന്നു. വാവിനും ശ്രാദ്ധത്തിനുമെല്ലാം എനിക്ക് അവര്‍ക്ക് മദ്യം നല്‍കണം. ഇല്ലെങ്കില്‍ അവരെന്നെ ശപിക്കും. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുവഴക്കിന്റെ പേരില്‍ ഞാനെന്തിന് ശാപം ഏറ്റുവാങ്ങണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍