UPDATES

വിവരാവകാശ കമ്മീഷന്‍ എന്ന ഒത്തുതീര്‍പ്പുമായി സര്‍ക്കാര്‍, സെന്‍കുമാര്‍ വഴങ്ങിയേക്കില്ല

സെന്‍കുമാര്‍ തിരികെ വന്നാല്‍ ബെഹ്റയെ വിജിലന്‍സ് തലപ്പത്ത് സ്ഥിരമായി നിയമിക്കും

സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി വിധി അംഗീകരിക്കാതെ വഴിയില്ലെന്ന അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇനി ആകെ ചെയ്യാനുള്ളത് ഒരു റിവ്യു ഹര്‍ജി നല്‍കലാണ്. പ്രതീക്ഷ വേണ്ടാതെ ചെയ്യാവുന്ന കാര്യം മാത്രമാണതെന്നു നിയമവൃത്തങ്ങള്‍ തന്നെ പറയുമ്പോള്‍ ഡിജിപി കസേരയിലേക്ക് ടി പി സെന്‍കുമാറിനെ തിരികെ ക്ഷണിക്കാതെ സര്‍ക്കാരിനു മാര്‍ഗമില്ല. അങ്ങനെ ചെയ്യുന്നത് ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വലിയ വീഴ്ചയാകുമെന്ന് അറിയാവുന്നതുകൊണ്ട് മറ്റു ചില ഓഫറുകള്‍ കൊടുത്ത് പ്രശ്നം നയപരമായി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സൂചനകള്‍.

അതില്‍ ഒന്നാണ് വിവരാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനം. സെന്‍കുമാറിനെ വിവരാവകാശ കമ്മിഷനിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നീക്കിത്തുടങ്ങിയിട്ടുള്ളതായാണ് അറിയുന്നത്. ഇതു ശരിയാണെങ്കില്‍ മൂന്നോ നാലോ ദിവസംകൊണ്ട് അദ്ദേഹത്തിന് അവിടെയൊരു സ്ഥാനം ശരിയാക്കി കൊടുക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. അഞ്ചുവര്‍ഷംകൂടി സെന്‍കുമാറിന് ആ പദവിയില്‍ തുടരുകയും ചെയ്യാം. അതല്ലെങ്കില്‍ ജൂണില്‍ വിരമിക്കേണ്ടയാളാണു സെന്‍കുമാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് നിയമിച്ച വിന്‍സന്‍ എം പോള്‍ ആണ് ഇപ്പോള്‍ വിവരാവകാശ കമ്മീഷന്‍ അധ്യക്ഷന്‍.

പക്ഷേ ടി പി സെന്‍കുമാറുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഓഫറുകള്‍ അദ്ദേഹം സ്വീകരിക്കുകയില്ല എന്നാണ്. ഒരു ദിവസമെങ്കിലും ഡിജിപി കസേരയില്‍ ഇരുന്നിട്ട് സര്‍വീസില്‍ നിന്നും വിരമിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ പദ്ധതികള്‍ പൊളിയാനും ഒത്തുതീര്‍പ്പുകള്‍ അലസാനുമാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത.

എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ എന്ന നിലയില്‍ രമണ്‍ ശ്രീവാസ്തവ നിയമിക്കപ്പെട്ട സാഹചര്യത്തില്‍ ഡിജിപി പദവിയില്‍ സെന്‍കുമാര്‍ തിരികെ വന്നാലും അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാകില്ല. ശ്രീവാസ്തവ ഡിജിപി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരാണ് സെന്‍കുമാറും ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബെഹ്റയും. ശ്രീവാസ്തവ തലപ്പത്തുള്ളപ്പോള്‍ സെന്‍കുമാര്‍ ഡിജിപിയായി രണ്ടു മാസം ഇരുന്നാലും രണ്ട് അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവിടെ ഉണ്ടായേക്കാം.

സെന്‍കുമാര്‍ തിരികെ വരുന്ന സാഹചര്യത്തില്‍ ബെഹ്റയെ വിജിലന്‍സ് തലപ്പത്ത് സ്ഥിരമായി നിയമിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ ജേക്കബ് തോമസ്‌ അവധിയില്‍ പോയ സാഹചര്യത്തില്‍ ബെഹ്റയ്ക്കാണ് ഇതിന്റെ അധിക ചുമതല.

സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ അടി
രാഷ്ട്രീയ അതിപ്രസരംകൊണ്ട് പൊലീസിന് നീതിയും ന്യയവും ചെയ്യാന്‍ കഴിയുന്നില്ല, അവരെ അനാവാശ്യമായി ട്രാന്‍സ്ഫര്‍ ചെയ്തും സ്വാധീനിച്ചും ക്രമസമാധാനപാലനം അട്ടിമറിക്കുന്നു എന്നും 2006 ലെ പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ കേസില്‍ കോടതി പല മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു. എസ് ഐ, ജില്ല എസ് പി, റേഞ്ച് ഐജി, ഡിജിപി എന്നീ കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥരെ ഏറ്റവും ചുരുങ്ങിയത് രണ്ടു വര്‍ഷം അതാതു തസ്‌കിതയില്‍ ഇരിക്കാന്‍ അനുവദിക്കണം. അഥവ മാറ്റണമെങ്കില്‍, ആ വിധിയില്‍ തന്നെ കോടതി പറഞ്ഞിരിക്കുന്ന ആറു കാരണങ്ങളില്‍ അഞ്ചാമത്തേതായി പറയുന്ന പൊലീസ് ആക്റ്റ് സെക്ഷന്‍ 97(2)(e) പ്രകാരം പൊതുവായിട്ടുള്ള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥനെ മാറ്റാമെന്നാണ്. ഈ വകുപ്പ് വച്ചാണു സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയത്. അതിനെടുത്തിരിക്കുന്ന രണ്ടു കാരണങ്ങള്‍, പുറ്റിങ്ങല്‍ ദുരന്തവും ജിഷ വധക്കേസുമാണ്.

പുറ്റിങ്ങല്‍ അപകടത്തില്‍ നേരിട്ട് ഡിജിപിയെ ഉത്തരവാദിയാക്കാന്‍ കഴിയുന്നില്ല. കാരണം വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത് ജില്ല കളക്ടറാണ്. സുരക്ഷമാനദണ്ഡങ്ങള്‍ പരിശോധിച്ചിട്ട് മജിസ്‌ട്രേറ്റ് എന്ന നിലയില്‍ ജില്ല കളക്ടറാണ് ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നത്. ഈ ഓര്‍ഡര്‍ കിട്ടിയാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ആര്‍ഡിഒയോ തഹസില്‍ദാറോ ഇതിനു നേരിട്ട് മേല്‍നോട്ടം വഹിക്കണം. ഇവരുടെ സാന്നിധ്യം വെടിക്കെട്ട് നടക്കുന്നിടത്ത് വേണം, വെടിമരുന്ന് സൂക്ഷിക്കുന്നതും എടുത്തുകൊടുക്കുന്നതും പൊട്ടിക്കുന്നതുമൊക്കെ ഇവരുടെ സാന്നിധ്യത്തില്‍ തന്നെ വേണം. അതുകൊണ്ട് തന്നെ പുറ്റിങ്ങലില്‍ വെടിക്കെട്ട് നടന്നു എന്നതിന് പൊലീസിന് ഉത്തരവാദിത്വം ഇല്ല. പൊലീസ് ചെയ്യേണ്ടുന്നത് വെടിക്കെട്ട് നടക്കുമ്പോള്‍ ആളുകള്‍ക്ക് അപായം ഉണ്ടാകാത്ത രീതിയില്‍ ബന്തവസ് നടത്തുക എന്നതാണ്. അപകടം ഉണ്ടാകാത്തരീതിയില്‍ മുന്‍കരുതല്‍ എടുക്കുക. ഈ രണ്ട് ഉത്തരവാദിത്തവുമാണു പൊലീസ് ചെയ്യേണ്ടത്. ഈ ഉത്തരവാദിത്തം തന്നെ ഒരു ജില്ല പൊലീസ് മേധാവിയില്‍കൊണ്ട് അവസാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഡിജിപിക്ക് ഇതില്‍ നേരിട്ട് ഉത്തരവാദിത്തം ഇല്ലായെന്നും കോടതി നിരീക്ഷിക്കുന്നു.

ജിഷ കേസില്‍ ഡിജിപി ആയിരുന്ന സെന്‍കുമാര്‍ സാന്നിധ്യംകൊണ്ടും നിര്‍ദേശങ്ങള്‍കൊണ്ടും ഓരോഘട്ടത്തിലും ഇടപെടല്‍ നടത്തിയിട്ടുണ്ട്. അതിനു രേഖാപരമായി തന്നെ താന്‍ നടത്തിയ ഇടപെടലിനെ കുറിച്ച് സെന്‍കുമാര്‍ സുപ്രിം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അന്നത്തെ സാഹചര്യത്തില്‍ തനിക്കു ചെയ്യാന്‍ പറ്റിയ എല്ലാക്കാര്യങ്ങളും ചെയ്തു കഴിഞ്ഞതായും അദ്ദേഹം പറയുന്നു. ഡിജിപി സ്ഥാനത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹം നിറവേറ്റി കഴിഞ്ഞിരുന്നു എന്നും കോടതിയില്‍ ബോധ്യപ്പെടുത്തി.

ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സേറ്റ് സെക്യൂരിറ്റി കമ്മീഷന്‍ ഡിജിപിയുടെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്നു ചൂണ്ടിക്കാണിച്ച് ശുപാര്‍ശ നല്‍കിയാല്‍ ഡിജിപിയെ മാറ്റാം. സെന്‍കുമാറിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടുമില്ല.

ഇങ്ങനെ നോക്കിയാല്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും നീക്കുന്നതില്‍ സര്‍ക്കാരിനു നിയമപരമായി വീഴ്ച വന്നതായി കാണാം.

നിയമപരമല്ല രാഷ്ട്രീയപരമായാണു തന്നെ നീക്കിയതെന്നാണു സെന്‍കുമാറും പറയുന്നത്. ഈ കാരണങ്ങള്‍ കൂടി പരിശോധിച്ചാണു സുപ്രിം കോടതി സെന്‍കുമാറിനെ മാറ്റിയത് ശരിയായില്ലെന്നും അദ്ദേഹത്തിനു പുനര്‍നിയമനം കൊടുക്കണമെന്നും വിധി പറഞ്ഞത്.
ഡിജിപിയായിരുന്ന സെന്‍കുമാറിനെതിരേ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പോലും ഉപജാപം നടന്നതായി കോടതി സംശയിച്ചിരുന്നു. കാരണം, ആദ്യത്തെ റിപ്പോര്‍ട്ടില്‍ സെന്‍കുമാറിനെതിരേ ആരോപണങ്ങള്‍ ഇല്ല. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി വന്ന അടുത്ത റിപ്പോര്‍ട്ടിലും സെന്‍കുമാറിനെതിരേ പരാതി ഇല്ല. പക്ഷേ കോടതിയില്‍ എത്തുമ്പോള്‍ ആദ്യം എഴുതിയ റിപ്പോര്‍ട്ടില്‍ ഒരു പേജ് മാറ്റിയിരിക്കുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഉപജാപത്തിന്റെ കാര്യം കോടതി എടുത്തു ചോദിച്ചത്. ഡിജിപിയെ മാറ്റാന്‍ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ് ഇതെന്നാണു കോടതി നിരീക്ഷിച്ചതും.

ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്ന ബഞ്ചില്‍ തന്നെ റിവ്യു ഹര്‍ജി കൊടുക്കാം എന്നതുമാത്രമാണ് ഇനി സര്‍ക്കാരിനു ചെയ്യാന്‍ പറ്റുന്ന ഒരേയൊരു കാര്യം. പക്ഷേ സെന്‍കുമാറിനെ ഡിജിപി കസേരിയില്‍ വീണ്ടും ഇരുത്തിയശേഷമെ റിവ്യു ഹര്‍ജി കൊടുക്കാനും കഴിയൂ. അതായത് സര്‍ക്കാര്‍ റിവ്യു ഹര്‍ജിയുമായി പോകാന്‍ തീരുമാനിച്ചാല്‍ തന്നെ അതു സെന്‍കുമാറിനെ മടക്കിയെടുത്തിട്ടു മാത്രമെ സാധിക്കൂ എന്നര്‍ത്ഥം. റിവ്യു ഹര്‍ജി കൊടുത്താല്‍ തന്നെ കോടതി അതു തള്ളുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും നിയമവിദഗ്ദര്‍ പറയുന്നു. സാഹചര്യം അത്തരത്തില്‍ കൂടി വഷളാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും തോന്നുന്നില്ല.

സുപ്രിം കോടതിയുടെ ഈ വിധി എന്തുകൊണ്ടും സുപ്രധാനമായത് എന്നു പറയാം. 2006 ല്‍ പ്രകാശ് സിംഗ് കേസ് വിധി വരുന്നതിനു ശേഷമാണ് എല്ലാ സംസ്ഥാനങ്ങളും അതിനനുസരിച്ച് നിയമം ഉണ്ടാക്കണമെന്നു കോടതി പറയുന്നത്. ഈ വിധി വന്നശേഷം പകുതിയോളം സംസ്ഥാനങ്ങള്‍ നിയമം ഉണ്ടാക്കാതിരുന്നു. ആ കൂട്ടത്തില്‍ കേരളവുമുണ്ട്. ഒടുവില്‍ കോടതി കര്‍ശനമായി ഇടപെട്ടു. ഇതേ തുടര്‍ന്ന് മൂന്നുവട്ടം സമയം നീട്ടിവാങ്ങിയശേഷമാണ് 2011 ല്‍ കേരളത്തില്‍ പൊലീസ് ആക്ട് ഉണ്ടാക്കിയത്. ആ ആക്ടില്‍ സെക്ഷന്‍ 80 പ്രകാരം ഡിജിപി നിയമനത്തെ കുറിച്ച് പറയുന്നുണ്ട്. സെക്ഷന്‍ 97 ലാണ് ഡിജിപിയെ മാറ്റാനുള്ള കാര്യം പറയുന്നത്. 2011 നുശേഷം ഡിജിപി മാരെ സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം മാറ്റുന്ന നടപടികള്‍ ഉണ്ടായിട്ടില്ലായിരുന്നു. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ഡിജിപി ആയിരുന്ന ഹോര്‍മിസ് തരകന്‍ വിരമിച്ചതിനുശേഷമാണ് രമണ്‍ ശ്രീവാസ്തവ വരുന്നത്. ശ്രീവാസ്തവ അടുത്ത സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നു. ശ്രീവാസ്തവ കേന്ദ്രത്തിലേക്കു ഡെപ്യൂട്ടേഷനില്‍ പോകുമ്പോഴാണു ജേക്കബ് പുന്നൂസിനെ പോസ്റ്റ് ചെയ്യുന്നത്. അടുത്ത സര്‍ക്കാരിലും ജേക്കബ് പുന്നൂസ് തുടര്‍ന്നു. ജേക്കബ് പുന്നൂസ് റിട്ടയര്‍ ചെയ്തശേഷമാണ് സെന്‍കുമാറിനെ നിയമിക്കുന്നത്. എന്നാല്‍ സെന്‍കുമാര്‍ പദവിയില്‍ ഇരിക്കുമ്പോള്‍ തന്നെ പുതിയതായി വന്ന സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കം ചെയ്തു. പിന്തുടര്‍ന്നുപോന്നിരുന്ന കീഴ്‌വഴക്കം ഇവിടെ ഇല്ലാതാക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.

സെന്‍കുമാറിന് കേസില്‍ വിജയം കാണാന്‍ കഴിഞ്ഞങ്കിലും കാലാവധി നീട്ടിക്കൊടുക്കാന്‍ അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ അനുകൂല തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്ന കാര്യമാണ്. അതേസമയം ജൂണില്‍ വിരമിക്കുന്നതിനു മുമ്പായി അദ്ദേഹത്തെ ഡിജിപി സ്ഥാനത്തു തിരികെ കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാരിനും കഴിയില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ സംബന്ധിച്ച് ഈ വിധി ഏറെ നിര്‍ണായകമാണ്. അതുപോലെ രാഷ്ട്രീതാതപര്യങ്ങള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥരെ മാറ്റുകയും പുറത്താക്കുകയുമൊക്കെ ചെയ്യുന്ന പ്രവണതയ്ക്ക് ഇനി അവസാനം ഉണ്ടാവുകയും ചെയ്യും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍