UPDATES

സെന്‍കുമാര്‍ ഒരു ദിവസമെങ്കിലും വീണ്ടും ഡിജിപി കസേരയില്‍ ഇരിക്കും; ജയിച്ചു തന്നെയാണ് പോകുന്നതെന്ന് കാണിക്കാന്‍

യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ നിന്നും അപേക്ഷിച്ച് ഇരട്ടിയലധികം ക്രമസമാധാന പ്രശ്‌നങ്ങളും കേസുകളുമാണ് പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്.

സംസ്ഥാന ചരിത്രത്തില്‍ പലതുംകൊണ്ടും പുതുമയുള്ള ഒന്നാണു ടി പി സെന്‍കുമാര്‍ കേസ്. അതാതു സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തുന്നത് പതിവാണെങ്കിലും പിടിപ്പുകേടിന്റെ പേരില്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ മാറ്റിയതിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയത് അപ്രതീക്ഷിതമായൊരു നീക്കമായിരുന്നു. സാധാരണ തങ്ങള്‍ക്ക് അനഭിമതരായ ഉദ്യോഗസ്ഥരെ സ്വയം പുറത്തു പോകാന്‍ നിര്‍ബന്ധിതരാക്കുകയാണു സാധാരണ സര്‍ക്കാരുകള്‍ ചെയ്യുക. എന്നാല്‍ സെന്‍കുമാറിന്റെ കാര്യത്തില്‍ പുറത്താക്കല്‍ തന്നെ നടന്നു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിതനായ ടി പി സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരാഴ്ച തികയും മുന്നേ തന്നെ ഡിജിപി സ്ഥാനത്തു നിന്നു പുറത്താക്കുന്നതിനു കാരണമായി പറഞ്ഞത് പ്രമാദമായ രണ്ടു കേസുകളായിരുന്നു. ജിഷ വധക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവും. ഈ രണ്ടു കേസിലും ഡിജിപിയില്‍ നിന്നും പിടിപ്പുകേട് ഉണ്ടായി എന്നതായിരുന്നു ലോക്‌നാഥ് ബഹ്‌റയെ ഡിജിപി സ്ഥാനത്തേക്കു കൊണ്ടുവന്ന് സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്നും നീക്കാന്‍ സര്‍ക്കാര്‍ മുന്നില്‍വെച്ച കാരണങ്ങള്‍. ജനങ്ങള്‍ക്ക് ഡിജിപിയോട് അവമതിപ്പ് ഉണ്ടായതായി സര്‍ക്കാര്‍ വാദിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരപരിധിയില്‍ പൊലീസിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടായാല്‍ ആ ഉദ്യോഗസ്ഥനെ സര്‍ക്കാരിനു മാറ്റാം. കേരള പൊലീസ് ആക്ട് 97(2)(e) വകുപ്പ് അതിന് അനുവദിക്കുന്നുണ്ട്. ഈ വകുപ്പ് അനുസരിച്ചാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ നീക്കം ചെയ്തതെങ്കിലും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു പൊലീസ് മേധാവി സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയെ സമീപിച്ചു. ആ നീക്കത്തില്‍ ഉദ്യോഗസ്ഥന്‍ ജയിക്കുകയും സര്‍ക്കാര്‍ പരാജയപ്പെടുകും ചെയ്തിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനു പ്രത്യേകിച്ച് സിപിഎമ്മിന് ടി പി സെന്‍കുമാര്‍ അനഭിമതനായ ഉദ്യോഗസ്ഥനായത് ജിഷ കേസിലോ പുറ്റിങ്ങല്‍ സംഭവത്തിലോ അല്ല. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് സെന്‍കുമാര്‍ സിപിഎമ്മിനെ പ്രതികൂട്ടത്തിലാക്കുന്ന തരത്തില്‍ അന്വേഷിച്ചെത്തിയ കേസുകള്‍ പലതുണ്ട്. ടി പി കേസ്, കതിരൂര്‍ മനോജ് വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധക്കേസ് എന്നിവയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത് സെന്‍കുമാര്‍ ആണെന്നാണ് സിപിഎം പറയുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ല സെക്രട്ടറി പി ജയരാജനിലേക്ക് അന്വേഷണം വന്നതോടെ സിപിഎമ്മിന്റെ വിദ്വേഷം വര്‍ദ്ധിച്ചു.

മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചത് ഇന്റലിജന്‍സ് എഡിജിപിയായിരുന്ന സെന്‍കുമാര്‍ ആണെന്നും സിപിഎം വിശ്വസിക്കുന്നു. ഇതെല്ലാം കൊണ്ടു തന്നെ പിണറായി സര്‍ക്കാരിന് ടി പി സെന്‍കുമാറിനെ ഡിജിപിയായി നിലനിര്‍ത്താന്‍ യാതൊരു താത്പര്യവുമില്ലായിരുന്നു. അതിനുള്ള കാരണങ്ങളായി കണ്ടുപിടിച്ചതാണ് ജിഷ കേസും പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിന്റെ വീഴ്ചയും. പക്ഷേ തനിക്കെതിരേ ഉണ്ടായിരിക്കുന്നത് വ്യക്തിവിരോധമാണെന്നും കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണമാണ് തന്റെ ഔദ്യോഗികജീവിതം തകര്‍ത്തതെന്നും സെന്‍കുമാര്‍ ആരോപിച്ചു. കണ്ണൂരില്‍ എസ് പി ആയിരുന്ന സമയം തൊട്ട് തനിക്കെതിരേ ബോധപൂര്‍വമായ നടപടികള്‍ ഉണ്ടായിക്കൊണ്ടിരുന്നതാണെന്നും അന്നൊന്നും താന്‍ നിയമത്തിന്റെ വഴിയില്‍ പോയിരുന്നില്ലെന്നും എന്നാല്‍ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് അപമാനിച്ചു പുറത്താക്കല്‍ തന്നെയായിരുന്നുവെന്നും സെന്‍കുമാര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.

പിടിപ്പുകേട് ആരോപിച്ച് സെന്‍കുമാറിനെ യൂണിഫോം ഇടേണ്ടാത്ത സ്ഥാനത്തേക്കു മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കിയ പിണറായിക്ക് ജിഷ കേസില്‍ ഒരു പ്രതിയെ പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്നേ തന്നെ പൊലീസിനെ കൊണ്ടു മാത്രം ഉണ്ടായ നാണക്കേടുകള്‍ വിരലില്‍ എണ്ണാവുന്നതിനും മുകളിലാണ്. പൊലീസ് വീഴ്ചകള്‍ ദിനംപ്രതിയെന്നോണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ നിന്നും അപേക്ഷിച്ച് ഇരട്ടിയലധികം ക്രമസമാധാന പ്രശ്‌നങ്ങളും കേസുകളുമാണ് പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ്. വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ ആദ്യത്തെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം ഉണ്ടായത്, ജിഷ്ണു പ്രണോയ് കേസില്‍ തുടക്കത്തില്‍ തൊട്ട് ഉണ്ടായ വീഴ്ചകള്‍, ജിഷ്ണുവിന്റെ അമ്മയ്ക്ക് ഡിജിപി ഓഫിസിനു മുന്നില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുടങ്ങി ബെഹ്‌റയുടെ പിടിപ്പുകേടുകള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍. പക്ഷേ ഈ പിടിപ്പുകേടുകളോട് മൗനം പാലിക്കുകയും കേവലം രണ്ടു കേസിന്റെ പേരില്‍ ഡിജിപി സ്ഥാനത്തു നിന്നു തന്നെ സെന്‍കുമാറിനെ മാറ്റുകയും ചെയ്തത് പ്രത്യേക താത്പര്യപ്രകാരമാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി.

കോടതിവിധി അനുകൂലമായി വന്നതില്‍ സന്തോഷമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനോട് തനിക്ക് ഏതെങ്കിലും തരത്തിലുള്ള വിപ്രതിപത്തി ഇല്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്. പക്ഷേ ഉള്ളില്‍ തന്നെ അപമാനിച്ചവരോട് പോരാടി ജയിച്ചതിന്റെ ഒരാഘോഷം നടക്കുന്നുണ്ടെന്നും സെന്‍കുമാറിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. കോടതിവിധിയുമായി വീണ്ടും ഡിജിപി കസേരയില്‍ ഒരു ദിവസമെങ്കിലും ഇരുന്നിട്ട് പിരിയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും പറയുന്നു. ജയത്തോടെ തന്നെ പടിയിറങ്ങുകയാണ് ടി പി സെന്‍കുമാര്‍ ഉദ്ദേശിക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍