UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയ സെന്‍കുമാര്‍, താങ്കള്‍ക്ക് നാണക്കേട് തോന്നേണ്ട ചില കാര്യങ്ങള്‍ കൂടി….

Avatar

ടീം അഴിമുഖം

പ്രിയപ്പെട്ട ഡി ജി പി ടി പി  സെന്‍കുമാര്‍ സാറിന്,

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉപാധ്യക്ഷനും നയതന്ത്ര വിദഗ്ദ്ധനുമായ ടി പി ശ്രീനിവാസനെ കോവളത്ത് വെച്ചു എസ് എഫ് ഐ പ്രവര്‍ത്തകന്‍ കരണത്തടിച്ച സംഭവം പോലീസ് നോക്കി നിന്നതിനെ അപലപിച്ചുകൊണ്ടും അത് കേരള പോലീസിന് ആകെ നാണക്കേടായി എന്നു പറഞ്ഞുകൊണ്ടും അങ്ങയുടേതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. ടി പി ശ്രീനിവാസനെ കയ്യേറ്റം ചെയ്ത രാഷ്ട്രീയ ഗുണ്ടായിസത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അഴിമുഖം നേരത്തെ തന്നെ എഴുതിയ കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.(കരണത്തടിക്കുന്ന രാഷ്ട്രീയം ഇനിയും തുടരുക)

താങ്കളുടെ എഫ് ബി പോസ്റ്റിനോട് ഞങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്നു. എങ്കില്‍ പോലും, കേരള പോലീസിനെ പ്രതി ഇതിന് മുന്‍പൊന്നും തോന്നാത്ത നാണക്കേട് ടി പി ശ്രീനിവാസന്റെ കാര്യത്തില്‍ മാത്രം തോന്നിയത് എന്തുകൊണ്ടാണ് എന്നാണ് ഞങ്ങളുടെ സംശയം. ശ്രീനിവാസന്‍ ഒരു വി ഐ പി ആയതുകൊണ്ടാണോ? അതോ കേരളത്തിലെ ഒരു താമസക്കാരന്‍ ആയതുകൊണ്ടോ?

എങ്കില്‍ ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 

1. അങ്ങയുടെ എഫ് ബി പോസ്റ്റ് വന്ന അതേ ദിവസം മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്ത വാര്‍ത്തയാണ് ഇത്. പത്തനംതിട്ട മാര്‍ക്കറ്റ് റോഡിലുള്ള ബിവറേജസ് ഷോപ്പിന് മുന്‍പിലാണ് സംഭവം. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഊതല്‍ പരിശോധന നടക്കുകയാണ് സ്ഥലം എസ് ഐ യുടെ നേതൃത്വത്തില്‍. മുന്‍വരിയില്‍ പല്ലില്ലാത്ത ഒരു മധ്യവയസ്കന്‍ ഊതിയപ്പോള്‍ തുപ്പല്‍ എസ് ഐയുടെ മുഖത്ത്. ഒട്ടും അമാന്തിച്ചില്ല എസ് ഐയുടെ കൈ ഊതിയ പൌരന്‍റെ മേല്‍ വീണു. ചെകിട്ടത്താണോ എന്നു റിപ്പോര്‍ട്ട് ചെയ്ത മാധ്യമം വ്യക്തമാക്കിയിട്ടില്ല. 

2. തൃശൂരില്‍ റേഞ്ച് ഐ ജിയായിരുന്നു ടി ജെ ജോസ് സാര്‍ നിയമത്തില്‍ പി ജി എടുക്കാന്‍ തുണ്ടുകടലാസുമായി പരീക്ഷ ഹാളില്‍ പോയതും പിടിക്കപ്പെട്ടതും ഈ അടുത്തകാലത്താണ്. അന്ന് അത് അന്വേഷിച്ച അഡീ. ഡി ജി പി ശങ്കര്‍റെഡ്ഡി പറഞ്ഞത് ‘ഐ ജി കോപ്പിയടിച്ചതിന് തെളിവില്ല’ എന്നായിരുന്നു.

3. തിരുവനന്തപുരത്ത്  സോളാര്‍ സമരത്തില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനെത്തിയ യുവാവിന്‍റെ പുറമല്ല കേരള പോലീസ് അടിച്ചു പൊളിച്ചത്. പൂന്തുറ എസ് ഐ വിജയദാസിന്റെ കയ്യില്‍ ഞെരിഞ്ഞമര്‍ന്നത് യുവാവിന്‍റെ ജനനേന്ദ്രിയമായിരുന്നു. ആ കേസ് മുന്നോട്ട് പോകാന്‍ താതപര്യമില്ലെന്ന് കാണിച്ച് കോടതിയില്‍ അപേക്ഷ നല്കിയിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.

4. ടോമിന്‍ തച്ചങ്കരി ഐ പി എസ് തന്നെ വേട്ടയാടുകയാണ് എന്നു ആരോപിച്ചുകൊണ്ട് ഈ കഴിഞ്ഞ ദിവസമാണ് താങ്കളുടെ സഹപ്രവര്‍ത്തകയായ ആര്‍ ശ്രീലേഖ ഐപിഎസ് താങ്കളെ പോലെ എഫ് ബി പോസ്റ്റിട്ടത്.  സ്‌കൂള്‍ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തില്‍ തനിക്ക് എതിരെ വിജിലന്‍സ് കോടതി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിന് പിന്നില്‍ കളിച്ചത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയാണെന്നായിരുന്നു ആര്‍ ശ്രീലേഖയുടെ ആരോപണം.

5. എറണാകുളം ചേരാനെല്ലൂരില്‍ വേലയ്ക്ക് നിന്ന വീട്ടില്‍ നിന്നും മോഷണം നടത്തി എന്നു പറഞ്ഞു ലീബ എന്ന യുവതിയുടെ നട്ടെല്ല് പോലീസ് അടിച്ചോടിച്ചതും താങ്കള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ? 

6. കൊച്ചി മരട് പോലീസ് കസ്റ്റഡിയില്‍ നിന്നു വിട്ട ഉടനെ ആത്മഹത്യ ചെയ്ത സുഭാഷിന്റെ കഥ എന്തായാലും അങ്ങ് മറന്നു പോകാന്‍ ഇടയില്ല. കാരണം അത് നടന്നിട്ടു ഒരു മാസം പൂര്‍ത്തിയാകുന്നതേയുള്ളൂ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലീസ് പീഡനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

7. 2014 ലെ കണക്കുകള്‍ പ്രകാരം കേരള പോലീസില്‍ 238 ഓളം ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥകര്‍ ഉണ്ടെന്നാണ് 2015 ഏപ്രില്‍ മാസത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി ബി ബിനുവിന് ലഭിച്ച രേഖകള്‍ വ്യാക്തമാക്കുന്നത്. ഈ പോലീസുകാര്‍ക്കെതിരെയുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നതിനെ കുറിച്ച് ഈ നാണക്കേട് പോസ്റ്റിന് പിന്നാലെ മറ്റൊരു പോസ്റ്റ് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മേല്‍കൊടുത്ത ലിസ്റ്റ് വലിയൊരു ഐസ് മലയുടെ അറ്റം മാത്രമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഒരു കാര്യം താങ്കളില്‍ നിന്നു അറിയാന്‍ താത്പര്യമുണ്ട്. ടി പി ശ്രീനിവാസന് മര്‍ദ്ദിക്കുന്നത് നോക്കി നിന്ന പോലീസുകാരുടെ പേരില്‍ നാണക്കേട് തോന്നിയ താങ്കള്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങളിലും നാണക്കേട് തോന്നുമോ? അങ്ങനെയെങ്കില്‍ താങ്കളുടെ ആത്മാര്‍ഥതയില്‍ കേരളീയ സമൂഹം ഒരു തരിമ്പ് പോലും സംശയിക്കില്ല എന്നു മാത്രമല്ല താങ്കള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയും ഉണ്ടാകും.

കുറിപ്പ് ചുരുക്കുന്നതിന് മുന്‍പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ച പോലീസിന്റെ ‘ആത്മവീര്യ’ത്തിന്റെ ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഔദ്യോഗിക കൃത്യങ്ങളുടെ തിരക്കുണ്ടാവും എന്നറിയാം. എങ്കിലും വായിച്ചു നോക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

‘ആത്മവീര്യം’ കൂടിയ കേരള പൊലീസ്
‘ആത്മവീര്യം’ കൂടിയ കേരള പൊലീസിന്‍റെ വാഹന പരിശോധന എന്ന ക്വാട്ട തികയ്ക്കല്‍
കേരളാ പൊലീസിന്‍റെ ‘ആത്മവീര്യം’ കുഞ്ഞുങ്ങളുടെ മേലും
‘ആത്മവീര്യം’ കൂടിയ കേരള പോലീസിന്റെ നാട്ടിലെ ഭയപ്പെടുത്തുന്ന ‘നിര്‍ഭയ’ കണക്കുകള്‍
ആത്മവീര്യം കൂടിയ’ പോലീസ്-ബ്ലേഡ് മാഫിയ കൂട്ടുകെട്ടില്‍ കിതയ്ക്കുന്ന ഓപ്പറേഷന്‍ കുബേര

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍