UPDATES

ചൈന വന്‍കരയിലെ വല്യേട്ടന്‍; ഇന്ത്യയ്ക്ക് നിരന്തര ഭീഷണി- ടി.പി. ശ്രീനിവാസന്‍

അഴിമുഖം പ്രതിനിധി

ചൈന ഇന്ത്യക്ക് നിരന്തരഭീഷണിയായി നിലകൊള്ളുകയാണെന്നും  ഇന്ത്യ – പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ നിരന്തരശ്രമം നടത്തുകയാണെന്നും മുന്‍ അംബാസിഡറും അന്തര്‍ദ്ദേശീയ ആണവോര്‍ജ്ജ സമിതിയില്‍ ഇന്ത്യയുടെ ഗവര്‍ണറുമായ ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ ഇന്ത്യയുടെ വിദേശ നയവും സമകാലികപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ലോകസാമ്പത്തിക ശക്തിയായി മുന്നേറാനുള്ള ചൈനയുടെ വ്യഗ്രത പലപ്പോഴും ഇന്ത്യക്കെതിരെ അയല്‍രാഷ്ട്രങ്ങളെ പ്രലോഭിപ്പിച്ച് കൂടെനിര്‍ത്താനാണ്. വന്‍കരയിലെ വല്യേട്ടന്‍ ചമയുകയാണ് ചൈന. എന്നാല്‍ പ്രകൃതിവിഭവങ്ങളുള്‍പ്പെടെ ചൂഷണം ചെയ്തുകൊണ്ടുള്ള ചൈനയുടെ ഇത്തരം രീതികള്‍ പല രാഷ്ട്രങ്ങളും തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.  

അമേരിക്കയ്‌ക്കൊപ്പം വന്‍ശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമത്തിന് തുടക്കമായത് 1972-ല്‍ അവര്‍ നടപ്പിലാക്കിയ സാമ്പത്തിക ഉദാരീകരണത്തോടെയാണ്.  ഇന്ത്യയാകട്ടെ ഉദാരവത്കരണം നടപ്പാക്കാന്‍ 20 കൊല്ലം വൈകി.  ഇക്കാരണത്താല്‍ ചൈന നാലുമടങ്ങ് ശക്തിയാര്‍ജ്ജിക്കുകയാണുണ്ടായത്. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യം നടപ്പാകാനുള്ള സാധ്യത വിദൂരമാണ്. റഷ്യ പോലെ ഇന്ത്യയോട് അനുഭാവം പുലര്‍ത്തുന്ന ശക്തികള്‍പോലും ഈ വിഷയത്തില്‍ ഇന്ത്യക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്നു കരുതാനാവില്ല. സ്ഥിരാംഗത്വത്തിനു പകരം ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയാണ് ഉചിതമെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വിദേശനയത്തില്‍ കാതലായ മാറ്റം വന്നു. അത് നമ്മുടെ ദേശീയ താത്പര്യങ്ങളുടേതായി മാറി. മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യക്ക് എന്തു നേടാനാകും എന്നതാണ് നമ്മുടെ പുതിയ വിദേശനയത്തില്‍ തെളിഞ്ഞുകാണുന്നത്. നെഹ്‌റുവിന്റെ കാലഘട്ടത്തിലുള്ള ഇന്ത്യയുടെ വിദേശനയം മറ്റു ലോകരാഷ്ട്രങ്ങള്‍ക്കുതന്നെ മാതൃകയായിരുന്നു. എന്നാല്‍ ചേരിചേരാനയത്തിന് ഇക്കാലഘട്ടത്തില്‍ പ്രസക്തിയില്ലെന്നും തന്ത്രപരമായ സ്വതന്ത്രസമീപനമുള്ള മേഖലാരാഷ്ട്രങ്ങളുടെ  കൂട്ടായ്മയ്ക്കാണ് ഇനി നിലനില്‍പ്പുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകരാഷ്ട്രകേന്ദ്രീകൃതലോകക്രമം മാറി ബഹുരാഷ്ട്രപ്രാധാന്യമുള്ള  രീതിയായിരിക്കും പുതിയ കാലഘട്ടത്തില്‍ ഉണ്ടാകാന്‍ സാധ്യതയെന്ന്  അദ്ദേഹം പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍