UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത്സ്യബന്ധനം: ഉപജീവനത്തിന്റെ ചങ്ങലകളും കടലതിര്‍ത്തിയുടെ രാഷ്ട്രീയവും

Avatar

വി.ജെ ജിതിന്‍

മത്സ്യബന്ധന തൊഴിലാളികൾ അയൽരാജ്യങ്ങളുടെ സമുദ്രാതിർത്തികൾ ലംഘിക്കുന്നുവെന്ന കാരണത്താൽ പലഘട്ടങ്ങളിലും രാജ്യങ്ങൾ അവരെ പിടികൂടുകയോ തടവിലാക്കുകയോ ചെയ്യാറുണ്ട്. താരതമ്യേന അടുത്തടുത്ത തീരങ്ങളുള്ളതും മുഖ്യ ഭൂമികയില്‍നിന്ന് വേർതിരിക്കുന്ന കടലുകളിൽ ദ്വീപുകൾ നിലനിൽക്കുന്നതുമായ രാജ്യങ്ങളുടെ സമുദ്രാതിർത്തികളിലുമാണ് അടിയ്ക്കടി ഈ പ്രശ്നം ഉണ്ടാകാറുള്ളത്. ഇന്ത്യ-ശ്രീലങ്ക ബന്ധത്തിനിടയിലെ ഒരു സുപ്രധാന പ്രശ്നമായി മത്സ്യബന്ധന തൊഴിലാളികളെ തടവിലാക്കൽ മാറാറുണ്ട്.

എന്നാൽ കഴിഞ്ഞ മെയ് 27-ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്തെ ബ്രിട്ടീഷ് ദ്വീപ് പ്രദേശമായ ഡീഗോ ഗാർഷ്യയുടെ സമുദ്രാതിർത്തി ലംഘിക്കപ്പെട്ടതിന്റെ പേരിൽ 6 മലയാളികളടങ്ങുന്ന 19 അംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. തുടർന്നു ഒരു മാസത്തോളമായി കേന്ദ്ര-കേരള സർക്കാരുകൾ നടത്തിവന്ന ഇടപെടലുകളുടെ ഫലമായി ജൂൺ മാസത്തിൽ അവരെ വിട്ടയക്കുകയും ചെയ്തു. ഇന്ത്യയുടെ തെക്കേ മുനമ്പിൽനിന്ന് സുമാർ 1100 മൈൽ അകലെ ആഴക്കടലിലേയ്ക്  മത്സ്യസമ്പത്തിന്റെ ജീവനോപാധി തിരയാൻ ചെറുയാനത്തിന് വഴികാട്ടിയതോ വഴിപിഴപ്പിച്ചതോ എന്ത് എന്നതാണ് ഏറെ പ്രസക്തമായുയരുന്ന ചോദ്യം. ഇങ്ങനെ തുടരെ തുടരെയുണ്ടാകുന്ന തടവിലാക്കലുകളും മോചനവുമല്ലാതെ ഇതോടനുബന്ധിച്ച് മത്സ്യബന്ധന മേഖല നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളുടെ ആഴങ്ങളിലേയ്ക് നാം ഇനിയും ഇറങ്ങി ചെല്ലേണ്ടതുണ്ട്.

ഇന്ത്യയുടെ എക്സ്ക്ലൂസിവ് എക്കണോമിക് സോണിനും (EEZ) അപ്പുറത്ത്‌ പുറം കടലിലേയ്ക് മത്സ്യസമ്പത്ത് തേടി അലയേണ്ട സാഹചര്യം എങ്ങനെ സംജാതമായി? നവ ലിബറൽ സാമ്പത്തിക നയങ്ങളുടെയും ലോക വ്യാപാര സംഘടന കരാറിന്റെയും മറ്റും അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളിലെ വൻകിട ട്രോളറുകൾക്കും ഫാക്ടറി ഷിപ്പുകൾക്കും ഇന്ത്യൻ സമുദ്രാതിർത്തിയ്ക്കുള്ളിൽ നിന്നു പോലും മത്സ്യവേട്ട സാധ്യമാക്കിയത് നമ്മുടെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. 1990 കളുടെ തുടക്കം മുതൽ അനുവർത്തിച്ചു പോന്ന ഈ നയം മാറി മാറി വന്ന യു.പി.എ – എൻ.ഡി.എ സർക്കാരുകൾ അതേപടി തുടർന്നുവെന്നു മാത്രമല്ല പൂർവ്വാധികം ശക്തിയോടെ പരിപോഷിപ്പിച്ചു. ഇത്തരത്തിൽ ഇന്ത്യയുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കപ്പെട്ട് വിദേശങ്ങളിലേയ്ക്  കയറ്റിയയക്കപ്പെടുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടു. അനന്തരം കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ ചെറുകിട മത്സ്യബന്ധനത്തെയും തൊഴിലാളികളെയും ഇന്ത്യയിലെ മത്സ്യവിപണിയെയും സാരമായി ബാധിച്ചു.

തീരദേശവാസികളുടെ വരുമാനവും അന്നവും മാത്രമല്ല, സമൂഹത്തിന്റെയാകെ ഭക്ഷ്യ സംസ്കാരം ആരോഗ്യം എന്നിവയുടെ കൂടി കടയ്ക്കൽ കത്തിവെയ്ക്കുന്ന നയങ്ങളായാണ് കേന്ദ്ര സർക്കാരിന്റെ ഈ നിലപാടുകൾ തുടർന്നു പോരുന്നത്. 1982-ലെ അന്തർദേശീയ സമുദ്രനിയമ (United Nations Convention on Law of the Seas-UNCLOS) ത്തിലെ വ്യവസ്ഥകൾ പ്രകാരം തീരത്തുനിന്നുള്ള 200 നോട്ടിക്കൽ മൈൽ ദൂരം ഇന്ത്യയുടെ EEZ ആണ്. പ്രസ്തുത ഉടമ്പടിപ്രകാരം തന്നെ EEZ പ്രദേശത്തെ എല്ലാ വിഭവങ്ങളുടെമേലും സാമ്പത്തികവും അല്ലാത്തതുമുൾപ്പെടെ, നമ്മുടെ രാജ്യത്തിനു പരമാധികാരം നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെത്തന്നെയാണ് അന്തർദേശീയ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുടെ പേരുപറഞ്ഞും ഉദാരവൽക്കരണ നയങ്ങളെ പിൻപറ്റിയും 12 നോട്ടിക്കൽ മൈൽ വരെയുള്ള ‘ടെറിട്ടോറിയൽ സീ’ (UNCLOS-ൽ നിർവചിക്കപ്പെട്ടത്) വരെ വിദേശ ട്രോളറുകൾക്ക് മത്സ്യബന്ധനത്തിനു അനുവാദം നൽകിപ്പോന്നത്. ‘ടെറിട്ടോറിയൽ സീ’  യഥാർത്ഥത്തിൽ ഒരു രാജ്യത്തിന്റെ കരഭൂമിയുടെ തുടർച്ചയെന്നോണമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ അതു സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശവുമാണ്. അതായത് യഥാർത്ഥത്തിൽ രാജ്യത്തിനു അധികാരമുള്ള സമുദ്രപ്രദേശത്തിന്റെ 188 നോട്ടിക്കൽ മൈൽ പ്രദേശവും (തുറസ്സായ കടൽ പ്രദേശങ്ങൾ ആണ് ഇവിടെ പ്രതിപാദ്യം. EEZ ന്റെ പരിധിക്കുള്ളിൽ വച്ചു തന്നെ മറ്റൊരു രാജ്യത്തിന്റെ അധികാര പരിധി തുടങ്ങുകയാണെങ്കിൽ അവിടെ വരെ) വിദേശ ട്രോളിംഗ് കമ്പനികൾക്ക് കൊള്ളയടിക്കാൻ വിട്ടു നൽകിയിരിക്കുകയാണ്.

ഇത്തരത്തിൽ വൻകിട യന്ത്രവല്കൃത യാനങ്ങളിൽ മത്സ്യസമ്പത്തുക്കൾ തൂത്തുവാരിയെടുത്തു പോകുമ്പോൾ ചെറുകിട മത്സ്യ ബന്ധനത്തിനും തീരത്തോടടുത്ത പ്രദേശങ്ങളിൽ മത്സ്യ ലഭ്യതയ്ക്കുള്ള സാധ്യതയും പാടെ അവസാനിക്കുകയാണ്. ഇതു തൊഴിലാളികളെയാകെത്തന്നെ ആഴക്കടലിന്റെ പുതിയ മേച്ചിൽപുറങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു. അവിടെയും സ്ഥിതി മെച്ചമല്ലതാനും. ഒരു ഭാഗത്ത് സംസ്ഥാനം ചെറു ബോട്ടുകളുടെ ട്രോളിംഗ് നിരോധിക്കുകയും മറുഭാഗത്ത് വൻകിട വിദേശക്കപ്പലുകൾ മത്സ്യക്കൊയ്ത് നടത്തുകയും ചെയ്യുമ്പോൾ തന്നെ ഈ ട്രോളിംഗ് നിരോധനം അർത്ഥ പൂർണ്ണമല്ലാതാകുന്നു. ഇതിനുപുറമെയാണ് ആഗോളാടിസ്ഥാനത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെയും സമുദ്രമലിനീകരണത്തിന്റെയുമൊക്കെ ഫലമായുള്ള ബാധ്യതകളും നമ്മുടെ കടൽസമ്പത്തും മത്സ്യ ബന്ധന മേഖലയും പേറുന്നത്. ആഗോളപ്രതിഭാസമായി സമുദ്രങ്ങളെ പിടികൂടിയ വർധിക്കുന്ന അമ്ലത്വവും സമുദ്രോഷ്മാവും തീരങ്ങളിലും ആഴക്കടലിലും പുറന്തള്ളുന്ന ഖര-രാസ-അജൈവ മാലിന്യങ്ങളും ഒക്കെ കൂടിചേർന്ന് സമുദ്ര ജൈവാവസ്ഥയെ (Marine Ecosystem) ശുഷ്ക്കിപ്പിക്കുന്നു. കേരളം പോലുള്ള പ്രദേശങ്ങളിൽ കടലിലേയ്ക് നദികളിൽ നിന്നുള്ള നീരൊഴുക്കിന്റെ വ്യതിയാനവും മത്സ്യസമ്പത്തിന്റെ ഇടിവിനു കാരണമായിട്ടുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഉദാരവത്കരണ കാലത്തെ ആദ്യകാല കോൺഗ്രസ്സ് സർക്കാരുകളുടെ നിലപാടുകളിന്മേൽ അന്നുതന്നെ ഉയർന്നു വന്ന എതിർപ്പുകൾ അഭിസംബോധന ചെയ്യാനായിത്തന്നെ 1995-ല്‍ ആഴക്കടൽ മത്സ്യ ബന്ധന നയപരിശോധിക്കാനായി നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശയാനങ്ങൾക്ക് അനുസ്യൂതം മത്സ്യസമ്പത്ത് വേട്ടയ്ക് അനുമതി നൽകുന്ന പെർമിറ്റുകൾ നിയമവിധേയമായി റദ്ദു ചെയ്യണമെന്നും മറ്റുള്ളവയ്ക് പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പുതുക്കിനല്കാതിരിക്കാനും സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിനെയാകെ അവഗണിക്കുന്ന നിലപാടാണ് പിന്നീടുള്ള സർക്കാരുകൾ കൈക്കൊണ്ടത്. രണ്ടാം യു.പി.എ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ കാര്യപ്രാപ്തിയും സാങ്കേതികതികവും കൈവരിക്കും വരേയ്ക്കും വിദേശയാനങ്ങൾക്ക് യഥേഷ്ടം സമ്പത്ത് കൊള്ള ചെയ്തുകൊള്ളാം എന്നും പറഞ്ഞു വയ്ക്കുന്നു.

ഇതിന്റെയെല്ലാം ഭാരം ഏറ്റുവാങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ മനഃസ്ഥിതിയും ജീവിത സാഹചര്യങ്ങളും പുഷ്ടിപ്പെടുത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനാപരമായും ഇതര നിയമവ്യവസ്ഥപ്രകാരവുമെല്ലാം ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് പരിരക്ഷ ലഭിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് നിയമപരിരക്ഷകളോ സഹായപദ്ധതികളോ വേണ്ടും വിധം ലഭ്യമാകുന്നില്ല. ഒരു കാറ്റിലോ കടൽക്ഷോഭത്തിലോ ഒക്കെ വേരറ്റുപോകാവുന്ന കൂരകളിൽ അധിവസിക്കുന്ന മഹാഭൂരിഭാഗം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇനിയും ചവിട്ടിയരയ്ക്കാൻ ഭരണകൂടത്തെ അനുവദിച്ചുകൂട. ലഭ്യമാകുന്ന മത്സ്യത്തിന്റെ മൂല്യം ഇന്ധനത്തിന്റെ ചിലവോ ബോട്ടുടമയുടെയോ ഇടനിലക്കാരെന്റെയോ ഒക്കെ ലാഭവിഹിതങ്ങളിൽ ചെന്നുപെട്ടിട്ടുമാണ് വാങ്ങുന്നവന്റെമേൽ വിലക്കനം തീർക്കുന്നത്. ഇതിനൊരറുതി വരുത്താൻ മത്സ്യ മാർക്കറ്റിംഗ് രംഗത്ത് സർക്കാർ കാര്യക്ഷമമായി ഇടപെടണം. സഹകരണ മേഖലയിൽ മത്സ്യബന്ധനത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനുതകുന്ന നയരൂപീകരണത്തിന് ഭരണകൂടത്തിന് കഴിയണം.

മുരാരി കമ്മിറ്റിയുടെ പ്രസക്തമായ ശുപാർശകൾ അടിയന്തരമായി നടപ്പാക്കുകതന്നെ വേണം. സമഗ്രമായ ഒരു സമുദ്രജൈവാവസ്ഥ നിർണ്ണയത്തിനുള്ള (Ecological Assessment of Marine Ecosystem) നടപടികൾ കാലവിളംബം കൂടാതെ അക്കാദമിക് സമൂഹവുമായി ചേർന്ന് നടപ്പാക്കുവാൻ സർക്കാരുകൾ മുന്നിട്ടിറങ്ങണം. മത്സ്യത്തൊഴിലാളികളെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് അവരുടെകൂടി പങ്കാളിത്തത്തോടെ തീരങ്ങളുടെയും കടലിന്റെയുമുൾപ്പെടെ അവരുടെ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക സംരക്ഷണത്തിന് ജാഗ്രത സമിതികൾ രൂപീകരിക്കേണ്ടതുണ്ട്. തീരദേശപരിപാലന നിയമം മത്സ്യതൊഴിലാളികളുടെ ജൈവ മേഖല എന്ന നിലയ്ക്ക് കൂടി പൊളിച്ചെഴുതണം. മത്സ്യബന്ധനത്തിനുള്ള തൊഴിലാളികളുടെ കീഴ്വഴക്ക അവകാശത്തിനു (Customary Right) വിധേയമായിക്കൊണ്ട് മാത്രമേ വിദേശകമ്പനികൾക്ക് ഈ മേഖലയിൽ എന്തെങ്കിലും വിധത്തിലുള്ള കടന്നു കയറ്റത്തിന് വഴിതുറക്കാവൂ. ഈ പരിതസ്ഥിതിയിൽ ജനജീവിതത്തിനും ജൈവസമ്പത്തിനും സംരക്ഷണം നല്കുവാനുള്ള ഉത്തരവാദിത്വമേറ്റെടുക്കുകയും പ്രകൃതി വിഭവങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗത്തിനനുസൃതമായ നിലപാടുതറകളിൽ  ഉറച്ചു നിൽക്കുകയുമാണ് രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്. 

(പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് ഗവേര്‍ണന്‍സില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍