UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ സീബ്രാ ലൈന്‍ വരച്ചിട്ടിരിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്?

കുറിപ്പും ചിത്രങ്ങളും: ഉണ്ണികൃഷ്ണന്‍ വി 

ഹെല്‍മറ്റ് വയ്ക്കാത്തതും  സീറ്റ് ബെല്‍റ്റ്‌ ഇടാത്തതും മാത്രമാണോ നിയമലംഘനം?തലസ്ഥാനത്ത് നടക്കുന്നത് പരസ്യമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ കാണാന്‍ പോലീസിനും സമയമില്ല എന്നാണോ? സംസ്ഥാന പോലീസ് മേധാവി സെന്‍കുമാര്‍ ഐപിഎസ് സ്ഥാനമേറ്റതിനു ശേഷം ട്രാഫിക് നിയമലംഘനത്തെ തടയുന്നതിന് വേണ്ടി ശക്തമായ നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അതു നടപ്പിലാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും നടക്കുന്നതൊന്നും ആരും കണ്ട മട്ടില്ല.

സീബ്രാ ലൈനില്‍ കൂടി റോഡ്‌ ക്രോസ് ചെയ്യാന്‍ യാത്രക്കാര്‍ കാത്തു നിന്നാലും രക്ഷയില്ല,അതിപ്പോ സിഗ്നല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരേ അവസ്ഥ തന്നെ. ഒരു വാഹനവും അവര്‍ക്കു വേണ്ടി നിര്‍ത്തുകയോ സ്ലോ ചെയ്യുകയോ ഇല്ല.റോഡിനപ്പുറം കടക്കണം എങ്കില്‍ നടുക്ക് കയറി നിന്ന് ട്രാഫിക് പോലീസ് ചെയ്യുന്നപോലെ സ്റ്റോപ്പ്‌ സിഗ്നല്‍ കൈ കൊണ്ട് കാണിക്കേണ്ടി വരും. അതും കണ്ടാലും ചിലര്‍  നിര്‍ത്താറില്ല. പിന്നെ ജീവനും കൊണ്ട് ഒരോട്ടമാണ്. ഒന്നുകില്‍ മുന്‍പോട്ട് അല്ലെങ്കില്‍ പിറകോട്ട്. അതിവേഗം വരുന്ന വാഹനങ്ങള്‍ കണ്ടു ഭയന്ന് ചിലര്‍ നടുക്ക് തന്നെ നിന്നു പോകാറുണ്ട്. അവര്‍ക്ക് കേള്‍ക്കേണ്ടി വരുന്നത് കേട്ടാല്‍ ചെവിക്കല്ല് തകരുന്ന തെറികള്‍. പോരാത്തതിന് ആകെയുള്ള സീബ്രാ ലൈനിലാവും മിക്ക വാഹനങ്ങളും പാര്‍ക്ക് ചെയ്തിട്ടുണ്ടാവുക. റോഡിന്‍റെ നല്ലൊരു ഭാഗം ഈ വാഹനങ്ങള്‍ കൈയ്യടക്കുമ്പോള്‍ കാല്‍നടയാത്രക്കാരന് ഇവയെ മറികടന്നു മാത്രമേ റോഡ്‌ കടക്കാനാവൂ. മിക്കവാറും അത് ചെയ്യേണ്ടി വരുന്നത് വാഹനങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന റോഡില്‍ നിന്ന് കൊണ്ടാവും. ഈ ഞാണിന്‍മേല്‍ കളി പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നു.

സീബ്രാ ലൈനില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യരുതെന്നും സീബ്രാ ലൈനിനു മുന്‍പുള്ള രണ്ടു വെള്ള വരയ്ക്കു പിന്നിലെ സിഗ്നലില്‍ വാഹനങ്ങള്‍ നിര്‍ത്താവൂ എന്നും  കേരളാ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 365 അനുശാസിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ നൂറു രൂപ പിഴയാണ്. അതിനാല്‍ തന്നെ ഈ നിയമങ്ങള്‍ പാലിക്കുന്നവര്‍ അപൂര്‍വ്വം. പക്ഷേ ഇതു പോലെയുള്ള നിയമലംഘനങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

ഇതിനര്‍ഥം കാല്‍നടക്കാര്‍ എപ്പോഴും നിയമം പാലിക്കുന്നു എന്നല്ല. പക്ഷേ നിയമ പാലിക്കുന്നവര്‍ക്ക് പോലും കിട്ടുന്നത് ഇത്തരത്തിലുള്ള പ്രതികരണമാണ്. തിരുവനതപുരം നഗരത്തിലെ ശാസ്തമംഗലം ജംഗ്ഷന്‍ മുതല്‍ സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്‍പിലെ സ്റാച്യു ജംഗ്ഷന്‍ വരെയുള്ള ചില സിഗ്നലുകളിലും സീബ്രാലൈനുകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍