UPDATES

വിദേശം

മരിച്ചിട്ടില്ല എന്നതുകൊണ്ടുമാത്രം ജീവിച്ചിരിക്കുന്നവര്‍; യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന മധ്യേഷ്യയുടെ ദുരന്തങ്ങള്‍

Avatar

ലിസ് സ്ലൈ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യൂറോപ്പിലേക്കുള്ള പതിനായിരക്കണക്കിനായ സിറിയന്‍ അഭയാര്‍ത്ഥി പ്രവാഹത്തിലാണ് ലോകത്തിന്റെ ശ്രദ്ധ. അതേസമയം പരിഹാരമില്ലാതെ നീളുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ആഘാതങ്ങള്‍ നേരിടുന്ന മദ്ധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ ദുരന്തസമാനമായ പ്രതിസന്ധി ഉരുണ്ടുകൂടുകയാണ്.

ലോകത്തിലെ അഭയാര്‍ഥികളുടെ ഏറ്റവും വലിയ ഏകസ്രോതസ് എന്നു വിളിക്കാവുന്ന തരത്തില്‍ മാറിയ സിറിയയില്‍ നിന്നും ലെബനന്‍, ജോര്‍ദാന്‍, തുര്‍ക്കി,ഇറാക്ക് എന്നിവടങ്ങളിലേക്കൊക്കെയായി പലായനം ചെയ്യുന്ന 4 ദശലക്ഷത്തോളം വരുന്ന സിറിയക്കാരുടെ ചെറിയൊരു ശതമാനം  മാത്രമാണ്  യൂറോപ്പിലെത്തുന്നവര്‍. കഴിഞ്ഞ 4 ദശാബ്ദക്കാലത്തിനിടയില്‍ ലോകത്തുണ്ടായ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് സിറിയ നേരിടുന്നത്.

ആഭ്യന്തര യുദ്ധം അഞ്ചാം വര്‍ഷവും അയവില്ലാതെ തുടരവേ, സഹായ സംഘടനകള്‍ക്കും അഭയാര്‍ത്ഥികളെത്തുന്ന രാജ്യങ്ങള്‍ക്കും സിറിയക്കാര്‍ക്ക് തന്നെയും ബോധ്യമാകുന്നുണ്ട് ഭൂരിഭാഗം പേരും ഉടനെയൊന്നും നാട്ടിലേക്കു മടങ്ങാന്‍ പോകുന്നില്ല എന്ന്. അന്താരാഷ്ട്ര സമൂഹത്തെ കാത്തിരിക്കുന്നത് ഒരു ദീര്‍ഘകാല പ്രതിസന്ധിയാണ്. ലോകമാകട്ടെ അത് നേരിടാന്‍ ഒട്ടും തയ്യാറെടുപ്പില്ലാത്തതും. മേഖലയും ലോകം തന്നെയും ആഴത്തിലുള്ള അസ്ഥിരതകളാണ് നേരിടാന്‍ പോകുന്നത്.

ഇത് പ്രധാനമായും ഒരു നയതന്ത്ര പരാജയമാണെന്ന് അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈ കമ്മീഷണര്‍ അന്റോണിയോ ഗുടെരെസ് പറയുന്നു. മധ്യേഷ്യയുടെ ഹൃദയഭാഗത്തെ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 2,50,000 പേരെങ്കിലും കൊല്ലപ്പെട്ടു. 11 ദശലക്ഷത്തിലേറെപ്പേര്‍ അഭയാര്‍ത്ഥികളായി. എന്നിട്ടും സമാധാന ശ്രമങ്ങളൊന്നും വേണ്ടപോലെ നടക്കുന്നില്ല. സമീപ ഭാവിയില്‍ പരിഹാരമുണ്ടാകാനുള്ള സാധ്യതയും മങ്ങുന്നു.

ഇപ്പോള്‍ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളും ദുര്‍ബ്ബലമാവുകയാണ്. കുറയുന്ന ധനസഹായവും താത്പര്യവും, കൂടുന്ന ആവശ്യങ്ങളും എന്നതാണവസ്ഥ. കഴിഞ്ഞ നാലു കൊല്ലക്കാലം അഭയാര്‍ത്ഥികള്‍ക്കായി ആവശ്യമുള്ളതിന്റെ കേവലം പകുതി തുക മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. പെട്ടെന്ന് മടങ്ങാം എന്ന് കരുതി സിറിയയില്‍ നിന്നും ഓടിപ്പോന്നവര്‍ക്കിപ്പോള്‍ ആദ്യം കിട്ടിയ സഹായങ്ങളില്ല.

“അടുത്തിടക്കുള്ള സമാനതകളില്ലാത്ത ദുരന്തമാണിത്,” ഗുടെരെസ് പറഞ്ഞു. ദശലക്ഷക്കണക്കിനാളുകള്‍ ജീവിക്കാനാവശ്യമായ സഹായം പോലും കിട്ടാതെ നരകിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.

“വിജയിച്ച പല പോരാട്ടങ്ങളുമുണ്ട്. നിര്‍ഭാഗ്യവശാല്‍ തോറ്റവയാണ് ഏറെയും.”

ഈ പ്രതിസന്ധിയുടെ മുഴുവന്‍ പ്രത്യാഘാതങ്ങളും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നിസഹായരും നിരാശ്രയരുമായ അഭയാര്‍ത്ഥികള്‍ ലോകത്തിന്റെ അവഗണനയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മദ്ധ്യേഷ്യയിലെ നഗരങ്ങളിലും, കൃഷിയിടങ്ങളിലും ചിതറിക്കിടക്കുന്നു. ബെയ്റൂത്ത്, ഇസ്താന്‍ബുള്‍, അമ്മാന്‍ തുടങ്ങി നിരവധി  നഗര,ഗ്രാമ  തെരുവുകളില്‍ പനിനീര്‍പ്പൂക്കളും മുഖം തുടക്കുന്ന സുഗന്ധകടലാസുകളും വിറ്റും ചിലപ്പോള്‍ നാണ്യം മാറ്റാന്‍ യാചിച്ചും അവര്‍ അലഞ്ഞു നടക്കുന്നു.

കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച അമ്മമാര്‍ ഗതാഗത ചത്വരങ്ങളിലും, പാലങ്ങള്‍ക്കടിയിലും, ഉദ്യാനങ്ങളിലും, കടത്തിണ്ണകളിലും രാത്രികള്‍ കഴിച്ചുകൂട്ടുന്നു. കൃഷിയിടങ്ങളില്‍ താവളമടിച്ച്  കുടുംബങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റുകളും, മരപ്പലകകളും കൊണ്ടുള്ള തട്ടിക്കൂട്ട് കൂടാരങ്ങള്‍ ഉണ്ടാക്കി. മറവുകള്‍ക്കുള്ള തകരപ്പലകകള്‍ ഭക്ഷണശാലകളുടെയും ചലച്ചിത്രങ്ങളുടെയും പാര്‍പ്പിട സമുച്ചയങ്ങളുടെയും പരസ്യപ്പലകകളായിരുന്നു. അവര്‍ ഇനിയൊരിക്കലും ആഘോഷിക്കാന്‍ ഇടയില്ലാത്ത  ചില പരസ്യങ്ങള്‍.

“ഇത് ജീവിതമല്ല,” വടക്കന്‍ ലെബനനില്‍ എങ്ങനെയൊക്കെയോ കെട്ടിയ കൂടാരങ്ങളിലൊന്നില്‍ 7 വയസുകാരിയായ കൊച്ചുമകളോടോത്ത് ദാനം കിട്ടുന്ന ഭക്ഷണവും കഴിച്ച് ജീവിക്കുന്ന ജലീമ മഹമൂദ്,53, പറയുന്നു. “മരിച്ചിട്ടില്ല എന്നതുകൊണ്ടുമാത്രമാണ് ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്.”

കഴിയാവുന്നവരെല്ലാം ഉള്ള സകല സമ്പാദ്യവും എടുത്തും കിട്ടാവുന്ന കടമൊക്കെ വാങ്ങിയും കള്ളക്കടത്തുകാര്‍ക്ക് കൊടുത്ത് എങ്ങനെയെങ്കിലും മെഡിറ്ററേനിയന്‍ കടക്കുന്ന ബോട്ടില്‍ കയറിപ്പറ്റി യൂറോപ്പിലേക്ക് കടന്നുകൂടാന്‍ ശ്രമിക്കുകയാണ്; ജീവിക്കാമെന്ന മോഹത്താല്‍.

അവിടെയാകട്ടെ ഗ്രീസിലെ കടല്‍തീരത്ത് തമ്പടിച്ചും, യൂറോപ്പിലെ തെരുവുകളില്‍ ഉറങ്ങിയും അഭയാഭ്യര്‍ത്ഥനക്കുള്ള വരികളില്‍ കാത്തുകെട്ടിക്കിടന്നും മദ്ധ്യേഷ്യയിലെ ദുരിതത്തെ കുറഞ്ഞ അളവിലെങ്കിലും പകര്‍ത്തുന്നു. ആസ്ട്രിയയില്‍ ഒരു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ട്രാക്കില്‍ അഴുകിയ 71 ശവശരീരങ്ങള്‍-അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവര്‍- കണ്ടെത്തിയത് അവരുടെ പലായനശ്രമങ്ങളിലെ അപകടങ്ങള്‍ വെളിവാക്കി.

കഴിഞ്ഞ 2 വര്‍ഷമായി യൂറോപ്പിലെ ഏറ്റവും വലിയ അഭയം ആവശ്യപ്പെടുന്ന ദേശക്കാര്‍ സിറിയക്കാരാണ്. അവരുടെ എണ്ണം കൂടുകയാണ്. ഈ വര്‍ഷം ഗ്രീസില്‍ അഭയം തേടിയെത്തിയ 1,60,000 പേരില്‍ 63 ശതമാനവും സിറിയക്കാരാണ്.

പക്ഷേ ആളെക്കടത്തുകാര്‍ക്ക് 5000 മുതല്‍ 6000 ഡോളര്‍ വരെ നല്കാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രമേ യൂറോപ്പില്‍ എത്തുന്നതിന് ശ്രമിക്കാനാവൂ.

യുദ്ധത്തിനു മുമ്പ് നല്ല നിലയില്‍ കഴിഞ്ഞവരാണ് ഇങ്ങനെ കടക്കുന്നവരില്‍ അധികവുമെന്ന് തുര്‍ക്കിയിലും ലെബനനിലും നടത്തിയ അഭിമുഖങ്ങളധികവും കാണിക്കുന്നു. മറ്റുള്ളവര്‍ കയ്യിലുള്ള ഭൂമിയും വസ്തുക്കളുമൊക്കെ  വിറ്റുപെറുക്കിയും എന്നെങ്കിലും പോകാനാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്.

“ഞാനറിയുന്ന എല്ലാവരും പോകാന്‍ ശ്രമിക്കുകയാണ്,” രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ നഡാ മന്‍സൂര്‍,37, പറഞ്ഞു. സ്വീഡനിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് ലിബിയ വഴി പോകാനായി കടത്തു ദല്ലാള്‍ക്ക് 6500 ഡോളറും കൊടുത്ത് കാത്തിരിക്കുകയാണ് അവര്‍.

“എനിക്കു സന്തോഷമാണ്,” അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. “കാരണം എന്റെ മക്കള്‍ക്ക് നല്ലൊരു ജീവിതം കൊടുക്കാനാകും.”

മിക്ക അഭയാര്‍ത്ഥികളുടെയും ജീവിതം ദുരിതമയമാണ്. നിരാശയും, കാത്തിരിപ്പും അപമാനവും. ലെബനനിലും ജോര്‍ദാനിലും കഴിയുന്ന മൂന്നില്‍ രണ്ടു അഭയാര്‍ത്ഥികളും കടുത്ത ദാരിദ്ര്യത്തിലാണെന്ന് UNHCR കണക്കാക്കുന്നു.

“പോകാനായെങ്കില്‍ ഞങ്ങള്‍ പോയേനെ. പക്ഷേ ഞങ്ങളുടെ കയ്യില്‍ പണമില്ല,” 7 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുള്ള 40-കാരി ഫിത്നാ ആല്‍-അലി പറയുന്നു. രോഗിയായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനായി ഭക്ഷണ കൂപ്പണ്‍ വിറ്റതിന്റെ പേരില്‍ തങ്ങള്‍ക്കുള്ള കുടുംബ സഹായം യു.എന്‍ റദ്ദാക്കി എന്നും അവര്‍ പറഞ്ഞു.

“ചില ദിവസങ്ങളില്‍ ഞങ്ങള്‍ ഒന്നും കഴിക്കാറില്ല.”

നിലവില്‍ത്തന്നെ ദുര്‍ബ്ബലവും സംഘര്‍ഷാത്മകവുമായ രാജ്യങ്ങളുടെ സുസ്ഥിരതക്ക്  ഈ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കാവുന്ന സുസ്ഥിരത ആശങ്കകള്‍ നിസാരമല്ല. ഏതാണ്ട് 7,50,000 കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നില്ല. അവരുടെ മാതാപിതാക്കള്‍ തൊഴിലെടുക്കാനാകാതെ അലഞ്ഞുതിരിയുന്നു. ഒരു തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷ പോലുമില്ലാടെയാണ് കൌമാരക്കാര്‍ വളര്‍ന്നുവരുന്നത്.

അഭയാര്‍ത്ഥികളായ പല കുട്ടികള്‍ക്കും തങ്ങള്‍ എവിടെനിന്നാണ് വന്നത് എന്ന് ഓര്‍ക്കാനാവാത്ത വിധത്തില്‍ പ്രതിസന്ധി നീണ്ടുപോയിരിക്കുന്നു. തനിക്കും സഹോദരങ്ങള്‍ക്കും കിടപ്പുമുറികളുള്ള, മുറ്റത്തു പനിനീര്‍പ്പൂക്കളുടെ ഉദ്യാനമുള്ള ഒരു വീടായിരുന്നു തന്റെയെന്ന് റഷീദ് ഹമീദി,9, ഓര്‍ക്കുന്നു. ടാങ്കുകളും  വെടിയുണ്ടകളും,  പിന്നെ ബോംബുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയതും അവന്‍ ഓര്‍ക്കുന്നുണ്ട്.

പക്ഷേ ജന്മനഗരത്തിന്റെ പേര് ചോദിച്ചപ്പോള്‍ അവന്‍ തപ്പിത്തടഞ്ഞു, “ഞാന്‍ ഓര്‍ക്കുന്നില്ല”.

അലിയുടെ മകള്‍ ബഷ്ര,11, വായിക്കാന്‍ മറന്നുതുടങ്ങി.

സിറിയയില്‍, മൂന്നു കൊല്ലം മുമ്പ് വായനയായിരുന്നു അവളുടെ ഇഷ്ട വിഷയം. സ്വന്തം കുടുംബം താമസിക്കുന്ന ഇരുള്‍ മൂടിയ കൂടാരത്തിന്റെ പിറകില്‍ നിന്നും തന്റെ പക്കല്‍ വായിക്കാനുള്ള ഏക കടലാസ് എടുത്തുകൊണ്ടുവരന്‍ തിരക്കിട്ടപ്പോള്‍ അവളുടെ മുഖം തിളങ്ങി-ഒരു ഇസ്ളാമിക സന്നദ്ധ സംഘടന നല്കിയ പുകവലിക്കെതിരായ ഒരു ലഘുലേഖ.

വിരലുകള്‍ അക്ഷരങ്ങളിലൂടെ അരിച്ചുനീങ്ങവേ അവളുടെ വാക്കുകള്‍ മുറിഞ്ഞു, “എനിക്കു കുറച്ചു കുറച്ചേ വായിക്കാനാവുന്നുള്ളൂ, അതിപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടായി വരികയാണ്.”

ഇത്തരം കുട്ടികളുടെ ഭാവി മങ്ങിയയതാണ്, തീവ്ര നിലപാടുകളിലേക്കുള്ള സാധ്യത ഏറിയത് എന്ന് ബ്രസല്‍സ് ആസ്ഥാനമായ International Crisis Group ഉപദേഷ്ടാവ് പീറ്റര്‍ ഹാര്‍ലിംഗ് പറഞ്ഞു.

“പ്രതീക്ഷിക്കാനോ വിശ്വസിക്കാനോ ഒന്നുമില്ലാത്ത ഒരു തലമുറയാണ് ഇത് മുഴുവന്‍. ഭാവിയില്‍ ഇതെന്തിന്‍റെയൊക്കെ വിത്ത് പാകുമെന്ന് ഭയാനകമായ കാര്യമാണ്.”

അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് വലിയ തരത്തില്‍ എന്തെങ്കിലും അസ്വസ്ഥത ഇതുവരെയും ഉണ്ടായില്ലെന്നത് സിറിയക്കാരുടെയും അവരെത്തുന്ന രാഷ്ട്രങ്ങളുടെയും സമീപനത്തിന്റെ ഫലമാണെന്ന് ജോര്‍ജ്ജ് ടൌണ്‍ സര്‍വ്വകലാശാലയിലെ അറബ് പഠന വിഭാഗം അദ്ധ്യാപകന്‍ റോഷെല്‍ ഡേവിസ് പറഞ്ഞു. “പക്ഷേ നിങ്ങളുടെ രാജ്യത്തു 25% മറ്റ് നാട്ടിലെ പൌരന്‍മാര്‍ വരുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കില്ല. ലെബനനിലും, ജോര്‍ദാനിലും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പോവുകയാണ്.”

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായ ഏകരാജ്യമായ തുര്‍ക്കിയില്‍ ചില സിറിയക്കാരെ തൊഴിലെടുക്കാനും വിദ്യാലയങ്ങളില്‍ പോകാനും, വൈദ്യ സഹായം തേടാനുമൊക്കെ അനുവദിച്ചിട്ടുണ്ട്. ഏതാണ്ട് 1.9 ദശലക്ഷം സിറിയക്കാര്‍ രാജ്യത്ത് എത്തുന്നതില്‍ 75 ദശലക്ഷത്തോളം പേര്‍ തിരിച്ചുപോകാന്‍ ഇടയില്ല എന്നതിനും തയ്യാറായിരിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ ഇപ്പോഴേ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.

ലെബനനില്‍ 1975-90 കാലത്തെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ വഹിച്ച പങ്ക് ഓര്‍മ്മയുള്ളതിനാല്‍ യു.എന്‍ രേഖപ്പെടുത്തിയ 1.1 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ നടപടികളെടുക്കുന്നതിന്  സര്‍ക്കാരിനെ വിമുഖരാക്കുന്നുണ്ട്. 

ലെബനനിലെ നാലില്‍ ഒരാള്‍ സിറിയന്‍ അഭയാര്‍ത്ഥിയാണ്. ഇതില്‍ മിക്കവരും സുന്നി മുസ്ലീംങ്ങള്‍. ലെബനനിലെ ലോലമായ മത,വിഭാഗീയ സന്തുലനത്തെ ഇത് അട്ടിമറിച്ചെക്കുമെന്ന ആശങ്കയുണ്ട്. 1948-ല്‍ ഇസ്രയേല്‍ രൂപപ്പെട്ടതിനെ തുടര്‍ന്നെത്തിയ 1,00,000 പലസ്തീന്‍ സുന്നി അഭയാര്‍ത്ഥികള്‍ രാജ്യത്തെ മുസ്ലീം-ക്രിസ്ത്യന്‍ സന്തുലനത്തെ ബാധിക്കുകയും പിന്നീടത് ലെബനനെ ആഭ്യന്തര യുദ്ധത്തിലേക്ക് വലിച്ചിട്ട സംഘര്‍ഷമായി മാറുകയും ചെയ്ത ചരിത്രമുണ്ട്.

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി താവളങ്ങള്‍ പണിയാന്‍ ലെബനന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതോടെ അവര്‍ക്ക് വീടുകള്‍ വാടകക്കേടുക്കേണ്ടി വന്നു. രാജ്യത്തു പൊട്ടിമുളച്ച തീരെ സൌകര്യമില്ലാത്ത നൂറുകണക്കിനു ഇടുങ്ങിയ പാര്‍പ്പിട സമുച്ചയങ്ങളിലേക്ക് അവര്‍ ഒതുങ്ങിയിരിക്കുന്നു. ഒരു കൂടാരത്തില്‍ ഉറങ്ങുന്നതിന് ഉടമകള്‍ക്ക് മാസം 100$ കൊടുക്കുന്ന അവസ്ഥ.

പുതിയ സര്‍ക്കാര്‍ നിബന്ധനകള്‍ സിറിയക്കാര്‍ക്ക് ജോലിയെടുക്കാനോ താമസത്തിനുള്ള രേഖകള്‍ പുതുക്കുന്നതോ തീര്‍ത്തും ദുര്‍ഘടമാക്കിയിരിക്കുന്നു. പലരും താമസസ്ഥലം വിട്ടു പുറത്തിറങ്ങുന്നു പോലുമില്ല. ചില ലെബനന്‍ നഗരങ്ങളില്‍ സിറിയക്കാര്‍ക്ക് നിശാനിയമമാണ്.

“തടവറയിലെന്ന പോലെയാണ്,” മൂന്നു വര്‍ഷം മുമ്പ് ഇദ്ലിബ് പ്രവിശ്യയ്ല് നിന്നും പലായനം ചെയ്ത നൌര്‍ മൈത്തേഫ്,25, പറഞ്ഞു. പകല്‍സമയത്ത് പോലും സഹേല്‍ നഗരത്തിലെ തന്റെ താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ അയാള്‍ക്ക് പേടിയാണ്. നാട്ടുകാര്‍ തല്ലുമെന്നും അധികൃതര്‍ തടഞ്ഞുവെക്കുമെന്നും അയാള്‍ ഭയക്കുന്നു.

അഭയാര്‍ത്ഥികള്‍ തമ്പടിച്ച പ്രദേശങ്ങളില്‍ സംഘര്‍ഷാന്തരീക്ഷം വ്യക്തമാണ്. “അത് ഭീകരവാദികളുടെയും രോഗങ്ങളുടെയും വളര്‍ത്തുകേന്ദ്രമാണ്,” അടുത്ത നഗരമായ തലാബായയിലെ കച്ചവടക്കാരന്‍ അലി റഹീമി പറയുന്നു.

“ലെബനന്‍കാര്‍ ഇവര്‍മൂലം ഞെരുങ്ങുകയാണ്. അവര്‍ക്ക് ഭക്ഷണമില്ല, ജോലിയില്ല,” ഷിയാ മുസ്ലീമായ റഹീമി പറഞ്ഞു. “ഈ നില തുടര്‍ന്നാല്‍ അഭയാര്‍ത്ഥികളും പ്രാദേശിക ജനതയും തമ്മില്‍ ഒരു യുദ്ധമുണ്ടാകും.” 

സഹായ സംഘടനകള്‍ പണം ശേഖരിക്കുന്നത് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല. അഭയാര്‍ത്ഥികളെത്തിയ പ്രദേശങ്ങളിലെ ദരിദ്രരായ വിഭാഗങ്ങള്ക്കും ഇപ്പോള്‍ പണം വകയിരുത്തിയിട്ടുണ്ട്.

പക്ഷേ സഹായ ശ്രമങ്ങള്‍ പണമില്ലാതെ പ്രതിസന്ധിയിലാണ്. സിറിയന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം സിറിയന്‍ അഭയാര്‍ത്ഥികളുടെ  പാര്‍പ്പിടം, ഭക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവക്കായി യു.എന്‍ ഹൈക്കമ്മീഷണര്‍ 5.6 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചു. പക്ഷേ ആവശ്യമായതിന്റെ പകുതിയെ വരൂ അത്. ഈ വര്‍ഷം ആവശ്യമായ 4.5 ബില്ല്യണ്‍ ഡോളറിന്റെ വെറും 37%  മാത്രമാണ് ദാതാക്കള്‍ നല്‍കിയത്.

ലോക ഭക്ഷ്യ പദ്ധതിയുടെ പ്രതിശീര്‍ഷ ഭക്ഷണ സഹായം കഴിഞ്ഞ വര്‍ഷം 40$ ആയിരുന്നത് ഇക്കൊല്ലം 13.50$ ആയി കുറച്ചു. അടുത്ത മാസത്തോടെ അത് പൂര്‍ണമായും നിര്‍ത്തുകയാണ്. 1.6 ദശലക്ഷം അഭയാര്‍ത്ഥികളില്‍ 2,00,000 അത്യാവശ്യക്കാര്‍ക്ക് ഇനിയിതു ലഭിക്കില്ല.

അഭയാര്‍ത്ഥികള്‍ക്കായി 6 ബില്ല്യണ്‍ ഡോളര്‍ ചെലവാക്കി എന്ന് പറയുന്ന തുര്‍ക്കി കഴിഞ്ഞാല്‍ പലായനം ചെയ്തവര്‍ക്കും സിറിയയിലെ ആഭ്യന്തര അഭയാര്‍ത്ഥികള്‍ക്കുമായി  4 ബില്ല്യണ്‍ ഡോളര്‍ നല്കിയ യു.എസ് ആണ് രണ്ടാമത്തെ വലിയ ദാതാവ്.

പക്ഷേ ഈ തുക സിറിയയിലും ഇറാക്കിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ വ്യോമാക്രമണത്തിന് യു.എസ് ചെലവഴിക്കുന്ന പ്രതിദിനം 10.5 മില്ല്യണ്‍ ഡോളറുമായി തട്ടിക്കുമ്പോള്‍ എത്രയോ കുറവാണ്.

വിവിധ കാരണങ്ങളാല്‍ സ്വകാര്യ സംഭാവനകളും കുറയുകയാണ്. 5 ലക്ഷം പേര്‍ ഭവനരഹിതരായ നേപ്പാള്‍ ഭൂകമ്പത്തിന് ശേഷം യു.എസ് ആസ്ഥാനമായ സഹായ സംഘം വേള്‍ഡ് വിഷന്‍ രണ്ടാഴ്ച്ചകൊണ്ട് 8ദശലക്ഷം ഡോളര്‍ പിരിച്ചു. എന്നാല്‍ 2 വര്‍ഷമായി സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി ലഭിച്ചത് 2.7 ദശലക്ഷം ഡോളറാണ്. സിറിയന്‍ സംഘര്‍ഷത്തിന്റെ സങ്കീര്‍ണതയും മുസ്ലീംങ്ങളോടുള്ള അവിശ്വാസവുമാണ് ഇതിനുള്ള കാരണമായി സംഘടനയുടെ അദ്ധ്യക്ഷന്‍ റിച്ചാഡ് സ്റ്റേണ്‍സ് ചൂണ്ടിക്കാണിക്കുന്നത്.

“മുസ്ലീംങ്ങളെ സഹായിക്കുന്ന കാര്യം വരുമ്പോള്‍ ആളുകള്‍ അത്ര വിശാലഹൃദയരല്ല. മുസ്ലീംങ്ങള്‍ യു.എസിനോട് അടുപ്പമുള്ളവരല്ല എന്നൊരു ചിന്തയും പ്രബലമാണ്.” 

സിറിയ മാത്രമല്ല ദാതാക്കളുടെ സഹായം തേടുന്ന സംഘര്‍ഷ പ്രദേശം എന്നതും ഒരു വസ്തുതയാണ്. ലോകമാകെ നടമാടുന്ന യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും 2014 അവസാനത്തില്‍ ഭവനരഹിതരായ അഭയാര്‍ത്ഥികളുടെ എണ്ണം 59.5 ദശലക്ഷമാക്കിയിരിക്കുന്നു എന്നാണ് UNHCR കണക്കുകള്‍ കാണിക്കുന്നത്.

ഇതില്‍ 13 ദശലക്ഷം പേര്‍ കഴിഞ്ഞവര്‍ഷം അഭയാര്‍ത്ഥികളായവരാണ്. ഉക്രെയിന്‍, യെമന്‍, നൈജീരിയ,സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, തെക്കന്‍ സുഡാന്‍,ഇറാക് എന്നിവടങ്ങളിലെ സംഘര്‍ഷത്തിന്റെ ഇരകള്‍. പശ്ചിമാഫ്രിക്കയിലെ എബോള ബാധയും നേപ്പാളിലെ ഭൂകമ്പവും സ്ഥിതി കൂടുതല്‍ വഷളാക്കി. UNHCR ആവശ്യപ്പെട്ട 6.2 ബില്ല്യണ്‍ ഡോളറിന് പുറമെ ഇത്തരം അടിയന്തര സന്ദര്‍ഭങ്ങള്‍ നേരിടാന്‍ 2015-ല്‍  52 ബില്ല്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള യു എന്‍.എന്‍ കാര്യാലയം കണക്കുകൂട്ടുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് ബ്ലോക്കില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുമുള്ള ആയിരങ്ങളില്‍ ഒതുങ്ങുന്ന ആളുകള്‍ക്കായി രൂപപ്പെടുത്തിയ അഭയ നിയമ സംവിധാനമാണ് എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിനാളുകളുടെ പലായനത്തെ നേരിടുന്നത്.

എല്ലാ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും താത്ക്കാലിക താമാസാനുമതി നല്കുമെന്ന് ജര്‍മ്മനി ഈ മാസമാദ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 2015 അവസാനത്തോടെ 8 ലക്ഷം പേര്‍ എത്തുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം 1,30,000 സിറിയക്കാര്‍ക്ക് അഭയം അനുവദിക്കാനാണ് ലോകരാഷ്ട്രങ്ങളോട് യു.എന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2011-ല്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇതുവരെയായി 1500 സിറിയക്കാര്‍ക്ക് യു.എസ് പുനരധിവാസം അനുവദിച്ചു. അടുത്ത വര്‍ഷം കൂടുതല്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ വക്താവ് പറയുന്നു.

എന്നാല്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന വലിയ പ്രശ്നം യുദ്ധം തന്നെയാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. “അടിയന്തര ആവശ്യം സിറിയയിലെ സമാധാനമാണ്. സിറിയക്കാര്‍ കൊല്ലപ്പെടാതിരിക്കാനും പലായനം ചെയ്തവര്‍ക്ക് തിരിച്ചു പോകാനും,” യു.എന്‍ കോഡിനേറ്റര്‍ മൌണ്ടന്‍ പറയുന്നു.

എന്നാല്‍ നടക്കാന്‍ സാധ്യതയില്ലെന്ന് ഭയപ്പെടുന്നതും അതുതന്നെ.

ചിലര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങളില്‍ നിന്നും, മറ്റ് ചിലര്‍ സര്‍ക്കാര്‍ സേനയുടെ ആക്രമങ്ങളില്‍ നിന്നും രക്ഷതേടി ഓടിപ്പോന്നതാണ്. തങ്ങളുടെ ജന്മനഗരങ്ങളില്‍ യുദ്ധം നിലക്കുന്നില്ല എന്നവര്‍ തിരിച്ചറിയുന്നു.

ഫിത്നാ അല്‍-അലിയുടെ മരുമകന്‍ കഴിഞ്ഞ വര്‍ഷം കുടുംബവീടുള്ള ഹോംസിലേക്ക്  മടങ്ങിപ്പോയി. സര്‍ക്കാര്‍ വിരുദ്ധ ആഭ്യന്തര കലാപത്തിന്റെ പ്രഭവകേന്ദ്രം. നഗരമിപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അയാളെ അവിടെ തടഞ്ഞുവെച്ചു. പിന്നെ വിവരമൊന്നുമില്ല. “നിങ്ങള്‍ ഓടിപ്പോയതുകൊണ്ടു അവര്‍ പറയുന്നതു നിങ്ങള്‍ കലാപത്തിനൊപ്പമാണ് എന്നാണ്,” അവരുടെ മകന്‍ അബ്ദുള്ള പറഞ്ഞു. തിരികെപ്പോകാന്‍ അയാള്‍ക്ക് ഭയമാണ്.

ചില അഭയാര്‍ത്ഥി താവളങ്ങള്‍ സ്ഥിരമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു. ഹോംസില്‍ ആശാരിയായിരുന്ന ഷകാദ്  ഷാര്‍ക്കി തന്റെ കൂടാരത്തിനുചുറ്റും ചെടികള്‍ നട്ടുപിടിപ്പിച്ചു. ചവറുകൂനകള്‍ക്കും മങ്ങിയ കൂടാരങ്ങള്‍ക്കുമിടയില്‍ ജീവിതത്തിന്റെയും പ്രതീക്ഷയുടെയും നിറങ്ങള്‍. തിരികെ പോകണമെന്നാണ് അവരുടെയെല്ലാം ആഗ്രഹം പക്ഷേ വാത്ഫാ അസദ് പറഞ്ഞപോലെ, “ദൈവം ആഗ്രഹിച്ചാല്‍ എന്ന് ഞങ്ങള്‍ പറയും. പക്ഷേ എന്നെങ്കിലും മടങ്ങാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.”

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍