UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി മെട്രോയില്‍ നാല് ട്രെയിനുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം തുടങ്ങി

വിദ്യാര്‍ത്ഥികള്‍ക്കും മെട്രോയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്

കൊച്ചി മെട്രോയില്‍ ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്താണ് മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം.

രാത്രി 9.30 വരെ നാല് ട്രെയിനുകളാണ് സര്‍വീസിനുള്ളത്. അതേസമയം യാത്രക്കാരെ കയറ്റിയുള്ള ട്രയല്‍ സര്‍വീസ് അടുത്ത ദിവസങ്ങളില്‍ മാത്രമാണ് ഉണ്ടാകുക. എല്ലാ സംവിധാനങ്ങളും പൂര്‍ണമായും തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ സര്‍വീസ് ട്രയല്‍ തുടരും. ഇതിന് ശേഷം സര്‍വീസുകളുടെ സമയക്രമം ഉള്‍പ്പെടുത്തി ഷെഡ്യൂള്‍ തയ്യാറാക്കും.

മൂന്നു കോച്ചുള്ള ആറ് ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറ് മുതല്‍ രാത്രി പതിനൊന്നു വരെ പത്ത് മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. തിരക്ക് കുറവുള്ള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടന സജ്ജമായത്. പതിനൊന്ന് സ്റ്റേഷനുകളാണ് ഇതിനിടയിലുള്ളത്. പത്ത് രൂപയായിരിക്കും മിനിമം നിരക്ക്. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20, കളമശേരി വരെ 30, ഇടപ്പള്ളി വരെ 40 എന്നിങ്ങനെയാണ് പ്രാഥമികമായി നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍. സ്ഥിരം യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവുണ്ടാകും. കൊച്ചി വണ്‍ കാര്‍ഡെന്ന് സ്മാര്‍ട്ട് കാര്‍ഡ് വഴിയാണ് ഈ ഇളവ്. പരമാവധി 20 ശതമാനം വരെ ഇളവുണ്ടാകുമെന്നാണ് അറിയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മെട്രോയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം വണ്‍ കാര്‍ഡ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് യാത്രക്കാരെ ഇളവ് ലഭിക്കുമെന്നും ബസിലേത് പോലെ കണ്‍സഷന്‍ അനുവദിക്കാനാകില്ലെന്നുമാണ് കെഎംആര്‍എല്‍ അധികൃതരുടെ വാദം. ആലുവയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 20 മിനിറ്റുകൊണ്ട് പാലാരിവട്ടത്തെത്തും. ഈമാസം പകുതിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഉദ്ഘാടനം നടത്താവുന്ന വിധത്തിലാണ് മെട്രോയുടെ ഒരുക്കങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാര്‍ത്ഥം ആയിരിക്കും ഉദ്ഘാടന തിയതി തീരുമാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍