UPDATES

മധ്യപ്രദേശില്‍ രണ്ട് യാത്ര ട്രെയിനുകള്‍ പാളം തെറ്റി 20 മരണം

മധ്യപ്രദേശില്‍ രണ്ട് യാത്രാ ട്രെയിനുകള്‍ പാളം തെറ്റി 20 പേര്‍ മരിച്ചു. മചക് നദിയിലെ പാലം കടക്കുന്നതിനിടെ ആദ്യം മുംബെയില്‍ നിന്നും വരാണസിയിലേക്ക് പോവുകയായിരുന്ന കാമയാനി എക്‌സ്പ്രസും പിന്നീട് ജബല്‍പൂരില്‍ നിന്നും മുംബെയിലേക്ക് പോവുകയായിരുന്ന ജനതാ എക്‌സ്പ്രസുമാണ് പാളം തെറ്റിയത്. അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനതാ എക്‌സ്പ്രസിന്റെ നാല് ബോഗികള്‍ നദിയിലേക്ക് മറിഞ്ഞതായി ആശങ്കയുണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് പിന്നീട് റയില്‍വേ വ്യക്തമാക്കി. പാളത്തില്‍ വെള്ളം കെട്ടിനിന്നതാണ് അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നു.

തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ ഹര്‍ദയിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരും രൂപയും അടിയന്തിര നഷ്ടപരിഹാരം അനുവദിച്ചതായി റയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഘിര്‍കിയ, ഭിരാംഗി സ്‌റ്റേഷനുകള്‍ക്കിടയില്‍ ഹര്‍ദയ്ക്ക് സമീപം വച്ച് കാമയാനി എക്‌സ്പ്രസിന്റെ ഏഴ് ബോഗികളും എഞ്ചിനും ജനതാ എക്‌സ്പ്രസിന്റെ മൂന്ന് ബോഗികളുമാണ് പാളം തെറ്റിയതെന്ന് പടിഞ്ഞാറ്-മധ്യ റയില്‍വേ പിആര്‍ഒ പീയുഷ് മാഥൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് റയില്‍വേ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്. നമ്പറുകള്‍ ഇനി പറയുന്നു:
ഭോപ്പാല്‍ 07554001609, ഹാര്‍ദ 9752460088, ബിന 07580222052, ഇറ്റാര്‍സി 07572 241920

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍