UPDATES

വീഡിയോ

ട്രെയിന്‍ സര്‍ഫേര്‍സ്: ട്രെയിനുകളില്‍ അഭ്യാസം നടത്തുന്ന സാഹസികരുടെ കഥ

ട്രെയിന്‍ സര്‍ഫേഴ്‌സ് എന്ന ഡോക്യുമെന്ററിയില്‍ മുംബെയിലെ അതിവേഗ തീവണ്ടികളില്‍ അഭ്യാസം നടത്തിക്കൊണ്ട് വിധിയെ കൊതിപ്പിക്കുന്ന സാഹസികരായ യുവാക്കളുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്.

ബിരുദ സ്‌കൂളിലെ ആദ്യ സെമസ്റ്റര്‍ ചുരുട്ടിക്കെട്ടിയിരിക്കുമ്പോഴാണ് തന്റെ സ്വാസ്ഥ്യ മേഖലയ്ക്ക് പുറത്തുള്ള ഒരു പദ്ധതി സംവിധായകന്‍ അഡ്രിയന്‍ കോത്തിയര്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. ആയിടയ്ക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു മുംബൈ തീവണ്ടി സാഹസികന്റെ വീഡിയോ കാണാന്‍ ഇടയായത്. അപരിമേയ സൗന്ദര്യത്തിന്റെയും അപകടത്തിന്റെയും മിശ്രണമായ ആ കാഴ്ചയില്‍ അദ്ദേഹം ആകൃഷ്ടനായി. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡോക്‌സ് സീരീസിന്റെ ഭാഗമായ ട്രെയിന്‍ സര്‍ഫേഴ്‌സ് എന്ന ഡോക്യുമെന്ററിയില്‍ മുംബെയിലെ അതിവേഗ തീവണ്ടികളില്‍ അഭ്യാസം നടത്തിക്കൊണ്ട് വിധിയെ കൊതിപ്പിക്കുന്ന സാഹസികരായ യുവാക്കളുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. വിമിയോ സ്റ്റാഫ് പിക് നേടിയ ഡോക്യുമെന്ററിയാണിത്.

ഡോക്യൂമെന്ററി സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് അഡ്രിയന്‍ കോത്തിയര്‍ കഥാചിത്രങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിരുന്നു. ‘ഡോക്യുമെന്ററിയെ സംബന്ധിച്ചിടത്തോളം ശുദ്ധമായ എന്തോ ഉണ്ട്. ഒരു കച്ചവട സിനിമ ഉണ്ടാക്കുക എന്നതിനേക്കാള്‍ നമ്മള്‍ ജീവിക്കുന്ന ലോകത്തെ കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരിക എന്നതായിരുന്നു ട്രെയിന്‍ സര്‍ഫേഴ്‌സിന്റെ പിന്നിലെ ലക്ഷ്യം,’ എന്ന് അദ്ദേഹം പറയുന്നു. തന്റെ യഥാര്‍ത്ഥ നടന്മാരെ കണ്ടെത്തുക എന്നത് വളരെ എളുപ്പമായിരുന്നു. ‘തീവണ്ടിയില്‍ അഭ്യാസം കാണിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൗമാരക്കാരുടെ വാര്‍ത്തകള്‍ പ്രദേശിക മാധ്യമങ്ങളില്‍ ഞാന്‍ തിരഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ എനിക്ക് ലഭിച്ചപ്പോള്‍, മുംബേയിലെ ചില പ്രത്യക പ്രദേശങ്ങളില്‍ മാത്രമാണ് ഈ പ്രതിഭാസമെന്ന് എനിക്ക് മനസിലായി. അതിനുശേഷം, ഈ സാഹസികരെ കണ്ടുമുട്ടുകയാണെങ്കില്‍ അവരുമായി ബന്ധപ്പെടുന്നതിനായി ഒരു വിവര്‍ത്തകയെ ഞാന്‍ ഏര്‍പ്പാടാക്കി. രണ്ട് ദിവസം വിവിധ സ്റ്റേഷനുകളില്‍ കാത്തിരുന്ന ശേഷം, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളിലിരിക്കുന്ന ഒരു കൗമാരക്കാരനെ ഞങ്ങള്‍ കണ്ടു. അയാളെ ഞങ്ങള്‍ പിന്തുടര്‍ന്ന് പിടിക്കുകയും സുഹൃത്തുക്കളോടൊപ്പം വീണ്ടും കാണാം എന്ന് സമ്മതിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം ഞങ്ങള്‍ അയാളുടെ വീട് സന്ദര്‍ശിച്ചു.’


സംവിധായകന്‍ അഡ്രിയന്‍ കോത്തിയര്‍

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലേക്ക് ചാടിക്കയറുന്ന കൂടുതലും കൗമാരക്കാരായ ഈ സാഹസികര്‍, തുറന്നുകിടക്കുന്ന കമ്പാര്‍ട്ടുമെന്‍ിന് വെളിയിലേക്ക് തൂങ്ങി നില്‍ക്കുക, ടെയിന്‍ ഓടിക്കൊണ്ടിരിക്കെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ മെതിയടി പോലെയുള്ള ചെരുപ്പുകള്‍ ഉരയ്ക്കുക തുടങ്ങിയ അഭ്യാസങ്ങളാണ് ചെയ്യുന്നത്. ട്രെയിന്‍ പരമാവധി വേഗം കൈവരിക്കുന്നതോടെ, കമ്പാര്‍ട്ടുമെന്റിന് വെളിയിലേക്ക് വലിഞ്ഞുകയറുകയും പാളത്തിന്റെ വശങ്ങളിലുള്ള തൂണുകളില്‍ നിന്നും തെന്നിമാറിക്കൊണ്ട് വിധിയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അത് അപകടരമാണെന്ന് മാത്രമല്ല നിയമവിരുദ്ധവുമാണ്. തങ്ങളുടെ ആത്മഹത്യാപരമായ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ഈ നാഗരിക കൗമാരക്കാര്‍ക്ക് പോലീസിനെ വെട്ടിക്കുകയും സാധാരണ വേഷത്തില്‍ എത്തുന്ന ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയും ചെയ്യണം. പിടിക്കപ്പെട്ടാല്‍, ‘പോലീസുകാര്‍ ഒരു ദയയുമില്ലാതെ തല്ലിച്ചതയ്ക്കും,’ എന്ന് ഒരു പയ്യന്‍ ചിത്രത്തില്‍ പറയുന്നു.

‘നിങ്ങള്‍ മരിച്ചുപോകുമോ എന്നത് അവര്‍ക്ക് പ്രശ്‌നമല്ല.’ 500 രൂപ പിഴയ്ക്ക് പുറമെ മുളവടി കൊണ്ടുള്ള തല്ലും ലഭിക്കും. പലപ്പോഴും തങ്ങളുടെ അഭ്യാസങ്ങള്‍ ഷൂട്ട് ചെയ്യുന്ന ഈ കുട്ടികള്‍, അവ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. ആയിരക്കണക്കിന് കാഴ്ചക്കാരാണ് ഇത്തരം വിഡിയോകള്‍ക്കുള്ളത്. 2008ലെ മുംബെ ഭീകരാക്രമണത്തിന് ശേഷം ട്രെയിനുള്ളിലും പരിസരത്തും ഷൂട്ട് ചെയ്യുന്നത് അധികാരികള്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ കോത്തിയറും ഛായാഗ്രഹകനായ ദീപക് തോമസും ഒരു ഒളിക്യാമറ രീതിയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഒരു യഥാര്‍ത്ഥ ക്യാമറ ഉണ്ടായിരുന്നതിനേക്കാള്‍ അയഞ്ഞതും വന്യവും എന്നാല്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളതുമായ ദൃശ്യങ്ങളാണ് ഇതുമൂലം അദ്ദേഹത്തിന് സൃഷ്ടിക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ കോത്തിയറിന്റെ വിശ്വാസങ്ങള്‍ പരീക്ഷിക്കപ്പെട്ടു എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ‘അങ്ങേയറ്റം അപകടകരമായ ഒരു കാര്യം ചെയ്തതിന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു ശ്രദ്ധ ലഭിക്കാതിരുന്ന കൗമാരക്കാരുടെ മുന്നിലാണ് ക്യാറ വെക്കേണ്ടത് എന്നതായിരുന്നു യഥാര്‍ത്ഥ ധാര്‍മ്മിക വെല്ലുവിളി.’ കാഴ്ചക്കാരെ എപ്പോഴും രസിപ്പിക്കുന്നതായിരിക്കണമെന്നില്ല ഇവരുടെ അഭ്യാസങ്ങള്‍. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തൂങ്ങി നില്‍ക്കുകയും തൂണുകള്‍ എത്തുമ്പോള്‍ പിടിവിടാതെ അകത്തേക്ക് തെന്നിമാറുകയും ചെയ്യുന്ന കാഴ്ച ചിലപ്പോള്‍ ഞെട്ടിപ്പിക്കുകയും ചെയ്യും. ഈ അഭ്യാസങ്ങള്‍ പലപ്പോഴും സുഗമമായിരിക്കണമെന്നില്ല.

ട്രെയിനില്‍ നിന്നും വീണ് ഒരു അഭ്യാസിക്ക് സാരമായ പരിക്കേറ്റെങ്കിലും, ജീവന്‍ ഭീഷണിയിലാവുന്നതിനെ വളരെ ലാഘവത്തോടെയാണ് അയാള്‍ സമീപിക്കുന്നത്. ഈ സംഘ ചേഷ്ടയില്‍ സാമൂഹിക സാഹചര്യങ്ങള്‍ക്കുള്ള സ്വാധീനത്തെ കുറിച്ച് പഠിക്കാനും കോത്തിയര്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍, ട്രെയിന്‍ സാഹസങ്ങളോടുള്ള അമിതാകര്‍ഷണത്തില്‍ നിന്നും കുട്ടികളെ ഒരുമിപ്പിക്കുന്ന ശക്തമായ ബന്ധങ്ങളിലേക്ക് ചിത്രത്തിന്റെ ശ്രദ്ധ മാറുന്നു. ഒരു തരത്തിലുള്ള സാഹോദര്യം പങ്കുവയ്ക്കുന്ന ഈ ബാല്യകാല സുഹൃത്തുക്കള്‍, ദൈനംദിന ജീവിതത്തിലെ വിരസത എന്ന് അവര്‍ വിശേഷിപ്പിക്കുന്ന അവസ്ഥയില്‍ നിന്നും മോചനം നേടാനുള്ള വഴികള്‍ കണ്ടുപിടിക്കുന്നു. തങ്ങള്‍ ജീവിതം ധൂര്‍ത്തടിക്കുകയാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഒരാള്‍ കോത്തിയറോട് പറയുന്നത് പോലെ, ‘ജീവിതത്തില്‍ കൊള്ളാവുന്ന ഒരാളാവുന്നതിനെ കുറിച്ച് ഞാന്‍ യഥാര്‍ത്ഥത്തില്‍ ചിന്തിക്കാറുണ്ട് പക്ഷെ എനിക്കിപ്പോഴും സമയമുണ്ട്….ഇപ്പോള്‍ അത്തരം കാര്യങ്ങളെ കുറിച്ച് ഒരാള്‍ ആലോചിക്കുന്നത് വളരെ നേരത്തെയായിപ്പോകും.’

ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കഴിഞ്ഞ എന്താണ് പ്രേക്ഷകര്‍ തിരികെ കൊണ്ടുപോകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിലാണെങ്കിലും ലോകത്തെല്ലായിടത്തും സമാന മാനുഷിക ചലനാത്മകതയാണ് സംഭവിക്കുന്നത് എന്ന് എല്ലാവരും തിരിച്ചറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുംബെയുടെ പരുക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നാണെങ്കിലും, ന്യൂയോര്‍ക്കിലെ കുട്ടികള്‍ പെരുമാറുന്നത് പോലെയാണ് നിരവധി കാര്യങ്ങളില്‍ ഈ കുട്ടികളും പെരുമാറുന്നത്. അത്തരത്തില്‍ ആലോചിക്കുമ്പോള്‍ ഇതൊരു സൗഹാര്‍ദത്തിന്റെ കഥയാണ്. ആളുകള്‍ ആ രീതിയില്‍ മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ദാരിദ്ര്യത്തില്‍ കുരുങ്ങിപ്പോയതിനാല്‍ നിങ്ങളുടെ ജീവിതം മാറ്റി മറിക്കാന്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേയുള്ള എന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചും ഒരു യുവ വ്യക്തി എന്ന നിലയില്‍ നിങ്ങളുടെ തീരുമാനങ്ങളെ ഇത് എങ്ങനെ സ്വാധീനിക്കും എന്നതിനെ കുറിച്ചും ഉള്ള ഒരു കഥ കൂടിയാണിതെന്ന വസ്തുത എനിക്ക് നിഷേധിക്കാനാവില്ല. ഏത് സാഹചര്യത്തിലായാലും ആണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍ തന്നെയായിരിക്കും എന്നതാണ് ഈ ചിത്രം എടുത്തപ്പോള്‍ ഞാന്‍ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം.’

വീഡിയോ കാണാം:

TRAIN SURFERS | AFI Docs Official Selection from Adrien Cothier on Vimeo.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍