UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി ബി ഐയെ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കുമ്പോള്‍

സി ബി ഐ നടപടിയുടെ ഔദ്യോഗികമായ ശരിതെറ്റുകളല്ല വിഷയം. പക്ഷേ അത് നടപ്പാക്കിയ രീതി, മുഖ്യമന്ത്രിയുടെ കാര്യാലയം പൂട്ടി മുദ്രവെച്ചത്, ഇതൊക്കെ രാഷ്ട്രീയമായ അതിസാഹസങ്ങളാണ്.

കൌശലം നിറഞ്ഞ രാഷ്ട്രീയനീക്കങ്ങള്‍ക്ക് പേരെടുത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് കലാപത്തിന്റെ ചോരക്കറ മായ്ച്ചുകളഞ്ഞു വികസനത്തിന്റെ മിശിഹായായി; അടിയന്തരാവസ്ഥ മുതല്‍ കാലാവസ്ഥാമാറ്റം വരെയുള്ള വിഷയങ്ങളില്‍ കവിതയും പുസ്തകങ്ങളും രചിക്കുന്നു; നേതാക്കളില്‍ ഒരാളായി മാത്രം നീണ്ടകാലം നിന്നുപോന്ന ബി ജെ പിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറുന്നു; ചിട്ടയായി തനിക്കെതിരായ എല്ലാ വെല്ലുവിളികളും നീക്കുന്നു.

ഈ ശേഷികള്‍ക്കെല്ലാമെതിരെയും ഡല്‍ഹിയില്‍ ഒരു പുതിയ ആഖ്യാനം ഉയര്‍ന്നുവരികയാണ്. ഭാവനാശൂന്യമായ രാഷ്ട്രീയതന്ത്രങ്ങളാല്‍ മോദി സര്‍ക്കാര്‍ തപ്പിത്തടയുകയാണ്. അല്ലെങ്കില്‍ ചൊവ്വാഴ്ച്ച അരവിന്ദ് കേജ്രിവാളിന്റെ കാര്യാലയത്തില്‍ നടത്തിയ പരിശോധന എന്തായിരുന്നു?

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ തമാശ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നതില്‍ നിന്നും സി ബി ഐ ഇപ്പോള്‍ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു എന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്റിലെ നേതാവ് സുദീപ് ബന്ദോപാധ്യായ ഈ വികാരം വ്യക്തമാക്കുന്നുണ്ട്: “നേരത്തെ ആളുകള്‍ പറഞ്ഞിരുന്നത് സി ബി ഐ എന്നാല്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നായിരുന്നു. എന്നാലതിപ്പോള്‍ ജി ബി ഐ അഥവാ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നായിരിക്കുന്നു.  സി ബി ഐയുടെ ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും ഗുജറാത്ത് കേഡറില്‍ നിന്നുള്ളവര്‍. അവര്‍ ഗുജറാത്ത് കേഡര്‍ ഐ പി എസില്‍ നിന്നും അടുത്തിടെ നിയമിക്കപ്പെട്ടവരാണോ  എന്നും നോക്കണം. മോദി എന്നു പേരുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനുണ്ടോ എന്നും അറിയേണ്ടതുണ്ട്…സി ബി യെ ദുരുപയോഗം ചെയ്യുന്നതിനെയാണ് ഇത് കാണിക്കുന്നത്.”

കേജ്രിവാള്‍ ഒരു സാമ്പ്രദായിക ഭരണാധികാരിയല്ല. അയാള്‍ തെരുവുപോരാട്ടങ്ങള്‍ നടത്തുന്ന പ്രതിഷേധക്കാരന്റെ തലത്തിലാണ്, അതിലാണ് വൈദഗ്ദ്ധ്യവും. ആലോചിച്ചുറച്ച ദീര്‍ഘവീക്ഷണമുള്ള ഭരണനടപടികള്‍ കൊണ്ടുവരുന്നതില്‍ കേജ്രിവാളിനുണ്ടാകുന്ന തുടര്‍ച്ചയായ വീഴ്ച്ചകളെ മറികടക്കാവുന്ന വിധത്തില്‍ ഓരോ ദിവസവും മോദി അയാള്‍ക്ക് രാഷ്ട്രീയപ്രതിച്ഛായ നേടാനുതകുന്ന അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ-ഇരട്ട അക്ക രജിസ്ട്രേഷന്‍ നമ്പറുള്ള കാറുകള്‍ ഓടിക്കാനുള്ള അലങ്കോലമാകാന്‍ സാധ്യതയുള്ള നീക്കവുമായി കേജ്രിവാള്‍ കളത്തിലിറങ്ങിയപ്പോള്‍ മോദി സര്‍ക്കാര്‍ അയാളുടെ കാര്യാലയത്തിലേക്ക് സി ബി ഐയെ അയക്കുന്നു.

സി ബി ഐ നടപടിയുടെ ഔദ്യോഗികമായ ശരിതെറ്റുകളല്ല വിഷയം. പക്ഷേ അത് നടപ്പാക്കിയ രീതി, മുഖ്യമന്ത്രിയുടെ കാര്യാലയം പൂട്ടി മുദ്രവെച്ചത്, ഇതൊക്കെ രാഷ്ട്രീയമായ അതിസാഹസങ്ങളാണ്. ഇതെല്ലാം കേജ്രിവാളിനെ സഹായിക്കാനും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുമേ ഉതകുകയുള്ളൂ.

സി ബി ഐ പരിശോധന രജീന്ദര്‍ കുമാറിന്റെ കഴിഞ്ഞ കാലവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കാനായിരുന്നില്ല. കാരണം മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ അടുത്ത കാലത്തെ രേഖകള്‍ മാത്രമേ സൂക്ഷിക്കൂ. അപ്പോള്‍ അവരെന്താണ് തേടിക്കൊണ്ടിരുന്നത്?

കേജ്രിവാള്‍ ആരോപിക്കുന്നത്, ഈയടുത്ത കാലം വരെ അരുണ്‍ ജെയ്റ്റ്ലിയുടെ സ്വന്തം സാമ്രാജ്യമായിരുന്ന DDCA-ഡല്‍ഹി ക്രിക്കറ്റ് സമിതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് അവര്‍ വന്നതെന്നാണ്.

കേജ്രിവാള്‍ പറയുന്നതില്‍ ചില സത്യങ്ങളുണ്ട്. DDCA-ക്കും അതിന്റെ നടത്തിപ്പിനുമെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. അഴിമതിയാരോപണങ്ങളും കെടുകാര്യസ്ഥതയും ആരോപിച്ചവരില്‍ മുന്‍ ക്രിക്കറ്റ് താരവും ബി ജെ പി നേതാവുമായ കീര്‍ത്തി ആസാദും ബിഷന്‍ സിങ് ബേദിയും ഉള്‍പ്പെടും.

ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ കേജ്രിവാള്‍ കഴിഞ്ഞ മാസം രണ്ടു പേരുടെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ജെയ്റ്റ്ലിയുടെ കയ്യാളുകളുടെ അഴിമതിയെക്കുറിച്ച് റിപ്പോര്‍ട് നല്കിയ ചേതന്‍ സങ്ഘിയും രജീന്ദര്‍ കുമാറിനെപ്പോലെ അന്വേഷണം നേരിടുന്നു. കഴിഞ്ഞ ആഴ്ച്ച അഴിമതി വിരുദ്ധ ബ്യൂറോ നഗര വികസന പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സങ്ഘിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സങ്ഘി നീണ്ട അവധിയിലാണ്. 2011-ല്‍ ഡല്‍ഹി വ്യവസായ അടിസ്ഥാന സൌകര്യ കോര്‍പ്പറേഷന്‍ തലവനായിരിക്കെ നടന്നെന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുടെ പേരിലാണ് 1988 ബാച്ച് IAS ഉദ്യോഗസ്ഥനായ സങ്ഘിക്കെതിരെ കേസെടുത്തിട്ടുള്ളത്.

ജെയ്റ്റ്ലി ഉത്തരം പറയേണ്ട നിരവധി കാര്യങ്ങളുണ്ട്. ഏറെ പ്രധാനമായും സി ബി ഐ പരിശോധന, വളരുന്ന പ്രതിപക്ഷ ഐക്യം, ദേശീയതലസ്ഥാനത്തെ കുശുകുശുപ്പുകള്‍ എന്നിവയെല്ലാം രണ്ടു സംഗതികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്; ജെയ്റ്റ്ലിയുടെ പതനത്തിനുള്ള സാധ്യത. രണ്ട്, ഭരണപരമായ വീഴ്ച്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കേജ്രിവാളിന് വീണ്ടും അവസരം.

മോദി എന്ന തന്ത്രജ്ഞന്‍ എവിടെയാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍