UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹതാപമല്ല വേണ്ടത്; പുറത്താക്കിയ ഇടങ്ങള്‍ തിരിച്ചു നല്‍കുക

Avatar

ജിജോ കുര്യാക്കോസ് 

സമീപകാലത്തായി കേരളത്തിലെ ഓണ്‍ലൈന്‍ – കലാലയ – സര്‍ക്കാര്‍ – പൊതു ഇടങ്ങളില്‍ അധികമായി ചര്‍ച്ചചെയ്യപ്പെടുന്ന ഒരു മനുഷ്യാവകാശ വിഷയമാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റേത്. ഇക്കഴിഞ്ഞ ഇടയ്ക്ക് ഫേസ്ബുക്കില്‍ കണ്ട, ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്കിന് കൃത്യമായ ഒരു മലയാളം വാക്കു നിര്‍ദ്ദേശിക്കുന്ന ഒരു കുറിപ്പില്‍ കാര്യമുണ്ടെന്നു തോന്നിയെങ്കിലും മുന്നോട്ട് വെച്ച മാറ്റലിംഗര്‍ /സന്ദിഗ്ധലിംഗര്‍ മുതലായ പദങ്ങള്‍ കണ്ടപ്പോള്‍ സങ്കടം തോന്നി. സുപ്രീം കോടതിയുടെ ട്രാന്‍സ്ജെന്‍ഡേഴ്സിനെ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നോടിയായി കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് മൂന്നാംലിംഗം എന്ന വിളിപ്പേര് വീഴുകയും അതൊരു പരിധിവരെ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തു.

 

പെണ്‍സ്വഭാവമുള്ള ആണുങ്ങള്‍, ആണടയാളങ്ങള്‍ പിന്തുടരുന്ന പെണ്ണുങ്ങള്‍, ദ്വിലിംഗര്‍, ആണ്‍-പെണ്‍ ലിംഗസ്വത്വങ്ങള്‍ക്ക് അപ്പുറം അല്ലെങ്കില്‍ പുറത്തു നിന്നിരുന്ന ആളുകള്‍ മുതലായവരെ അഭിസംബോധന ചെയ്തുകൊണ്ട് ഹിന്ദു പുരാണേതിഹാസങ്ങളില്‍ പറഞ്ഞിരിക്കുന്ന ത്രിതീയപ്രകൃതി(1) എന്ന വാക്കില്‍ നിന്നാവണം തേര്‍ഡ്‌ജെന്‍ഡര്‍ എന്ന വാക്കു വന്നത്. നമ്മുടെ രാജ്യത്തൊഴികെ ലോകത്തൊരിടത്തും ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഇങ്ങനെ മൂന്നാംലിംഗക്കാരായി കണക്കാക്കുന്നില്ല എന്നത് മറ്റൊരു കൗതുകം! ജന്മനായുള്ള ലിംഗത്വത്തില്‍ നിന്നും മാറി ചില പ്രത്യേക സാഹചര്യങ്ങളില്‍ മറുലിംഗത്തില്‍പെട്ട ആളായി മാറുന്ന പല കഥാപാത്രങ്ങളും കഥസന്ദര്‍ഭങ്ങളും പുരാണങ്ങളില്‍(2) കാണാന്‍ സാധിക്കും. പുരാണരചയിതാക്കളുടെ ഭാവനകലര്‍ന്ന ഇത്തരം നിര്‍മിതികള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു എന്ന്‌ പൊതു ഇടങ്ങളില്‍ പറഞ്ഞു വരാറുണ്ടെങ്കിലും ഇതൊന്നും തന്നെ സാഹചര്യമാറ്റങ്ങള്‍ക്കപ്പുറം സ്ഥിരമായുള്ള ഒരു സ്വത്വത്തെ ബലപ്പെടുത്തുന്നതായി വായിച്ചറിവില്ല.

ഏതപേക്ഷയിലും വരുന്ന പേര്, വയസ്സ്, സെക്‌സ് എന്നീ മൂന്നു ഘടകങ്ങളില്‍ സെക്‌സ് എന്നതിന്റെ പുരാണപതിപ്പാണ് പ്രകൃതി എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ സെക്‌സ് കോളത്തിനു പകരം താരതമ്യേനെ കൂടുതലായി ഉപയോഗിക്കുന്ന ജെന്‍ഡര്‍ എന്ന വാക്കിനെ കൂടുതലായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ വാക്കിനെ ചുറ്റിപ്പറ്റിയാണല്ലോ ട്രാന്‍സ്ജെന്‍ഡര്‍ നിര്‍വചനങ്ങള്‍ വരുന്നതും. ബയോളജിക്കല്‍ സെക്‌സ് എന്നാല്‍ ആണോ, പെണ്ണോ എന്നുമാത്രം മനസ്സിലാക്കി ജന്‍മനായുള്ള ലിംഗം (സെക്‌സ് ഓര്‍ഗന്‍) നോക്കി കുട്ടിയുടെ ജന്‍ഡര്‍ ‘നിശ്ചയിക്കുന്ന’ ഇടങ്ങളില്‍ ഒരു പക്ഷെ വളരെ ആശ്ചര്യമുളവാക്കുന്ന ഒരു കാര്യമായിരിക്കും ഇന്റര്‍സെക്‌സ് ആളുകളുടെ അവകാശങ്ങളെ മാനിച്ച് ജര്‍മനിയില്‍ നിലവില്‍ വന്ന ഒരു നിയമം(3).

 

 

ട്രാന്‍സ്ജെന്‍ഡര്‍ വിഷയത്തെ കുറച്ചധികമായി ചര്‍ച്ചക്ക് വെക്കുന്ന കേരളത്തിലെ പൊതു ഇടങ്ങള്‍ തീരെ മറക്കുന്ന ഒരു കാര്യമാണ് ഇന്റര്‍സെക്‌സ് ആളുകളുടേത്. ആണും പെണ്ണും ചേര്‍ന്ന അര്‍ദ്ധനാരീശ്വരനെ കാണിച്ച് ട്രാന്‍സ്ജെന്‍ഡര്‍ ഉദാഹരണം പറയുന്നവര്‍ ഇതും കൂടി അറിഞ്ഞോ, ആണിന്റെയും പെണ്ണിന്റെയും ലൈംഗികാവയവങ്ങളോട് കൂടി ജനിക്കുന്നവരും ഉണ്ട് നമ്മുടെ കൂട്ടത്തില്‍. പൂര്‍ണ്ണ അജ്ഞത കാരണം ഇതില്‍ ഏതെങ്കിലുമൊരു ലൈംഗികാവയവം ജനിച്ച പുറകെ ശസ്ത്രക്രിയവഴി നീക്കം ചെയ്യാറുണ്ട്. ഇത്തരം കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവര്‍ക്ക് ഏവരുടെയും പോലെ ലിംഗ (ജെന്‍ഡര്‍) ബോധം ഉണ്ടാവുകയും അത്യന്തം ചിന്താകുഴപ്പത്തിലാവുകയും ചെയ്യും. ഉദാഹരണത്തിന് നമ്മുടെ വളരെയടുത്തൊരു സുഹൃത്ത് ചിഞ്ചു അശ്വതി. കക്ഷി ഒരു ഇന്റര്‍സെക്‌സ് ആളാണ്. ഇനി ഇയാള്‍ടെ ജെന്‍ഡര്‍ എന്താണ്? ആ കുട്ടി എന്താണെന്നു സ്വയം തിരിച്ചറിയുന്നോ അതാണ് ആളുടെ ജെന്‍ഡര്‍. ട്രാന്‍സ് വിഷയത്തിനൊപ്പം ഇത് പറയാന്‍ കാര്യം, ട്രാന്‍സ് ആരാണ് എന്ന് പലര്‍ക്കും ശരിക്കും അറിയില്ല എന്ന തോന്നല്‍ കാരണമാണ്.

 

‘മാറ്റലിംഗര്‍/സന്ദിഗ്ധലിംഗര്‍’ തുടങ്ങിയ ട്രാന്‍സ് അഥവാ മാറ്റത്തെ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ യഥാര്‍ത്ഥത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ചേരുന്നവയോ എന്നാലോചിക്കണം. കാരണം എല്ലാ ട്രാന്‍സ്ജെന്‍ഡേഴ്സും മാറ്റം നടത്തിയവരോ എതിര്‍ലിംഗമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരോ അല്ല. ഉദാഹരണമായി നമ്മുടെ സ്വന്തം ശീതള്‍! അവര്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്നു തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. സൂര്യ വിനോദ്, ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഒരു ‘സ്ത്രീ’ എന്ന നിലയില്‍ വോട്ടു രേഖപ്പെടുത്തി. അതെ സമയം തൃശൂര്‍ ഉള്ള സുചി എന്നയാള്‍ തേര്‍ഡ്‌ജെന്‍ഡര്‍ എന്നവിഭാഗത്തിലാണ് വോട്ടു അടയാളപ്പെടുത്തിയത്. ഇവര്‍ മൂന്നു പേരുടെയും കാര്യമെടുത്താല്‍ അഭിസംബോധനക്ക് പൊതുവായ ഒരു വാക്ക് ഉപയോഗിക്കാന്‍ പറ്റുമോ, ട്രാന്‍സ്ജെന്‍ഡര്‍ എന്നതല്ലാതെ?

 

കൃത്യമായ ഒരു വാക്ക് നിര്‍മിക്കാന്‍ പാടായ ചില അവസരങ്ങളില്‍ എങ്കിലും ഇംഗ്ലീഷ് ഭാഷയിലെ അതേ വാക്കുകള്‍ തന്നെ മാതൃഭാഷയിലേക്കു കടമെടുക്കാറുണ്ട്. അതുപോലെ ഇതും ഉതകുമെന്നു തോന്നുന്നു. ഭിന്നലിംഗര്‍ എന്ന വാക്ക് മാധ്യമങ്ങള്‍ സജീവമായി ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും അതിനോട് തീര്‍ത്തും വിയോജിക്കുന്നു! ചില ഫീമെയില്‍ ടു മെയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുകള്‍ക്ക് തങ്ങള്‍ മാറ്റം സംഭവിച്ചവര്‍ ആണ് എന്നറിയപ്പെടാനാഗ്രഹമില്ല. അതിനാലവര്‍ മെയില്‍ (ആണ്‍) ആയിത്തന്നെ സ്വയം അടയാളപെടുത്തുന്നു. അതുപോലെ ചില മെയില്‍ ടു ഫീമയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് തിരിച്ചും. ഇനി നമ്മളറിയുന്ന ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ കാര്യം. ദൃശ്യമായവരെ മാത്രമല്ലേ നമ്മള്‍ അറിയുന്നുള്ളു. അര്‍ദ്ധനാരി എന്ന മലയാള ചലച്ചിത്രത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥാപാത്രം ഓര്‍മ്മയുണ്ടോ? അതില്‍ അയാള്‍ സ്ത്രീ സ്വത്വവും പുരുഷ സ്വത്വവും ഉള്ളയാളായിട്ടാണ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്ന അവസ്ഥയല്ല അതില്‍. ആയാളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ തന്നെയാണ്. പക്ഷെ മാറ്റം ബാധകമല്ലാത്ത ഒരാള്‍. വേണമെങ്കില്‍ ബൈജെന്‍ഡര്‍ എന്നൊക്കെ വിളിക്കാം.

 

 

ജനിക്കുന്ന കുട്ടി ആണോ പെണ്ണോ എന്ന് ജനനസാക്ഷ്യപത്രത്തില്‍ നിര്‍ബന്ധമായി ചേര്‍ക്കേണ്ടതില്ല എന്ന ജര്‍മനിയിലെ നിയമം ഇന്റര്‍സെക്‌സ് കുട്ടികളുടെ ജീവിതങ്ങള്‍ക്ക് പുതിയ മാനമാണ്‌ നല്‍കിയത്. അതുപോലെ ട്രാന്‍സ് ജീവിതങ്ങള്‍ക്കും. ജനിക്കുമ്പോഴേ ലിംഗമേതെന്നു തീരുമാനിച്ചും അത് സര്‍ട്ടിഫിക്കറ്റിലാക്കിയും ഏത് ഔദ്യോഗികരേഖയിലും അത് ചുമന്നും കൊണ്ട് നടക്കുന്ന നമുക്കൊക്കെ ഇത് ഒരു മാതൃകയാണ്. ഒരാളുടെ ജെന്‍ഡര്‍ നിര്‍ണ്ണയിക്കേണ്ടത് മറ്റൊരാള്‍ അല്ല. അത് ഒരാള്‍ വളര്‍ന്നു വരുമ്പോള്‍ ഇന്നതാണെന്നറിഞ്ഞ്, സ്വയം നിര്‍ണ്ണയിക്കുന്ന കാര്യമാണ് എന്ന ഓര്‍മ്മപ്പെടുത്തലും. പല വൈദേശിക ചരിത്ര രേഖപ്പെടുത്തലുകളിലുമുള്ള മറ്റൊരു വിഭാഗമാണ് റ്റു-സ്പിരിറ്റഡ് ആളുകള്‍. ആണ്‍-പെണ്‍ ചേതനകള്‍ ഒരാളില്‍ തന്നെ കാണുന്ന ഈ അവസ്ഥയെപ്പറ്റി പറയുമ്പോള്‍ മറ്റൊരു കൗതുകം കടന്ന് വരും. മനസ്സിന് ജെന്‍ഡര്‍ ഉണ്ടോ എന്ന്? ഓരോ ലിംഗാവസ്ഥയും സമൂഹം നിഷ്‌കര്‍ഷിക്കുന്ന കീഴ്വഴക്കങ്ങളും തമ്മില്‍ പൊരുത്തക്കേട് നേരിടുന്നതാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നെന്നിരിക്കെ ആണ്‍-പെണ്‍ ലിംഗാവസ്ഥയല്ലാത്ത അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന സ്ഥിതിവിശേഷം ഉള്ളവര്‍ ഈ വ്യത്യസ്തത കാരണം എത്രയോ ഇരട്ടിവിവേചനം നേരിടും.

 

ആണില്‍ നിന്നും പെണ്ണിലേക്ക് അല്ലെങ്കില്‍ പെണ്ണില്‍ നിന്നും ആണിലേക്ക്; ഇവ രണ്ടും മാത്രമാണ് ട്രാന്‍സ്ജെന്‍ഡര്‍ സംഗതി എന്ന ധാരണ മാറേണ്ടിയിരിക്കുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറും, മാറാനാഗ്രഹിക്കുന്നു മുതലായ ശീലുകള്‍ മാത്രം ചാര്‍ത്തി ട്രാന്‍സ്ജെന്‍ഡേഴ്സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ അതിനുമപ്പുറം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജന്മനാ ഏല്‍പ്പിക്കപ്പെട്ട ലിംഗത്വത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കാത്തവരാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് (ഏറെക്കുറേ സ്പഷ്ടമായ നിര്‍വചനം വിക്കിപീഡിയയില്‍ ലഭ്യമാണ്). ഒരു സാമൂഹികനിര്‍മ്മിതയായ ജെന്‍ഡറിനെ പുല്‍കി ലിംഗകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ എതിര്‍ലിംഗത്തിലേക്കു മാറ്റം നടത്തിയവരോ നടത്താനാഗ്രഹിക്കുന്നവരോ മാത്രമല്ല ട്രാന്‍സ്ജെന്‍ഡേഴ്സ്. അത് തികച്ചും മനോഹരമായ ഒരു മാനസികപദവിയും കൂടിയാണ്.

 

 

അങ്ങനിരിക്കെയാണ് ഇവിടെ മെയില്‍ – ടു – ഫീമെയില്‍ അല്ലെങ്കില്‍ ഫീമെയില്‍ – ടു – മെയില്‍ ദ്വന്ദ്വങ്ങളില്‍ മാത്രം അവരെ ഒതുക്കി ആണ്‍ – പെണ്‍ ഘടനകളിലേക്ക് ട്രാന്‍സ്ജെന്‍ഡേഴ്സിനെ തളച്ചിടാനുതകുന്ന ‘പുരോഗമനനിലപാടുകള്‍’ ഉരുത്തിരിയുന്നത്. 1920-കളില്‍ ഡെന്മാര്‍ക്കില്‍ ജീവിച്ചിരുന്ന എല്‍ബ എന്ന ആളിന്റെ ജീവിതത്തെ ആസ്പദമാക്കി ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ‘ഡാനിഷ് ഗേള്‍’ എന്ന ഇംഗ്ലീഷ് സിനിമ ആശ്ചര്യമുളവാക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്ക് നിലവില്‍ വരുന്നതിനും വളരെ മുന്നേ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു സ്ത്രീയായി മാറിയ എല്‍ബയുടെ അനുഭവം അതിമനോഹരമായ ദൃശ്യാനുഭവമാവുന്ന സിനിമയില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നതും സ്വവര്‍ഗാനുരാഗി എന്നതും തീര്‍ത്തും വ്യത്യസ്ത കാര്യങ്ങളായി കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ വളരെ രസകരമെന്നു പറയട്ടെ, ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആളിന്റെ കഥ വളരെ തന്മയത്വത്തോടെ കാണിച്ച ‘ഓടും രാജ ആടും റാണി’ എന്ന മലയാള സിനിമ ഒരു പരിധി വരെ ചില മാധ്യമങ്ങള്‍ സ്വവര്‍ഗലൈംഗികതയുടെ വകഭേദമായാണ് വിലയിരുത്തിയത്(4).

 

 

ട്രാന്‍സ്ജെന്‍ഡര്‍ നയം സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്നതിനു ശേഷം വര്‍ധിച്ച സ്വീകാര്യത ഈ കാര്യത്തില്‍ കാണുന്നതില്‍ സന്തോഷം. പ്രത്യേകിച്ചും കലാലയങ്ങളില്‍, എഴുത്തുകളില്‍ തുടങ്ങി സാമൂഹികക്ഷേമവകുപ്പ് വരെ എത്തി നില്‍ക്കുന്നു വിഷയത്തിനുള്ള അനുകൂല നിലപാടുകളും പ്രവര്‍ത്തനങ്ങളും. എന്നാല്‍ ഇതിനേക്കാളും കൂടുതലല്ലെങ്കില്‍ കൂടി ഒട്ടും കുറവല്ലാത്ത പരിഗണന അര്‍ഹിക്കുന്ന ഒരു മനുഷ്യാവകാശ പ്രശ്‌നമാണ് സ്വവര്‍ഗാനുരാഗികളുടേതും. മുന്‍പെന്നത്തേക്കാളും അധികമായി കേരളത്തിലെ ഒട്ടുമിക്ക ജനമുന്നേറ്റങ്ങളും സാംസ്‌കാരികകൂട്ടായ്മകളും കലാലയങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ വിഷയം അതീവ സ്വീകാര്യതയോടെ ചര്‍ച്ചക്കെടുക്കുമ്പോള്‍ സ്വവര്‍ഗലൈംഗികതയെക്കുറിച്ചു മിണ്ടാന്‍ ഇവരാരും തയ്യാറാവുന്നില്ല.

 

ട്രാന്‍സ്ജെന്‍ഡര്‍ വിഷയം പ്രതിപാദ്യകാര്യമായി കൊണ്ടുവരുന്ന അനേകം ഇടങ്ങളില്‍ ഞങ്ങള്‍ സ്വവര്‍ഗലൈംഗികതയെക്കുറിച്ചും സംസാരിക്കാന്‍ അവസരം ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്താണെന്നറിയില്ല, മിക്ക പൊതുഇടങ്ങളുടെയും കലാലയങ്ങളുടെയും താല്‍പര്യം ട്രാന്‍സ്ജെന്‍ഡര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മാത്രമാണ്. പലപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു സംഗതി ഇത്തരം സംഘാടകരില്‍ നിന്നും കേട്ടത് ട്രാന്‍സ്ജെന്‍ഡേഴ്സിനല്ലേ കൂടുതല്‍ പ്രശ്‌നങ്ങള്‍ എന്നതാണ്! വ്യത്യസ്ത ജെന്‍ഡറുമായി ബന്ധപെട്ടു സ്വീകാര്യത ലഭിക്കാനും മറ്റുമുള്ള ദൃശ്യമായ പ്രശ്‌നങ്ങള്‍ മാത്രം അറിവുള്ളത് കൊണ്ടല്ലേ ഈ ഒരു ചോദ്യം വരുന്നത്? വര്‍ഷങ്ങളോളം ഒരു സ്വവര്‍ഗാനുരാഗി അനുഭവിക്കുന്ന ആന്തരിക, മാനസിക വിഷമം എത്രത്തോളം ദൃശ്യമാക്കാന്‍ സാധിക്കും. അവര്‍ക്കു ലിംഗതന്മയുമായി ബന്ധപ്പെട്ട വൈഷമ്യമല്ല എന്നുള്ളതും തന്റെ തന്നെ ലിംഗത്തില്‍പ്പെട്ടയാളിനോട് മാത്രമേ ആകര്‍ഷണം തോന്നുന്നു എന്നുള്ളതുമാണ് പ്രശ്‌നമെന്നും എങ്ങനെ തുറന്നു പറഞ്ഞ് അസഹിഷ്ണുതയെ അതിജീവിക്കും? അതിനെ അതിജീവിക്കാന്‍ എനിക്ക് വേണ്ടി വന്നത് പതിനഞ്ചു വര്‍ഷങ്ങള്‍. അത് കൃത്യസമയത്ത് മാര്‍ഗനിര്‍ദ്ദേശം തരാന്‍ ഗേ സുഹൃത്തുക്കള്‍ ഉണ്ടായതു കൊണ്ടും മാത്രം നടന്ന കാര്യം. ഇതിനു സാധിക്കാതെ സമൂഹം ആവശ്യപ്പെടുന്ന മാതൃകാമനുഷ്യരായി നടിക്കാന്‍ ആര്‍ക്കോ വേണ്ടി എതിര്‍വര്‍ഗ വിവാഹങ്ങളില്‍ അകപ്പെടുന്നവര്‍, തുടര്‍ന്ന് വിവാഹബന്ധത്തതില്‍ നേരിടുന്ന ഏകാന്തത, എതിര്‍ വര്‍ഗ പങ്കാളിയുമൊത്ത് കൃത്രിമ ലൈംഗികപ്രകടനങ്ങള്‍ അങ്ങനെ കുറെ പ്രശ്‌നങ്ങള്‍ ഒരു വശത്ത്. സ്വവര്‍ഗാനുരാഗി ആയതുകൊണ്ട് മാത്രം തീര്‍ത്തും ഉള്‍വലിഞ്ഞു ജീവിച്ച് എങ്ങും എത്താതെപോകുന്ന ജീവിതങ്ങള്‍ മറ്റൊരു വശത്ത്. സ്വയം തിരിച്ചറിഞ്ഞാലും ഒരു പങ്കാളിയെ ലഭിക്കാതെ തീര്‍ത്തും ഒറ്റപ്പെട്ടു പോകുന്നവര്‍ വേറൊരു വശത്ത്. എല്ലാത്തിനും മീതെ ഐപിസി 377 എന്ന നിയമവും.

 

ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ പൊതുസമ്മേളനങ്ങളില്‍ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ അത് സന്തോഷജന്യവും എന്നാല്‍ ഇതേ പിന്തുണ ഇത്തരം വേദികളില്‍ ലിംഗന്യൂനപക്ഷമായ ട്രാന്‍സ്ജെന്‍ഡേഴ്സില്‍ മാത്രമായി പോകുന്നത് ഒരേ സമയം നിരാശാജനകവുമാണ്. ഇതൊക്കെ നില്‍ക്കുകയും സ്വവര്‍ഗലൈംഗികതമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ക്ക് കുറവ് പരിഗണന നല്‍കുന്ന ഇടങ്ങള്‍ തുടരുകയും ചെയ്യുമ്പോള്‍ ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ ഇനിയും ശക്തമാവേണ്ടതുണ്ട്. സ്ത്രീപുരുഷ ദ്വിമാനങ്ങളില്‍ കുരുങ്ങി നില്‍ക്കുന്ന ലിംഗതന്മയെ; ലൈംഗികതയെ, ഹെട്രോസെക്ഷ്വാലിറ്റിയുടെ ഏകമാനഘടനയില്‍ മാത്രം ഉയര്‍ത്തിക്കാട്ടുന്ന സദാചാരസാമൂഹിക ബോധത്തെ ശക്തമായി ചോദ്യം ചെയ്യുന്ന വിമതലൈംഗികതാ മുന്നേറ്റം അതുകൊണ്ടുതന്നെ കേരളത്തിലെ മനുഷ്യാവകാശ മുന്നേറ്റങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായകമായ സ്ഥാനം ഉള്‍ക്കൊള്ളുകയും വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ജെന്‍ഡറിനെ മാത്രം മുന്‍നിര്‍ത്തികൊണ്ടുള്ള ലൈംഗികന്യൂനപക്ഷ / വിമതലൈംഗികതാ പ്രതിപാദനങ്ങള്‍ പരിണാമിക്കേണ്ടിയിരിക്കുന്നു. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ഇന്റര്‍സെക്‌സ് സാന്നിധ്യങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാവേദികളില്‍ സജീവമാവട്ടെ.

ലിംഗത്തോട് ചേര്‍ത്ത് മാത്രം ട്രാന്‍സ്ജെന്‍ഡേഴ്സിനെ കാണുന്നതും മാറേണ്ടതുണ്ട്. ഭിന്നലിംഗര്‍/ മാറ്റലിംഗര്‍/ അപരലിംഗര്‍ അങ്ങനെ കുറെ വാക്കുകള്‍. ലിംഗ (സെക്സ്)വും ലിംഗതന്മയും(ജെന്‍ഡര്‍) രണ്ടാണെന്നും രണ്ടാമത്തേതുമായി കൂടി ബന്ധപ്പെട്ടുള്ളതാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഷയം എന്ന് മനസിലാക്കി പൊതു ഇടപെടല്‍ കൂടുതല്‍ അനുകൂലമാവുമെന്നു പ്രതീക്ഷിക്കാം. അപ്പോഴും കേരളത്തില്‍ ചര്‍ച്ചകള്‍ മുഖം തിരിക്കുന്ന ഒരു പ്രധാനകാര്യമാണ് ലൈംഗികത. ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ ലൈംഗികതയെ എന്ത് വിളിക്കും? ഇന്റര്‍സെക്‌സ് ആളുകളുടെ ലൈംഗികതയെ എന്ത് വിളിക്കും? ഒരു ലിംഗാവസ്ഥയില്‍ നിന്ന് എതിര്‍ ലിംഗത്തില്‍പ്പെട്ട ആളിനോട് ലൈംഗികാകര്‍ഷണം തോന്നുന്ന എതിര്‍വര്‍ഗലൈംഗികതയും ഒരേ ലിംഗത്തില്‍പ്പെട്ട ആളിനോട് ലൈംഗികാകര്‍ഷണം തോന്നുന്ന സ്വവര്‍ഗലൈംഗികതയും ഉള്ളപ്പോള്‍ ഒരേ ശരീരത്തില്‍ തന്നെ രണ്ടു ലിംഗാവസ്ഥയുള്ള ഒരാള്‍ക്ക് മറ്റൊരാളോടുള്ള ആകര്‍ഷണത്തെ എങ്ങനെ കാണണം? ലിംഗമാറ്റം നടത്താത്ത ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ ലൈംഗികത എന്തായിരിക്കും? ലിംഗ (സെക്സ്)വും ലിംഗതന്മയും (ജെന്‍ഡര്‍) കാരണം ഈ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ കൂടി ആലോചിക്കൂ. ഒട്ടും സഹിഷ്ണുതമല്ലാത്ത നാട്ടില്‍ നില്‍ക്കാനാവാതെ നമ്മുടെ വലിയൊരു വിഭാഗം ഗേ-ലെസ്ബിയന്‍ സുഹൃത്തുക്കളും കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി ജീവിക്കുന്നു. ഇവിടെയുള്ളവര്‍ക്കോ, ഇത് തുറന്നു പറയാനുള്ള സാമൂഹിക ഇടങ്ങള്‍ ഒട്ടുമില്ല താനും. ഇവരുടെ വിഭവശേഷിയും നമ്മുടെ നാടിന് ഉപകാരപെടേണ്ടത് തന്നെ. സഹതാപമല്ല ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടത്, അനുഭാവമാണ് നിങ്ങളോരോരുത്തരുടേയും.

 

(ക്വിയറള (www.queerala.org) ഫൗണ്ടര്‍ മെമ്പറാണ് ജിജോ)

റെഫറന്‍സ് 

[1] Buhler, G., trans. The Laws of Manu (3.49). Delhi: Motilal Banarsidass, 2001

[2] For a complete description of twenty-nine of the most gender-variant Hindu deities, see Part One, Chapter Three of Wilhelm’s Tritiya-Prakriti: People of the Third Sex.

[3] http://www.bbc.com/news/world-europe-24767225

[4] http://timesofindia.indiatimes.com/entertainment/malayalam/movie-reviews/Odum-Raja-Adum-Rani/movie-review/45255667.cms

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍