UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടോയ്ലറ്റ് ഉപയോഗിക്കുന്നതില്‍ തുല്യത ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥി കോടതിയില്‍

Avatar

ടി. റീ ഷാപ്പിറോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പതിനാറുവയസായ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥി സ്കൂളിന്റെ റെസ്റ്റ്റൂം പോളിസി ബാത്ത്റൂം ഉപയോഗിക്കാനുള്ള തങ്ങളുടെ സൌകര്യത്തെ പ്രശ്നവല്‍ക്കരിക്കുന്നതായി ആരോപിച്ച് വിര്‍ജീനിയയിലെ സ്കൂള്‍ ബോര്‍ഡിനെതിരെ ഫെഡറല്‍ ലോ സൂട്ട് ഫയല്‍ ചെയ്തിരിക്കുകയാണ്.

ഗാവിന്‍ ഗ്രിമ്മിനുവേണ്ടി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഫയല്‍ ചെയ്ത ലോ സൂട്ടില്‍ പറയുന്നത് ഗ്ലോഷസ്റ്റര്‍ ഹൈസ്കൂള്‍ പോളിസി ഈ വിദ്യാര്‍ഥിയുടെ നിയമപരമായ അവകാശങ്ങളെ ഹനിക്കുന്നുവെന്നാണ്. അമേരിക്കന്‍ ജില്ലാകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കോടതിരേഖകളില്‍ ഗാവിനെപ്പോലെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക റെസ്റ്റ്റൂം  നിര്‍ബന്ധമാക്കി അവര്‍ക്ക് സാധാരണസൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നിഷേധിക്കുന്നത് വിവേചനപരമാണ് എന്നാണ് പറയുന്നത്.

സ്കൂള്‍ ബോര്‍ഡിന്റെ പോളിസി അനാവശ്യമായ ക്രൂരതയും വേര്‍തിരിവും പ്രതിഫലിക്കുന്നതാണെന്ന് ഈ കേസ് ഫയല്‍ ചെയ്ത അഭിഭാഷകനായ ജോഷ്വാ ബ്ലോക്ക് പറയുന്നു. “ഏത് വിദ്യാര്‍ഥിയും,, ഭിന്നലൈംഗികതയുള്ളവരായാലും അല്ലെങ്കിലും, അവര്‍ക്ക് കൂടുതല്‍ സ്വകാര്യത വേണമെങ്കില്‍ സിംഗിള്‍ സ്റ്റാള്‍ റെസ്റ്റ്റൂമുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണം. എല്ലാ കുട്ടികളുടെയും സ്വകാര്യതയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനുപകരം സ്കൂള്‍ബോര്‍ഡ് ചെയ്തിരിക്കുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് മറ്റുകുട്ടികളുടെ റെസ്റ്റ്റൂം ഉപയോഗിക്കാന്‍ അവര്‍ യോഗ്യരല്ല എന്ന ഉത്തരവിറക്കുകയാണ്.”

ഗേള്‍സ്‌ ബാത്ത്റൂമുകളും ബോയ്സ് ബാത്ത്റൂമുകളും അതാത് ലിംഗങ്ങളില്‍ പെടുന്നവര്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന പോളിസി കഴിഞ്ഞ ഡിസംബറില്‍ ഇറക്കിയതോടെയാണ് കേസിന്റെ തുടക്കം.

ഗാവിന്‍ സ്കൂളിലെ ആണ്‍കുട്ടികളുടെ ബാത്ത്റൂം ഉപയോഗിക്കുന്നതില്‍ അനൌചിത്യം തോന്നിയ മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് ശേഷം വോട്ടിങ്ങോടെയാണ് ഈ തീരുമാനമെടുത്തത്. സ്ത്രീയായി ജനിക്കുകയും പിന്നീട് പുരുഷനെന്നു സ്വയം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ജെന്‍ഡര്‍ ഡിസ്ഫോറിയ സ്ഥിതീകരിച്ചയാളാണ് ഗാവിന്‍. ഒരു പ്രശ്നവും കൂടാതെ ഏഴ് ആഴ്ച ആണ്‍കുട്ടികളുടെ ബാത്ത്റൂം ഗാവിന്‍ ഉപയോഗിച്ചതിനുശേഷമാണ് സ്കൂള്‍ ബോര്‍ഡിന്റെ ഈ തീരുമാനം ഉണ്ടായത്.

“എനിക്ക് സമാധാനമായി ബാത്ത്റൂം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ മതി,” ഗാവിന്‍ പറഞ്ഞു. “സ്കൂള്‍ ബോര്‍ഡ് ഈ പോളിസി പാസാക്കിയത് മുതല്‍ ഓരോ തവണ ബാത്ത്റൂം ഉപയോഗിക്കേണ്ടി വരുമ്പോഴും എന്നെ തിരഞ്ഞുപിടിച്ച് നാണംകെടുത്തുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.”

സ്കൂള്‍ബോര്‍ഡിന്റെ നടപടിയുടെ അടിസ്ഥാനത്തില്‍ നീതിന്യായ വിദ്യാഭ്യാസവകുപ്പുകള്‍ക്ക് എസിഎല്‍യു ഒരു ഫെഡറല്‍ ഡിസ്ക്രിമിനേഷന്‍ പരാതി രേഖപ്പെടുത്തി. അതില്‍ അന്വേഷണം തുടരുകയാണ്.

“പ്രത്യേക ബാത്ത്റൂം നിയമങ്ങള്‍ കൊണ്ടുവന്നു സ്കൂള്‍ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ക്കൂടി ഹൈസ്കൂള്‍ ഏത് വിദ്യാര്‍ത്ഥിക്കും സംഘര്‍ഷഭരിതമാണ്.” എ സി എല്‍ യു അഭിഭാഷക റബേക്ക ഗ്ലെന്‍ബെര്‍ഗ് പറയുന്നു. “ഗാവിന്‍ ഒരു അസാമാന്യധൈര്യശാലിയായ കുട്ടിയാണ്. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമല്ല അവന്‍ കേസ് കൊടുത്തത്. അവനുശേഷം വരാവുന്ന എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയാണ്. അവനുവേണ്ടി കേസ് പോകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.”

സ്കൂള്‍ ബോര്‍ഡ് ഈ വിഷയത്തോട് പ്രതികരിച്ചില്ല.

ഇക്വാലിറ്റി വിര്‍ജിനിയ എന്ന സിവില്‍ റൈറ്റ്സ് സംഘത്തിന്റെ ഡയറകറ്ററായ ജെയിംസ് പാരിഷ് പറയുന്നത് ഓരോ വിദ്യാര്‍ത്ഥിക്കും തുല്യ അവകാശങ്ങള്‍ ഉണ്ടെന്നാണ്.

“ബഹുമാനത്തിന്റെയും പരസ്പരസഹകരണത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സ്കൂളുകളുടെ ജോലി. ഒരു കുട്ടിയും അവര്‍ ആരാണ് എന്നതിന്റെ പേരില്‍ വേര്‍തിരിവ് അനുഭവിക്കരുത് എന്നതും സ്കൂളിന്റെ ഉത്തരവാദിത്തമാണ്.” പാരിഷ് പറയുന്നു. “കുട്ടികളുടെ സ്വത്വങ്ങളെ ബഹുമാനിക്കുന്നത് പ്രധാനമാണ്. തങ്ങള്‍ ആരാണ് എന്ന് ഒരു കുട്ടിക്കുള്ള ബോധത്തെ ഹനിക്കുന്നതിന് വളരെ ഗുരുതരമായ പ്രത്യഘാതങ്ങളുണ്ടാകാം. ഇത് ചര്‍ച്ച ചെയ്യേണ്ടിവരുന്നു എന്നത് തന്നെ ദുഃഖകരമാണ്.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍