UPDATES

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ട്രന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തമാകുന്നു

അഴിമുഖം പ്രതിനിധി

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ട്രന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചെന്നൈ പോണ്ടി ബസാറിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെ താര എന്ന 28 കാരി ട്രാന്‍സ്‌ജെന്റര്‍ കൊല്ലപ്പെട്ടത്. ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ്  താര കൊല്ലപ്പെട്ടത്.

നവംബര്‍ എട്ടിന് രാവിലെ ഫോണ്‍ റീചാര്‍ജ് ചെയ്യാനായി നുങ്കംപക്കത്തെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ താരയെ ലൈംഗിക തൊഴിലിനായി സ്ത്രീകളെ തിരഞ്ഞ് ഇറങ്ങിയതാണെന്ന് ആരോപിച്ച് പോണ്ടി ബസാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ചോദ്യം ചെയ്യാനെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. പോലീസ് താരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും അവരുടെ വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് താരയും പോലീസുമായി വാക്കേറ്റവും ഉണ്ടായതായി സുഹൃത്തുക്കള്‍ പറയുന്നു.

വൈകുന്നേരം താര സുഹൃത്തുക്കളെ വിളിച്ച് പോലീസ് തന്നെ പിടിച്ചുവെച്ചിരിക്കുയാണെന്നും ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. വൈകീട്ട് അഞ്ചുമണിക്ക് പോലീസ് സ്റ്റേഷനില്‍ എത്തിയ സുഹൃത്തുക്കളാണ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ താരയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തയത്. ഉടന്‍ തന്നെ അവര്‍ താരയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 99% പൊള്ളലേറ്റ താര പത്തുമണിയോടെ മരണപ്പെടുകയായിരുന്നു.

താരയുടെ മരണത്തിന് പീലീസിന് കൃത്യമായ പങ്കുണ്ടെന്ന് ട്രാന്‍സ്‌ജെന്റ് കമ്യൂണിറ്റി ആരോപിച്ചു. എന്നാല്‍ താര സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പോലീസിന്റെ വാദം. കസ്റ്റഡിയിലിക്കെ താരയ്ക്ക് എങ്ങനെ സ്വയം തീകൊളുത്താന്‍ കഴിയുമെന്നാണ് സുഹൃത്തുക്കള്‍ ചോദിക്കുന്നത്.

താരയുടെ കൊലപാതകത്തിന് പോലീസിന് കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച് ട്രാന്‍സ്‌ജെന്റ് കമ്യൂണിറ്റി പോണ്ടി ബസാറിലെ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. താരയുടെ മരണത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടു ട്രാന്‍സ് ജെന്‍റര്‍ കമ്മ്യൂണിറ്റി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍