UPDATES

ട്രെന്‍ഡിങ്ങ്

ഞങ്ങളുടെ ലിംഗത്തിന് കുഴപ്പമൊന്നുമില്ല: ഭിന്നലിംഗക്കാര്‍ എന്ന പ്രയോഗത്തിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം

തങ്ങള്‍ക്ക് ഭിന്നമായതൊന്നും ഇല്ലെന്നും എല്ലാം തുല്യമായതേയുള്ളൂവെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മലയാളവല്‍ക്കരിച്ച് ഭിന്നലിംഗക്കാര്‍ എന്ന് വിളിക്കുന്നതിനെതിരെ ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഭിന്നലിംഗം എന്ന വാക്ക് മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഭിന്നമായതൊന്നും ഇല്ലെന്നും എല്ലാം തുല്യമായതേയുള്ളൂവെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ സമൂഹത്തെ അപമാനിക്കുന്ന വാക്കായാണ് ഭിന്നലിംഗത്തെ ഇവര്‍ കണക്കാക്കുന്നത്.

തങ്ങള്‍ പലയാവര്‍ത്തി ഇങ്ങനെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ആരും അതിന് തയ്യാറാകുന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ദിയ സന പറയുന്നു. മനസിജര്‍ അല്ലെങ്കില്‍ സഹജര്‍ എന്നീ വാക്കുകളാണ് ട്രാന്‍സ്‌ജെന്‍ഡറിന് പകരം മലയാളത്തില്‍ ഉപയോഗിക്കാവുന്ന വാക്കുകള്‍. മനസിലൂടെ ജനിക്കുന്നവര്‍ എന്നാണ് മനസിജര്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ കൂട്ടായ തീരുമാനം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്ക് തന്നെ ഉപയോഗിച്ചാല്‍ മതിയെന്നാണ്. ഭിന്നലിംഗം എന്ന വാക്ക് എന്തായാലും ബഹിഷ്‌കരിച്ചേ മതിയാകൂവെന്നും ദിയ ആവശ്യപ്പെടുന്നു. നിയമപരമായി തന്നെ ഈ വാക്ക് നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. അത്രമാത്രം ഈ വാക്ക് സമൂഹത്തിന്റെ മുന്നില്‍ ഇവരെ അപഹാസ്യരാക്കുന്നുവെന്നും ദിയ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലും മറ്റ് സര്‍ക്കാര്‍ രേഖകളിലുമെല്ലാം സ്ത്രീ, പുരുഷന്‍, മറ്റുള്ളവ എന്നതിന് പകരം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള മാറ്റം വന്ന സ്ഥിതിയ്ക്ക് ആ വാക്കെടുത്ത് കളയാന്‍ സാധിക്കില്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നാണ് നിയമം ഇവരെ വിളിക്കുന്നത്. പിന്നെന്തിനാണ് ഭിന്നലിംഗം എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും ദിയ ചോദിക്കുന്നു. പത്രമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചേര്‍ന്നാണ് ഭിന്നലിംഗക്കാര്‍ എന്ന പദം സൃഷ്ടിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ ഈ വാക്കിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞദിവസം ട്രാന്‍സ്‌ജെന്‍ഡറായ ശ്യാമ മംഗളം ചാനലില്‍ അവതരിപ്പിക്കാന്‍ ആരംഭിച്ച മാരിവില്‍ പോല്‍ മനസിജര്‍ എന്ന പരിപാടിയോടെ ഈ വാക്കിനെതിരായ ചര്‍ച്ച സജീവമായിരിക്കുകയാണ്. അതിന് മുമ്പേ തന്നെ ദിയയും കൂട്ടരും പലപ്പോഴും ഈ വാക്ക് ഉപയോഗിക്കുന്നതിരെ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ ചിരപരിചിതമായ ഭിന്നലിംഗക്കാര്‍ എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്നും എല്ലാവരെയും തടയണമെന്നാണ് ഇവരുടെ ആവശ്യം. പല വാക്കുകളും മലയാളത്തില്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും പല വാക്കുകളോടും ഇവര്‍ യോജിപ്പും വിയോജിപ്പും ഉന്നയിക്കുന്നുണ്ട്. അതിനാലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് വാക്കുതന്നെ മതിയെന്ന് തീരുമാനിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഭിന്നമായത് എന്തോ ഉണ്ടെന്നും അവരെ ഭിന്നിപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്, അവരുടെ ലിംഗത്തിന് വൈകൃതമുണ്ട് എന്നിങ്ങനെയാണ് പൊതുസമൂഹം ഭിന്നലിംഗം എന്ന വാക്കില്‍ നിന്നും ധരിച്ചുവച്ചിരിക്കുന്നത്. അതേസമയം ഇത്തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളുമുള്ളവരല്ല ട്രാന്‍സ്ജന്‍ഡറുകള്‍. സ്ത്രീയായി ജനിച്ച് പുരുഷനായി മാറുകയും പുരുഷനായി ജനിച്ച് സ്ത്രീയായി മാറുകയും മനുസുകൊണ്ട് സ്വന്തം അസ്ഥിത്വം തെരഞ്ഞെടുക്കുകയും ശരീരംകൊണ്ടും ലിംഗം കൊണ്ടും വ്യതിയാനം വരികയും ചെയ്തവരാണ് അവര്‍.

(ഫോട്ടോയ്ക്ക് കടപ്പാട്: തിരുവനന്തപുരം ഒയാസിസിന്റെ ഫേസ്ബുക്ക് പേജ്)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍